Image

നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്

Published on 16 January, 2021
നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്
ഇഷയും നാരായണസാമിയും അരമണിക്കൂർ  കഴിഞ്ഞപ്പോൾ എത്തി.  തനൂജ വലിച്ചെറിഞ്ഞുപോയ പ്രകമ്പനം അപ്പോഴും ദാസിനുചുറ്റും അലയടിക്കുകയായിരുന്നു. 
സാമി പോയിട്ടും അസ്വസ്ഥനായി ഉലാത്തുന്ന ദാസിനെ ഇഷ കുറച്ചൊരു ആശങ്കയോടെ നോക്കി. 
മുൻപൊരിക്കൽ തന്നെ വിളിച്ചുവരുത്തിയിട്ട് ദാസ് പെരുമാറിയതും  അപരിചിതസാഹചര്യത്തിലൂടെ തിരികെ പോകേണ്ടിവന്നതും  ഇഷയ്ക്ക് ഓർമ്മയുണ്ടായിരുന്നു. 
"വാ ഇവിടിരിക്ക്.... " ദാസ് ഇഷയോട് ഇരിക്കാൻ പറഞ്ഞിട്ട് വീഡിയോ പ്ലേ ചെയ്തു. 

വളരെ ലാഘവത്തോടെ സ്ക്രീനിലേക്ക് നോക്കിയ ഇഷയുടെ മുഖം അടുത്ത രണ്ടുമൂന്നുനിമിഷത്തിനുള്ളിൽ  വിളറിവെളുത്തുപോയി. 

"എങ്ങനെയാണ് തനൂജ നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറിയത്?  നിനക്കറിയില്ലേ?" മൂർച്ചയുള്ള ചോദ്യം.

 ഇഷ ഞെട്ടിത്തരിച്ചുപോയിരുന്നു. 
അസ്ഥിയിലൂടെ തണുപ്പിഴയുന്നു!

"റായ്......" അവൾക്കു ശബ്ദം പുറത്തേക്കു വന്നില്ല.

ദാസ് അവളെ സൂക്ഷിച്ചുനോക്കി. പതുക്കെ അടുത്തേക്കു വന്നു ആ ശിരസ്സിൽ തൊട്ടു. "സാരമില്ല... റിലാക്സ് ഡിയർ.... റിലാക്സ്.... "

തനിക്ക് ഏറ്റവും ഇഷ്ടവും  വിശ്വാസവുമുള്ള തന്റെ സുഹൃത്താണ് ഇഷ എന്ന് തനൂജ കണ്ടുപിടിച്ചിരിക്കുന്നു. അവളെ തൊട്ടാൽ താൻ ഉലയുമെന്നു കൃത്യമായി മനസ്സിലാക്കിയാണ് അവൾ ഗോളടിച്ചത്. 
വരട്ടെ.....  നോക്കാം. 

"റായ്....  എന്താണീ കാണുന്നത്?  എങ്ങനെ ഇതെല്ലാം..." ഇഷയുടെ കണ്ണുകൾ ചുവന്നുകലങ്ങി. 
ദാസ് ചുരുക്കത്തിൽ കാര്യങ്ങൾ പറഞ്ഞു. 
"റായ് ...എനിക്കറിയില്ല സത്യത്തിൽ ഇതൊക്കെ എങ്ങനെ തനൂജ എടുത്തു എന്ന്....  കഴിഞ്ഞവർഷങ്ങളിൽ  തനൂജ നടത്തിയ ചില റിയാലിറ്റി ഷോകളിൽ ഞാനും ഉണ്ടായിരുന്നു.  ദുബായിൽ, അമേരിക്കയിൽ... അങ്ങനെ... അമേരിക്കയിലേക്ക് എന്നെയൊരിക്കൽ റെക്കമെന്റ് ചെയ്തത് തനൂജയാണ്."

"അതെല്ലാം ഓക്കേ ഇഷാ...." ദാസ് തല കുടഞ്ഞു. "ഇഷാ.... എപ്പോഴെങ്കിലും അവൾ എന്നെപ്പറ്റി എക്സ്ട്രീമായി  സംസാരിച്ചിട്ടുണ്ടോ... എക്സൻഡ്രിക്  ആയി എന്തെങ്കിലും ....ഓർക്കാൻ പറ്റുന്നുണ്ടോ... ഓർത്തു നോക്ക്.... "

കവിളുകൾ തുള്ളിയും കോപത്താലും അപമാനത്താലും വിറച്ചുകൊണ്ടും ദാസ് മുഖം  അമർത്തിയമർത്തി തുടച്ചുകൊണ്ടിരുന്നു.
ഇഷയുടെ തൊണ്ടയിൽ ഉമിനീർ വറ്റിയിരുന്നു....!
"നമ്മൾ കാണുന്ന സമയങ്ങളിൽ പലപ്പോഴും പല ഹോട്ടലുകളിൽ തനൂജയും ഉണ്ടായിരുന്നു. ഉണ്ടാവുമല്ലോ.... എനിക്കോർക്കാൻ പറ്റുന്നില്ല റായ് ഈ മുറിയും സ്ഥലവും എവിടെയെന്ന്.... " ഇഷ വീണ്ടും വീഡിയോയിലേക്കു സൂക്ഷിച്ചുനോക്കി.
 
"അതേ... എനിക്കും സ്ഥലം മനസ്സിലാക്കാൻ പറ്റുന്നില്ല. ഇതു വെറുമൊരു ഹോട്ടൽ മുറി. എല്ലാ മുറികളുടെ ആമ്പിയൻസും ഏകദേശം ഒന്നുതന്നെയല്ലേ... അല്ലെങ്കിൽതന്നെ അതറിഞ്ഞിട്ടും ഇപ്പോൾ എന്തു കാര്യം?"

"ഞാൻ...ഞാൻ ജീവിച്ചിരിക്കില്ല റായ്... അപമാനം സഹിച്ചും നാണം കെട്ടും  ഞാൻ ജീവനോടെ ഉണ്ടാവില്ല" ഇഷാ മിറാനി പൊട്ടിക്കരഞ്ഞു. 

 "ചത്തു തുലയെടീ.... നിനക്കൊക്കെ എന്താ  നഷ്ടപ്പെടാൻ... ചത്തുതുലഞ്ഞു  ഭൂമിയെ രക്ഷിക്ക് ... " തന്റെ നേരെ വിരൽചൂണ്ടി പാഞ്ഞുവരുന്ന അയാളിൽനിന്നും   ഇഷ ബെഡിലേക്ക് ചുരുങ്ങി പതുങ്ങി. 

"എന്തെങ്കിലും കാര്യമുണ്ടായാൽ അപ്പോൾ മരിക്കാനും   കൊല്ലാനും നടക്കും. പ്രശ്നം അതോടെ മാഞ്ഞു പോകുമല്ലോ. എങ്ങനെയാണ് ഈ വീഡിയോ അവൾക്കു കിട്ടിയത്? അവളെങ്ങനെ ഇത് ഷൂട്ട്‌ ചെയ്തു. അതും ബെഡ്റൂമിൽ ക്യാമറ വെച്ച്?  അത് നീ ചിന്തിച്ചുവോ...? തലച്ചോർ ഉപയോഗിക്ക്...ആലോചിക്ക്..."

 "അറിയില്ല....അറിയില്ലെനിക്ക്..." ഇഷ    കരഞ്ഞു. 
 "ഒരിക്കൽ എന്റെ ഐപാഡ് അവളുടെ കൈയിൽ ആയിരുന്നു. ഇപ്പോഴല്ല. ദുബായിൽ ആയിരിക്കുമ്പോൾ  വർഷങ്ങൾക്കു മുൻപേ.. അവളുടെ  ഐപാഡിന്  എന്തോ പ്രോബ്ലം ആയെന്നു പറഞ്ഞു എന്റെ ലാപും കൊണ്ടുപോയിരുന്നു." 

"ആ സമയത്ത് എപ്പോഴെങ്കിലും നമ്മൾ കണ്ടിരുന്നോ...  നീ ഡേറ്റ് ഓർത്തെടുക്ക്... "

ദാസിന്റെ കഴുത്തിലെ ഞരമ്പുകൾ പിടച്ചു. ആ സമയങ്ങളിൽ ഇഷയും  താനും കണ്ടിരിക്കാം. തനൂജ ലാപ്പിൽ വല്ല ക്യാമറയൊ ബ്ലുടൂത്തോ ഘടിപ്പിച്ചിരിക്കാം... ഷൂവിനടിയിൽ  സ്കിൻ സെൻസിറ്റീവ് ഡിവൈസ്  പിടിപ്പിച്ചവൾ  അതിലപ്പുറം ചെയ്തിരിക്കും. എന്തായാലും സൂക്ഷിക്കണം.   അവളുടെ കയ്യിൽ ഇനിയും തനിക്കെതിരെ ആയുധങ്ങൾ ഉണ്ടാവും....

ഈ വൈതരണീയിൽനിന്നും പുറത്തുചാടിയെ പറ്റൂ. 

സാമിയെ വിളിച്ചു അപ്പോൾ തന്നെ ദാസ് ചില കാര്യങ്ങൾ ഏർപ്പാടാക്കി.  അപ്പോഴേക്കും രണ്ടുമണി  കഴിഞ്ഞിരുന്നു. 
അൽപം മനസ്സാന്നിധ്യം  കൈവരിച്ച ദാസ് ബെഡിൽ  സ്വബോധം നഷ്ടപ്പെട്ട നിലയിൽ ഇരിക്കുന്ന ഇഷയുടെ അരികിലേക്ക് ചെന്നു. 

"സാരമില്ല ഇഷാ, അയാം സോറി. മനസ്സ് നേരെ നിൽക്കുന്നില്ല. നമ്മൾ വർഷങ്ങളായി  വളരെയടുപ്പം ഉള്ളവരായിരുന്നു. സ്വാതന്ത്ര്യത്തോടെ  ഇടപെടാൻ നീയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഒരിക്കലും നീ  നമ്മുടെ പേർസണൽ സ്പേസ് കളഞ്ഞില്ല. അതാണ് നിന്നോടെനിക്ക് എപ്പോഴും ഇഷ്ടവും ബഹുമാനവും... സാരമില്ല കരയാതെ..." അയാൾ ആ കവിളിൽ തട്ടി  

 "ഇനി എന്താ ചെയ്യുക റായ്...?"

"നോക്കാം... വഴികളില്ലാത്ത പ്രോബ്ലം ഇല്ലല്ലോ... "  ദാസ് ബെഡിലേക്ക് കയറിക്കിടന്നു. 

"നീ വിഷമിക്കണ്ട. അവളങ്ങനെ  ഉടനെയൊന്നും ആ  വീഡിയോ പുറത്ത് വിടില്ല. അവളെ ഞാൻ കെട്ടണം എന്നാണല്ലോ ഡിമാൻഡ്..."

"റായ് തനൂജയെ ശരിക്കും വിവാഹം കഴിക്കുമോ....?"

"വൈ... എന്താ അങ്ങനെ ഒരു ചോദ്യം...? "

 "ഇങ്ങനെ ബ്ലാക് മെയിൽ ചെയ്യുന്ന ഒരു പാർട്ണറുമായി ജീവിതം റായ് ആഗ്രഹിക്കുന്നുണ്ടോ...? "

"നോക്കാം... അങ്ങനെയെങ്കിൽ ഈ പ്രശ്നങ്ങൾ  പരിഹരിക്കാൻ കഴിയും. നമ്മൾ സേഫ് ആകും"

ഇഷ  വരണ്ട ഒരു ചിരി ചിരിച്ചു. "എന്നും  തനൂജ ഇതുപോലെ വരില്ലേ റായ്.. അവളുടെ ഡിമാൻഡ് നിങ്ങൾ എന്നും അനുസരിക്കേണ്ടി വരില്ലേ...  മാത്രമല്ല മിലാൻ...  അവളെയല്ലേ നിങ്ങൾക്ക് ഇഷ്ടം? "

"ഇവിടെ വാ... "അയാൾ കൈ നീട്ടി അവളെ അരികിലേക്ക് പിടിച്ചു. 
"എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നവരെ, എന്നെ സ്നേഹിച്ചവരെ ഞാൻ കൈ വിടില്ല കുട്ടീ...  നിന്റെ ജീവിതത്തിൽ ഞാൻ  ഡാർക്ക്‌ ഡോട്ട്  ആവില്ല. അതുപോലെ തനൂജയുടെ  ചതുരംഗത്തിലെ കരുവായി നിന്നെയോ എന്നെയോ എറിഞ്ഞുകൊടുക്കുകയും  ഇല്ല. നീ വിഷമിക്കേണ്ട. ബി ബ്രേവ്.... "

"മിലാൻ എന്താ പറയുന്നെ.. " പതുക്കെയാണ് ഇഷ ചോദിച്ചതെങ്കിലും ഭൂമിയിലെ മനുഷ്യർ മുഴുവനും എഴുന്നേറ്റുനിന്നു  അതേ ചോദ്യം ചോദിച്ചപോലെ ദാസ് കണ്ണുകൾ അടച്ചു. 

"ഞാൻ സംസാരിക്കാണോ മിലാനോട്...?"  ഇഷ അയാളുടെ നെറ്റിയിൽ തഴുകി. 

"എന്തിന്... അവൾ കേൾക്കാൻ നിൽക്കില്ല.  മനസ്സുകൊണ്ടവള്‍  ഒരുപാട് ദൂരെപോയി.  ഞാൻ എങ്ങനെ കഴിച്ചു കൂട്ടുന്നു എന്നവൾ ചിന്തിക്കുന്നില്ല."
കണ്ണുകൾ തുറന്നു അയാൾ പെടുന്നനെ ഇഷയുടെ കൈകളിൽ പിടിച്ചു. 
"നീ.... നീ പോകരുത് എൻ്റെയരികിൽ നിന്നും. എനിക്കു ഒറ്റയ്ക്ക് വയ്യ...."

ഇഷ അയാളുടെ നെറ്റിയിൽ തലോടിക്കൊണ്ടിരുന്നു. 
പതുക്കെ ആ കണ്ണുകൾ അടഞ്ഞുപോകുന്നത് നോക്കി അവൾ വെളിച്ചം അണച്ചു.   
...........................................

തനൂജ മടങ്ങിപ്പോയത് ദാസിന്റെ വീട്ടിലേക്കു തന്നെയായിരുന്നു.  വളരെ വർഷങ്ങൾക്കു മുൻപാണ് ഇഷയുമായുള്ള ദാസിന്റെ ബന്ധവും അടുപ്പവും മണത്തറിഞ്ഞു  അവൾ ചില രഹസ്യങ്ങൾ  കൈപ്പിടിയിലാക്കിയത്. 

മിലാനുമായുള്ള  ദാസിന്റെ അടുപ്പം അറിഞ്ഞ ഉടനെയും   ഇരുവരുടെയും പുറകെ തനൂജയുണ്ടായിരുന്നു. പക്ഷേ ബുദ്ധിമതിയായ മിലൻറെയും അവസരോചിതമായ ദാസിന്റെയും നീക്കങ്ങളുടെ ശക്തിയിൽ സ്വകാര്യതയുടെ അനാവരണം ഭേദിക്കാൻ  തനൂജയ്ക്ക് കഴിഞ്ഞില്ല. 

 സോണിയ അന്നും തനൂജയെ വിളിച്ചു.  "തനൂ, നീ ഗർഭിണിയാണെന്ന് പറഞ്ഞത് സത്യമാണോ...? "

 "എന്താ സോണിയാ.... പാർട്ടിയിൽ റായ് പറഞ്ഞത് കേട്ടാണോ ഈ സംശയം...? " തനൂജ ചിരിച്ചു. 

 "നോ, നിന്റെ സിനിമകൾ, ഷോകൾ ....അതൊക്കെ പൂർത്തിയാക്കാൻ കുഞ്ഞുണ്ടായാൽ പറ്റുമോ.. നിന്റെ കരിയർ കത്തിനിൽക്കുന്ന സമയമല്ലേ... "

"അതിനെന്താ സോണിയ, അതിലും കത്തിനിൽക്കുന്ന വേഷമല്ലേ റായുടെ ഭാര്യ പദവി... അതാണ് ഞാൻ കാത്തിരിക്കുന്ന സൂപ്പർ ടൈം... "
 സംഭാഷണം അവസാനിപ്പിക്കും മുൻപേ തനൂജ ഓർമ്മിപ്പിച്ചു. "നീ  രണ്ട്  ദിവസം കഴിഞ്ഞു വരണം. മിലാൻ പ്രണോതിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തീരുമാനിച്ച ഡിസൈനർമാർ  തന്നെ ആയിരിക്കണം തനൂജയുടെ  വസ്ത്രങ്ങൾ തയ്യാറാക്കേണ്ടത്.
അതിലും മനോഹരമായി.... ഫാഷൻ രംഗത്തെ തരംഗമായി  എന്റെ വിവാഹവസ്ത്രം ജ്വലിക്കണം."

തനൂജയുടെ ആത്മവിശ്വാസം തുടിക്കുന്ന വാക്കുകൾ കേട്ടുകൊണ്ടാണ് സോണിയ സംഭാഷണം അവസാനിപ്പിച്ചത്.
..............................,........

അർജുൻ തിവാരി ആകെ അസ്വസ്ഥനായിരുന്നു. അയാൾ മകളുടെ അപ്പാർട്മെന്റിൽ തന്നെയുണ്ട്.  പ്രയാഗയും  വല്ലാതെ വീർപ്പുമുട്ടുന്നു. 
വിവാഹം നടക്കില്ല എന്നൊരു ആറാം അറിവ് അർജുൻ തിവാരിയുടെ  നെഞ്ചിൽ കത്തിക്കൊണ്ടിരുന്നു. 
"എത്രയോ ബ്രേക്ക്‌ അപ്പുകൾ നമ്മുടെ മകളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതുപോലെ റായുമായും ഈ ബന്ധം അവസാനിപ്പിക്കുന്നതല്ലേ  അവൾക്കും  നല്ലത് പ്രയാഗ?"  ആശങ്ക മറച്ചു വെക്കാൻ കഴിയാതെ അയാൾ ഉഴറി. 

പ്രയാഗ മിണ്ടിയില്ല. മകളെ അനുസരിപ്പിക്കാൻ  കഴിയില്ല. റായ് വിദേതനെ  അവൾ വിട്ടുകളയുകയുമില്ല.  

"നമുക്ക് നോക്കാം, അവളുടെ സ്വഭാവം അറിയാമല്ലോ... കാത്തിരുന്നു കാണാം ... " പ്രയാഗ  ആലോചനയോടെ പറഞ്ഞു. 
...........................................
പിറ്റേന്നുവൈകുന്നേരം ദാസിനരികിലേക്കു  താരാദേവി കടന്നുവന്നു.  അയാൾ അമ്മയെ നോക്കി.
"നിന്നോട് ഒരു കാര്യം പറയാൻ ഇന്നലെ മുതൽ നോക്കുന്നു. അന്ന് കൊൽക്കത്തയിൽ ഹോട്ടൽ ഒബ്‌റോയിൽ താമസിക്കുന്ന സമയം നീ ഓർഡർ ചെയ്യാത്ത ഫുഡ്‌  വന്നത് ഓർക്കുന്നുണ്ടോ? പാതിരാവിൽ?"

 അയാൾ മുഖമുയർത്തി അമ്മയെ നോക്കി. 
"അന്ന് നിന്റെ മുറിയുടെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു മുറിയിലേക്ക് നിന്നെ വരുത്താനും ആഹാരത്തിൽ  മയക്കുമരുന്ന് നൽകി നിന്നെ ഉറക്കാനും പ്ലാനുണ്ടായിരുന്നു.  ഞാനും മിലാനും നിരഞ്ജനും  ഒരുമിച്ച് അവിടെ വരികയും മുറികൾ പരസ്പരം മാറി താമസിക്കുകയും ചെയ്തതിനാൽ ആ പ്ലാൻ നടന്നില്ല. 
കൃത്യമായി പറഞ്ഞാൽ രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ മിസ്സ്‌ കൊൽക്കത്ത മത്സരം നടന്നപ്പോൾ... "

"അമ്മ എങ്ങനെ അറിഞ്ഞു?" ചോദ്യം  ശരവേഗത്തിൽ വന്നു. 

"തനൂജ നിന്റെ കൂടെ ഈയിടെ ഹോട്ടൽ മുറിയിൽ നടത്തിയ അതേ തന്ത്രം തന്നെ. അവൾ മുൻപേ അതിനെല്ലാം ശ്രമിച്ചു ചാൻസ് ഒത്തുവരാത്തതിനാൽ മാറിനിന്നതാണ്."

ദാസ് ചിരിച്ചു.  "അമ്മ ഡിറ്റക്ടീവ്  പണിയും തുടങ്ങിയോ?"

"ഈ കണക്കിന് വേണ്ടിവരും.  നമറ്റൊരു കാര്യം കൂടി. അന്നു  നിന്റെയും മിലാന്റെയും നിശ്ചയം നടക്കുന്ന തലേരാത്രി നമ്മുടെ നാലു വാട്ടർ ടാങ്കുകളിൽ വെള്ളം നിറച്ചു വെച്ചിട്ടും പിറ്റേന്ന് പുലർച്ചെ നാല്  ടാങ്കിലും ഒറ്റത്തുള്ളി വെള്ളം ഇല്ലായിരുന്നു. ഓർക്കുന്നോ നീ?"

ദാസ് ഇരിപ്പിടം വിട്ടു എഴുന്നേറ്റു. നെറ്റിയിലേക്ക്  മുടിയിഴകൾ തെന്നി വീണു. 

"അത് സ്വിമ്മിങ്പൂളിലേക്ക് ഒഴുക്കി വിട്ടതായിരുന്നു. മാത്രല്ല ഒരു വ്യക്തി കൂടുതൽ സമയം മുങ്ങിക്കിടന്നാൽ വെള്ളം കുടിച്ചു അപകടം ഉണ്ടാവാതിരിക്കാൻ നമ്മുടെ സ്വിമ്മിംഗ് പൂളിൽ ഓട്ടോമാറ്റിക് വാട്ടർ റിലീസർ ഉണ്ട്.  ഒരു മനുഷ്യന്റെ ഭാരം അനുസരിച്ചു  പൂളിൽ വെള്ളം ക്രമീകരിക്കപ്പെടും.  എന്തോ പൂളിൽ വീണപ്പോൾ വെള്ളം ഒഴുകിപ്പോയി. പകരം ടാങ്കിലെ വെള്ളം അങ്ങോട്ട്‌ ഒഴുകിവന്നു. അന്ന് മനഃപൂർവം കരോലിനെ അപകടത്തിൽ പെടുത്താനും  അതുവഴി നിന്നെ കുരുക്കി  ശേഷം  ആ കുരുക്കഴിച്ചു  സ്വന്തമാക്കാനും  തനൂജ പ്ലാൻ ഇട്ടിരുന്നു. ആ  രാത്രിയിൽ നമ്മൾ തിരക്കിൽ ആയപ്പോൾ തനൂജയുടെ ആളുകൾ നമ്മുടെ വീട്ടിൽ  അപകടങ്ങൾ വിതറുകയായിരുന്നു. മിലാനെയായിരിക്കും അവൾ ലക്ഷ്യമിട്ടത്.  നടക്കാതെ വന്നപ്പോൾ കരോലിനെ ഇരയാക്കി.'
താരദേവി പറഞ്ഞു നിറുത്തി മകനെ നോക്കി. 
"വീണ്ടും ഞാൻ ചോദിക്കുന്നു. ഈ വിവാഹം നിനക്ക് വേണോ....?"

 ദാസ് ചിരിയോടെ രണ്ടുചാൽ നടന്നു.

അവൾ പ്രസവിക്കട്ടെ അമ്മാ".... വിവാഹം നടക്കണം. ഉടനെ.... "
കത്തുന്ന കണ്ണുകളോടെ അയാളെ നോക്കി താരാദേവി എഴുന്നേറ്റു.

വാതിൽ കടക്കും മുൻപേ അവർ ഇത്രയും കൂടി പറഞ്ഞു. 
"എന്തായാലും നിന്റെ അഭിനയം അസ്സലാവുന്നുണ്ട്. എല്ലാം കണ്ടിട്ടും കാണാത്ത നിന്റെ നോട്ടം."

അതുകേട്ടു ദാസ് അമ്മയെ നോക്കി പ്രത്യേകതരത്തിൽ ഉറക്കെചിരിച്ചു. 

"ചിരി നിർത്തിക്കോ... ഇവിടെ ഷൂട്ടിംഗ് ഉണ്ടായതിനുശേഷം  സ്വിമ്മിംഗ് പൂൾ കഴുകിയപ്പോൾ ഒരു മൂക്കുത്തി കിട്ടി. ഒന്നുകിൽ മനഃപൂർവം  മൂക്കുത്തി അവിടെ ഇട്ടതാവാം. അല്ലെങ്കിൽ അപായപെടുത്താൻ ശ്രമിച്ചതിന്റെ തെളിവ് കൃത്രിമമായി ഉണ്ടാക്കിവെയ്ക്കാൻ  ആ മൂക്കുത്തിയെ കൂട്ടുപിടിച്ചതും ആവാം. അല്ലെങ്കിൽ എന്തോ പ്ലാനിങ് നടന്നതിന്റെ തെളിവ്  അവർ അറിയാതെ കളഞ്ഞുപോയതും ആകാം. അന്നും തനൂജ  വീട്ടിൽ ഉണ്ടായിരുന്നു."

 അകത്തേക്ക് കടന്നുവരുന്ന തനൂജയെ ഒന്നമർത്തി നോക്കി താരാദേവി വാതിൽ കടന്നുപോയി. 

...................................

"എനിക്ക് ഡൽഹിയിൽ പോകണം അമ്മാ... എനിക്കു തനൂജയെ കാണണം. അതിനുമുന്നേ എനിക്കെന്റെ  വിദേതിനെ കാണണം. ഞാൻ പോകുകയാണ്"
മിലാന്റെ പെട്ടെന്നുള്ള പ്രഖ്യാപനം കേട്ടു ശാരിക അത്ഭുതപ്പെട്ടുപോയി. 

'എനിക്കെന്റെ വിദേതിനെ കാണണം..... ' അങ്ങനെയല്ലേ മകൾ ഇപ്പോൾ പറഞ്ഞത്. 

"എന്തിന്.... അയാൾ വിവാഹം ഉറപ്പിച്ചവനാണ്. മാത്രമല്ല തനൂജ ഗർഭിണിയും. മിസ് മിലാൻ പ്രണോതി അറിഞ്ഞിരിക്കുമല്ലോ വിവരങ്ങൾ....  അവളുടെയും പൂർവകാമുകന്റെയും വയറ്റാട്ടി ആകാനാണോ നീ ധൃതി പിടിച്ചു അങ്ങോട്ട് ഓടുന്നത്? "
വ്യകതമായ ആ പരിഹാസം കേട്ടു മിലാൻ പൊട്ടിച്ചിരിച്ചു. 
മകളുടെ ചിരികേട്ടു സഞ്ജയ്‌ അകത്തുനിന്നും വരുന്നുണ്ടായിരുന്നു. 

"അതേ അമ്മാ... ആ ദിവ്യഗർഭത്തെ ഒന്നു കാണേണ്ടതല്ലേ....  മിലാൻ പ്രണോതിയുടെ വയറ്റിൽ വളരേണ്ട റായ് വിദേതൻ ദാസിന്റെ കുഞ്ഞ്  വഴിമാറി തനൂജയുടെ ഗർഭപാത്രത്തിൽ കേറിയതല്ലേ... ആ വഴിയൊന്നു അറിഞ്ഞിട്ടു വരാം...."

സഞ്ജയ്‌ ശാരികയെ നോക്കി കണ്ണുകൊണ്ടു ഒന്നും പറയേണ്ട എന്ന് ആംഗ്യം കാണിച്ചു. 
മിലാൻ അതേ ചിരിയോടെ മുറിയിലേക്ക് കയറിപ്പോയി. 

..............

പിറ്റേന്നു രാവിലെ റായ് വിദേതൻദാസ്  പതിവുപോലെ തന്റെ ഓഫീസിലേക്കു  പോയി. 
അൽപം കഴിഞ്ഞു അയാളുടെ ഓഫീസിലെ എല്ലാ ഫോണും ഒരുമിച്ചു മുഴങ്ങി.  വിയർത്തുകുളിച്ചു പാഞ്ഞുവന്ന സാമി ദാസിന്റെ അരികിലേക്ക് എത്തുമ്പോഴേക്കും വാഹനങ്ങൾ താരാഡയമണ്ടിന്റെ വിശാലമായ പോർച്ചിലേക്ക് ഇരമ്പിപ്പാഞ്ഞു വന്നു അലർച്ചയോടെ ബ്രേക്കിട്ടിരുന്നു.

   വീട്ടിൽ ടീവീ കണ്ടുകൊണ്ടിരുന്ന മേനകയും അച്ഛൻ ആര്യവർദ്ധനനും  ബ്രേക്കിങ് ന്യൂസ്‌ കണ്ടു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. 

"പ്രശസ്ത തെന്നിന്ത്യൻ താരം തനൂജാ തിവാരിയെ  പ്രതിശ്രുതവരനും വ്യവസായിയുമായ  റായ് വിദേതൻദാസിന്റെ ഡൽഹിയിലെ വസതിയിൽ   
മരണപ്പെട്ട നിലയിൽ കാണപ്പെട്ടു. സ്വിമ്മിംഗ് പൂളിനരികിലായിരുന്നു അവർ കിടന്നിരുന്നത്..... "

 അകലെ കൊൽക്കത്തയിലെ വീട്ടിൽനിന്നും വല്ലാത്തൊരു നിലവിളി ഉയർന്നു. കരഞ്ഞുവിറച്ചുകൊണ്ട്  ശാരിക സഞ്ജയ്‌ പ്രണോതിയുടെ അരികിലേക്ക് ഓടി.
സഞ്ജയ്‌ അവരെ പിടിച്ചു നിറുത്തി. "എന്താ... എന്താ.... "

ശാരികയ്ക്ക് വാക്കുകൾ കിട്ടിയില്ല. അവർ വെട്ടിവിയർത്തു. "തനൂജ.... തനൂജാ.... "

"തനൂജാ?  എന്താ തനൂജയ്ക്ക്.... നീ സമാധാനപ്പെട്. എന്താ കാര്യം....?"

ശാരിക വിക്കി. 'തനൂജ മരിച്ചെന്ന്... നമ്മുടെ മോൾ....? "

"നമ്മുടെ മോൾ....?  എന്താടീ.....പറ...?" ഇപ്രാവശ്യം അലറിയത് സഞ്ജയ്‌ ആയിരുന്നു. 

"മിലാൻ ഡൽഹിയിൽ ആണ്. അവൾ.... അവൾ....."
ശാരിക നിലവിളിച്ചുകൊണ്ടു താഴേക്കുവീണു. 

                                    തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക