Image

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)

Published on 21 January, 2021
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)

പ്രസംഗങ്ങള്‍ കേട്ടുതുടങ്ങുന്നു

ഒരു നിലയ്ക്കു പറഞ്ഞാല്‍, ഞാനിന്ന് പ്രസംഗത്തിന്റെ ഒഴിയാബാധയുടെ കടുംപിടുത്തത്തില്‍നിന്ന് വിട്ടുപോരാനാകാതെ വലയുന്ന ഒരാളാണ്. ഏറെ പുറത്തു പറഞ്ഞിട്ടില്ലാത്ത ഒരു വാസ്തവമാണ് ഇത്. എന്നുവച്ച് അടുത്ത ചിലര്‍ ഉപദേശിക്കാറുള്ളതുപോലെ, പ്രസംഗത്തിന്റെ എണ്ണമൊക്കെ ചെറുതായൊന്നു ചുരുക്കാന്‍ പോലും എനിക്ക് ആവില്ല. അതിന് താല്പര്യവുമില്ല.
ഏതോ ഒരു പ്രണയകലഹം പോലെ തോന്നുന്നു. അകലണമെന്ന് ഇടയ്ക്ക് തോന്നുന്നത് അടുക്കാനുള്ള ആഗ്രഹത്തിന്റെ വേഷപ്പകര്‍ച്ചയിലെ വൈരുദ്ധ്യമായിത്തീരുന്ന അനുഭവം പ്രേമബന്ധത്തില്‍ സ്വാഭാവികമാണ്. "മതി ഈ ദുരിതംപിടിച്ച യാത്രയും വായാടിത്തവും' എന്നൊക്കെ മനസ്സ് ചിലപ്പോഴൊക്കെ പിറുപിറുക്കുമെങ്കിലും സത്യത്തില്‍ പ്രഭാഷണം എനിക്ക് മാനസികോജ്ജീവനം തരുന്ന വലിയൊരു പ്രഭാവമാണ്. ഇത് എന്റെ ഒടുക്കത്തോടെയേ അവസാനിക്കുകയുള്ളൂ. അത് ജീവിതവും ജീവിതസാഫല്യവുമാണ്.
ഇതെഴുതുമ്പോള്‍ ഞാന്‍ അധികം സന്തോഷിക്കുന്നത് ഈ ആത്മപ്രണയം എന്നില്‍ മുളയെടുത്തത് എങ്ങനെയെല്ലാമാണെന്ന അന്വേഷണത്തിന് തുനിയുകയാണല്ലോ എന്നോര്‍ത്താണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നതില്‍ കാണിച്ച ഉത്സാഹമാണ് പിന്നീട് എന്റെ സ്വഭാവത്തിന്റെ അനിവാര്യമായ ഭാഗമായിത്തീര്‍ന്നത്. സാഹചര്യം എന്റെ ഇഷ്ടത്തിന് അനുകൂലമായിരുന്നു. വൈകുന്നേരം കളിക്കാന്‍ പോകുന്നത് നിരുത്സാഹപ്പെടുത്തിയ അച്ഛനും അമ്മയും പ്രസംഗം കേള്‍ക്കാന്‍ പോകുന്നതിനെ തികച്ചും പ്രോത്സാഹിപ്പിച്ചു. ഒരു കാരണം, ഞങ്ങള്‍ സഹോദരങ്ങള്‍ അച്ഛന്റെ പ്രസംഗം കേള്‍ക്കാനാണ് പോയിരുന്നത് എന്നതുതന്നെ. അന്ന് അച്ഛന്‍ അഴീക്കോട്ടെ സ്ഥിരം പ്രഭാഷകരില്‍ ഒരാളായിരുന്നു.
അന്ന് പ്രസംഗം കേട്ടിട്ട് എന്തു നേടി എന്നൊരു ചോദ്യമുണ്ട്. അന്ന് എന്നുവച്ചാല്‍ എനിക്ക് പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോഴത്തെ കാര്യമാണ്. ആ പ്രായത്തില്‍ ഈ ചോദ്യം ചോദിക്കാനോ അതിന് ഉത്തരം കൊടുക്കുവാനോ എനിക്ക് കഴിയുമായിരുന്നില്ല. അന്ന് പ്രസംഗം കേട്ടിട്ടുണ്ടായ അനുഭവത്തെക്കുറിച്ച് അറിയാനുള്ള ഒരു കൗതുകംകൊണ്ട് പുതിയ ഞാന്‍ ഈ ചോദ്യം പഴയ കുട്ടിയോട് ചോദിച്ചു പോയതാണ്. പലരുടെയും ഇടയിലായി ഒരു ബെഞ്ചിലിരുന്ന്, അച്ഛന്‍ നിന്നു പ്രസംഗിക്കുന്ന പ്ലാറ്റ്‌ഫോമിലേക്ക് നോക്കിയിരുന്നപ്പോള്‍ എന്നെ ഒന്നാമതായും വീണ്ടും വീണ്ടും ആകര്‍ഷിച്ചത് അച്ഛന്റെ ശബ്ദമായിരുന്നു. ഒച്ച ഉയര്‍ത്തിയുള്ള  സംസാരമല്ല, കേള്‍വിക്ക് മധുരമായ ശബ്ദമല്ല, ഗാംഭീര്യമുള്ള ശബ്ദം വെള്ളം തോട്ടിലൂടെ ഒഴുകിപ്പോകുമ്പോള്‍ "ഗുളുഗുളു' എന്ന് താളത്തിലുള്ള ഒരൊച്ച കേള്‍ക്കുമല്ലോ, അതു പോലത്തെ ശബ്ദമാണ്. തൊണ്ടയില്‍നിന്നുണ്ടാകുന്ന ഒരു ഒഴുകിന്റെ മുഴക്കമാണ് അത്. കൂടുതല്‍ വിവരിക്കാന്‍ എനിക്കിപ്പോഴും വയ്യ. അന്ന് ശ്രദ്ധിച്ചിരുന്നത് പ്രസംഗങ്ങള്‍ തുടര്‍ന്നു കേള്‍ക്കുന്നതിനാണ്. അതാണ് അടിയിലുണ്ടായിരുന്ന പ്രചോദനമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.
പിന്നെ ഞാന്‍ ഉറ്റുനോക്കിയത് അച്ഛന്റെ മുഖവും സംസാരരീതിയും അംഗവിക്ഷേപങ്ങളും ധരിച്ച കോട്ടും ഒക്കെയായിരുന്നു. ചുരുണ്ട തലമുടിയും ചുണ്ടത്തെ നേരിയ ചിരിയും മറ്റുമായി വീട്ടിലെ അച്ഛനില്‍നിന്നും ഭിന്നനായ ശബ്ദരൂപങ്ങളോടുകൂടി ഒരാളെ ഞാന്‍ വേദിയില്‍ കണ്ടു. ഞാന്‍ ഇതെഴുതുമ്പോള്‍ ആ കുട്ടിയുടെ മനസ്സ് എന്റെ മുന്നില്‍ തുറന്നുകിടക്കുന്നു. അവന്റെ രൂപം എനിക്ക് വ്യക്തമാകുന്നില്ല. ഞാന്‍തന്നെ ആള്‍!
അപ്പോള്‍, പ്രസംഗിച്ചത് എന്ത്? ചിന്തിക്കുമ്പോള്‍, പ്രസംഗിച്ചത് എന്തെന്ന് ഓര്‍ക്കുന്നില്ല. എന്നെ അന്ന് പ്രചോദിപ്പിച്ചത് പ്രഭാഷണത്തിന്റെ ശില്പമാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. വിഷയവും ജ്ഞാനവും എനിക്ക് സൃഷ്ടിക്കാന്‍ കഴിയും. പക്ഷേ, ആ ശബ്ദവും നില്പും മുഖഭാവവും വളരെ പ്രധാനമാണെന്ന് എങ്ങനെയോ എന്റെയുള്ളില്‍ ഒരു തോന്നലുണ്ടായി.
പ്രഭാഷകന്റെ ഒരുള്‍വിളി അന്നേ ആ കുട്ടി, അറിയാതെ എന്നു പറഞ്ഞാല്‍ അബോധപൂര്‍വം കേട്ടിരിക്കണം. ഞങ്ങള്‍ പ്രസംഗത്തെപ്പറ്റി "നന്നായി' എന്നു പോലും അഭിപ്രായം പറഞ്ഞിരുന്നില്ല. കളിച്ചുവിയര്‍ത്ത് ആര്‍ത്തുവിളിക്കുന്നതില്‍ ഒരു രസംകണ്ട ഞാന്‍ അനങ്ങാതിരുന്നു. കണ്ടതും കേട്ടതും ശ്രദ്ധിക്കുന്നതില്‍ പുതിയൊരു സുഖം മെല്ലെ കണ്ടെത്തുകയായിരുന്നു. അക്കാലത്ത് അച്ഛന്റേതുപോലെ തൊണ്ടയില്‍നിന്നുള്ള "ഗുളു' നാദം കലര്‍ന്ന് ഇമ്പമുണ്ടാക്കിയ മറ്റൊരു പ്രസംഗം ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ കെ. അച്യുതന്‍നായരുടേതായിരുന്നു. അച്ഛന്റെ ശബ്ദത്തെക്കാള്‍ നേര്‍മ അല്പം കൂടുതലാണ്. ഇവരൊക്കെ പ്രസംഗത്തിലെ സ്വാഭാവികരീതിക്കാരായിരുന്നു. എന്നാല്‍, എം.ടി. കുമാരന്‍മാസ്റ്ററുടെ പ്രസംഗം, ശബ്ദം, നില്പ്, അംഗവിക്ഷേപം; ഫലിതവും നര്‍മ്മകഥകളും മധുരമായ കവിതോദ്ധാരണവും എല്ലാംകൊണ്ടും വളരെ വിലോഭനീയമായിരുന്നു. രസകരമായതുകൊണ്ട് ആകര്‍ഷകത്വം കൂടും.
എം.ടി. കുമാരനെ എല്ലാവരും എം.ടി. എന്നാണ് വിളിച്ചിരുന്നത് - എം.ടി. വാസുദേവന്‍നായര്‍ വരുന്നതുവരെ. എം.ടി. എന്നുവച്ചാല്‍ ഞങ്ങള്‍ക്ക് എം.ടി. കുമാരന്‍ മാസ്റ്റര്‍ ആണ്. മാസ്റ്ററുടെ പ്രസംഗം അല്പം ഇഷ്ടക്കുറവോടെ കേള്‍ക്കാന്‍ വന്ന ഒരു പ്രമാണി പ്രസംഗം കഴിഞ്ഞപ്പോള്‍ "ഒട്ടും എംപ്ടി (ലാു്യേ) അല്ല' എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. മാസ്റ്ററുടെ പ്രസംഗം ഞങ്ങള്‍ ഇഷ്ടപ്പെട്ടതുകൊണ്ട് അച്ഛന്റെയോ ഹെഡ്മാസ്റ്റര്‍ അച്യുതന്‍നായരുടെയോ പ്രസംഗം നന്നല്ലെന്നും വരുന്നില്ല. ഭിന്നരുചികളായ സാധാരണ ജനങ്ങളെ പ്രസംഗം കേള്‍പ്പിച്ചിരുത്തുന്നതിന് ചില ശില്പവേലകള്‍ ആവശ്യമാണെന്ന് അന്നത്തെ പ്രസംഗങ്ങളിലൂടെ കുമാരന്‍മാസ്റ്ററില്‍നിന്ന് ഞാന്‍ മനസ്സിലാക്കി.
കുട്ടിക്കാലത്തിന്റെ വമ്പ് എന്താണെന്ന് വളരെ മുതിര്‍ന്നതിനുശേഷം എന്നെ ബോധ്യപ്പെടുത്തിയ ഒരു അനുഭവമാണ് പ്രസംഗത്തിന്റേത്. തനിക്ക് എന്താണ് പറ്റിയതെന്ന് നിശ്ചയിക്കാന്‍ കുട്ടിക്ക് വലിയവരുടെ സഹായം ആവശ്യമില്ല. മിക്കവാറും അവന്റെ തീരുമാനമായിരിക്കും പിന്നീട് ശരിയായിത്തീരുക. പ്രസംഗം കേള്‍ക്കാന്‍ സഹോദരീസഹോദരന്മാര്‍ മിക്കവരും പലപ്പോഴും ഘോഷയാത്രയായി പോകാറുണ്ടായിരുന്നെങ്കിലും കാന്തത്തിനോട് ഇരുമ്പുപൊടി പറ്റിപ്പിടിക്കുന്നതുപോലെ പ്രസംഗത്തോട് ഒട്ടിപ്പിടിച്ചത് ഞാന്‍ മാത്രമായിരുന്നു. പ്രസംഗപ്രണയത്തിന്റെ ഒരു വിളി എന്നിലാവാം ഉയര്‍ന്നത്.
ഇതുപോലെ കുട്ടിക്കാലത്ത്, അബോധപൂര്‍വം എന്നൊക്കെ പറയാവുന്ന മട്ടില്‍, വിവേചനവും നടന്നിരുന്നു. ത്യാജ്യഗ്രാഹ്യവിവേചനത്തിന് ബുദ്ധി നല്ലതുപോലെ വികസിക്കണം എന്നൊക്കെ മുതിര്‍ന്നവര്‍ തങ്ങളെ വലുതാക്കാന്‍വേണ്ടി പല കഥകളും പ്രചരിപ്പിച്ചിട്ടുണ്ട്. ആ ചെറിയ പ്രായത്തില്‍ അച്ഛന്റെയും ഹെഡ്മാസ്റ്റര്‍ അച്യുതന്‍നായരുടെയും കുമാരന്‍ മാസ്റ്ററുടെയും പ്രസംഗങ്ങളുടെ വ്യത്യാസങ്ങളും മേന്മകളും പോരായ്മകള്‍പോലും, അവ കേട്ടു രസിച്ചിരുന്നപ്പോഴും എനിക്ക് മനസ്സില്‍ തെളിഞ്ഞുവന്നിരുന്നു. അതൊക്കെ പറഞ്ഞുഫലിപ്പിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് വിവേചനത്തിന്റെ കഴിവ് അവികസിതമാണ് കുട്ടികളില്‍ എന്ന് മുതിര്‍ന്നവര്‍ ഒരു കള്ളക്കഥ പ്രചരിപ്പിച്ചതാകണം. അക്കാലത്തുതന്നെ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരുടെ പ്രസംഗങ്ങളും ഞാന്‍ കേട്ടിരുന്നു. മാഷ് ഉച്ചത്തില്‍ ശക്തിയായി പ്രസംഗം നടത്തും. പക്ഷേ, അന്ന് ഞാന്‍ മാഷിന്റെ പ്രസംഗത്തിന് മറ്റേ പ്രസംഗങ്ങളുടെ മാര്‍ക്ക് കൊടുത്തിരുന്നില്ല. അതേ കാലത്തുതന്നെ സഖാവ് കെ.പി. ഗോപാലന്റെ പ്രസംഗവും കേട്ടിരുന്നു. ശക്തിയായി പ്രസംഗിക്കും. പക്ഷേ, പ്രസംഗമെന്ന നിലയില്‍ അന്ന്, മാര്‍ക്കിടുമ്പോള്‍ കുഞ്ഞിരാമന്‍ നമ്പ്യാരെക്കാള്‍ മെച്ചമെങ്കിലും, എം.ടി.യുടെ അടുത്തെത്താന്‍ ആ പ്രസംഗത്തിനും കഴിഞ്ഞിരുന്നില്ല. 1940-ന് ഇപ്പുറത്ത് കെ.ടി. സുകുമാരന്‍ എന്ന കുട്ടി താന്‍ കേട്ട പ്രസംഗങ്ങളെ വിലയിരുത്തിയതില്‍നിന്ന് ആ വ്യത്യാസവും എന്റെ ഇന്നത്തെ വിലയിരുത്തലില്‍ ഇല്ലെന്നു പറയുമ്പോള്‍ എനിക്കുതന്നെ അത്ഭുതം തോന്നുന്നു.
എം.ടി. കുമാരന്‍മാസ്റ്റര്‍ വാഗ്ഭടാനന്ദഗുരുദേവന്റെ ശിഷ്യനാണെന്നു പറഞ്ഞുവല്ലോ. ഗുരുദേവശിഷ്യന്മാരില്‍ പ്രമുഖരായ പലരും അതിപ്രഗല്ഭരും പ്രശസ്തരുമായ വാഗ്മികളായിരുന്നു - സ്വാമി ആര്യഭടന്‍, സ്വാമി ബ്രഹ്മവ്രതന്‍, ടി.വി. അനന്തന്‍ തുടങ്ങിയവര്‍. അത്ര മേലേക്കിടയിലല്ലെങ്കിലും അഴീക്കോട്ടും അലവിലും മറ്റും എനിക്കു പരിചയമുള്ള ആത്മവിദ്യാസംഘകാര്‍ മിക്കവരും സരസ്വതീദേവിയാല്‍ ചെറിയ തോതിലെങ്കിലും അനുഗ്രഹിക്കപ്പെട്ടവരായിരുന്നു.
ഇവരുടെ കൂട്ടത്തില്‍ ഒരു വ്യക്തിയെ വേറിട്ടു വിവരിക്കേണ്ടിയിരിക്കുന്നു - പീറ്റ അച്യുതനെ. പീറ്റ വീട്ടുപേരാണ്. അലവില്‍ ആണ് സ്വദേശം. അവിടെ അദ്ദേഹത്തിന് ആശ്രമംപോലൊരു ചെറിയ രണ്ടുമുറിക്കെട്ടിടം ഉണ്ടായിരുന്നു. അലവിലെ ആത്മവിദ്യക്കാരും അല്ലാത്തവരുമായ ധാരാളം യുവാക്കളെ ആകര്‍ഷിക്കാന്‍ അച്യുതനു കഴിഞ്ഞു. കടുത്ത ബ്രഹ്മചാരി. പക്ഷേ, കുറെക്കാലം കഴിഞ്ഞപ്പോള്‍ വിവാഹിതനായി. ആ മാറ്റം അദ്ദേഹത്തിന്റെ സ്വാധീനശക്തിയെയും ശിഷ്യസമ്പത്തിനെയും ഗണ്യമായി ബാധിക്കുകയുണ്ടായി. എങ്കിലും പീറ്റ അച്യുതന്റെ പ്രസംഗം കേട്ടവരുടെ മനസ്സില്‍നിന്ന് അത് എളുപ്പത്തില്‍ മാഞ്ഞുപോവില്ല. കസ്തൂര്‍ബാഗാന്ധി അന്തരിച്ചപ്പോള്‍ (1944-ല്‍) പീറ്റ അച്യുതന്‍ ചെയ്ത പ്രസംഗം കേട്ടവരുടെ മനസ്സിനെ മുഴുവന്‍ ഇളക്കിമറിച്ച് കണ്ണീരില്‍ അലിയിച്ച ഒരു വിസ്മയമായിരുന്നു. വികാരതീവ്രതയുള്ള സന്ദര്‍ഭങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങളില്‍ അദ്ദേഹത്തെ പിന്നിലാക്കാന്‍ പ്രയാസമായിരുന്നു. സ്വഭാവമഹിമയുടെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റാല്‍ പ്രഭാഷകനു പതനം സംഭവിക്കുമെന്ന് അദ്ദേഹത്തിന്റെ ജീവിതം എന്നെ അന്നേ പഠിപ്പിച്ചു.
സ്വാതന്ത്ര്യസമരകാലം ഭാരതീയ പ്രഭാഷണകലയുടെ വസന്തകാന്തി നിറഞ്ഞതായിരുന്നു. സ്വാതന്ത്ര്യസമരത്തിനു മുമ്പുതന്നെ തന്റെ പ്രഭാഷണം കൊണ്ട് സമരജ്വാല വളര്‍ത്തിയ കേശവചന്ദ്രസെന്നിനെ ലണ്ടനില്‍ ഒരു പൊതുയോഗത്തില്‍ അവതരിപ്പിച്ച ഇന്ത്യയിലെ ഒരു മുന്‍ ഗവര്‍ണര്‍ ജനറല്‍, അദ്ദേഹത്തിന്റെ "ഉന്നതമായ സ്വഭാവത്തെ' എടുത്തുപറഞ്ഞുകൊണ്ടാണ് സ്വാഗതപ്രസംഗം നടത്തിയത്. കോണ്‍ഗ്രസ്സിന്റെ ഔന്നത്യം നേതാക്കളുടെ ഈ സ്വഭാവൗന്നത്യമായിരുന്നു. കേരളത്തിലെയും കണ്ണൂരിലെയും എല്ലാ നേതൃസ്ഥാനീയരും ഇതിന് എതിരില്ലാത്ത ദൃഷ്ടാന്തങ്ങള്‍ ആയിരുന്നു. കെ. കേളപ്പന്‍ മികച്ച പ്രഭാഷകനാണെന്നു പറയാനാവില്ല. പക്ഷേ അദ്ദേഹത്തിന്റെ നിര്‍ത്തി നിര്‍ത്തിയുള്ള പ്രസംഗത്തില്‍ പറയാന്‍ പാടുള്ള ഒരു മഹത്ത്വസ്പന്ദനം കളിയാടിയിരുന്നു.
കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ അഗ്രിമന്‍ അന്ന് പാമ്പന്‍ മാധവന്‍ ആയിരുന്നു. അദ്ദേഹവും പി. ഗോപാലനും കെ.ടി. ശ്രീധരനും മറ്റും ഡി.സി.സി.യില്‍ ഉണ്ടായിരുന്ന കാലത്ത് മിക്കപ്പോഴും ഞാനവിടെ ഒരു സന്ദര്‍ശകനായിരുന്നു. പാമ്പന്റെ പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാണ്ഡിത്യത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. ചരിത്രസംഭവങ്ങള്‍ കൊല്ലം തെറ്റാതെ വിളമ്പുന്ന പ്രഭാഷണം പൊതുവേ ബോറടിക്കുമെന്ന് ഉറപ്പാണല്ലോ. എന്നാല്‍ ഈ പുസ്തകച്ചുവയുടെ ഇടയിലൂടെ കോണ്‍ഗ്രസ്സിന്റെ ആദര്‍ശങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം പുറത്തുവരുന്നത് ശ്രോതാക്കളുടെ മനസ്സിനെ പിടിച്ചുനിര്‍ത്തുവാന്‍ ഉതകി.
പ്രഭാഷണം ഭാഷയുടെയോ ശൈലിയുടെയോ ഫലിതത്തിന്റെയോ വചനനൈപുണ്യത്തിന്റെയോ കാര്യം മാത്രമല്ലെന്നും ലോകത്തിന്റെ നന്മയ്ക്കുവേണ്ടി വലുതായി ചിന്തിക്കുന്ന ഒരാളുടെ കാപട്യമില്ലാത്ത ഹൃദയം തുറക്കലാണെന്നും പതുക്കെപ്പതുക്കെ നല്ല പ്രസംഗം തേടിയുള്ള എന്റെ കൗമാര യൗവനങ്ങളിലെ അന്വേഷണാദികള്‍ എന്നെ പഠിപ്പിച്ചു. വെളുത്തു സുമുഖനും ശുഭ്രഖദര്‍ധാരിയുമായ പാമ്പന്‍ മാധവന്‍ ചാലാട്ടുള്ള വീട്ടില്‍ നിന്നിറങ്ങി കുടചൂടി, "മാധവേട്ടാ' എന്ന എല്ലാവരുടെയും വിളികേട്ട് പ്രത്യഭിവാദനം ചെയ്ത്, കണ്ണൂര്‍ തെരുവുകളിലൂടെ നടന്ന് ടൗണിലുള്ള തന്റെ ചില ഇടത്താവളങ്ങളില്‍ ചെന്നിരുന്ന് കഴിയുന്നതും രാഷ്ട്രീയം ഒഴിവാക്കി "അശ്ലീലം' കലര്‍ത്തി "സൊറ' പറഞ്ഞു കഴിഞ്ഞിരുന്ന ആ കാലത്തിന്റെ ഓര്‍മ മനസ്സിനെ ഇന്നും സന്തോഷംകൊണ്ട് നിറയ്ക്കുന്നു. പാമ്പന്റെ ദിവസേന രാവിലെയുള്ള ആ നടപ്പ് കണ്ണൂര്‍ പട്ടണത്തിന്റെ മുഖകാന്തി വളര്‍ത്തിയ ഒരു കാഴ്ചതന്നെയായിരുന്നു.
വഴിയേപോകുന്ന ആളെ പിടിച്ചുനിര്‍ത്തി "ഇന്ത്യയ്ക്കുവേണ്ടി മരിക്കാന്‍ തയ്യാറാണോ?' എന്നു ചോദിച്ചാല്‍ "ആണ്' എന്ന് ആരും ഒട്ടും മടിക്കാതെ ഉത്തരംപറഞ്ഞിരുന്ന ഒരു കാലത്ത് അത്തരം ആളുകള്‍ വാ തുറന്നാല്‍ പ്രസംഗമായിരുന്നു. സാഹിത്യകാരനും ചരിത്രഗവേഷകനും ചിറയ്ക്കല്‍ തമ്പുരാന്റെ പുത്രനും ആയിരുന്ന ടി. ബാലകൃഷ്ണന്‍ നായര്‍ ഭാര്യ പ്രസവിച്ച സമയത്താണ് ശ്രീനാരായണ പാര്‍ക്കില്‍ ആഗസ്റ്റ് സമരത്തില്‍ പങ്കെടുത്ത് ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം ചെയ്ത് അറസ്റ്റ് വരിച്ചത്. സദസ്യര്‍ ആഹ്ലാദാവേശം മൂലം കൈയടിച്ചു പോകുന്ന രീതിയില്‍ പ്രസംഗിച്ചിരുന്ന പ്രഭാഷകനായിരുന്നു അദ്ദേഹം. അത്തരമൊരു കാലം ഒരു ദേശത്തിന്റെ ചരിത്രത്തില്‍ വല്ലപ്പോഴും ഉദിച്ചസ്തമിക്കുന്നതായിരിക്കും.
അന്നും ചീത്ത പ്രസംഗം ചെയ്യാന്‍ ആളുണ്ടായിരുന്നു. രാഷ്ട്രീയനേതാക്കള്‍ കഴിഞ്ഞാല്‍ അന്നത്തെ തിരക്കുള്ള പ്രഭാഷകര്‍ അദ്ധ്യാപകര്‍, വിശേഷിച്ച് ഭാഷാദ്ധ്യാപകര്‍ ആയിരുന്നു. ഭാഷാദ്ധ്യാപകരില്‍ നല്ലൊരു ഭാഗം ദേശീയധാരയില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഷാജ്ഞാനത്തെ തര്‍ക്കത്തിനും പരിഹാസത്തിനും ഉപയോഗപ്പെടുത്തിയ ഒരു വിഭാഗം ഭാഷാദ്ധ്യാപകരും രംഗത്തുണ്ടായിരുന്നു. അന്ന് എം.ടി. കുമാരനെപ്പോലുള്ള ഭാഷാദ്ധ്യാപകരുടെ ഭാഷാപരമായ തെറ്റ് കണ്ടുപിടിച്ച് പറയുകയായിരുന്നു അവരുടെ ഒരു വിനോദം. തങ്ങളാണ് വലിയ തെറ്റു ചെയ്യുന്നതെന്നു മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അത്തരം ഒരു ആളുമായി ഞാന്‍ ആ ചെറുപ്പത്തില്‍, അവിവേകംകൊണ്ടാകാം, ഏറ്റുമുട്ടിയത് എനിക്കോര്‍മയുണ്ട്. അച്ഛനെപ്പോലെ വിദ്വാനും അദ്ധ്യാപകനുമായ പി. കണ്ണന്‍മാസ്റ്റര്‍ അന്നു പ്രസംഗവേദിയിലെ പേടിപ്പിക്കുന്നൊരു സാന്നിധ്യമായിരുന്നു. എന്തിനെക്കുറിച്ചാണെന്ന് ഓര്‍മയില്ലെങ്കിലും എന്റെ പ്രഭാഷണജീവിതത്തിലെ ആദ്യത്തെ ഏറ്റുമുട്ടല്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷപ്രസംഗത്തെ മുന്‍നിര്‍ത്തിയായിരുന്നു.
ആ കൊടി ഇന്നും ഞാന്‍ ഉയര്‍ത്തിപ്പിടിച്ചു കഴിയുന്നു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക