Image

നീലച്ചിറകുള്ള മൂക്കുത്തികൾ 51 സന റബ്സ്

Published on 07 February, 2021
നീലച്ചിറകുള്ള മൂക്കുത്തികൾ  51 സന റബ്സ്
അടുത്ത മൂന്ന് ലക്കങ്ങളോടെ
നീലച്ചിറകുള്ള മൂക്കുത്തികൾ അവസാനിക്കുകയാണ്...
ആകാംക്ഷയും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി
നോവൽ
അവസാനഭാഗങ്ങളിലേക്ക് ...

"തനൂജയുടെ ശരീരത്തിലെ വിഷസാന്നിധ്യം മെഡിക്കൽ  ഫീൽഡിൽ തികച്ചും  അസാധാരണമായ  ഒരു കെമിക്കലാണ്. ഇന്ത്യയിൽ ഇതുവരെ ഇങ്ങനെയൊരു കേസ് ഉണ്ടായിട്ടില്ല."  ഡോക്ടർ മഹീൻ ഷേണായ് പോലീസ് കമ്മീഷണറോടു  സംസാരിക്കയായിരുന്നു. "ഇന്ത്യൻ സമുദ്രത്തിൽ സാധാരണയായി കാണാത്ത പഫർ ഫിഷ് എന്ന മത്സ്യത്തിൽ കാണപ്പെടുന്ന രാസവസ്തുവാണ് ടെട്രോട്ടോക്സിൻ. ഇന്ത്യൻ മഹാ സമുദ്രത്തിൽ കാണുന്നില്ല എന്നു പറയാൻ കാരണം ഇവിടെ തെളിഞ്ഞ കടൽവെള്ളം അപൂർവമാണല്ലോ.  തെളിഞ്ഞ വെള്ളത്തിലും പവിഴപ്പുറ്റിലും കാണുന്ന ബ്ലൂ  ഒക്ടോപസിന്റെ  നീല വളയങ്ങളിൽ കാണുന്ന  ഏറ്റവും വീര്യം കൂടിയ ഒരു വിഷവുമാണ്  ടെട്രോട്ടോക്സിൻ."

"എങ്ങനെയാണു അത് തനൂജയുടെ ഉള്ളിൽ എത്തിയത്‌?"   ത്രിപാഠിയുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു. 

"ലെറ്റ്സ് സീ    കമീഷണർ ... അവർ രാവിലെ വെള്ളമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. രാത്രി കഴിച്ച ആഹാരം മുഴുവനും ദഹിച്ചും കഴിഞ്ഞിരുന്നു. പക്ഷേ അത്ഭുതപ്പെടുത്തുന്ന  മറ്റൊരു കാര്യം വിഷം ഇപ്പോഴും ശരീരത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നു എന്നാണ്."

"എങ്ങനെ?  ബ്ലഡിലൂടെ?  സ്കിന്നിലൂടെ...? "

"നമ്മൾ അതെങ്ങനെയെന്നു  നിരീക്ഷിച്ചുവരികയാണ്."

"പഫർ ഫിഷ് എന്നത് ജപ്പാനീസിന്റെ  ഏറ്റവും വിലകൂടിയ സ്പെഷ്യൽ  ആഹാരമാണ്. വളരെ വിശിഷ്ടമായ സ്വാദുള്ള ഈ ഭക്ഷണം ഹൈ ക്ലാസ്സ്‌  റെസ്റ്റോറന്റ്കളിലെ പ്രധാന മെനുവാണ്. പക്ഷേ പാകം ചെയ്യുന്നതിൽ പിഴവ് ഉണ്ടായാൽ  ഈ സീഫുഡ്‌  കൊടുംവിഷമായി മാറുകയും ചെയ്യും . "

"യെസ്,  വർഷംതോറും ശരാശരി അമ്പതിനും  അറുപതിനും ഇടയിൽ  ജപ്പാനികൾ ഈ കടൽ വിഭവത്തിന്റെ  ഭക്ഷ്യവിഷബാധയേറ്റു മരിക്കുന്നു എന്നതും  വാർത്തയാണല്ലോ..."

"അതേ ഓഫീസർ,  പ്രധാനമായും കേക്ക് ഉണ്ടാക്കാൻ  പഫർ മൽസ്യത്തിന്റെ കരളും സ്ക്വിഡ്ന്റെയും ഒക്ടോപസിന്റെയും മാംസവും ഉപയോഗിക്കാറുണ്ട്. തനൂജ രാത്രി കഴിച്ച ആഹാര സാമ്പിൾസ്  ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉടനെ റിസൾട്ട്‌ വരും."
ഒന്ന് നിറുത്തി ഡോക്ടർ തുടർന്നു. 
"മറ്റൊരു കാര്യം പറയാനുള്ളത് തനൂജ ഗർഭിണിയല്ല എന്നതാണ്"

മഹീൻ ഷേണായ് പറഞ്ഞത് കേട്ട് ത്രിപാഠി അവിശ്വസനീയതയോടെ  അയാളെ നോക്കി. 

"വാട്ട്‌...? "

"അതെ, ഗർഭിണിയല്ലെന്നു മാത്രമല്ല ഒരിക്കലും ഗർഭിണിയായിട്ടും ഇല്ല. എന്നാൽ അവരുടെ മാതാപിതാക്കൾ തറപ്പിച്ചു പറയുന്നു  അവർ മൂന്നുമാസത്തോളം ആയി ക്യാരീയിങ് ആണെന്ന്"

 ഓഹോ... അപ്പോൾ കാര്യങ്ങൾ കുഴയുകയാണ്.  ഗർഭിണി അല്ലെങ്കിൽ ആ കാര്യം  റായ് വിദേതന് അറിയാമായിരിക്കുമോ....  
"ഒക്കെ ഡോക്ടർ,  തല്ക്കാലം ഈ ഗർഭത്തിന്റെ വിവരം മീഡിയ അറിയേണ്ട.  എങ്ങനെയും അവർ മണത്തറിയും. പക്ഷേ നമ്മുടെ വഴിയിൽ  യാതൊരു സ്ഥിരീകരണവും കൊടുക്കരുത്."  ഓർമ്മിപ്പിച്ചുകൊണ്ടാണ്  ത്രിപാഠി തിരികെ ഇറങ്ങിയത്.  

 "റായ് വിദേതനെ അറസ്റ്റ് ചെയ്യാനുള്ള വല്ലാത്ത പ്രഷർ ഉണ്ട് ... എന്നാൽ  അറസ്റ്റ് തടയുക എന്നതാണ് റായ്യുടെ  അനുഭാവികളുടെ ലക്ഷ്യം. തനൂജയും അവരുടെ ആളുകളും മോശക്കാരല്ല. ഇതൊരു തെരുവ് ലഹളയിലേക്കോ പൊളിറ്റിക്കൽ ക്രഷിലേക്കോ എത്താതെ നോക്കുകയും വേണം."

കമ്മീഷണർ, ഡൽഹി മുഖ്യമന്ത്രിയുമായി  മീറ്റിംഗ് ആയിരുന്നു. 

"എങ്കിലും അയാളുടെ വീട്ടിൽ വെച്ചാണ്  അപകടം നടന്നിരിക്കുന്നത്‌  മാഡം, കൊടിയ ശത്രുതയിൽ ആയിരുന്നു ഇവർ രണ്ടുപേരും എന്നാണ്  ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ പറയുന്നത്.   അങ്ങനെയുള്ളവർ വിവാഹം കഴിക്കാൻ തീരുമാനിച്ചതിലും എന്തോ നിഗൂഢതയുണ്ട്. നമ്മൾ അത് കണ്ടെത്തണം. ഗർഭനാടകം എന്തിനായിരുന്നു എന്നും അറിയണം മാഡം ... എനിക്ക് റായ് വിദേതനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള ഓർഡർ നൽകണം"

 തന്റെ മുന്നിൽ അറ്റൻഷനിൽ നിൽക്കുന്ന ത്രിപാഠിയെ നോക്കി മുഖ്യമന്ത്രി  വരുണാ ഭട്ട് ചിരിച്ചു.  "ഒക്കെ... യു ക്യാൻ പ്രൊസീഡ്‌.... പക്ഷേ അറിയാമല്ലോ, ബി സീരിയസ്. റായ് ചില്ലറക്കാരനല്ല. കസ്റ്റഡിയിൽ അധികനേരം കിട്ടുമോ എന്ന് കണ്ടറിയണം. ചുരുങ്ങിയ സമയത്തിനുള്ളിൽ മാക്സിമം വിവരങ്ങൾ ശേഖരിക്കാൻ നോക്കുകയും വേണം."
പതിവുപോലെ ഓഫീസിൽ ആയിരുന്നു ദാസ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ അയാൾക്ക്‌ നിലവിലുള്ള സെക്യൂരിറ്റിക്ക് പുറമെ പോലീസ് പ്രൊട്ടക്ഷൻക്കൂടി ഏർപ്പാടാക്കിയിരുന്നു. 

 "എന്ത് വിഷമാണ് അവളുടെ ഉള്ളിൽ...? " ദാസ് സാമിയെ നോക്കി. 

"ടെട്രോട്ടോക്സിൻ എന്ന വിഷമാണന്നു  പറയുന്നു."

"എന്താണവൾ കഴിച്ചത് തലേന്ന്...? "

"സാബ്... നമ്മുടെ വീട്ടിൽ നിന്നും ഒന്നും കഴിച്ചിട്ടില്ല. അന്ന് രാവിലെ വീട്ടിലെത്തി സാബിന്റെ മുറിയിൽ ആയിരുന്നു കുറെ നേരം.  ഏകദേശം രണ്ടു മണിക്കൂർ നമ്മുടെ വീട്ടിൽതന്നെ ഉണ്ടായിരുന്നു. ശേഷമാണു പ്രണോതി മേം വന്നത്."

അവർ സംസാരിച്ചുകൊണ്ടിരിക്കേ താരാ ഡയമണ്ടിന്റെ വിശാലമായ പോർച്ചിൽ സഞ്ജയ്‌ പ്രണോതിയുടെ കാർ വന്നുനിന്നു. സഞ്ജയും മിലാനും കാറിൽ നിന്നിറങ്ങി. 
ഓഫീസ് മുറിയിൽ തന്നെ ഇരുന്ന് ദാസ് അത് കാണുന്നുണ്ടായിരുന്നു. അയാൾ സാമിയെ നോക്കി. 
സാമി ഉടനെ പുറത്തേക്കു പോയി.
സഞ്ജയ്‌ മാത്രമേ അകത്തേക്ക് വന്നുള്ളൂ.  ദാസ് എഴുന്നേറ്റു അയാൾക്ക്‌ ഹസ്തദാനം 
നൽകി. അൽപനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല. മനസ്സുകളിൽ ചോദ്യങ്ങളുടെ വേലിയേറ്റമായിരുന്നു.

"റായ്... കുഞ്ഞ് നിങ്ങളുടേതല്ല എന്നറിഞ്ഞിട്ടും നിഷ്പ്രയാസം ഒഴിവാക്കാമായിരുന്ന തനൂജയെ നിങ്ങൾ വളർത്തിയത് എന്തിനായിരുന്നു? "  മുഖവുര ഇല്ലാതെയായിരുന്നു ചോദ്യം. 

ദാസ് ചിരിച്ചു. "ചോദ്യം ചെറുതാണെങ്കിലും ഉത്തരം ദീർഘമാണ് സഞ്ജയ്‌ജീ. എന്റെ ബിസിനസ് സാമ്രാജ്യം  തകർക്കാൻ നോക്കുന്ന,  ജീവിതം ഉടച്ചു കളയാൻ നോക്കുന്ന അവളെ മനസ്സിലാക്കാനും പഠിക്കാനും എനിക്ക് സമയം വേണമായിരുന്നു. ഒരു പുരുഷൻ ആണെങ്കിൽ നമുക്ക് തല്ലിത്തീർക്കാം. അല്ലേൽ വെല്ലുവിളിക്കാം. ഗുണ്ടകളെ ഇറക്കാം. കൊന്നും ചത്തുമലച്ചും  തെരുവിൽ കളിക്കാം.. പക്ഷേ ഇത് വെറുമൊരു പെണ്ണായിപ്പോയി. എന്നാലോ അവൾ ഒരു കോർപ്പറേറ്റ് ബുദ്ധിരാക്ഷസി!"

ദാസ് എഴുന്നേറ്റുപോയി  തന്റെ  ബാഗിൽനിന്നും ചില പേപ്പറുകൾ എടുത്ത് സഞ്ജയിന് നേരെ തിരിഞ്ഞു. "ഇത് കണ്ടോ,  അവൾ വീണ്ടും കളിക്കാൻ തുടങ്ങിവെച്ച കാര്യങ്ങളുടെ പ്ലാൻ ആണിത്.  ഇതെല്ലാം നടപ്പിൽ വന്നിരുന്നു എങ്കിൽ റായ് ഇല്ല. അയാൾ കെട്ടിപ്പൊക്കിയ  എല്ലാം  നാമാവശേഷമാകുമായിരുന്നു. വട്ടപ്പൂജ്യം!"

"കൂടുതൽ വൈരാഗ്യം ഉണ്ടാവാൻ കാരണം ഐപിഎൽ ഷെയർ തനൂജ അവരുടെ ചില രഹസ്യ അജണ്ടയ്ക്ക് വേണ്ടി മറിച്ചുവിറ്റ കാരണമാണോ?  അതും ചെറിയ തുകയല്ല, നിങ്ങളുടെ എണ്ണൂറ് കോടി ഡോളർ ആണ് അവർ പണയം വെച്ചത്. ഹൌ ഡെയർ ഷി വാസ്... !"
ദാസിന്റെ കവിളുകൾ ഒരു ചിരി വന്നു തൂങ്ങി. അയാൾ സഞ്ജയ്‌ പ്രണോതിയെ സൂക്ഷിച്ചു നോക്കി. 
"എങ്ങനെ തപ്പിയെടുത്തു ഈ  വിവരം.? "

"ഞാൻ ഒരു പത്രക്കാരനായിരുന്നു എന്ന് റായ് മറക്കരുത്. "

"യെസ്.. ഐ നോ... അതറിയുന്നതിനാലാണ് ഒരുനാൾ ഞാൻ പറഞ്ഞത് മുംബൈയിൽ വെച്ച് എനിക്ക് ചില കാര്യങ്ങൾ  പറയാനുണ്ടെന്ന്.  അന്നത്തെ ദിവസങ്ങളിൽ  ഹോട്ടലിൽ നടന്ന കാര്യങ്ങളിൽ ഞാൻ വളരെ അപ്സെറ്റ് ആരുന്നു. പക്ഷേ പിന്നീട് നമുക്ക് കാണാനും കഴിഞ്ഞില്ല."

"തനൂജയുടെ ഇപ്പോഴത്തെ അവസ്ഥയിൽ റായ് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോ?  എന്നോട് സത്യം പറയണം. എങ്കിലേ എനിക്ക് പഴുതുകൾ തേടാൻ കഴിയൂ. "

ദാസ് എഴുന്നേറ്റു. "തനൂജയെ ഇല്ലാതാക്കണമെന്നു  സത്യത്തിൽ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിങ്ങനെയൊന്നും അല്ലേയല്ല. എന്നെ മനഃപൂർവം അപകടത്തിലേക്ക്  എറിയുന്ന ഒരവസ്ഥ ഉണ്ടാക്കി അവളെ അപകടപ്പെടുത്താൻ  മുതിരുമെന്ന് തോന്നുന്നുണ്ടോ? "
അതിൽ കാര്യമുണ്ടെന്ന് സഞ്ജയ്‌ പ്രണോതിക്ക് തോന്നാതിരുന്നില്ല. ബുദ്ധിപൂർവമേ അയാൾ കളിക്കുകയുള്ളൂ. 
"അറസ്റ്റ് ഉണ്ടായേക്കും." പതുക്കെയാണ് സഞ്ജയ്‌ ആ വാക്കുകൾ ഉച്ചരിച്ചത്‌.

"അറിയാം. ജാമ്യം കിട്ടാനുള്ള വഴികൾ നോക്കുന്നുണ്ട്." ദാസും പതുക്കെ പറഞ്ഞു. 

"മിലാൻ വന്നിട്ടുണ്ട്." സഞ്ജയ്‌ എഴുന്നേറ്റു. "അവൾക്ക് വളരെ വിഷമമുണ്ട് റായ്... ചെറിയ കാര്യങ്ങൾ കൊണ്ടല്ലല്ലോ നിങ്ങൾ ഇങ്ങനെ രണ്ടറ്റങ്ങളിൽ വീണത്. കണ്ടതിനപ്പുറത്ത് കാര്യങ്ങൾ ഉണ്ടെന്ന് അവളും അറിയാൻ വൈകി."

"മിലാനു പോലീസിന്റെ ഭാഗത്തു നിന്നും എന്ത് പ്രെഷർ ഉണ്ടായാലും അറിയിക്കണം. മിലാനു വേണ്ടിയും മുൻകൂർ ജാമ്യം നോക്കിയിരുന്നു. പക്ഷേ കേസ് സ്ട്രോങ്ങ്‌ ആവില്ല. അവൾ അവിടെ ഉണ്ടായതിനാൽ മാത്രം  കാര്യം ഇല്ലല്ലോ."

"അറിയാം. എന്നാൽ ഞാൻ മിലാനെ വിളിക്കാം. നിങ്ങൾ സംസാരിക്കൂ... " സഞ്ജയ്‌ പുറത്തേക്കു പോയി.
 ദാസ് അവിടെത്തന്നെ ഇരുന്നു.  

അയാളുടെ ഉള്ളിലും പുറത്തും വല്ലാത്ത വേലിയേറ്റമുണ്ടായി. ഓഫീസും വലിയ കെട്ടിടങ്ങളും താണ്ടി വന്ന വെളുത്ത തിരമാലകൾ  ഇരിപ്പിടം വിട്ടുയർന്നു  അയാളെ അപ്പാടെ നനച്ചു തുവർത്തി. 

ദാസ്  തല കുടഞ്ഞു. വേണ്ട,  ഞാൻ ഇത്രയും സില്ലിയാവേണ്ട. എത്രയോ സ്ത്രീകൾ വന്നുപോയ ജീവിതമാണിത്‌. എന്നിട്ടും മിലാനെ വല്ലാതെ നെഞ്ചേറ്റി.  പക്ഷേ അതവൾ മനസ്സിലാക്കിയതുപോലുമില്ല. 

 മിലാൻ കടന്നു വന്നു.  വാതിലിനരിൽ അറച്ചും മടിച്ചും നിന്നു  അവൾ അയാളുടെ അരികിലേക്ക് പതുക്കെ അടിവെച്ചു. 

"എന്താണ് മിസ് മുംബൈ, സുഖം തന്നെയല്ലേ..?" വളരെ ഫോർമൽ ആയി  ഔപചാരികമായി ചോദിച്ചു ദാസ് തന്റെ എതിരിലെ ഇരിപ്പിടം ചൂണ്ടി. 
"ഇരിക്കും മുൻപേ ഒരു ചോദ്യം.  എന്റെ വീട്ടിൽ എന്റെ ഭാര്യയാവാൻ തീരുമാനമെടുത്തവൾ താമസിക്കുമ്പോൾ, അതും എന്റെ കുഞ്ഞിനെ ഗർഭം ധരിച്ചവൾ താമസിക്കുമ്പോൾ   എന്റെ വീട്ടിലേക്ക്‌ കുതിച്ചുവന്നു  അവളെ അപകടപ്പെടുത്താനും വെല്ലുവിളിക്കാനും   ആരാണ് അധികാരം നൽകിയത്  മിസ് മിലാൻ സഞ്ജയ്‌ പ്രണോതീ?"
അയാൾ എഴുന്നേറ്റു. "അതും എന്റെ അന്തരാവകാശിയെ ഗർഭത്തിൽ പേറുന്ന തനൂജയെ, തനൂജാ  റായ്  വിദേതനെ ഭീഷണിപ്പെടുത്താൻ?"

മിലൻറെ മൂക്കിന്റെ തുമ്പ് നിമിഷം കൊണ്ട് ചുവന്നത് ദാസ് കണ്ടു. 

"മറ്റൊന്ന് കൂടി,  എന്നെ അറസ്റ് ചെയ്യുകയോ ജയിലിൽ അടയ്ക്കുകയോ തൂക്കിലേറ്റുകയോ ചെയ്താൽ നിനക്കെന്താണ്?  വാട്ട്‌ ഈസ് യുവർ പ്രോബ്ലം?  തെളിവുകൾ ശേഖരിക്കാനും  വിവരങ്ങൾ സ്പൈ  ചെയ്യാനും  കഷ്ടപ്പെടുന്നത്‌ എന്തിനാണ്?   പഴയ പത്രക്കാരനായ നിന്റെ  അച്ഛനെയും  എൺപതു കഴിഞ്ഞ എന്റെ അമ്മയെയും മകളെയും മുൻഭാര്യയെയും   വിടാതെ പിന്തുടർന്നു എന്താണിത്ര ശേഖരിച്ചുകൂട്ടാനുള്ളത്?  ഞാനൊരു വുമനൈസർ ആണെന്നു  നിങ്ങൾക്കെല്ലാം വളരെ മുൻപേ അറിയാമല്ലോ. പ്രത്യേകിച്ച് നിനക്ക്.    
എന്റെ  ജീവിതത്തിൽ ആരും സ്ഥിരമല്ല. നീ തന്നെ പറഞ്ഞല്ലോ ഞാൻ അസ്സൽ പെണ്ണുപിടിയനും  ചതിയനും സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ  ഭൂമിയ്ക്കും ആകാശത്തിനും കൊളുത്തിട്ട് കിഴ്മേൽ മറിക്കുന്നവനും ആണെന്ന്!"

മിലൻ   ചെന്തീയായി ചുവന്നുരുണ്ടു. 

"ദെൻ ആൻസർ മി... വാട്ട്‌ ബ്രിങ്സ് യു ഹിയർ...?   എന്റെയരികിൽ നിൽക്കാൻ ഭയമില്ലേ... ദാ.. അവിടെയാണ് വാതിൽ..." ദാസ് വാതിലിലേക്കു വിരൽ ചൂണ്ടി. 

മിലാൻ ഒരക്ഷരവും പറഞ്ഞില്ലെങ്കിലും  കത്തുന്ന മിഴികളിൽ നിന്നും അഗ്നി വമിക്കുന്നുണ്ടായിരുന്നു. 
അവളെന്തോ പറയാൻ ചുണ്ടുകളനക്കി. അടച്ചിട്ട വാതിൽ തള്ളിത്തുറന്നു കമ്മീഷണർ ത്രിപാഠി അടക്കമുള്ള പോലീസുകാർ അടുക്കൽ വന്നു. അയാൾ തന്റെ തൊപ്പിയൊന്ന് ചെരിച്ചു ശരിയാക്കി കസേരയിലേക്ക് ഇരുന്നു   ദാസിനെ നോക്കി   ചിരിച്ചു. അപ്പുറത്ത് നിൽക്കുന്ന മിലാനെയും അയാൾ കണ്ടിരുന്നു. 

"മിസ്റ്റർ റായ്,  തനൂജ ഗർഭിണിയല്ല എന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ?"

ദാസ് തല വെട്ടിച്ചു. "ഞാനത്  എങ്ങനെ അറിയും?  ആവശ്യം തോന്നുന്ന സമയത്ത് സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ നമ്മൾ പുരുഷന്മാരുടെ സമ്മതം വേണ്ട എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്‌."

 "യു ആർ കറക്റ്റ്, അത് നിങ്ങളുടെ ഗർഭം ആണെങ്കിൽ നിങ്ങൾ അറിയാതിരിക്കാൻ വഴിയില്ലല്ലോ."

"എന്റേത് അല്ലെങ്കിൽ ഞാൻ അറിയേണ്ടല്ലോ... "

ത്രിപാഠി എഴുന്നേറ്റു. "തനൂജ ഗർഭിണിയല്ല എന്നാണ് ഇപ്പോൾ ആശുപത്രിയിൽനിന്നും കിട്ടിയ വിവരം."

 "ഓഹോ... വളരെ നല്ലത്... "

"പിന്നെ എങ്ങനെയാണ് അവർ ഗർഭിണി ആണെന്ന സ്റ്റേറ്റുമെന്റ് നിങ്ങൾ കൊടുത്തത്?"

"കേസ് നന്നായി പഠിച്ചിട്ട് വരൂ ഓഫീസർ. ഒരിക്കലും ഞാനോ എന്റെ കൂടെയുള്ളവരോ തനൂജ ഗർഭിണിയാണെന്ന് പറഞ്ഞിട്ടുണ്ടോ?"

"നിങ്ങൾ പറഞ്ഞതും ചെയ്തതും ഞങ്ങളുടെ കൈകളിൽ ഉണ്ട്. നിങ്ങളിൽനിന്നും ഗർഭിണിയാകാത്ത അവരെ,  നിങ്ങളുടെ ബിസിനസുകളിൽ കടന്നുകയറ്റം നടത്തുന്ന അവരെ,  നിങ്ങളുടെയും മിലാൻ പ്രണോതിയുടെയും വിവാഹം മുടക്കിയ അവരെ, ഇല്ലാ ഗർഭകഥ മെനഞ്ഞുണ്ടാക്കിയ തനൂജാതിവാരിയെ.....  ഇല്ലാതാക്കാൻ നിങ്ങൾ അവർക്ക് ടെട്രോട്ടോക്സിൻ എന്ന വിഷം കൊടുത്തു. നിങ്ങളുടെ വീട്ടിൽ നിന്നും അവർ കഴിച്ച കേക്കിന്റെ ബാക്കി കണ്ടെത്തിയിട്ടുണ്ട്.  അവരുടെ മാതാപിതാക്കളുടെയും അടുത്ത കുടുംബാംഗങ്ങളുടെയും  പരാതി മുഖ്യമന്ത്രിയ്ക്കു  എത്തിയിട്ടുണ്ട്.  തനൂജയുടെ  ഫാൻസ്‌ അടക്കം കൊടുത്ത പരാതി സിനിമാതാരങ്ങളുടെ സംഘടന  സ്വീകരിച്ചു അതും  പോലീസിന് കൈമാറിയിരിക്കുന്നു. 
ഇത്രയും സാഹചര്യത്തെളിവുകളുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിൽ നിങ്ങൾക്കെതിരെ കൊലക്കുറ്റത്തിനു അറസ്റ്റ്  വാറണ്ട് ഉണ്ട്. യു ആർ അണ്ടർ അറസ്റ്റ്  മിസ്റ്റർ റായ് വിദേതൻ ദാസ്..."

തലയിലേക്ക് വലിയൊരു ഇടിമിന്നൽ വന്നുവീണു തലച്ചോർ ഛിന്നഭിന്നമായിപ്പോയതുപോലെ  മിലാൻ വേച്ചുപോയി. 

                                         (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ  51 സന റബ്സ്നീലച്ചിറകുള്ള മൂക്കുത്തികൾ  51 സന റബ്സ്നീലച്ചിറകുള്ള മൂക്കുത്തികൾ  51 സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക