Image

ഈ മീശയാണ് 'മീശ' ( വിജയ്.സി.എച്ച്)

Published on 23 March, 2021
ഈ മീശയാണ് 'മീശ' ( വിജയ്.സി.എച്ച്)
കേരള സാഹിത്യ അക്കാദമി ഈയിടെ പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ മികച്ച നോവലിനുള്ള അവാർഡ് 'മീശ' നേടിയപ്പോൾ, ഈ കഥയും രചയിതാവ് എസ്. ഹരീഷും ഒരിക്കൽക്കൂടി ചർച്ചകളുടെയും വിവാദങ്ങളുടെയും നടുവിൽ അകപ്പെട്ടിരിക്കുകയാണ്. 'മീശ' ഏറ്റവും നല്ല നോവലെന്ന് നിരൂപിച്ച അക്കാദമിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

പെൺകുട്ടികളുടെ ക്ഷേത്ര സന്ദർശനത്തെ ബന്ധപ്പെടുത്തിയുള്ളൊരു പരാമർശം രൂക്ഷ വിമർശനങ്ങൾക്ക് വഴിയൊരുക്കിയതിനെ തുടർന്ന് അറിയപ്പെടുന്നൊരു ആഴ്ചപ്പതിപ്പ് കഥയുടെ ഖണ്ഡശ്ശ: പ്രസിദ്ധീകരണം ഇടയ്ക്കുവെച്ച് നിർത്തിയിരുന്നു.

"വിവാദങ്ങളിലേക്ക് വീണ്ടും പോകാൻ ഇഷ്ടപ്പെടുന്നില്ല. എൻറെ പുസ്തകം ഒരു സാഹിത്യസൃഷ്ടിയായി പരിഗണിച്ചുള്ളൊരു സംഭാഷണത്തിനു മാത്രമേ താൽപര്യമുള്ളൂ," ഈ ലേഖകൻറെ പ്രഥമ ചോദ്യത്തിന് ഹരീഷ് നൽകിയ മറുപടിയാണിത്!

കഴിഞ്ഞ വർഷം 'മീശ'യുടെ ഇംഗ്ളീഷ് പരിഭാഷ  പ്രശസ്‌തമായ ജെസിബി സാഹിത്യ പുരസ്‌ക്കാരം  നേടിയപ്പോൾ (25 ലക്ഷം രൂപ), കുട്ടനാട് പ്രദേശത്ത് പത്തെഴുപത് വർഷം മുന്നെ നിലനിന്നിരുന്ന സാമൂഹിക-ലിംഗ അസമത്വങ്ങളെ സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കുന്ന നോവൽ ദേശീയതലത്തിലും ആഗോളതലത്തിലും ശ്രദ്ധയാകർഷിച്ചു. ഇപ്പോൾ സാഹിത്യ അക്കാദമി അവാർഡുകൂടി തേടിയെത്തിയതിൽ കഥാകാരൻ വളരെ സന്തുഷ്ടനാണ്!


🟥 ജനകീയ അംഗീകാരത്തിൽ സംതൃപ്‌തി  
പുരസ്കാര ലബ്ദിയിൽ വളരെ സന്തുഷ്ടനാണ്! അതിനുള്ള പ്രധാന കാരണം, ഇത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നൽകുന്ന പുരസ്‌കാരമാണ് എന്നതുകൊണ്ടാണ്. കേരള സാഹിത്യ അക്കാദമി ഒരു ജനാധിപത്യ സ്ഥാപനമായതിനാൽ അംഗീകാരം ജനങ്ങളാണ് നൽകുന്നത്. ഇതിനുമുന്നെ, ആദ്യ കഥാസമാഹാരം 'രസവിദ്യയുടെ ചരിത്രം' അക്കാദമിയുടെ ഗീതാഹിരണ്യൻ എ൯ഡോവ്‌മെൻറ്
പുരസ്കാരം നേടിയിട്ടുണ്ട്. തുടർന്ന് 'ആദം' മികച്ച കഥാസമാഹാരത്തിനുള്ള അവാർഡും നേടി. മൂന്നും സംതൃപ്‌തി നൽകുന്ന ജനകീയ അംഗീകാരങ്ങളാണ്.

🟥 ആദ്യ നോവൽ അംഗീകരിക്കപ്പട്ടതിൽ ഏറെ സന്തോഷം
നോവൽ എഴുതണമെന്നത് ആദ്യം മുതലെ എൻറെ സ്വപ്നമായിരുന്നു. എന്നാൽ അതിനുള്ള ധൈര്യം ഇല്ലാതിരുന്നതിനാലാണ് പിൻതിരിഞ്ഞുകൊണ്ടിരുന്നത്. യഥാർത്ഥത്തിൽ, ഓരോ ചെറുകഥയുടെ ബീജം ഉൾക്കൊള്ളുമ്പോഴും അതൊരു നോവലായി എഴുതിയാലോയെന്ന് ചിന്തിച്ചിട്ടുണ്ട്. മെല്ലെയത് 'മീശ'യിൽ സാക്ഷാൽക്കരിക്കപ്പെട്ടു. പക്ഷെ, അതൊരു മികച്ച സൃഷ്ടിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിട്ടേയില്ല. അതിനാലാണ് അക്കാദമി പുരസ്കാരമെത്തിയപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നിയത്.

🟥 വിമർശനങ്ങൾക്കൊടുവിൽ ഇരട്ടി മധുരം
ആദ്യ ചെറുകഥാസമാഹാരത്തിനും ആദ്യ നോവലിനും അക്കാദമി പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ രണ്ടു പുസ്തകങ്ങളെയും ഞാൻ ഓർക്കുന്നത്, ആദ്യത്തേത് അത്രയൊന്നും പ്രശസ്തനല്ലാത്ത എനിയ്ക്ക് അവാർഡ് നേടിത്തന്നതിനാലും, രണ്ടാമത്തേത് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതിനൊടുവിലും അവാർഡ് ലഭിച്ച ഇരട്ടി മധുരത്താലുമാണ്. 

🟥 'മീശ'യുടെ സ്പാർക്ക്
നീണ്ടൂർ, അയ്മനം, ആർപ്പൂക്കര, കല്ലറ മുതലായ പ്രദേശങ്ങൾ ഉൾപ്പെടുന്ന വടക്കൻ കുട്ടനാട്ടിലാണ് 'മീശ' അരങ്ങേറുന്നത്. ഞാൻ ജനിച്ചുവളർന്ന സ്ഥലമാണിത്. ഏതൊരു എഴുത്തുകാരനെയുംപോലെ ജന്മസ്ഥലത്തെ എന്നെങ്കിലും അതിൻറെ പൂർണ്ണ അർത്ഥത്തിൽ ഒരെഴുത്തിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ, അതെങ്ങിനെ കഴിയുമെന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ക്രമേണ വാവച്ച൯റെ കഥ മനസ്സിലേക്കുവന്നു. ഞാൻ കുഞ്ഞുനാളുമുതൽ അറിയുമായിരുന്ന ഇയാളെക്കുറിച്ച് നാട്ടിൽ മിത്തുപോലുള്ള കുറെ കഥകളുണ്ടായിരുന്നു. വലിയ മീശ വച്ച് നടന്നിരുന്ന ഇയാളുടെ യഥാർത്ഥ പേര് മറ്റൊന്നാണ്. ഒരിക്കൽ ഒരു നാടകത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മീശ വച്ചതെന്ന് പിന്നീട് അറിഞ്ഞു. ഇതാണ് 'മീശ' എഴുതാനുള്ള സ്പാർക്കായി മാറുന്നത്. നേരത്തെ ഒരു നോവൽ എഴുതിയിരുന്നെങ്കിലും അത്ര ശരിയാകാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. അതിൻറെ തുടർപരിശ്രമംകൂടിയാണ് 'മീശ'.

🟥 സർഗസംതൃപ്തി എന്നതൊന്നില്ല
ഞാൻ സമ്പൂണ്ണമായൊരു കൃതിയെഴുതി എന്ന ഒരു സർഗസംതൃപ്തി 'മീശ' എനിക്കു തന്നിട്ടില്ല. ഓരോ കൃതി എഴുതിത്തീരുമ്പോഴും അതിൻറെ കുറവുകൾ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയുന്നത് എഴുത്തുകാരൻ തന്നെയാണ്. അതിനാൽ,  സർഗസംതൃപ്തി എന്നതൊന്ന് എഴുത്തുവഴിയിൽ ഇല്ലെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.
'മീശ' പൂർണ്ണാർത്ഥത്തിൽ സംതൃപ്തി നൽകിയില്ലെങ്കിലും, ഞാൻ സന്തുഷ്ടനാണ്. കാരണം, ജെസിബി പുരസ്കാരം ലഭിച്ച അതിൻറെ ഇംഗ്ളീഷ് പരിഭാഷ (Moustache) ദേശീയതലത്തിലുള്ള വായനക്കാർ ഇപ്പോൾ ഏറ്റെടുത്തു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ആസ്വാദന കറിപ്പുകളും വിശകലനങ്ങളും ഇംഗ്ളീഷ് മാധ്യമങ്ങളിലും ഓൺലൈൻ ബ്ലോഗുകളിലും വന്നുകൊണ്ടിരിക്കുന്നു. ചിലർ നേരിട്ടു വിളിച്ച് അറിയിക്കുന്നു. എൻറെ പരിശ്രമം കുറെയൊക്കെ വിജയം കണ്ടതിൻറെ ലക്ഷണമാണിത്. 

🟥 ചെറുകഥയും നോവലും തമ്മിൽ
നല്ലൊരു ചോദ്യമാണിത്! രണ്ടും കഥ പറച്ചിൽ തന്നെയാണെങ്കിലും, ചെറുകഥയും നോവലും തമ്മിൽ എഴുത്തു രീതിയിൽ സാരമായ വ്യത്യാസമുണ്ട്. ഒറ്റ ആശയത്തെ മുൻനിർത്തിയുള്ളതാണ് ചെറുകഥ. ഒരൊറ്റ ജീവിതാനുഭവം. എന്നാൽ, അപാരമായ സാദ്ധ്യതകളാണ്, സ്വാതന്ത്യ്രമാണ് നോവലെഴുത്തിൽ. ഏതു ഘടനയും ഏതുരീതിയിലുള്ള ആഖ്യാനവും സ്വീകരിക്കാം. യോജിക്കുന്ന രൂപത്തിൽ എന്തുമെടുത്ത് ഉപയോഗിക്കാം.

പ്രമേയപരമായ ഏറ്റവും വലിയ വ്യത്യാസം, നോവലിൻറെ വിഷയം അത് എഴുതിത്തീരുന്നതുവരെ എഴുത്തുകാരനെ പ്രചോദിപ്പിക്കുന്നതായിരിക്കണം എന്നുള്ളതാണ്. ചിലപ്പോൾ വർഷങ്ങളെടുക്കും നോവൽ എഴുതിത്തീരാൻ. ഈ നീണ്ട കാലമത്രയും നോവലിസ്റ്റിന് ആവേശം പകരാൻ ആ പ്രമേയത്തിന് കഴിയണം. ഏകദിന ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള വ്യത്യാസമാണ് ഇക്കാര്യത്തിൽ ചെറുകഥയും നോവലും തമ്മിൽ.

നോവലെഴുത്തിന് ആദ്യം വേണ്ടത് ക്ഷമയാണ്. ഒരു ജീവിതം ജീവിച്ചു തീരുന്നതുപോലെയാണ് ഒരു നോവൽ എഴുതിത്തീരുന്നത്! ആ കഥ അത് എഴുതുന്ന ആളെത്തന്നെ പരിവര്‍ത്തനപ്പെടുത്തും. എൻറെ അനുഭവമാണിത്.

🟥 മലയാളം നോവലുകൾ പരിണതിയുടെ സാക്ഷ്യപത്രങ്ങൾ
എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹിത്യശാഖയാണ് നോവൽ. ജപ്പാനിലാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, യൂറോപ്പിലാണ് നോവൽ ഉത്ഭവിച്ചതെന്നു പറയാം. ഈ യൂറോപ്പ്യൻ സാഹിത്യരൂപം ഇത്രയും കാലത്തിനിടയിൽ ഒത്തിരി ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
ജപ്പാനും, റഷ്യയും, ലാറ്റിനമേരിക്കയും തങ്ങളുടേതായ ശൈലികൾ ആവിഷ്കരിച്ചു. ഇവിടങ്ങളിലെ നോവലുകൾ വൃത്യസ്തമായ രീതികൾ പുലർത്തുന്നവയാണ്. നമ്മുടെ രാജ്യത്തും, അല്ലെങ്കിൽ സൗത്തേഷ്യയിലും, തനതായൊരു കഥ പറച്ചിൽ രീതി രൂപപ്പെട്ടുവരണം.
രചനാരീതി രൂപവല്‍ക്കരണത്തിൽ കുറെയൊക്കെ നമ്മൾ വിജയിച്ചിട്ടുണ്ട്. യൂറോപ്പ്യൻ നോവലുകളുടെ ബാഹ്യരൂപം ഇപ്പോഴും യാഥാസ്ഥിതികമാണ്. എന്നാൽ,  അങ്ങിനെയൊരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിൽക്കാതെ, ഒരോ തലമുറയിലും ജീവിക്കുന്നവരുമായി ചേർന്നു നിൽക്കാൻ വെമ്പൽകൊള്ളുന്നു എന്നതാണ് നമ്മുടെ നോവലുകളുടെ ഏറ്റവും പുരോഗമനമായൊരു സ്വഭാവം.
അടുത്തകാലത്ത് രചിക്കപ്പെട്ട മലയാളം നോവലുകൾ ഈ പരിണതിയുടെ സാക്ഷ്യപത്രങ്ങളാണ്. എഴുത്തിൽ പുത്തൻ ഭാവുകത്വം പ്രകടമാക്കുന്ന ഒരു വൻ നിര നോവലിസ്റ്റുകൾ ഇന്ന് നമുക്കുണ്ടെന്നുള്ളത് അത്യന്തം പ്രത്യാശാജനകമാണ്.

🟥 പ്രമേയങ്ങൾ എല്ലായിടത്തുമുണ്ട്
നമുക്ക് ചുറ്റും പ്രമേയങ്ങളാണ്. അതിൽ ഏത് നമ്മെ സ്പർശിക്കുന്നു അത് കഥകളായിത്തീരുന്നു. സാധാരണക്കാരുടെ ജീവിതാനുഭവങ്ങളിൽനിന്നും, അവരുടെ സംഭാഷണങ്ങളിൽനിന്നും, വായനയിൽനിന്നും കഥകൾക്കുള്ള പ്രമേയങ്ങൾ ലഭിക്കുന്നു. നേരിട്ടറിയാവുന്നവരും, കേട്ടറിഞ്ഞവരും മുതൽ മദ്യപാനികൾവരെയുള്ളവർ കഥകളായി മാറുന്നു. ഒരാളോട് സംസാരിക്കുമ്പോഴും, ഒരു യാത്ര ചെയ്യുമ്പോഴും, ഒരു ഫോട്ടോ കാണുമ്പോഴും കഥക്കുള്ള നിമിത്തങ്ങൾ വീണുകിട്ടുന്നു. ഒരു കൊച്ചു ലേഖനത്തിൻറെ വായനയിൽനിന്നുപോലും പ്രമേയം അവിചാരിതമായി ലഭിച്ചിട്ടുണ്ട്. എന്നാൽ, മിക്ക കഥകൾക്കും കാരണമായത് സാധാരണ മനുഷ്യരുടെ
ജീവിതങ്ങളാണ്. 

🟥 പണിപ്പുരയിൽ മറ്റൊരു നോവൽ  
ഒരു നോവൽ എഴുതുന്ന തിരക്കിലാണ് ഞാനിപ്പോൾ. താമസിയാതെ അത് പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നു. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതെല്ലാം പറഞ്ഞാൽ എഴുതുവാനുള്ള ജിഞ്ജാസ എനിയ്ക്ക് നഷ്ടപ്പെടും.

🟥 സിനിമ എഴുത്തുകാരൻറെ ഇടമല്ല
സിനിമയിൽ മുങ്ങിത്താവാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. വളരെ യാദൃച്ഛികമായാണ് സിനിമയിൽ എത്തിപ്പെട്ടത്.
സുഹൃത്ത് സഞ്ജു സുരേന്ദ്രൻ എൻറെ മൂന്നു കഥകൾ  സിനിമയാക്കാൻ താൽപര്യം കാണിച്ചപ്പോൾ, ചർച്ചചെയ്ത് തിരക്കഥയെഴുതി. സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പടം, 'ഏദൻ', എൻറെ ചെറുകഥകളായ 'നിര്യാതരായി', ‘ചപ്പാത്തിലെ കൊലപാതകം’, ‘മാന്ത്രികവാൽ’ എന്നിവയെ ഒറ്റച്ചരടിൽ കോർത്തെടുത്തതാണ്. കഥയ്ക്കുള്ളിൽ കഥകൾ വിരിയുന്ന ആഖ്യാനരീതിയാണതിന്.
അതിനുശേഷമാണ് ലിജോ ജോസ് പല്ലിശ്ശേരി എൻറെ ചെറുകഥ, 'മാവോയിസ്റ്റ്' സിനിമയാക്കിയത്. അതിനുവേണ്ടി 'ജല്ലിക്കട്ട്' എന്ന തിരക്കഥയെഴുതി. 'ജല്ലിക്കട്ട്' ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങൾ നേടി.

ഒരെഴുത്തുകാരന് മുങ്ങാൻ പറ്റിയ സ്ഥലമല്ല സിനിമയെങ്കിലും, ഇതൊരു സന്തോഷകരമായ അനുഭവമാണ്. കാരണം, ചലച്ചിത്രം ഏറ്റവും പുതിയ കാലത്തെ കലയാണ്. പുതിയ തലമുറയിലെ ഏറ്റവുമധികം പ്രതിഭാശാലികൾ എത്തുന്ന ഇടമാണിത്. ഇങ്ങിനെയുള്ള ചെറുപ്പക്കാരുമായി ഇടപഴകാനും അവരുടെ ചിന്തകളറിയാനും സിനിമ എനിയ്ക്ക് അവസരം തരുന്നു.

🟥 കുടുംബ പശ്ചാത്തലം
കാര്യമായി പറയാനുള്ളൊരു പശ്ചാത്തലമൊന്നും എനിക്കില്ല. കോട്ടയം ജില്ലയിലെ നീണ്ടൂരാണ് എൻറെ വീട്. ജന്മസ്ഥലമാണിത്. ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഞാൻ. ഇപ്പോൾ ലോങ് ലീവിലാണ്. എൻറെ അച്ഛൻ ഒരു റേഷൻ കട നടത്തിയിരുന്ന  ആളായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. അമ്മയുണ്ട്. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയാണ് ഭാര്യ. പേര്,  വിവേക. രണ്ടു കുട്ടികൾ. ബാലുവും ദേശുവും. രണ്ടുപേരും വിദ്യാർത്ഥികൾ.


ഈ മീശയാണ് 'മീശ' ( വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക