Image

വൺ ഷേഡ് ലൈറ്റർ (കവിത: സീന ജോസഫ്)

Published on 26 April, 2021
വൺ ഷേഡ് ലൈറ്റർ (കവിത: സീന ജോസഫ്)
അവളുടെ അമേരിക്കൻ ഡ്രീം!
അതായിരുന്നു, ആ കൊച്ചു ഗിഫ്റ്റ്  ഷോപ്പ്.
ലോക്ക്ഡൗണിൽ തട്ടി, താളം തെറ്റും വരെ അവളത്
നന്നായിത്തന്നെ നടത്തിക്കൊണ്ടു പോയി.

ലോക്ക്ഡൗണിൽ  ഇളവു വന്നപ്പോൾ
ഇരുൾ മേഘങ്ങൾ വഴി മാറിയെന്നവളോർത്തു
വീണു കിട്ടിയ തൊഴിലില്ലായ്മ വേതനത്തിൽ
അഭിരമിക്കുന്ന ജീവനക്കാർ പക്ഷെ, തിരികെ വന്നില്ല!

അങ്ങനെ, ഏറെ ശ്രമങ്ങൾക്ക്  ശേഷം അവൾ
ആ കൊച്ചുമിടുക്കിയെ കണ്ടെത്തി, ഒരു കറുമ്പിക്കുട്ടി!

ഇന്ത്യൻ ഓണർഷിപ്പിന്റെ ബ്രൗൺ,
അന്നോളം വെള്ളക്കാരെ മാത്രം ജോലിക്കെടുത്ത്  
വെളുപ്പിച്ചവൾ പൊടുന്നനെ ചിന്താലീനയായി  
പുരികക്കൊടികൾ കണക്കുകൾ കൂട്ടി,
ചോദ്യച്ചിഹ്നങ്ങൾ വരഞ്ഞു.

അപ്പോഴാണ്,
അമ്മയുടെ കാതുകൾക്ക് തീരെ രുചിക്കാത്ത,
സ്പോട്ടിഫൈയുടെ ആരോഹണാവരോഹണങ്ങളിൽ
സദാ വ്യാപാരിക്കുന്നവൻ, തല ചരിച്ച്,
ഏറ്റവും നിസ്സംഗമായ നോട്ടമെറിഞ്ഞ്,
ആ പ്രസ്താവന ഇറക്കിയത്
"അമ്മാ, ബ്രൗൺ ഈസ് ഒൺലി വൺ ഷേഡ് ലൈറ്റർ"!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക