Image

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

സിൽജി ജെ ടോം Published on 06 May, 2021
'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)
കൈതപ്പുഴ കായലോരത്ത്  പക്ഷികൾ പറന്നിറങ്ങി മീനുകളെ കൊത്തിയെടുത്ത് മിന്നൽ വേഗത്തിൽ പറന്നുയരുന്നതും മീനുകൾ പക്ഷികളുടെ കൊക്കിലിരുന്ന് പിടയ്ക്കുന്നതും കൗതുകത്തോടെ നോക്കിനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു 'ഫ്രഷ് ടു ഹോം' സാരഥി  മാത്യു ജോസഫിന് . കൈതപ്പുഴ കായലിലെ.... കാറ്റിന്റെ കൈകളിലെ.... എന്ന്  പാടി മൽസ്യ തൊഴിലാളികൾ ചീനവല വലിച്ച് കരക്കിടുമ്പോൾ പിടയ്ക്കുന്ന മൽസ്യങ്ങൾ കാണാനും തൊടാനും മാത്യു  കായലോരത്ത് സ്ഥിരം സന്ദർശകനായി. മീനുകളോട് കിന്നാരം പറഞ്ഞ്,  ഓളങ്ങൾക്കൊപ്പം  തുള്ളിക്കളിച്ച് നടന്ന  മാത്യു ജോസഫ്, വളർന്നപ്പോൾ  തനിക്ക് പ്രിയപ്പെട്ട ഈ മീനുകളെയും ജീവിതത്തോട് തന്നെ ചേർത്തുവച്ചു..
പിടയ്ക്കുന്ന മീനുകളെ, ഫ്രഷ്നസ് ചോരാതെ തന്നെ  വിദേശത്തേക്കടക്കം കയറ്റി അയച്ച മാത്യു ജോസഫിന്റെ പേര് ഇന്ന്   മൽസ്യ വ്യാപാരത്തെ  ഓൺലൈൻ ബിസിനസിലേക്ക്   ചേർത്തുവച്ച വ്യക്തി എന്ന നിലയിൽ  വൻകിട സംരംഭകർക്കൊപ്പം  എഴുതപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാദ്യമായി മീൻ ബിസിനസിനെ   ഓൺലൈനിലെത്തിച്ചത് മാത്യു ജോസഫാണ് .
 
1500 ഓളം മൽസ്യ തൊഴിലാളികളിൽ നിന്ന്  പച്ച മീൻ നേരിട്ടെടുത്ത്  കെമിക്കൽസും പ്രി സെർവേറ്റീവ്സുമില്ലാതെ  ഹൈജിനിക് ആയി പാക്ക് ചെയ്ത്   ഫ്രഷ് മീനും ഒപ്പം ചിക്കനും മട്ടനും അടക്കമുള്ള ഐറ്റംസും  'ഫ്രഷ് ടു ഹോം' വില്പനക്കെത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ ദുബൈയിലും ഫ്രഷ് ടു  ഹോം പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നു  . താനും പാർട്ണർ ഷാൻ കടവിലും ഉൾപ്പെട്ട ഏഴംഗ ടീമിന്റെ,  ടീം വർക്കിന്റെ വിജയ കഥയാണിതെന്ന് മാത്യു ജോസഫ് പറയുന്നു.  ഇന്ത്യയിലെ ഒരു സ്റ്റാർട്ട് അപ്പ് ഒരു റൗണ്ടിൽ സ്വന്തമാക്കുന്ന ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്  ആയ  860 കോടിയോളം രൂപ നേടിയ  ഈ സ്റ്റാർട്ട് അപ്പ് കേരളത്തിലെയും രാജ്യത്തെയും സ്റ്റാർട്ട് അപ്പുകൾക്ക് പ്രചോദനമാണിന്ന്.
 
 
'വലതുവശത്തേക്ക് വലയെറിഞ്ഞ്' വല നിറയെ
 മീൻ വാരുന്ന മാത്യു ജോസഫ്   
 
എന്ത് ബിസിനസ് ചെയ്യുന്നുവെന്നതിലുപരി എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് പറയുന്നു , ക്വാളിറ്റിയിലും എത്തിക്സിലും തെല്ലും  വിട്ടുവീഴ്ചക്ക് തയ്യാറില്ലാത്ത  മാത്യൂ . ക്രിസ്തുവിന്റ വാക്കുകളെ ചേർത്തുവച്ച്  അദ്ദേഹം പറയുന്നതിങ്ങനെ , ''വലതുവശത്ത് വലയെറിയുക, വല നിറയെ മീൻ കിട്ടും''. അതായത് എത്തിക്‌സിനു വിലകൊടുത്ത് ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോയാൽ വല നിറയെ മീൻ കിട്ടും എന്ന് തന്നെ. ''സ്വന്തം ലാഭത്തിനുവേണ്ടി ഇടതുവശത്തേക്ക് വലയെറിയരുത് ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യരുത്, എത്തിക്സ് ഉണ്ടാവണം ബിസിനസിന്''. മാത്യു ജോസഫ് എന്ന മീനുകളുടെ ഇഷ്ടക്കാരന്റെ വാക്കുകൾ .
 
'പടലൊ'രുക്കി മീൻ പിടിച്ച ചെറുപ്പ കാലം 
 
ചേർത്തല പള്ളിപ്പുറത്ത് വേമ്പനാട്ട് കായലിന്റെ കൈവഴിയായ കൈതപ്പുഴയോരത്താണ്‌ ഇദ്ദേഹത്തിന്റെ വീട് . പിടക്കുന്ന മീനുകളും നിഷ്കളങ്കരായ കടലിന്റെ മക്കളും മാത്യുവിന്റെ മനസിലേക്ക് ചെറുപ്പത്തിലേ കയറിക്കൂടിയിരുന്നു .  ഓല മെടഞ്ഞൊരുക്കുന്ന കൂടായ 'പടൽ ' വെള്ളത്തിലേക്ക് ഒഴുക്കിവിട്ട്   മീൻ പിടിച്ചിരുന്ന കാലത്തെയൊക്കെ ഇന്നും നെഞ്ചോട് ചേർത്തുവച്ചിട്ടുണ്ട്  മാത്യു ജോസഫ് . കൂടിനുള്ളിൽ കശുമാവിൻ ഇലകൾ നിറച്ചിട്ട്  വെള്ളത്തിൽ താഴ്ന്നു കിടക്കാൻ  കൂടിനു മേലേക്ക് കരിങ്കൽ ചീളുകൾ  വെക്കും. കൂടിന്നറ്റത്തൊരു കയറും കെട്ടിയിരിക്കും. ഒഴുക്കി വിടുന്ന കൂടുകളിലേക്ക് മീനുകൾ ഒഴുകിയെത്തിക്കഴിഞ്ഞാൽ 'പടൽ' വലിച്ചു കരക്ക്‌ കയറ്റും.
 
ഒരു സാധാരണ കുടുംബത്തിലെ  മൂത്ത മകനായ മാത്യു  പ്രീഡിഗ്രി കഴിഞ്ഞതേ സീ ഫുഡ് എക്‌സ്പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി. ഇളയ രണ്ട് അനുജന്മാരും സഹോദരിയുമുണ്ട് മാത്യുവിന്.  വൈകുന്നേരം അഞ്ചുമണിക്ക് ജോലി കഴിഞ്ഞാലും പ്രോസസിംഗ് ഹാളിൽ കയറി മീനുകളെ കണ്ട് നടക്കും പാതിരാത്രിയോളവും . കമ്പനിക്കടുത്ത് തന്നെയായിരുന്നു താമസം  എന്നതുകൊണ്ട് സമയവും ഉണ്ടായിരുന്നു.  മീനുകളോട് തനിക്കുള്ള പ്രത്യേക ഇഷ്ടം മനസിലാക്കിയ  എം ഡി യുടെ പ്രത്യേക താല്പര്യപ്രകാരം അസിസ്റ്റന്റ് മാനേജർ പർച്ചേസ് ആയി വൈകാതെ  സ്ഥാനക്കയറ്റം . അങ്ങനെ രാജ്യത്തെ കടല്പുറങ്ങളൊന്നൊന്നായി കയറിയിറങ്ങി നടന്നു.
 
 
ബിസിനസ് ഭ്രാന്തുമായി അംബാനിയുടെ വീട്ടിൽ 
 
സംരംഭകത്വം ഒരു പാഷനായി നെഞ്ചേറ്റിയിരുന്നു കൊച്ചുനാൾ മുതൽ തന്നെ. അക്കൗണ്ടന്റ് ആയും പർച്ചെസിങ് സെക്ഷനിലുമൊക്കെ ജോലി ചെയ്തപ്പോഴും ഈ മോഹം ഉള്ളിൽ തിരതല്ലുന്നുണ്ടായിരുന്നു . കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെയും വി ഗാർഡ് ,  ഈസ്‌റ്റേൺ  ഗ്രൂപ്പ് സാരഥികളെയുമൊക്കെ   ഹൃദയത്തിൽ കൊണ്ട് നടക്കുന്ന തനിക്ക്   അംബാനി  ഇന്നും ഭ്രാന്തമായ  ആവേശമാണെന്ന്  അദ്ദേഹം പറയുന്നു. 23 വയസിൽ ധിരുഭായ് അംബാനിയെ കാണാൻ ഗുജറാത്തിലേക്ക് പോയതും ഈ അഭിനിവേശം  ഒന്നുകൊണ്ട് മാത്രമാണ്.  വീട്ടിലും കമ്പനിയിലുമൊക്കെ നുണപറഞ്ഞ് ഒരുവിധേന അംബാനിയുടെ വീട്ടിൽ  ചെന്നുപറ്റിയപ്പോഴാണറിയുന്നത് അംബാനിയും കുടുംബവും മുംബൈക്ക് പോയെന്ന് . അദ്ദേഹത്തിന്റെ നാട് കാണാൻ പറ്റിയല്ലോ എന്ന ആശ്വാസത്തിലാണ്  തിരിച്ചുപോന്നത് . 
 
ജോലി കളഞ്ഞ് സംരംഭകത്വത്തിലേക്ക് 
 
  ജോലിയിൽ  മികച്ച രീതിയിൽ പെർഫോം ചെയ്തുകൊണ്ടിരുന്നുവെങ്കിലും മനസ് അവിടെയെങ്ങുമായിരുന്നില്ല . എന്തെങ്കിലും തുടങ്ങിയെ പറ്റൂ എന്ന അഭിവാഞ്ച കലശലായതേ 11  വർഷത്തിനൊടുവിൽ, ഓപ്പറേഷൻസ് മാനേജർ പദവിയിലിരിക്കെ ജോലി രാജിവച്ചു .മുപ്പതാം വയസിൽ, അതും വിവാഹം കഴിഞ്ഞ സമയത്ത് നല്ല ശമ്പളമുള്ള ജോലിവിട്ട് ബിസിനസിനിറങ്ങിയതുകണ്ട് പലരും പഴിച്ചു, പക്ഷെ ഭാര്യ ഒപ്പം നിന്നു .
 
കടത്തിണ്ണയിൽ കൊതുകുകടി കൊണ്ട് രാവ് വെളുപ്പിച്ച നാളുകൾ 
 
സീ ഫുഡ്  എക്സ് പോർട്ടിങ് കമ്പനികൾക്ക് ചരക്ക് എത്തിച്ചുകൊണ്ടായിരുന്നു ബിസിനസ് വഴികളിലെ തുടക്കം .  കേരളത്തിന് പുറത്തുനിന്ന് വരുന്ന മീൻ ലോഡുകൾ വില പറഞ്ഞുറപ്പിച്ച് കമ്പനികളിലെത്തിക്കുക ശ്രമകരമായ പണിയായിരുന്നു . പുലർച്ചെ 3  മണിക്കാണ് ലോറികളിൽ മീനെത്തുക. ആ സമയത്തവിടെ ഉണ്ടാകണം .ഇല്ലെങ്കിൽ മീൻ കിട്ടില്ല .അരൂരിലെ സഹകരണ ബാങ്കിന്റെ തിണ്ണയിൽ രാത്രി തന്നെ വന്നു കിടക്കും.  തെരുവ് നായ്ക്കളും മദ്യപരും കൊതുകുകളും ഉറക്കം കെടുത്തുന്ന ആ രാവുകളിലും മോഹിച്ചത് സംരംഭനാകുക എന്നത് മാത്രമായിരുന്നു. അങ്ങനെ ഏതാനും മാസങ്ങൾ പിന്നിട്ടതേ ഒരു ഓഫീസെടുത്തു . രണ്ട് ജോലിക്കാരെ വച്ചു , ലോറി വാങ്ങി . പിന്നീടാണ്  സ്വന്തമായി  എക്സ്പോർട് തുടങ്ങാൻ തീരുമാനിച്ചത്  .
അതിനിടെ കേട്ടു ദുബൈയിൽ പച്ച മീനിന് നല്ല മാർക്കറ്റ് ആണെന്ന് . കടം മേടിച്ച പണവുമായി ദുബൈയിലെത്തി അവിടുത്തെ ബിസിനസ് സാദ്ധ്യതകൾ കണ്ടറിഞ്ഞു.  ദുബൈയിൽ 60 രാജ്യങ്ങളിൽ നിന്നും പച്ച മീൻ വരുന്നുണ്ട്. പക്ഷെ  ഇന്ത്യയിൽ ബോംബെയിലും മദ്രാസിലും നിന്ന് വല്ലപ്പോഴുമാണ്  മീൻ എത്തുന്നത്.  ദുബൈയിൽ  നിന്ന് പാക്കിങ്ങൊക്കെ  മനസിലാക്കി  വന്ന്  എക്സ്പോർട് തുടങ്ങി .നാളുകൾ കൊണ്ട് ദുബൈയിലും  സിംഗപ്പൂരിലും സൗദിയിലും  തായ്‌പേയിലും ഓസ്‌ട്രേലിയയിലുമായി ബിസിനസ് വളർന്നു വരുമ്പോഴാണ്  ആഗോളമാന്ദ്യത്തിന്റെ വരവ് . ആഗോള മാർകറ്റും ബാങ്കുകളുമെല്ലാം   തളർന്നപ്പോഴും ഒരിഞ്ചുപോലും തളരാതെ ഇന്ത്യൻ ഇക്കണോമി പിടിച്ചുനിന്നു.  പക്ഷെ എക്സ്പോർട്ടിങ് ബിസിനെസ്സിൽ  കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല . വില പറഞ്ഞുറപ്പിച്ച് കയറ്റി അയക്കുന്ന  മീനുകൾക്ക് മണിക്കൂറുകൾക്കുള്ളിൽ  വില കുറയുന്ന സാഹചര്യം ആവർത്തിച്ചുകൊണ്ടിരുന്നത് സാമ്പത്തികമായി വൻ നഷ്ടത്തിനിടയാക്കി. മീൻ തന്നിരുന്ന കച്ചവടക്കാർക്ക് പണം മുഴുവനും കൊടുക്കേണ്ടിയും  വന്നു.  ഇങ്ങനെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ സ്ഥലവും ലോറികളുമൊക്കെ വിൽക്കേണ്ടിവന്നു. 
 
 
 
ജീവിതം മാറ്റിമറിച്ച, ഭാര്യയുടെ ചോദ്യം 
 
2010 കാലമായിരുന്നു അത് . ബിസിനസിൽ പ്രതിസന്ധികളുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് മനസിലായി . പതിവുപോലെ അത്താഴത്തിനിടെ വീട്ടുകാരുമായി സംസാരിച്ചിരിക്കെ കുടുംബത്തെ  വിവരങ്ങൾ ധരിപ്പിച്ചു.  ഭാര്യ ലില്ലമ്മയാണ്  ''എന്തുകൊണ്ട് വിലകുറഞ്ഞ വിദേശമാർക്കറ്റിലേക്ക് നഷ്ടം സഹിച്ച് കയറ്റി അയക്കണം, ഇവിടെ വില കൂടിയ ഇന്ത്യൻ മാർക്കറ്റിൽ തന്നെ വിറ്റുകൂടേ'' എന്ന   ചോദ്യം മുന്നോട്ട് വച്ചത് . ആ  ചോദ്യം  വഴിത്തിരിവായി .
 
ഫ്രഷ് മീൻ ഇവിടെ  നിന്ന് വാങ്ങി ഇന്ത്യൻ മാർക്കറ്റിൽ തന്നെ  വിൽക്കുന്നതിലായി പിന്നെ ശ്രദ്ധ. ഓൺലൈൻ ആയി വിൽക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ഇന്ത്യൻ മാർക്കറ്റിനെകുറിച്ചു പഠിച്ചു . അന്നത്തെ ഇന്ത്യയിലെ ലോക്കൽ മീനിന്റെ മാർക്കറ്റ് 50 ബില്യൺ ഡോളറിന്റേതാണെന്ന് അന്നാണ് മനസിലായത് . വൈകാതെ സഹോദരന്മാരുടെ ഭാര്യമാരുടെ കൂടി സഹകരണത്തോടെ ഡൽഹിയിലും കൊച്ചിയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകൾ തുടങ്ങാൻ തീരുമാനിച്ചു , പിന്നീട് ഓൺലൈൻ ബി സിനെസ്സിലേക്ക് ശ്രദ്ധ തിരിഞ്ഞു . 'കരോണ്ടുകടവിൽ  വെഞ്ച്വേഴ്സ്  പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനിയുണ്ടാക്കി  ആദ്യത്തെ ഓൺലൈൻ സീഫുഡ് മാർക്കറ്റിന് തുടക്കമിട്ടു .
ഡൽഹി, ബാംഗ്ലൂർ ലോക്കൽ മാർകറ്റുകളിലെ മീനെടുത്ത് പല ലാബുകളിൽ ടെസ്റ്റ് ചെയ്യാൻ കൊടുത്തപ്പോൾ   കേരളത്തിലെ മീനിൽ പോലും 65 ശതമാനം അമോണിയ കണ്ടു . ബാംഗ്‌ളൂരും ഡൽഹിയിലും അമോണിയക്കുപുറമെ 13 ഉം  15  ഉം ശതമാനം വരെ  ഫോർമാലിനും മീനുകളിൽ അടങ്ങിയിരിക്കുന്നത് കണ്ട് ഞെട്ടി ,  അന്ന്  തീരുമാനിച്ചു , ഈ ബിസിനസിൽ എത്തിക്സ് ഇല്ലാതൊരു  കളിയില്ലെന്ന്.  മൽസ്യ തൊഴിലാളികളിൽ നിന്ന്  പച്ച മീൻ നേരിട്ടെടുത്ത് കെമിക്കൽസും പ്രിസർവേറ്റീവ്സുമില്ലാതെ  ഹൈജിനിക് ആയി പാക്ക് ചെയ്ത്   ഫ്രഷ് മീൻ തന്നെയാണ്  ഇന്നും 'ഫ്രഷ് ടു  ഹോം' വില്പനക്കെത്തിക്കുന്നത് . അതുതന്നെയാണ്  ഇന്നും കമ്പനിയെ നമ്പർ 1 ആയി നിർത്തുന്നതും .   
 
 ഓൺലൈൻ വ്യാപാരത്തിനായി കടമ്പകളേറെയുണ്ടായിരുന്നു .കോൺടാക്ട് ചെയ്ത  സോഫ്റ്റ്‌വെയർ കമ്പനികളൊന്നും ഓൺലൈൻ മീൻ ബിസിനെസിനെക്കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു. ഒടുവിൽ അനുജന്റെ സുഹൃത്ത് നടത്തുന്ന കൊച്ചിയിലുള്ള സോഫ്റ്റ്‌വെയർ കമ്പനിയാണ്  സൈറ്റ് ചെയ്തുതന്നത് . പനങ്ങാട് ഫിഷറീസ് കോളേജിലെ, സുഹൃത്തായ പ്രൊഫ. ഡോ .ദിനേശുമായി ബന്ധപ്പെട്ട്  കോളേജിൽ നിന്ന് 3 കുട്ടികളെ കാംപസ് ഇന്റർവ്യൂ വഴി തിരഞ്ഞെടുത്ത് മീനുകളെകുറിച്ച വിവരങ്ങൾ കംപ്യൂട്ടറിലാക്കിയെടുത്തു. 6 മാസത്തോളം വേണ്ടിവന്നു ഇതിന് .  2012 ലാണ്, രണ്ട് മാസം ട്രയലും കഴിഞ്ഞ് www.sea to home.com എന്ന  സൈറ്റ് പ്രവർത്തനക്ഷമമായത് .
ഡൽഹി, തിരുവനന്തപുരം , ബാംഗ്ലൂർ, കൊച്ചി  എന്നിവിടങ്ങളിലേക്കായിരുന്നു വിപണനം.
 
മീൻ ലേലത്തിനും 'ആപ്പ്' 
 
 ലോകത്താദ്യമായി കടപ്പുറത്തെ അൻ ഓർഗനൈസ്ഡ് സെക്ടർ ആയ മീൻ ലേലത്തിനെ ഓർഗനൈസ്ഡ് ആക്കി  'ആപ്പി'ലാക്കിയതിന്റെ ക്രെഡിറ്റും 'ഫ്രഷ് ടു ഹോമി'നാണ് .  ബിസിനസ് വളർന്ന് നിരവധി കടപ്പുറങ്ങളിലെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നതോടെ  'ആപ്പു'ണ്ടാക്കുകയായിരുന്നു . കടപ്പുറത്തെ ആളുകളെ ടെക്നോളജിയിലേക്ക് കൊണ്ടുവരിക പ്രയാസമായിരുന്നു . അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടിങ്ങിന്  ഈ ആപ്പും സഹായിച്ചു . 1500 ലേറെ മൽസ്യ തൊഴിലാളികൾ ഇന്ന് 'ആപ്' കൈകാര്യം ചെയ്യുന്നുണ്ട് . യു എസ് ഗവണ്മെന്റിൽ നിന്ന് ഈ 'ആപ്പി'ന് പേറ്റന്റ് ലഭിച്ചിട്ടുണ്ട് .
 
 Forbes ടീമിന്റെ സന്ദർശനം 
 
ഓൺലൈൻ ബിസിനസ് നാല്   മാസം കഴിഞ്ഞപ്പോഴേക്കും ലോകപ്രശസ്തമായ  Forbes മാഗസിന്റെ ഡൽഹി ടീം കാണാൻ വന്നു . അവർ 3 ദിവസം ഇവിടെ  സ്റ്റേ ചെയ്തു, കടപ്പുറങ്ങളിൽ ഒപ്പം വന്നു . ഇന്ത്യയിലാദ്യമായി പച്ച മീനിനെ ബ്രാൻഡ് ചെയ്ത്  ഓൺലൈനിൽ എത്തിച്ച sea to homeന് അംഗീകാരം എന്ന നിലയിലായിരുന്നു   Forbes ടീമിന്റെ വരവ്  . തങ്ങളാണ് ലോകത്താദ്യമായി പച്ച മീനിനെ ഓൺലൈനിൽ എത്തിച്ചതെന്ന് Forbes ടീമിൽ നിന്നാണറിഞ്ഞത് .  ഫോർബ്സിൽ ആർട്ടിക്കിൾ വന്ന ശേഷം   ഇന്ത്യയിലെ പത്രങ്ങളൊക്കെയും ലേഖനങ്ങളും ഇന്റർവ്യൂകളും പ്രസിദ്ധീകരിച്ചു. മലയാള മനോരമ തിരുവനന്തപുരം മെട്രോ പേജിൽ  ഫീച്ചർ വന്നു. ഇതോടെ ആയിരത്തിലേറെ പേർ sea to home   സൈറ്റിൽ കയറി. സെർവറിന് ഇത് താങ്ങാനായില്ല.  സൈറ്റ് ക്രാഷ്   ആയി.  സോഫ്റ്റ് വെയർ കമ്പനി പലവട്ടം വീണ്ടും ശ്രമിച്ചെങ്കിലും സൈറ്റ് ശരിയാകുന്നില്ല. മീൻ കിട്ടാതെ നാടെങ്ങു  നിന്നും പരാതികളുടെ പ്രളയമായി. ഒടുവിൽ സൈറ്റ് അടച്ചുപൂട്ടേണ്ടിവന്നു .
 
ഷാൻ കടവിൽ  
 
സ്വപ്നം തകർന്ന നാളുകളിൽ  ടെക്നിക്കൽ രംഗത്തെ ഉസ്താദ് ഷാൻ കടവിലിനെ കണ്ടുമുട്ടിയപ്പോൾ  
 
സീ ടു ഹോം സൈറ്റ് തകർന്ന് ബിസിനസും സ്വപ്നങ്ങളും തകർന്ന ദുഃഖത്തിൽ നിരാശനായി തളർന്നിരിക്കെയാണ്   ബാംഗ്ലൂരിൽ നിന്ന്  'സീടുഹോം'ന്റെ സ്ഥിരം കസ്റ്റമർ ആയിരുന്ന ഷാൻ കടവിൽ മീൻ തിരക്കി (ഇപ്പോഴത്തെ പാർട്ണർ)വിളിക്കുന്നത് . അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞത് വഴിത്തിരിവായി. ലോകത്തെ ഏറ്റവും വലിയ ഗെയിം കമ്പനികളിലൊന്നായ   zinga.comന്റെ  ഇന്ത്യയിലെ സി ഇ ഓ ആയിരുന്നു ഷാൻ .അമേരിക്കയിലടക്കം പ്രവർത്തിച്ച പരിചയമുള്ള, ടെക്നോളജിയുടെ ഉസ്താദായ ഷാനിന്റെ സഹായത്തോടെ സൈറ്റ്  പൂർവാധികം ശക്തിയോടെ 'ഫ്രഷ് ടുഹോം.കോം' എന്ന പേരിൽ തിരിച്ചെത്തി .ഷാൻ സിഇഒ യും മാത്യു ജോസഫ്  ചീഫ് ഓപ്പറേറ്റിങ്   ഓഫീസറും ആയി  പങ്കാളികളായ ഏഴംഗ ടീമിന്റെ കൂടി   സഹകരണത്തോടെ   2015 ലാണ്   'ഫ്രഷ് ടുഹോം.കോം'ന് തുടക്കമായത്  . മീനിന് പുറമെ  ചിക്കനും മട്ടനും  മറ്റ് ഉത്പന്നങ്ങളും ഓൺലൈനിൽ  വില്പനക്കെത്തിക്കുന്ന   'ഫ്രഷ് ടുഹോം'ന്  ഇന്ത്യയിൽ ഇന്ന് 8 ഫാക്ടറികളുണ്ട് , യു എ ഇ യിൽ ഒന്നും  .
മട്ടനും മീറ്റും ചിക്കെനും കബാബും മാരിനേറ്റഡ് പ്രൊഡക്ടുകളും ഉൾപ്പെടെ രണ്ടായിരത്തിലധികം പ്രൊഡക്ടുകളുണ്ട്  'ഫ്രഷ് ടുഹോം'ന് . 'എഫ് ടി എച് ഡെയിലി' എന്ന  പ്ലാറ്റ് ഫോം  വഴി പാൽ ,പച്ചക്കറി ,ഫ്രുട്സ് ഒക്കെ വിതരണം ചെയ്യുന്നു . ബാംഗ്ലൂർ, ഹൈദരബാദ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ വിതരണമുണ്ട്, കേരളത്തിൽ ഇല്ല. രണ്ടു പ്ലാറ്റ് ഫോമിലും കൂടി നേരിട്ടും അല്ലാതെയുമായി ദുബൈയിലടക്കം 17 000 പേർ  ജോലി ചെയ്യുന്നു. അടുത്തതായി സൗദിയിൽ 'ഫ്രഷ് ടുഹോം' തുടങ്ങാനുള്ള ഒരുക്കങ്ങളിലാണ് ടീം .  
 
650 കോടിയാണ് കമ്പനിയുടെ നിലവിലെ  ടേൺ ഓവർ . 1500  കോടിയാണ്  കമ്പനി ഈ വർഷം    ലക്ഷ്യമിടുന്ന ടാർജറ്റ് .
 
കൊച്ചുകേരളത്തിലെ  മീൻ കച്ചവടത്തിലേക്ക്  കോടികൾ  
 
മാത്യുവിന്റെ വാക്കുകളിൽ പറഞ്ഞാൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തതായിരുന്നു അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടിങ്ങ്.  മലയാളികളുടെ ഈ  ചെറിയ   മീൻ കച്ചവടത്തിലേക്ക്  കോടികൾ  വന്നു എന്നതിനപ്പുറം   നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബിസിനസുകളെയും അവയുടെ വളർച്ചയും   അമേരിക്കയടക്കമുള്ള വലിയ സാമ്പത്തിക ശക്തികൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു, ലോകം  നമ്മെ   പഠിക്കുന്നുണ്ട്‌  എന്നത് പുതുസംരംഭകർ മനസ്സിൽ വെക്കേണ്ട കാര്യമാണെന്ന്  അദ്ദേഹം ഓർമിപ്പിക്കുന്നു . സംരംഭക വഴിയിൽ തിളങ്ങുന്ന മലയാളികളെ തേടി  ലോകത്തെ വലിയ രാജ്യങ്ങളും സ്ഥാപനങ്ങളും പണവുമായി ഈ കൊച്ചുകേരളത്തിലേക്കും എത്തും എന്നത്  ഫ്രഷ് ടു ഹോം നമുക്ക് കാണിച്ചു തന്നു .
 
  ഗൂഗിൾ ഏഷ്യയുടെ ഇന്ത്യയിലെ  സി ഇ ഓ  രാജൻ ആനന്ദൻ ആണ് ആദ്യമെത്തിയത് . ഗൂഗിൾ വേൾഡ് സി ഇ ഓ,  zynga.com സി ഇ ഓ Mark  Pincus, ദുബായ് Al Ghurair  ഗ്രൂപ്പിന്റെ സിഇഒ അബ്ദുൽ അസീസ്, മൈക്രോസോഫ്ട് സിഇഒ, ഫേസ്ബുക് സിഎഫ് ഒ, Fortress ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ കോ ചെയർമാൻ  പീറ്റ് ബ്രിഗേർ, ദാസ് ക്യാപിറ്റൽ, എനി പേ-എം ഡി ഷിൻജി കിമുറ, ക്രെസെന്റ് ക്യാപിറ്റൽ, Kortschak Investments , Al Nassar തുടങ്ങിയ സ്ഥാപനങ്ങളൊക്കെ  കമ്പനിയിൽ  angel ഫണ്ടിംഗ് നടത്തി പിന്നെ A  സീരിസ് ഫണ്ടിങ്ങും B  സീരീസ്  ഫണ്ടിങ്ങുമൊക്കെ വന്നു . ഇപ്പോൾ 3 ലെവൽ ഫണ്ടിംഗ് കഴിഞ്ഞു .4000 കോടിയുടെ വാല്യൂവേഷൻ ആണ് കമ്പനിക്ക് നിശ്ചയിച്ചിരിക്കുന്നത് .  മൂന്നാമത്തെ ഫണ്ടിങ് 850 കോടിയുടേതായിരുന്നു .   അമേരിക്കൻ  ഡവലപ്മെന്റ്റ് ഫിനാൻസ് കോർപറേഷൻ എന്ന യു എസ്  ഗവൺന്മെന്റിന്റെ അധീനതയിലുള്ള  കമ്പനി  ഇന്ത്യയിൽ ആദ്യമായി  ഓഹരിയെടുത്തു  നിക്ഷേപം നടത്തുന്നത്  ഫ്രഷ് ടു  ഹോമിലാണ്. അങ്ങനെയാണ് 850 കോടി മൂന്നാം റൗണ്ടിൽ ലഭിച്ചത് .
അമേരിക്കൻ വെഞ്ച്വർ  ക്യാപിറ്റലിസ്റ്റ്  മേരി മീക്കർ   ഇതിനിടെ ഒരു ലേഖനത്തിൽ ഫ്ലിപ്കാർട്, ബിഗ് ബാസ്കറ്റ്  തുടങ്ങിയവയ്‌ക്കൊപ്പം 'ഫ്രഷ് ടു  ഹോം'നെയും പരാമർശിച്ചത് പരക്കെ ശ്രദ്ധിക്കപ്പെട്ടു  
 
താങ്ങായി കുടുംബം 
 
 ബിസിനസ് വഴികളിലൊക്കെയും താങ്ങും തണലുമായി കുടുംബം ഒപ്പം നിന്നു . ലില്ലമ്മ മാത്യുവാണ് ഭാര്യ. മകൾ അന്ന  കെ മാത്യു കെ പി എം ജി യിൽ ജോലി ചെയ്യുന്നു . അന്നയുടെ ഭർത്താവ് വിവേക് അഗസ്റ്റിനും  കെ പി എം ജി യിലാണ് . മകൻ  അജയ് കെ മാത്യു ബികോം മൂന്നാം വർഷം പഠിക്കുന്നു. പിതാവ് കെ എം ജോസഫും  മാതാവ്  അന്നമ്മ ജോസഫും മാത്യുവിന്റെ മറ്റ് സഹോദരങ്ങളുമെല്ലാം   ബിസിനസ്  വളർച്ചയിൽ മാർഗ്ഗദീപമായി ഒപ്പമുണ്ട്. അമ്മച്ചിയാണ് മീനിലേക്ക് തന്റെ ഇഷ്ടം വളരുന്നതിന് പ്രേരകമായതെന്നു ഇദ്ദേഹം പറയുന്നു.   
 
ടീം വർക്കിന്റെ വിജയം 
 
താനും ഷാൻ കടവിലുമടങ്ങുന്ന ഏഴംഗ ടീമിന്റെ  കൂട്ടായ്മയുടെ  വിജയമാണ് 'ഫ്രഷ്ടുഹോമിൻറെ'തെന്ന് ആവർത്തിക്കുന്ന മാത്യു ജോസഫ് തന്റെ ജോലിക്കാരുടെയും കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെയും ആൽമാർത്ഥമായ പ്രവർത്തനങ്ങളെയും സേവനങ്ങളെയും നിറഞ്ഞ മനസോടെ വിലമതിക്കുന്നു. ആ മനസ് തന്നെയാണ് 'ഫ്രഷ് ടു ഹോമി'ന്റെ വിജയവും.
 
ബിസിനസിന്റെ ആഗോളഭൂമികയിൽ 'ഫ്രഷ് ടു ഹോ'മും അതിന്റെ സാരഥി മാത്യു ജോസഫും അതിവേഗം   പുതു ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസകൾ . 
 
EMAIL; 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക