Image

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 2 )

Published on 25 June, 2021
ആമോദിനി എന്ന ഞാൻ  - പുഷ്പമ്മ ചാണ്ടി (നോവൽ - 2 )
വീട്ടുപകരണങ്ങളും  മറ്റു സാധനങ്ങളും  ചെന്നൈയിൽ എത്തിക്കാൻ ബാങ്ക്തന്നെ ഏർപ്പാടാക്കി .
രാവിലെ വളരെ നേരത്തെ ആയിരുന്നു  ഫ്ലൈറ്റ് . അതുകൊണ്ടു തന്നെ മാധവിനോടു വരേണ്ട എന്ന് പറഞ്ഞു . 
ചെന്നൈയ്ക്കുള്ള ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ മൗസുമിയുടെ  മുഖം വാടിയിരുന്നു  ആമോദിനി അവളെ ചേർത്തുപിടിച്ചു . എന്നിട്ടു പറഞ്ഞു 
" ഉറപ്പായിട്ടും നിനക്ക് , അവിടം ഇഷ്ടമാകും . ചെന്നൈയും ഒരു  മെട്രോ സിറ്റിയാണ് . മുംബൈ കമ്പയർ ചെയ്യുമ്പോൾ തിരക്ക് കുറവാണ് . പക്ഷെ എല്ലാ സൗകര്യങ്ങളും ഉണ്ട് .ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരമാണ്. ഇറ്റ്സ് എ സേഫ് സിറ്റി .
പിന്നെ നിനക്ക് പാട്ടു പഠിക്കാം ,കൾച്ചറൽ ആക്ടിവിറ്റീസ് നിറയെ ഉണ്ട്"
'അമ്മ പറഞ്ഞത് അവൾ അത്രയ്ക്കങ്ങ് ഉൾക്കൊണ്ടില്ല . കൂട്ടുകാരെ വിട്ടു  മറ്റൊരു പുതിയ സ്ഥലം . എല്ലാം വേറെ .
ആമോദിനിക്ക് മൗസുമിയുടെ  ആശങ്ക മനസ്സിലായി . കാരണം താനും തന്റെ  ജീവിതത്തിൽ ഒരുപാട് അനുരഞ്ജനങ്ങൾ ചെയ്തിട്ടുണ്ട് . നല്ല മാർക്കോടെ എം .കോം സ്റ്റെല്ല മാരിസ് കോളേജിൽ നിന്നും പാസ്സായി.
മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിയന്നയിൽ   യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (യുണിഡോ ) ട്രെയിനി ആയി കിട്ടിയാണ് . അതെ സമയം തന്നെ  , ചേട്ടന് അമേരിക്കയിൽ ഒരു അസൈൻമെന്റ്. ചേട്ടന്റെ ഭാര്യ ഗർഭിണി . അമ്മയും അവരുടെ കൂടെ പോയി .
അച്ഛനെ തനിച്ചാക്കാൻ പറ്റില്ല  ,
അതുകൊണ്ട് എന്തൊക്കെയോ ഒഴുവു പറഞ്ഞു വിട്ടില്ല . അങ്ങനെ, വീടിനടുത്തുള്ള ഒരു ഓഡിറ്ററുടെ ഓഫീസിൽ ജോലിക്കു പോയിത്തുടങ്ങി . ആദ്യ ജോലി അതായിരുന്നു  . ഇന്നും ആ വിയന്ന സ്വപ്നത്തിന്റെ വിഷമം മാറിയിട്ടില്ല .ബാങ്കിന്റെ ജോലിയുമായി ബന്ധപ്പെട്ട് അവിടെ ഒരിക്കൽ പോയി . യുണിഡോയുടെ കൂറ്റൻ കെട്ടിടത്തിന് മുൻപിൽ നിന്നപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചില്ല . അങ്ങനെ എത്ര സമരസപ്പെടുത്തലുകൾ. 
പക്ഷെ ജീവിതം ഒരു പോരാട്ടമാണ് .തല ഉയർത്തിപ്പിടിച്ചു  നിൽക്കുന്നു ഇന്നും . ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ , നഷ്ടത്തിന്റെ കോളത്തിൽ കമ്മിയാണ്  രേഖപ്പെടുത്തിയിരിക്കുന്നത് .
എന്നാലും തോറ്റുകൊടുക്കില്ല . അതൊരു വാശിയാണ് ..
എന്തിനാ വെറുതെ പൊള്ളുന്ന ഓർമകളിലേക്ക് മനസ്സിനെ വലിച്ചിഴക്കുന്നത് .

ചെന്നൈയിൽ എത്തിയതും കൂട്ടിക്കൊണ്ടുപോകാൻ ഓഫീസിൽ നിന്ന് വണ്ടിയും ഡ്രൈവറും . 
ആമോദിനി രാഘവൻ , തന്റെ പേരിനോടൊപ്പം മാറാതെ അച്ഛന്റെ പേരും.
അതൊരു വികാരമാ ണ് .പീറ്റർ മർഫിയുടെ പാട്ടിന്റെ വരികൾ ഓർമ്മ വന്നു .
I am my own name
I am my own
I am my own name, my own name
My own name
My own name
I am 
പലപ്പോഴും മൂളാറുള്ള പ്രിയമുള്ള വരികൾ .

നേരെ ഹോട്ടലിലേക്കാണ് പോയത് . മൈലാപ്പൂരിൽ ആണ് ഹോട്ടൽ ബുക്ക് ചെയ്തത് . 
ഒരുപാട് ഗതകാലസുഖസ്മരണകൾ ഉണർത്തുന്ന മൈലാപ്പൂർ .
ഇവിടെ കുറെ വർഷം താമസിച്ചിട്ടുണ്ട് , മെറീന കടപ്പുറത്തെ സായംകാലം .
മരങ്ങൾ നിറഞ്ഞ പാതകൾ, കപലീശ്വര ക്ഷേത്രം .. ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണത്. തുളുവ രാജവംശം (ക്രി.വ. 1491–1570) ആണ് ആദ്യമാ ക്ഷേത്രം നിർമ്മിച്ചത്. ഇവിടുത്തെ പ്രധാന ദേവൻ ശിവനാണ്. അതിമനോഹരമായ ദ്രാവിഡ വാസ്തുവിദ്യ ഈ ക്ഷേത്രത്തിൽ കാണാം.
പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ, പൗരാണിക പിച്ചളവസ്തുക്കൾ എന്നിവ വിൽക്കുന്ന ചെന്നൈയിലെ പരമ്പരാഗത തെരുവ്. 
ചന്തകളാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്രം .
പിന്നെ സാൻതോം ബസിലിക്ക ... എന്തല്ലാം ഓർമ്മകൾ . 
കുളിച്ചു ഫ്രെഷ് ആയി . മൗസുമിയെ  കുറച്ചു സമയത്തേക്ക് , കൂട്ടുകാരി അപർണയുടെ വീട്ടിൽ ആക്കിയിട്ടു വേണം  ബാങ്കിൽ പോയി ജോയിൻ ചെയ്യാൻ .
അവൾ തനിയെ ഹോട്ടൽ മുറിയിൽ ഇരിക്കാം എന്ന് പറഞ്ഞെങ്കിലും എന്തോ അത് വേണ്ട എന്ന് തോന്നി .
കൗമാരപ്രായമായ ഒരു പെൺകുട്ടിയുടെ സുരക്ഷിതത്വം അമ്മ എന്ന നിലയിൽ തന്റെ ചുമതലയാണ്. എന്തെങ്കിലും സംഭവിച്ചിട്ടു പറഞ്ഞിട്ട് കാര്യം ഇല്ല . പരിചിതമല്ലാത്ത സ്ഥലം , പിന്നെ ഹോട്ടൽ മുറി എന്തിനാ വെറുതെ ?
പതിനൊന്നു മണിയോടെ ഓഫീസിൽ എത്തും എന്ന് വിളിച്ചു പറഞ്ഞു . 
ഓഫീസ്, ടി നഗറിൽ ഒരു പടുകൂറ്റൻ കെട്ടിട സമുച്ചയത്തിലാണ്  . കോർപ്പറേറ്റ് ലോകം . അതിലെ മൂന്ന് നിലകൾ തന്റെ ബാങ്ക് വാടകക്കെ ടുത്തിരിക്കുന്നു .എട്ടു  പത്തോഫീസുകൾ അതിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി ഒരു ഫുഡ് കോർട്ട് , ജിം  തുടങ്ങി നൂതനമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഒരു മായാലോകം .
ഓഫീസിന്റെ കവാടത്തിൽ  പുതിയ വൈസ് പ്രസിഡന്റിനെ സ്വാഗതം ചെയ്യാൻ എല്ലാവരും ഉണ്ടായിരുന്നു . പൂച്ചെണ്ടുകൾ കൈമാറി അവർ സ്വീകരിച്ചു . ആരവങ്ങൾക്കിടയിലേക്ക്  ചെന്നുപെട്ട പ്രതീതി .
ഈ നാല്പത്തിഅഞ്ചാം വയസ്സിൽ കിട്ടിയ അഭിനന്ദനങ്ങൾ സന്തോഷം തരുന്നു . ശ്രദ്ധിക്കപ്പെടുന്ന  ഉദ്യോഗം.
വർഷങ്ങൾ കാത്തിരുന്ന ദിവസം ...
ഏറ്റവും മനോഹാരിതയിൽ ലാളിത്യത്തോടെ വളരെ  മധുരമായ ഓർമ്മയാവണം ഇവിടുത്തെ നാളുകൾ. ഒപ്പം നില്ക്കുന്ന സുകൃതികൾ
... അവർക്കിടയിൽ സ്നേഹരാഗമാവണം, എന്നുമെന്നും ... അതായിരുന്നു മനസ്സിൽ നിറഞ്ഞ പ്രാർത്ഥന .
 ഒരു നിമിഷം ജന്മം തന്നവരെയും , ഗുരുക്കന്മാരെയും മനസ്സിൽ ഓർത്തു. വിശാലമായ മുറിയിലെ എക്സികൂട്ടിവ് കസേരയിൽ ആമോദിനി അമർന്നിരുന്നു . ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു ഓഫീസ് മുറി കിട്ടുന്നത് .
ഭിത്തിയിൽ തൂക്കിയ  ചിത്രങ്ങൾ . സന്ദർശകർക്ക് ഇരിക്കാൻ പ്രത്യേകം സജ്ജമാക്കിയ  കോർണർ . 
മേശയിൽ ഫ്രഷ് ഓർക്കിഡ് പൂക്കൾ .. ചെന്നൈയിൽ താൻ ചെറുപ്പത്തിൽ താമസിച്ചിരുന്ന വീടിന് ഈ വലിപ്പം കാണുമായിരിക്കും . തനിക്ക് മാത്രമായി ഇന്ന് അത്ര വലിയ ഒരു മുറി. പെട്ടെന്ന് മനസ്സിൽ വലിയ വികാരങ്ങൾ .. താൻ ഇതൊക്കെ അർഹിക്കുന്നുണ്ടോ ? എന്ത് വിലയാണ് ഇതിനു കൊടുത്തത് ?  അവഹേളിച്ച് ജീവിതത്തിൽ വന്നു  കടന്നുപോയവരെ  സ്ഥിരസ്മരണ ഉറങ്ങുന്ന നഗര ശ്മശാനങ്ങളിൽ  അടക്കിക്കളഞ്ഞാലും ചില ഇടവേളകളിൽ അവർ തിരികെ വരാറുണ്ട് .
ചില സന്തോഷങ്ങൾ  ആഗ്രഹിക്കുന്നതും  അനുഭവിക്കുന്നതും തെറ്റല്ല .
സകല ചരാചരങ്ങളും അതിന് അർഹതപ്പെട്ടവരാണ്, പിടിച്ചുവാങ്ങിയതല്ല , തൻ്റെ കഠിനപ്രയത്നത്തിനു കിട്ടിയ പാരിതോഷികമാണിതെല്ലാം . ഈ നിമിഷങ്ങൾ ആസ്വദിക്കാം .
ആമോദിനിക്ക് അസിസ്റ്റന്റ് ആയി വന്നത്  ആദിനാഥനാണ് . ഇരുനിറത്തിൽ, നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരൻ .
പ്രസന്ന മുഖം , കഷ്ടിച്ച് ഇരുപത്തഞ്ചു വയസ്സ് കാണും . 
അപർണയുടെ ഫോൺ വന്നു .
മൗസുമി  ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല .
ഒരേ കരച്ചിൽ .
ഹെഡ്ക്വാർട്ടേഴ്സിലേക്ക് , കുറച്ചു ദിവസത്തെ ജോയ്നിങ് അവധിക്കു മെയിൽ അയച്ചിട്ട് ആമോദിനി  അപർണയുടെ വീട്ടിലേക്കു പോയി . കരഞ്ഞുതുടങ്ങിയാൽ മൗസുവിനെ  സമാധാനിപ്പിക്കാൻ അത്ര എളുപ്പമല്ല.  അച്ഛനെയും  മുംബൈയിലെ കൂട്ടുകാരെയും അവൾ മിസ് ചെയ്യുന്നുണ്ടാവും ... പാവം...!
                      തുടരും..
ആമോദിനി എന്ന ഞാൻ  - പുഷ്പമ്മ ചാണ്ടി (നോവൽ - 2 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക