Image

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 5 )

Published on 16 July, 2021
ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 5 )
എത്ര പെട്ടെന്നാണ് രണ്ടാഴ്ച്ച കഴിഞ്ഞു പോയത് . മുംബൈയിൽ നിന്നും വന്ന സാധനങ്ങൾ യഥാസ്ഥാനത്തു വെച്ച് ആവശ്യം വന്ന വേറെ ചിലതൊക്കെ വാങ്ങി . അടുക്കളയിലേക്കു കുറച്ചു പാത്രങ്ങളും . ചെറുതാണെങ്കിലും ഭംഗിയുള്ള പുന്തോട്ടം കുറച്ചുകൂടി മോടി പിടിപ്പിച്ചു . ഒരു ചെറിയ ബേർഡ് ബാത്തും , തുളസിത്തറയും  തോട്ടത്തിന്റെ ഭംഗി കൂട്ടി. മൗസു  അവളുടെ ബാൽക്കണിയിലേക്ക് ഒരു ഊഞ്ഞാലും വാങ്ങിപ്പിച്ചു . ബാൽക്കണിയുടെ ഭിത്തിയിൽ  കുരുവികൾക്കു ചേക്കേറാൻ രണ്ടു മൺകുടവും  . വളരെ ഉൽസാഹത്തോടെ അവൾ കൂടെ നിന്നു.
തന്റെ മകൾ വലിയ കുട്ടിയായപോലെ തോന്നി. ഇതൊക്കെ നൈസർഗികമായി കിട്ടുന്ന ചില സിദ്ധികളാണ് . അൻപുവല്ലി
ചില ദിവസങ്ങളിൽ അവളുടെ മകളെയും കൂട്ടിവരും . പത്തുവയസ്സുകാരി ശിവമതി.
മൗസുവിനും  അവളോട് മിണ്ടാനും പറയാനും  സമയം ചിലവഴിക്കാനും ഇഷ്ടമാണ് .
അക്ക എന്ന് അവൾ വിളിക്കുമ്പോൾ തന്നെ നോക്കി പുഞ്ചിരിക്കും . കൂടപ്പിറപ്പുകൾ ഇല്ലാത്തവൾ അല്ലെ തന്റെ മൗസു . ഇതൊക്കെയും സന്തോഷം പകരുന്ന നിമിഷങ്ങളാണ് .
ഒരു ദിവസം വെളിയിൽ പോയപ്പോൾ  ശിവമതിക്ക് ഒരു നല്ല ഉടുപ്പ് വാങ്ങിക്കൊടുത്തു . അതൊന്നും വേണ്ടായിരുന്നു എന്ന് അൻപ് പറഞ്ഞെങ്കിലും ശിവമതിയുടെ കുഞ്ഞുകണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു .
അന്ന് ഞാൻ മൗസുവിനോട്  ചോദിച്ചു 
എന്താ പെട്ടെന്ന് ശിവമതിക്ക് ഉടുപ്പു വാങ്ങാൻ തോന്നിയത് ?
" അമ്മാ , അവൾ എന്നും പാവാടയും  ബ്ലൗസും അല്ലെ ഇടുന്നത്. എന്റെ  ഡ്രസ്സൊക്കെ  കാണുമ്പോൾ ഇഷ്ടത്തോടെ തൊട്ടു നോക്കും . അതുകൊണ്ടാണ്. എനിക്ക് അവളെ ഇഷ്ടമാണ് . സിബ്ളിങ്സ് ഇല്ലാത്തവർക്കേ അതിന്റെ വിഷമം അറിയൂ .
സത്യത്തിൽ ആമോദിനിക്ക് മകളോട് മതിപ്പു തോന്നി.
പെട്ടെന്ന്  ആമോദിനി ചേട്ടനെ ഓർത്തു . എത്ര നാളായി തന്നെ ഒന്നു വിളിച്ചിട്ട് .
അല്ല താനും വിളിക്കാറില്ല . വിശേഷ ദിവസങ്ങളിലും  ജന്മദിനത്തിലും മാത്രം ഒതുങ്ങുന്ന സഹോദരബന്ധം. ഈ വാട്സ്ആപ് വന്നതിൽ പിന്നെ വല്ലപ്പോഴും ഒരു വോയ്സ് മെസ്സേജ് . തീർന്നു , ബന്ധം ..
ആമോദിനി തിങ്കളാഴ്ച ഓഫീസിൽ ജോയിൻ ചെയ്തു .  ഔദ്യോഗികമായ പുതിയ തുടക്കം . മൗസുവിന് സ്കൂൾ തുറക്കാൻ ഇനിയും ഒരു മാസം ഉണ്ട് . രാവിലെ അൻപുവല്ലി വരാം എന്ന് പറഞ്ഞിട്ടുണ്ട്. താൻ ജോലി വിട്ടു വരുന്നത് വരെ അവൾ കാണും വീട്ടിൽ .
അതൊരു ആശ്വാസമായി.
ഓഫീസിലെ കാർ രാവിലെ തന്നെ വന്നു  ആമോദിനിയെ കൂട്ടിക്കൊണ്ടുപോകാൻ .
ആദ്യമായിട്ടാണ് ഓഫീസ് വാഹനം കിട്ടുന്നത് .
പടുവകളെല്ലാം , മെല്ലെ ആയിരുന്നു താൻ കടന്നത്. പക്ഷെ ഫലം ഉണ്ടായി . ആത്മദളങ്ങളിലാവാഹിക്കപ്പെട്ട്  അതിന്റെ ദിവ്യസുഗന്ധം ഇന്ന് തനിക്കു ചുറ്റും പടരുന്നു .
അതും ആസ്വദിക്കപ്പെടേണ്ടതാണ് .
ലിഫ്റ്റ് ഇറങ്ങിയതും ആദിനാഥൻ വന്നു .
താൻ താഴെ എത്തിയ വിവരം ഡൈവർ ഫോണിൽ വിളിച്ചു പറഞ്ഞു എന്ന് തോന്നി.
ഈ ഭവ്യതകൾ ഏറ്റു  വാങ്ങാൻ സാധിക്കുന്നില്ല . ബാങ്ക് ജീവിതം ആരംഭിക്കുന്നത് ടെല്ലർ കൗണ്ടറിൽ നിന്നായിരുന്നു . ഇന്ന് ആ ബാങ്കിന്റെ ചെന്നൈ ശാഖയുടെ വൈസ് പ്രസിഡന്റ് .
ഉച്ചവരെ സമയം പോയത് അറിഞ്ഞില്ല . ഓരോരുത്തരെയായി പരിചയപ്പെട്ടു . ഇടയ്ക്കു  മൗസുവിനെ  വിളിച്ചു വിവരം അന്വേഷിച്ചു. അവൾ സാന്തോഷമായിരിക്കുന്നു . നെറ്റ്ഫ്ലിക്സിൽ സിനിമ  കാണുകയാണെന്ന് . 
ഒരിക്കൽ  കൂടി അനുമോദനം അറിയിക്കാൻ  മാധവിന്റെ മെസ്സേജ് ഉണ്ടായിരുന്നു .
ഫുഡ് കോർട്ട് ഏറ്റവും മുകളിലാണ് . നിരവധി കൗണ്ടറുകൾ . സലാഡ് പലതരം . അവൾ ഒരു സലാഡും ജ്യൂസും പിന്നെ ഒരു വെജ്   സാൻഡ് വിച്ചിനും   ഓർഡർ കൊടുത്തു  . ഒഴിഞ്ഞ ഒരു കസേരയിൽ വന്നിരുന്നു . ചുറ്റും നിറയെ ആളുകൾ . അവർക്കെല്ലാം പരസ്പരം അറിയാം. അതിനാൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു , സംസാരിക്കുന്നു , പൊട്ടിച്ചിരിക്കുന്നു. തന്നെപ്പോലെ ആരും തനിയെ ഇരിക്കുന്നില്ല . പെട്ടെന്നാണ് , ഒരു സ്ത്രീ തന്റെ എതിരെയുള്ള കസേരയിൽ ഇരിക്കട്ടെ എന്ന് ചോദിച്ചത് .
വൈ നോട്ട് ,ഷുവർ .
ഇതിനു മുൻപേ ഇവിടെ കണ്ടിട്ടില്ലല്ലോ !
ഇന്ന് ജോയിൻ ചെയ്തതെ ഉള്ളു .
എവിടെ ?
ന്യൂ ഹൊറൈസൺ ബാങ്കിൽ ..
പെട്ടെന്ന് ആശ്ചര്യം കൊണ്ട് അവർ ചോദിച്ചു .
ആമോദിനി രാഘവൻ ?
ചെറുപുഞ്ചിരി തിരികെ നൽകി. അവൾ പറഞ്ഞു ..
ഓ , മാം ജോയിൻ ചെയ്തു എന്ന് കേട്ടിരുന്നു .
എന്റെ പേര്  വാണി .
ഞാൻ താഴെ  വൈബ്രന്റ് ഇൻഡിഗോ ഇൻഷുറൻസ് കമ്പനിയിൽ വർക്ക് ചെയ്യുന്നു .
കുറച്ചകലെയായി തനിയെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന  മധ്യവയസ്കനെ ചൂണ്ടിക്കാണിച്ചിട്ട് വാണി പറഞ്ഞു .
അതാണ് , എൻ്റെ ബോസ് . അദ്ദേഹത്തിന് മാമിനെ അറിയാം എന്ന് പറഞ്ഞിരുന്നു .
കുറച്ചു ദൂരെ ഇരിക്കുന്നുന്നതിനാലും ചുറ്റും ആളുകൾ ഉള്ളതിനാലും മുഖം വ്യക്തമല്ല .
അനിരുദ്ധ് ജയകാന്തൻ. അവർ ആ പേര് പറഞ്ഞപ്പോൾ തന്റെ മുഖം മാറിയോ ? ഒരിക്കൽ കൂടി അയാളെ നോക്കി 
അതെ അനിരുദ്ധ് .. ശരീരമാസകലം , വിറങ്ങലിച്ച പോലെ .
മിഡിൽ ഈസ്റ്റിൽ ഏതോ ബാങ്കിൽ ആണെന്ന് കേട്ടിരുന്നു .ഇവിടെ ....?
വാണി എന്തൊക്കെയോ ചോദിച്ചു.
വളരെ കുറഞ്ഞ വാക്കുകളിൽ മറുപടി നൽകി.
ദൂരെ .. അയാൾ എഴുന്നേറ്റു പോകുന്നത് കണ്ടു ...
നടപ്പിൽ ഊര്ജ്ജസ്വലനായിരിക്കുന്നു .
പക്ഷേ ആകാരം തീർത്തും മാറിയിരിക്കുന്നു ...
മറുജന്മ കരകളിൽ യുഗങ്ങൾക്കു മുൻപ് ഒരോർമച്ചിമിഴിൽ ഈ രൂപം പകർത്തിയത് ഇങ്ങനെ ആയിരുന്നോ ? ഒരിക്കലും തിരിച്ചറിയപ്പെടാതെ പോകുന്ന ചില നോവുകളുണ്ട് ചിലരിൽ.. 
അതെ തന്റെ നോവുകളിൽ ഒന്നാണ് ആ നടന്നു നീങ്ങുന്നത് . 
വാണിയോട് അയാളെപ്പറ്റി ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല . 
എന്തിനാ വെറുതെ  ഒരിക്കൽ പട്ടടയിലേക്കെടുത്ത വേദനകളെ തിരികെ വിളിക്കുന്നത് ? 
ഈ ബഹുനില കെട്ടിടത്തിനുള്ളിൽ ഇങ്ങനെ ഒരു അദ്ധ്യായം തന്നെ കാത്തിരിക്കുന്നുവെന്ന് കരുതിയില്ല .
അപ്രതീക്ഷിതം..!
ദൂരത്തായി നടന്നുപോയ അനിരുദ്ധിനെ ഓർത്ത് ആമോദിനിയുടെ ഹൃദയം ഉയർന്നശ്രുതിയിൽ മിടിയ്ക്കുവാൻ തുടങ്ങി..
                      തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക