Image

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി - നോവൽ - 8

Published on 06 August, 2021
ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി - നോവൽ - 8
മൗസുവിനെ എയർപോർട്ടിൽ വിട്ടിട്ട് ഓഫീസിലേക്ക് പോകുമ്പോൾ മനസ്സ്‌ ശൂന്യമായിരുന്നു . അച്ഛനെ കാണാൻ , കൂടെ നിൽക്കാൻ പോകേണ്ടെന്നു പറയാൻ സാധിക്കില്ലല്ലോ ? സ്വാർത്ഥതയ്ക്ക്‌ ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. 
മൗസു ഫ്ലൈറ്റിൽ ഇരുന്നിട്ട് വിളിച്ചു. ഇനി അച്ഛന്റെ അടുത്ത് ചെന്നിട്ടു വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ വിതുമ്പാതിരിക്കാൻ കഴിഞ്ഞില്ല . 
ശൂന്യതയുടെ ഇടനാഴിയിലൂടെ കടന്നു പോകുന്നപോലെ തോന്നി .
ഓഫീസിൽ എത്തിയതും അമേലിയ കാത്തുനിൽക്കുന്നു . 
ഇന്ന് പതിനൊന്നു മണിക്കാണ് വേണാട് ഗ്രൂപ്പ് ഓഫ് കമ്പനിയുമായി കൂടിക്കാഴ്ച . പ്രസന്നത തിരികെ പ്പിടിച്ചു  പോകാൻ തയ്യാറായി .
കേരളത്തനിമയുള്ള ഒരു വലിയ വീട് . വീടെന്നു കുറച്ചുപറയാൻ പറ്റില്ല .
ഒരു വമ്പൻ കൊട്ടാരം . തലപ്പാവ് വെച്ച ഒരാൾ ഞങ്ങളെ നടുമുറ്റം കടത്തി 
മുറിയിലേക്ക് ആനയിച്ചു . ആഡംബരത്തിന്റെ സംഗ്രഹം. കൊത്തുപണികൾ നിറഞ്ഞ തൂണുകൾ , ഭിത്തിയിൽ പരിചയും വാളുകളും . കുറഞ്ഞത്  മുന്നൂറു പേരെ സ്വീകരിച്ചിരുത്താൻ കഴിയുന്ന സ്വീകരണമുറി. 
കാഴ്‌ചബംഗ്ലാവ്‌ തന്നെ.  
ഒറ്റത്തടിയിൽ തീർത്ത ഊഞ്ഞാൽകട്ടിൽ കണ്ടപ്പോൾ വെറുതെ അതിൽ ഇരുന്നൊന്ന് ആടാൻ തോന്നി . കുട്ടിത്തം വിട്ടുപോകാതെ മനസ്സ് .
ആ മുറി മാത്രം മുഴുവനായി ഒന്നു കാണണമെങ്കിൽ തന്നെ ഏറെ സമയം വേണം . അമേലിയയും എല്ലാം കൗതുകത്തോടെ നോക്കുകയായിരുന്നു.
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു .
ഡിസ്പ്ലേ ഓഫ് വെൽത് ഇല്ലേ മാം ..
ചിലപ്പോൾ ഇവർക്ക് , ഗൃഹാതുരത്വം ആയിരിക്കും .നാടിന്റെ ഒരു കഷണം ഇവിടെ , അത് കൊണ്ടാണല്ലോ , കമ്പനിപ്പേരും വേണാട് എന്ന് വെച്ചിരിക്കുന്നത് .
ഗൃഹാതുരത്വം എന്ന് പറഞ്ഞാൽ എന്താണ് മാം ?
നൊസ്റ്റാൾജിയ 
ആമോദിനി പറഞ്ഞതു കേട്ട്
അവൾ തലയാട്ടി .
പത്തു മിനിറ്റിന്റെ കാത്തിരിപ്പിന് ശേഷം  പ്രൗഢിയോടെ അയാൾ ഇറങ്ങി വന്നു .
ആമോദിനിയും  അമേലിയായും എഴുന്നേറ്റു നിന്ന് നമസ്‌തേ പറഞ്ഞു.
വെള്ള മുണ്ടും  ഷർട്ടും .
തോളിൽ ഒരു കസവ് ഉത്തരീയം . മുഴുവനായും നരച്ച മുടി ചീകി ഒതുക്കിയിരിക്കുന്നു.കട്ടിയുള്ള നരച്ച  മീശ കുറച്ചു മുകളിലോട്ടു പിരിച്ചുകൊണ്ട് അയാൾ വന്നിരുന്നു . കഴുത്തിലെ തടിച്ച മാലയിൽ പുലിനഖം കെട്ടിയ പതക്കം .   ബലിഷ്ഠമായ  കൈകകൾ . പാതിനരച്ച 
കൈരോമങ്ങളെ ഭംഗിയാക്കുന്ന സ്വര്‍ണ്ണകങ്കണം. ചുവർ ചിത്രത്തിൽ നിന്നും ഇറങ്ങി വന്ന ഒരു ചക്രവർത്തിയെപ്പോലെ.
ആ വ്യക്തിപ്രഭാവത്തിനു മുൻപിൽ ആരും എഴുന്നേറ്റു നിന്നുപോകും .
വേണുഗോപാൽ വർമ്മ , എല്ലാവരും  വർമ്മാജി എന്ന് വിളിക്കും .
പ്രാരംഭമായ പരിചയപെടലിനു ശേഷം കാര്യത്തിലേക്കു കടന്നു .
അമേലിയ ആണ് പ്രസന്റേഷൻ ചെയ്തത് .
പക്ഷെ അയാളുടെ കണ്ണുകൾ തന്റെ മേലെ  ആയിരുന്നുവെന്ന് ആമോദിനി മനസ്സിലാക്കി .
വേണാട് ഗ്രൂപ്പിന്റെ രണ്ടു സിക്ക് യൂണിറ്റ്സ് വിൽക്കാൻ സാധിക്കുമോ ?
ഇറ്റ് ഡിപെൻഡ്സ് സർ .
നോക്കൂ  മിസ് . ആമോദിനീ , ഞങ്ങൾക്കു ആൾറെഡി ഒരു ബാങ്ക് ഉണ്ട് , വെൽത് മാനേജ്‌മെന്റ് ചെയ്യാൻ . അവർ കാര്യങ്ങൾ നന്നായി നോക്കുന്നു . അത് മാറ്റി , നിങ്ങളെ കുറച്ചു ഭാഗം എങ്കിലും ഏല്പിയ്ക്കണം എങ്കിൽ , നിങ്ങൾ , ഐ മീൻ യു ഹാവ് ടു പ്രൂഫ് യുവർസെൽഫ് .
രണ്ടു സിക്ക് യൂണിറ്റ് ഞാൻ ഏല്പിക്കാം . നിങ്ങൾക്ക് അത് എന്ത് വേണമെങ്കിലും ചെയ്യാം .
ഞാൻ ഒരു വിഭാര്യന്‍ ആണ് . മകൾ വിദേശത്ത്, മകൻ ഇതൊന്നും വേണ്ട എന്നു പറഞ്ഞ് , ഹിമാലയത്തിൽ ഏതോ സ്വാമിയുടെ കൂടെ ആശ്രമ ജീവിതം .
ഞാൻ ഒരു എമൗണ്ട് പറയാം . അതെനിക്ക് കിട്ടിയാൽ മതി . എന്റെ കമ്പനിയുടെ പാതി അക്കൗണ്ട്സ് ഞാൻ തരാം .
രണ്ടു യൂണിറ്റിന്റെയും ഡീറ്റെയിൽസ് മെയിൽ  ചെയ്യാം .

തന്റെ സ്വകാര്യ കാര്യങ്ങളറിയാൻ അയാൾ താല്‍പര്യം കാണിച്ചപോലെ തോന്നി . 
വീട് , കുടുംബം  മുതലായവ , വിവാഹമോചിത ആണെന്ന് പറയാൻ തോന്നിയില്ല . ഭർത്താവ്  മുംബൈയിൽ എന്ന് മാത്രം പറഞ്ഞു .
ഇറങ്ങുമ്പോൾ വർമാജി തന്റെ കണ്ണുകളിലേക്ക്‌ നോക്കി എന്തോ പറയാൻ ആഗ്രഹിച്ചപോലെ തോന്നി .
തിരികെ വണ്ടിയിൽ കയറിയപ്പോൾ , മൗസുവിന്റെ മിസ്സ്ഡ് കോൾസ് ! അവൾ മുംബൈയിൽ വിമാനം ഇറങ്ങി എന്ന് തോന്നുന്നു . തിരികെ വിളിച്ചപ്പോൾ പരിഭവ സ്വരത്തിൽ ,
അമ്മേ , ഞാൻ എത്ര വിളിച്ചു .
ഇത്ര വേഗം എന്നെ മറന്നോ ?
തമാശയായിട്ടാണ് അവൾ ചോദിച്ചതെങ്കിലും  മനസ്സ് തകർന്നു പോയി . അറിയാതെ കണ്ണു നിറഞ്ഞു .
മീറ്റിംഗിൽ ആയിരുന്നു .
സോറി മോളെ .
ചുമ്മാ പറഞ്ഞതാ അമ്മാ , ഞാൻ ഇതാ കാറിൽ കയറുന്നു.
വീട്ടിൽ . ഈ അമ്മയ്ക്ക് ഒരു പക്ഷെ, വാഗ്ദാനങ്ങളില്ല തരാൻ . ഹൃദയത്തിൽ മിടിപ്പുള്ള നാളുകളോളം കൂടെയുണ്ടാകും.. പിന്നെയും പിന്നെയും  സ്നേഹം നിറച്ച് ഹൃദയം മാത്രം . താൻ വികാരാധീനയാകുന്നു .
ഓഫീസിൽ എത്തിയപ്പോൾ  വർമ്മാജിയുടെ ഓഫീസിൽ നിന്നും മെയിൽ വന്നിരിക്കുന്നു . പ്രവർത്തിക്കാത്ത അയാളുടെ കമ്പനിയുടെ വിവരങ്ങൾ .. ഒന്നൊരു  ഔഷധനിര്‍മ്മാണക്കമ്പനി . മറ്റേത് എഞ്ചിനീയറിംഗ് കമ്പനി . ഔഷധനിര്‍മ്മാണ  ക്കമ്പനി ചെന്നൈയിൽ നിന്നും  മുപ്പതു കിലോമീറ്ററോളം അകലെ . മറ്റേതു  കോയമ്പത്തൂർ ആണ്.
ഉച്ചക്ക് ശേഷം അതിനെപ്പറ്റി വിസ്തരിച്ചു ചർച്ച ചെയ്യണം . ബാധ്യതകൾ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാലും  ബാങ്കിന്റെ ലീഗൽ  ഡിപ്പാർട്മെന്റിന് പേപ്പേഴ്സ് അയക്കണം .

വല്ലാത്ത വിശപ്പും , ദാഹവും തോന്നി.നേരെ ഫുഡ് കോർട്ടിലേക്ക് പോയി . 
എന്തോ ഓർഡർ ചെയ്തു, വന്നിരുന്നു . 
തന്റെ എതിരെയുള്ള കസേര വലിച്ചിട്ട് അനിരുദ്ധ് . 
സംഭാഷണത്തിനു മനസ്സ് വന്നില്ല . പക്ഷെ പരുഷമായി പെരുമാറാൻ സാധിക്കില്ലല്ലോ .
താൻ രാവിലെ ഓഫീസിൽ ഇല്ലായിരുന്നോ ? ഞാൻ വന്നിരുന്നു .
പുറത്ത് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു .
തന്നെ ഇങ്ങനെ ഒരു പോസ്റ്റിൽ എനിക്ക് ഇമാജിൻ ചെയ്യാൻ പറ്റുന്നില്ല .
അനിരുദ്ധ് എന്താണ് ഓർത്തത് , 
ജീവിതം മുഴുവനും ഞാൻ ഒരു ഓഡിറ്റിംഗ് ഓഫീസിൽ  സഹായി ആയിട്ടിരിക്കും എന്നാണോ ?
എന്തോ അപ്പോൾ അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത് .
അയാളുടെ മുഖം വിളറുന്നത് കണ്ടു . 
ഛേ , അതല്ല .
ഇത്ര വർഷം കഴിഞ്ഞുകണ്ടപ്പോൾ എന്തോ ...
വാചകം മുഴുവിപ്പിക്കാതെ അയാൾ നടന്നു നീങ്ങി.
ഭാഗ്യത്തിന് മൗസു വീട്ടിൽ എത്തിയ വിവരം പറയാൻ ഫോൺ ചെയ്തു .
അവളുടെ തനിച്ചുള്ള വിമാന യാത്രയുടെ സന്തോഷം, അനുഭവം എല്ലാം പങ്കുവെച്ചു.
മകളെപ്പറ്റി അഭിമാനം തോന്നി. ഇപ്പോഴത്തെ പെൺകുട്ടികൾ 
വളരെ കാര്യക്ഷമതയുള്ളവരാണ് . അവധാനതയോടെ സംസാരിക്കുന്നവർ .
ഭക്ഷണം കഴിഞ്ഞു മുറിയിൽ എത്തിയതും അമേലിയ വന്നു . അവൾക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ടു , പതിവ് ജോലികൾ നോക്കി . 
വൈകുന്നേരം അപർണയുടെ അടുക്കൽ പോകാൻ തോന്നിയെങ്കിലും  എന്തോ ഒരു ക്ഷീണം . മൗസൂ ഇല്ലാത്ത ഈ രാത്രി , തനിക്കുറങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല . അവളിപ്പോൾ അച്ഛനോട് ചേർന്നിരുന്നു  കഥകൾ പറയുകയായിരിക്കും ... അസൂയാലുവായപോലെ .
പോയകാല സ്‌മൃതികൾ മനസ്സിന്റെ വാതായനങ്ങൾ അനുവാദം
കൂടാതെ തള്ളിത്തുറന്നിടുന്നുഅവിടെ ആരൊക്കെയോ ....
അച്ഛൻ , അമ്മ , ചേട്ടൻ , മാധവ് , മൗസൂ , അനിരുദ്ധ്  തന്റെ ഉള്ളിലേക്കുതന്നെ ഒരു യാത്ര , 
ഒരു പുനർ ചിന്തനത്തിനായ് , അഹം തേടി 
ഒരു യാത്ര .
മൗനങ്ങൾ നിറഞ്ഞ, ഇരുട്ടിനെ പ്രണയിച്ചുപോകുന്ന ഈ രാത്രിയിൽ . വീണ്ടും അനിരുദ്ധ് .
ഓർമ്മകൾ  അയാളിലേക്ക് പോയി .എന്നോ  ഒരിക്കൽ  വർഷങ്ങൾക്കു മുൻപേ 
ഏതോ രാത്രിയുടെ നിഗൂഢമായ ഇരുട്ടിനെ നിലാവെളിച്ചം മാറ്റി നിർത്തിയ വേളയിൽ ഒരു പുകപോൽ ഒരിക്കൽ അയാൾ വന്നതും തന്നെ പുണർന്നതും പേരറിയാത്ത ഒരു സുഗന്ധം തന്റെ നാസികയെ തൊട്ടറിഞ്ഞതും
അയാളിൽ  ലയിച്ചതും വെറും സ്വപ്നമായിരുന്നില്ലെന്ന് ഓർക്കാൻ തോന്നി.

പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത് . അറിയാത്ത നമ്പർ . പക്ഷെ ട്രൂ കോളർ ഫോണിൽ എഴുതിക്കാട്ടി. "വേണുഗോപാൽ വർമ്മ".  അവൾക്കു ഫോൺ എടുക്കാൻ തോന്നിയില്ല . സമയം പത്തു കഴിഞ്ഞിരിക്കുന്നു ... 
ഈ അസമയത്ത് അയാൾ എന്തിനായിരിക്കും തന്നെ വിളിയ്ക്കുന്നത് ?
സംസാരത്തിനിടയിൽ തന്റെ മേൽ വട്ടംചുറ്റിയ അയാളുടെ കണ്ണുകളുടെ ഓർമ്മയിൽ ആമോദിനി ചിന്താകുലയായി..
                     തുടരും ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക