Image

ആമോദിനി എന്ന ഞാൻ ( പുഷ്പമ്മ ചാണ്ടി - നോവൽ - 9 )

Published on 14 August, 2021
ആമോദിനി എന്ന ഞാൻ ( പുഷ്പമ്മ ചാണ്ടി - നോവൽ - 9 )
രാവിലെ വളരെ വൈകിയാണ് എഴുന്നേറ്റത് . 
ഉറങ്ങിയപ്പോൾ രണ്ടുമണി കഴിഞ്ഞു .
മൗസൂ ചെറിയ കുട്ടിയാണെങ്കിലും  അവൾ അടുത്തുള്ളപ്പോൾ ഒരു ധൈര്യം ആണ് . അടുക്കളയിൽ നിന്നും പാത്രങ്ങളുടെ തട്ടിയും  മുട്ടിയുമുള്ള താളം കേട്ടു . അൻപുവല്ലിയുടെ കൈയ്യിൽ വീടിന്റെ താക്കോൽ ഉണ്ട്  അവൾ രാവിലെ വന്ന് എല്ലാ പണികളും തീർക്കും .
പതുക്കെ കിടക്ക വിട്ടെഴുന്നേറ്റു .  ബെഡ്റൂമിന്റെ  വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ട് അൻപുവല്ലി കാപ്പിയുമായി ഓടി വന്നു . കൃതജ്ഞതയോടെ ആ കപ്പ് കൈയിൽ വാങ്ങി . മേശപ്പുറത്തു പ്രാതൽ തയ്യാറാക്കി വെച്ചിരിക്കുന്നു . വളരെ പെട്ടെന്ന്  കുളിച്ചു വന്ന് അതു കഴിച്ചു . 
പത്രം വായിക്കാൻ നിന്നാൽ പിന്നെയും താമസം വരും . കാറിലേക്ക് കയറുമ്പോൾ മൗസൂ വിളിച്ചു . അപ്പോഴാണ് ശ്രദ്ധിച്ചത്.അവൾ രണ്ടു പ്രാവശ്യം വിളിച്ചിരുന്നു .
ക്ഷമാപണ സ്വരത്തിൽ പറഞ്ഞു 
അമ്മ നിന്നെ മിസ് ചെയ്തു . രാത്രി ഉറങ്ങാൻ വൈകി .
ഒരാഴ്ച അല്ലെ യുള്ളു . ഞാനങ്ങ് വരില്ലേ ?
സങ്കടം അണപൊട്ടി ഒഴുകുമോ എന്ന് സംശയം തോന്നി . വിഷയം മാറ്റാൻ ചോദിച്ചു 
എന്താ രാവിലെ കഴിച്ചത് ?
അച്ഛൻ ഇവിടെ എനിക്കായി ആലൂ പറാത്ത ഉണ്ടാക്കുന്നു . ഇഡ്‌ലി സാമ്പാർ കഴിച്ചു ബോറടിച്ചു . പെട്ടെന്ന് അവൾ 
വീഡിയോ കാൾ ചെയ്തു . മാധവ് മാവ് പരത്തുന്നു . പെട്ടെന്നാണത് കണ്ടത്. അയാളുടെ മോതിരവിരലിൽ  താൻ അണിയിച്ച മോതിരം .
മൗസൂ ഫോൺ വെച്ചതറിയാതെ താൻ മറ്റേതോ ലോകത്ത് ആയിരുന്നു .
തന്റെ ജീവിതത്തിൽ നിന്നും പിരിഞ്ഞു പോകുമോ എന്ന് മാധവ് ചോദിച്ച ദിവസം .
അയാൾ ആ മോതിരം ഊരി ബെഡ്റൂമിലെ സൈഡ് ടേബിളിൽ വെച്ചിരുന്നു .
എന്താ ഇപ്പോൾ അത് തിരികെ ധരിച്ചിരിക്കുന്നത് . മൗസൂവിനോട് അത് ചോദിക്കാൻ തോന്നി .
അല്ല വേണ്ട എന്തിനാ . അടഞ്ഞ അല്ല അടച്ച ഒരദ്ധ്യായം. 
പതിയെപ്പതിയെ  വേദനയോടെയെങ്കിലും എല്ലാം  മറക്കാൻ തുടങ്ങിയിരുന്നു . 
ഞാൻ അയാളുടെ  ആരുമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.  
ഭംഗി തുളുമ്പുന്ന സ്നേഹം എന്നിൽ   നിന്നും  നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു.. 
സ്നേഹത്തിന്റെ  പ്രണയത്തിന്റെ വഴികൾ എനിക്ക് എപ്പോഴും തെറ്റിയിരുന്നു. 
അപർണ പറയാറുണ്ട് 
ഇത്രയും ബുദ്ധിയുള്ള നീ എങ്ങനെ ഇതുപോലെയുള്ള  നാർസിസിസ്റ്റിക് 
റീലേഷൻഷിപ്സ് തിരഞ്ഞെടുക്കുന്നു എന്ന് ..
നേരാണ് .തന്റെ ജീവിതത്തിൽ വന്നവർ ഏകദേശം ഒരേ സ്വഭാവക്കാരാണ് . സങ്കീർണ്ണമായ ബന്ധങ്ങൾ ....

ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് വർമാജിയുടെ ഫോൺ വന്ന കാര്യം ഓർത്തത് .
തിരികെ വിളിച്ചു .
ഞാൻ ഇപ്പോൾ ആണ് വർമ്മാജിയുടെ മിസ്സ്ഡ് കാൾ കണ്ടത് എന്തെങ്കിലും ഇമ്പോർട്ടന്റ് കാര്യം പറയാനുണ്ടായിരുന്നോ ?
നതിങ് ഇമ്പോർട്ടന്റ് . രാവിലെ ഒന്നിച്ചു ബ്രേക്‌ഫാസ്റ് കഴിക്കാൻ ക്ഷണിക്കണം എന്ന് തോന്നി .ഫോൺ എടുത്തില്ലല്ലോ . അപ്പോൾ ഡിന്നർ ആയാലോ?
അയ്യോ ഇന്ന് ഡിന്നർ പറ്റില്ല . എന്റെ കൂട്ടുകാരിയുടെ ജന്മദിനം ആണ് .  അത് മാത്രമല്ല, അമേലിയക്കു വരാൻ സാധിക്കില്ല .
ആമോദിനി, എനിക്ക് തന്നോട് ആണ് സംസാരിക്കേണ്ടത് . ആ കുട്ടി വേണമെന്നില്ല. കുറെനാൾ കൂടി മലയാളം പറയാൻ ഒരു മോഹം . അത്രയേ ഉള്ളു .
നാളെ ബ്രേക്‌ഫാസ്റ് ആയാലോ ?
ശരി അപ്പോൾ ഒരു എട്ടര മണിക്ക്  ക്ലബ്ബിൽ കാണാം . ഞാൻ ലൊക്കേഷൻ മെസ്സേജ് ചെയ്യാം .

ഈയിടെയായി തനിക്കു നുണ പറയാൻ നന്നായി പറ്റുന്നുണ്ട്. അതോർത്തപ്പോൾ അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ പരന്നു. ജീവിതത്തിൽ ചില അവസരങ്ങളിൽ പിടിച്ചു നിൽക്കണ്ടേ? 
ഒരിക്കൽ മാത്രം കണ്ട അയാളോടൊപ്പം  തനിയെ അത്താഴം കഴിക്കാൻ പോകാൻ തോന്നിയില്ല .അതു തന്നെയല്ല അങ്ങനെ ഒരു സുഹൃത് ബന്ധം തനിക്ക് ആവശ്യവും ഇല്ല . പക്ഷെ ജോലി സംബന്ധമായി അയാളെ അപ്പാടെ പിണക്കാനും സാധിക്കില്ല .
അബദ്ധവും സുബദ്ധവും ഇഴചേർന്നതാണ് ജീവിതം .വീഴാതെ സൂക്ഷിക്കണം അത്രമേൽ കാപട്യങ്ങൾ പതിയിരുപ്പുണ്ട് ചുറ്റിലും .
തിരിച്ചറിവിന്റെ പരിമിതികളിലൂടെ ജീവിതം കൊണ്ടുപോകണം . അതിനുള്ള ആർജ്ജവം ഓരോ ഹൃദയധമനിയിലും സ്വന്തമാക്കണം .
ആശ്വാസത്തിൻ്റേയും.നിശ്വാസത്തിൻ്റേയും സ്വരമാധുര്യങ്ങൾക്കിടയിൽ എന്നെമാത്രം ഉറ്റുനോക്കുന്ന എന്നെയാണെനിക്കിഷ്ടം.ഈ ആമോദിനി എന്ന എന്നെ .

വളരെ തിരക്കുള്ള ഒരു ദിവസം .ഉച്ച സമയം കഴിഞ്ഞിട്ടും ലഞ്ച് കഴിക്കാൻ പോകാൻ പറ്റിയില്ല . ഇനി ഒരു കാപ്പിയും  എന്തെങ്കിലും സ്‌നാക്‌സും മതി . എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ വാതിൽ തുറന്ന് അനിരുദ്ധ് കയറി വന്നു .
തന്നെ ഞാൻ ഫുഡ്‌കോർട്ടിൽ നോക്കി കണ്ടില്ല. അതാണ് ഒന്ന് വന്നു നോക്കാൻ തോന്നിയത് .
ക്ഷമാപണ സ്വരത്തിൽ പറഞ്ഞു 
ഞാൻ ലഞ്ച് കഴിച്ചില്ല . തിരക്കായിരുന്നു . ദാ ഇപ്പോഴാണ് സമയം കിട്ടിയത് . എന്തിനായിരുന്നു അങ്ങനെ ഒരു ക്ഷമാപണ സ്വരം എന്ന് പെട്ടെന്ന് തോന്നി. 
ഇയാൾ തന്റെ ആരാണ് ?
ഞാനും വരാം കൂടെ ഒരു കമ്പനിക്ക് .
വേണ്ട എന്ന് പറയാനാണ് തോന്നിയതെങ്കിലും അയാളോടൊപ്പം നടന്നു നീങ്ങി .
അയാൾ അവൾക്കായി ഒരു കോഫിയും  വടയും എടുത്തു കൊണ്ടുവന്നു , അവൾ ആ സമയം തന്റെ ഫോണിൽ തലതാഴ്ത്തി ഇരിക്കുകയാരുന്നു.
തനിക്കു പണ്ടൊക്കെ വട ഇഷ്ടമായിരുന്നു . കൂടെ തേങ്ങാ ചട്ണിയും.
അവൾ ഒന്നും പറയാതെ പതുക്കെ കാപ്പി കുടിച്ചു. കൂടെ വട ചട്ണിയിൽ മുക്കി കഴിക്കാൻ തുടങ്ങി.
അനിരുദ്ധ് അവളെത്തന്നെ നോക്കി ഇരുന്നു.
തന്റെ വിശേഷങ്ങൾ പറയൂ .
എത്ര ദിവസമായി തന്നോട് ഒന്ന് സംസാരിക്കാൻ ശ്രമിക്കുന്നു . ഫോൺ വിളിക്കണം എന്ന് കരുതി . പിന്നെ നേരിൽ കാണുമ്പോൾ എല്ലാം ചോദിച്ചറിയാമെന്ന് വിചാരിച്ചു. അതാണ് വിളിക്കാഞ്ഞത് .
അത് ഏതായാലും നന്നായി എന്ന് മനസ്സിൽ പറഞ്ഞെങ്കിലും 
മുഖത്ത് ഒരു ചിരി പരത്തി ഉത്തരം പറഞ്ഞു
പ്രത്യേകിച്ച് ഒന്നും ഇല്ല . വീട്  ജോലി . അങ്ങനെ പോകുന്നു .
അച്ഛനും അമ്മയും, ചേട്ടനും ?
അച്ഛനും  അമ്മയും മരിച്ചു .ചേട്ടൻ ഇപ്പോഴും അമേരിക്കയിൽ . അവിടെ സെറ്റിൽഡ് ആയി .
തനിക്ക് ഒരു മകൾ അല്ലെ ? ഒരിക്കൽ ഞാൻ അപർണയെ കണ്ടിരുന്നു .
ഉം ..
തനിക്ക് എന്റെ വിവരം ഒന്നും അറിയേണ്ടേ ?
എന്തിനാണ് ?  അറിഞ്ഞിട്ട് എന്ത് കാര്യം.
ആമോദിനി വല്ലാതെ മാറിപ്പോയി. എനിക്ക് അറിയാവുന്ന ആമോദിനി ഇത്ര ഇൻഡിഫറൻഡ് അല്ല .
പ്രായം മുൻപോട്ടു പോകുമ്പോൾ  ജീവിതവും  കാഴ്ചപ്പാടും മാറില്ലേ .പിന്നെ ഒരു യാത്രപോലും പറയാതെ എന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായ ഒരാളെ കാണുമ്പോൾ ഇതിൽ കൂടുതൽ എങ്ങനെ മാന്യമായി പെരുമാറണം എന്നെനിക്ക് അറിയില്ല .
എനിക്കറിയാം അത് .ആ ജാള്യത എനിക്കുണ്ട് എന്ന് കൂട്ടിക്കോ .
ഇത്ര വർഷം ആയില്ലേ , തനിക്കതങ്ങു മറന്നൂടെ , ക്ഷമിച്ചൂടെ ?
മറക്കാനും  ക്ഷമിക്കാനും ഞാൻ ഇന്ന് നിങ്ങളുടെ ആരും അല്ല .നമ്മൾ രണ്ട് അപരിചിതർ ആയിരിക്കുന്നു .
ഒന്നു നിർത്തിയിട്ട് അവൾ പറഞ്ഞു .
നീണ്ട വർഷങ്ങളുടെ കണക്കുകളില്ല എനിക്ക് പറയാൻ . തമ്മിൽ കണ്ട നിമിഷങ്ങളുമില്ല , പറഞ്ഞു തീർക്കാൻ പിണക്കങ്ങളുമില്ല.
എന്റെ സമാധാനത്തിനു വേണ്ടി  ക്ഷമിച്ചു എന്ന് പറഞ്ഞുകൂടേ ?
എന്തിന് ? 
അവൾ സാവധാനത്തിൽ കാപ്പി കുടിച്ചു എഴുന്നേറ്റു . കൂടെ അനിരുദ്ധും.
ഇയാളാൽ ഒരിക്കൽ  തകർന്നുപോയ തന്റെ  ഇടനെഞ്ചിൽ ഇരിക്കുന്ന ആ ഹൃദയത്തെ ഇപ്പോഴും തുടിപ്പിക്കുന്നത്  ഒരു തരം വാശിയായിരുന്നു . ജീവിച്ചു കാണിക്കാനുള്ള വാശി.
ഭൂതവും ഭാവിയും വേണ്ട നമുക്ക് . ഈ വർത്തമാന കാലം മാത്രം മതി .
ലിഫ്റ്റിൽ നിന്നും ഇറങ്ങുമ്പോൾ അവൾ അയാളോടായി പറഞ്ഞു .
ജോലിത്തിരക്കിൽ  മൗസുവിനെ മറന്നു, മാധവിനെ മറന്നു , അക്കങ്ങൾ മാത്രം മുൻപിൽ .
രാത്രിയിൽ വിളിച്ചെങ്കിലും മൗസൂ വേഗം ഫോൺ വെച്ചു. അവളും അച്ഛനും കൂടി മാധവിന്റെ അമ്മയെ കാണാൻ പോകുന്നു . വല്ലാത്ത ഒരു മാനസികാവസ്ഥ . സ്‌പര്‍ദ്ധ ഉളവാക്കുന്നവളാകുന്നോ താൻ . മൗസൂ തന്നെ കൂടുതൽ സ്നേഹിക്കണം , തന്നെ മാത്രം സ്നേഹിക്കണം എന്ന് തോന്നിപ്പോകുന്നു... മനസ്സ് മാധവിലേക്കു പോയി ,  അയാളുടെ മോതിരവിരലിലേക്കും.  
അയാളെ പിന്നെയും ഓർക്കുന്നത് എന്തിന്?  ഇനി കുറച്ചു കൂടി കഴിയുമ്പോൾ  പിന്നെയും ഓർക്കുമോ ? മറവിയുടെ അവസാനം ഓർമ്മകളായി പുനർജനിക്കുന്ന ചിലരുണ്ട് . മാധവിനെ തീർത്തും  തന്റെ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റാൻ പറ്റില്ല .
കാരണം മൗസുവിനെ തനിക്കു സമ്മാനിച്ചത് മാധവല്ലേ ?
തലേന്നാളത്തെ ഉറക്കം ബാക്കി , കൺപോളകൾ അടഞ്ഞു പോകുന്നു. എന്നാലും നാളെ പ്രാഭാത ഭക്ഷണം വർമ്മാജിയുടെ കൂടെ ആണല്ലോ എന്ന് ഓർത്തപ്പോൾ ഉറക്കം പിന്നെയും വിട്ടകലുന്ന പോലെ ..
ആവശ്യമില്ലാത്ത ഓരോരോ കാര്യങ്ങൾ...!
                           തുടരും ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക