Image

പാമ്പും കോണിയും: നിർമ്മല - നോവൽ 59

Published on 14 August, 2021
പാമ്പും കോണിയും: നിർമ്മല - നോവൽ 59
ഈപ്പനോടു പറയാതിരിക്കുന്നതു തെറ്റാണെന്ന് തെയ്യാമ്മയ്ക്കു തോന്നി. എന്തുകൊണ്ടതു തെറ്റാവുമെന്ന് അവൾക്കറിയില്ല. ഈപ്പൻ അവളോടൊന്നും പറയാറില്ല. അവളുടെ സുഖാസുഖങ്ങളെപ്പറ്റി അയാൾ അന്വേഷിക്കാറില്ല. തെയ്യാമ്മ എന്തെങ്കിലും പറഞ്ഞാൽ മറുപടിയായി മൂളുന്നതുതന്നെ ഈപ്പനു ഭാരമുള്ളൊരു പണിയായി അവൾക്കു തോന്നാറുണ്ട്.
പിന്നെയെന്താണീ പാപചിന്ത ?
എന്നിട്ടും തെയ്യാമ്മ പറയാൻ തീരുമാനിച്ചു. അതല്ലാതൊരു ശരി അവൾക്കു പരിചയമില്ലാത്തതാണ് . എന്തുണ്ടായാലും നല്ലതായാലും ചീത്തയായാലും വീട്ടിൽ ചെന്നു പറയുക. ടീച്ചറു വഴക്കു പറഞ്ഞതും കണക്കിനു തോറ്റുപോയതും കുട കളഞ്ഞു പോയതുമൊക്കെ പറയരുതെന്ന് ആഗ്രഹമുണ്ടായിട്ടും തെയ്യാമ്മ പറഞ്ഞു. അവൾക്ക് വഴക്കു കിട്ടുകയും ചെയ്തു. എന്നിട്ടും പറയാതിരിക്കുമ്പോഴുള്ള ശ്വാസം മുട്ടിലായിരുന്നു തെയ്യാമ്മയ്ക്ക് കൂടുതൽ വിഷമം.
സോഫയിൽ ടി.വി. കണ്ടിരുന്ന ഈപ്പന്റെ അടുത്ത് തെയ്യാമ്മ ഇരുന്നു. ലൗ - സീറ്റ് എന്ന രണ്ടു പേർക്കിരിക്കാവുന്ന സോഫ. അതിൽ ഇടയിൽ തിരുകാൻ സ്നേഹം തരിമ്പും ഇല്ലാതെ ആ ദമ്പതികൾ ഇരുന്നു.
ഒന്നു തല പൊക്കി നോക്കി അയാൾ വീണ്ടും സ്ക്രീനിലേക്കു തിരിഞ്ഞു. വളരെക്കാലമായി അവൾ അയാൾ ഇരിക്കുന്നിടത്തേക്കേ വരാറില്ല. അതുകൊണ്ട് ഈപ്പന് അത്ഭുതവും അസ്വസ്ഥതയും തോന്നി. പക്ഷേ, അവൾക്കു മുന്നിൽ വികാരങ്ങൾ പ്രകടിപ്പിക്കരുതെന്ന വാശി അയാൾക്കുണ്ട്.
- ഞാനിന്നലെ ഡോക്ടറെ കണ്ടിരുന്നു.
തെയ്യാമ്മ പറഞ്ഞു.
- ഓക്കേ.
തലചരിച്ചു നോക്കിയിട്ട് ഈപ്പൻ ഉച്ചരിച്ചു.
മനസ്സിനെ മുറുക്കി തെയ്യാമ്മയുടെ നാവു പിന്നെയും പ്രവർത്തിച്ചു :
- നാക്കിനു ക്യാൻസറുണ്ട്.
ഈപ്പൻ ഒന്നു പരുങ്ങി. അയാൾക്ക് അവളെ ആശ്വസിപ്പിക്കണമെന്നുണ്ടോ? എന്തോ ഈപ്പന് തെയ്യാമ്മയെ തൊടാൻ തോന്നിയില്ല. ബലിഷ്ഠമായി മനസ്സുപൂട്ടി തെയ്യാമ്മ ടി.വി.യിലേക്കു തന്നെ നോക്കിയിരുന്നു.
- ഒറ്റനോട്ടത്തിൽ അ ങ്ങേരതു കണ്ടുപിടിച്ചോ?
പെട്ടെന്ന് ആ രോഗാതുരതയുടെ പൂട്ടുകൾ തുറക്കപ്പെട്ടു. ഉത്തരങ്ങൾ എവിടെയാണു ഒളിച്ചിരിക്കുന്നത്? തെയ്യാമ്മയ്ക്കും ഒളിച്ചിരിക്കണം. സത്യസന്ധമായ ഉത്തരം പറയാനല്ലേ പഴഞ്ചൻ നാട്ടുമ്പുറത്തുകാരി ക്കറിയൂ.
- കഴിഞ്ഞ മാസം പോയാരുന്നു.
ഒന്നുരണ്ടു വാചകത്തിൽ തെയ്യാമ്മ കഥ പറഞ്ഞുതീർത്തു. ടി.വി.യുടെ മുഴക്കം അവളെ ബുദ്ധിമുട്ടിച്ചു. അതിലും ഉച്ചത്തിൽ പറയാൻ അവൾ ക്ലേശിച്ചു.
സൊ വാട്ടീസ് നെക്സ്റ്റ് ?
ഈപ്പൻ ചോദിച്ചു.
- ഓ ഒന്നുമില്ല.
- സർജറിയും കീമോയും ഒന്നുമില്ലേ?
-ഒണ്ടൊണ്ട് പക്ഷേങ്കി എനിക്കതൊന്നും വേണ്ട.
സിമ്പതിക്കു വേണ്ടിയുള്ള വേഷം കെട്ട് ! അയാൾ ഉള്ളിൽ പിറുപിറുത്തു. - ഓക്കേ ഇറ്റ് ഈസ് യുവർ ചോയ്സ് .
ഈപ്പൻ ടി.വിയിലേക്കു തിരിഞ്ഞു. തെയ്യാമ്മ കുറച്ചു സമയം കൂടി അവിടെയിരുന്നു. എന്തു ചെയ്യണം എന്നറിയാതെ. ഈ സംഭാഷണം ഇത്ര വേഗം തീരുമെന്ന് അവൾ പ്രതീക്ഷിച്ചതല്ല. വെറുതേ എഴുന്നേറ്റങ്ങു പോകുന്നത് എന്തോ അപമാനം പോലെ തെയ്യാമ്മയ്ക്കു തോന്നി.എന്നിട്ടും അതല്ലാതെ മറ്റൊരു വഴിയും അവൾ കണ്ടില്ല. ടി.വി.യുടെ ശബ്ദവും സ്ക്രീനിലെ ചിത്രങ്ങളും അവളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഫാമിലിറൂമിലെ വായു വഴുവഴുപ്പുള്ള ദ്രാവകം പോലെയായി തെയ്യാമ്മയ്ക്ക്. അവൾ സാവധാനത്തിൽ സോഫയിൽ നിന്നു മെഴുന്നേറ്റ് പിൻവാതിൽ തുറന്ന് പുറത്തേക്കു നടന്നു.
പുല്ലു നിറയെ ഡാന്റ ലൈൻ മഞ്ഞപ്പൂക്കൾ നിരത്തിയിരുന്നു. കള പറിച്ചിട്ട് കുറച്ചായിരിക്കുന്നു. ഈപ്പൻ വീടിന്റെ പിന്നിലെ പുല്ലിനെ മോടി പിടിപ്പിക്കാറില്ല. സൂര്യൻമാർ പടർന്നുകയറിയ രാജ്യത്തിലൂടെ തെയ്യാമ്മ നടന്നു. സെപ്റ്റംബറിന്റെ നേർത്ത തണുപ്പിൽ അവൾ സാധാരണ പോലെ വിറച്ചില്ല. പണ്ടില്ലാതിരുന്നൊരു ശക്തി തെയ്യാമ്മയ്ക്കുണ്ടായി.
മരങ്ങളുടെ ഇലകളിൽ വർണം പടർന്നുകഴിഞ്ഞിരുന്നു. ഇനി കുറച്ചാഴ്ചകൾ കൂടിയേ പച്ചനിറം ബാക്കിയുണ്ടാവൂ. പിന്നെ എല്ലാം കൊഴിയും , ഈപ്പനു പണിയുണ്ടാക്കാനായി. ഓക്കിന്റെ ഒരു വലിയ ഇല ഡെക്കിൽ കിടന്നിരുന്നതെടുത്ത് തെയ്യാമ്മ പറമ്പിലൂടെ ഒന്നു ചുറ്റിക്കറങ്ങി.
ആകാശത്ത് കാട്ടു താറാവുകൾ വി ആകൃതിയിൽ പറന്നുപോയി. ലൂണുകൾ ഓഗസ്റ്റിൽ തെക്കുദേശത്തെ ചൂടിലേക്കു കുടിയേറുന്നവയാണ്. തണുപ്പിൽ നിന്നും രക്ഷപെടാൻ വൈകിപ്പോയ പറവകളെക്കണ്ട് കുറച്ചുനേരം തെയ്യാമ്മ നിന്നു.
ബിർച്ചുമരം തെയ്യാമ്മയോടു കഥ പറഞ്ഞു.
കാറ്റേ വരൂ... കാറ്റേ വരൂ... ഈ മരങ്ങളെയൊക്കെ കടപുഴക്കി വീഴ്ത്തൂ. മരമായ മരമൊക്കെ നടുവൊടിഞ്ഞു താഴെ വീഴട്ടെ.
വൃദ്ധന്റെ പുലമ്പലിൽ ബിർച്ച് മാത്രം കൂനിക്കുനിഞ്ഞ് ഭൂമിയോളം താഴ്ന്ന് തല നിലത്തു തൊടുവിച്ചു നിൽക്കുന്നു.
ഞാൻ വളയാം. പക്ഷേ , ഒരിക്കലുമൊരിക്കലും ഞാൻ പൊട്ടിത്തകരില്ല.
ബിർച്ചിന്റെ വിള്ളലുകൾ വീണ തൊലിയിൽ തടവി തെയ്യാമ്മ നിന്നു. സ്കൂൾകാലത്ത് ഷൈലയും കൂട്ടുകാരികളും കളിച്ച ഡാൻസ് തെയ്യാമ്മ ഓർത്തു.
കിയ്യാം കിയ്യാം കുരുവി ഞാനു കിയ്യാം കിയ്യാം കോ
കാലൊടിഞ്ഞ കുരുവീ ഞാനു കിയ്യാം കിയ്യാം കോ
ആലുമരമേ .. ആലു മരമേ ... ചിന്നക്കുരുവിക്ക്
മഴക്കാലത്ത് തങ്കപതുക്കാൻ ഇടം തരുമോ നീ ..
ഞാൻതരില്ലേ ..ഞാൻതരില്ലേ ...
ചിന്നക്കുരുവിക്ക്
മഴക്കാലത്ത് തങ്കപ്പതുക്കാൻ ഇടം തരില്ലേ ഞാൻ .
ഇടി ഇടിച്ചു മഴ പെയ്തു ..
മഴപെയ്താറേ
ആലുമരം വീണുപോകട്ടെ !
ഇടി ഇടിച്ചു മഴപെയ്താറേ
ആലുമരം വീണു പോകട്ടെ !
ഇളം കുരുവിയിൽപോലും പ്രതികാരം ചുടുന്നത് തെയ്യാമ്മ അറിഞ്ഞു.
നന്മ ചെയ്യാത്തവർക്കെല്ലാം നാശം വരുന്നു എന്നത് ബാലിശമായ ഒരു സങ്കല്പം മാത്രമാണെന്ന് അവൾക്ക് ഉറപ്പായി. തെയ്യാമ്മ ബിർച്ച്മരത്തിന് ഉറപ്പു കൊടുത്തു.
- ഐ വിൽ ബെൻഡ്, ബട്ട് ഐ ഷാൽ നെവർ നെവർ ബ്രേക്ക് !

                  തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക