Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 10

Published on 21 August, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 10
വർമ്മാജി അയച്ചു തന്ന ലൊക്കേഷൻ കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല . ചെന്നൈ നഗര ഹൃദയത്തിലെ അറിയപ്പെടുന്ന ഒരു ക്ലബ് . സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ളവർക്കേ 
അവിടെ അംഗത്വം താങ്ങാനാവൂ . 

ട്രാഫിക് കുറവായിരുന്നതിനാൽ വളരെ പെട്ടെന്ന് എത്തി . തനിക്കു മുൻപേ വർമ്മാജിയും വന്നിരുന്നു. പഴയകാല പ്രൗഢി വിളിച്ചോതുന്ന മദ്രാസ് വാസ്തുശൈലിയിൽ നിർമ്മിച്ച കെട്ടിടം . പട്ടണത്തിന്റെ നടുവിൽ  രണ്ടേ ക്കറിലധികം പരന്നു കിടക്കുന്നു ക്ളബ് .
പുൽത്തകിടിയും  ഇടതൂർന്നമരങ്ങളും ഇവിടമാകെ മനോഹരമാക്കിയിരിക്കുന്നു  .
കാറിൽ നിന്നും ഇറങ്ങിയതും ദൂരെ ഒരു മരത്തണലിൽ  സ്വിമ്മിങ് പൂളിന്റെ കുറച്ചടുത്തായി ഒരു പാറ്റിയോ അമ്പ്രെലയുടെ (patio  umbrella )കീഴെ വർമ്മാജിയിരിക്കുന്നു.  
തന്നെ കണ്ടതും അയാൾ എഴുന്നേറ്റു കൈവീശി . ആദ്യം കണ്ട വേഷം അല്ല . ജീൻസ്‌, ടീ ഷർട്ടിലും അഞ്ചു വയസ്സ് കുറഞ്ഞത് പോലെ തോന്നി . 
ഗുഡ് മോർണിംഗ് ആമോദിനി ..
ഗുഡ് മോർണിംഗ് ..
ഞാൻ എന്നും രാവിലെ ഇവിടെ ബാഡ്‌മിന്റൺ കളിക്കാൻ വരും. സ്ഥിരം ബ്രേക്ക് ഫാസ്റ്റും ഇവിടെ നിന്നാണ് .അതാണ് നമ്മുടെ മീറ്റിംഗ് ഇവിടെ ആകാം എന്ന് കരുതിയത് .

ആമോദിനി പുഞ്ചിരിച്ചു .
കഴിക്കാൻ എന്ത് വേണം ? കോണ്ടിനെന്റൽ ആൻഡ് സൗത്ത് ഇന്ത്യൻ രണ്ടും കിട്ടും ..
ഒരു ചേഞ്ചിന് കോണ്ടിനെന്റൽ ആകാം ..

ഞങ്ങളെ ഏല്പിച്ച ആ സിക്ക് യൂണിറ്റിന് കുറച്ചു സമയം തരണം .
തീർച്ചയായും , ആവശ്യമുള്ള സമയം എടുത്തോളൂ. പിന്നെ, ബിസിനസ് സംസാരിക്കാൻ അല്ല ഞാൻ വരുമോ എന്ന് ചോദിച്ചത് .
ഞാൻ ആമോദിനിയുടെ ബാക് ഗ്രൗണ്ട് നമ്മൾ കാണുന്നതിന് മുൻപേ അന്വേഷിക്കുക ഉണ്ടായി .. ജിജ്ഞാസയോടെ അയാളുടെ മുഖത്തേക്ക് അവൾ നോക്കി 
വളരെ സമര്‍ത്ഥയായ ഒരു ബാങ്കർ , വിവാഹമോചിത , ഒരു മകൾ , പഠിച്ചതൊക്കെ ചെന്നൈയിൽ .. അല്ലേ ...
ബട്ടർ പുരട്ടിയ  ടോസ്റ്റ് ബ്രഡ് വായിൽവെച്ചുകൊണ്ട് അവൾ അയാളെ നോക്കി.
എന്നിട്ടു പറഞ്ഞു 
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലേ?
അതേ ആൾക്ക്  പക്ഷെ തീരെ സൗഹാര്‍ദ്ദപരമായ സമീപനം അല്ല എന്നാണ് അറിഞ്ഞത് .
അത് വെറുതെ , എൻ്റെ ജോലിക്കങ്ങനെ സാധിക്കില്ല . പക്ഷെ ഞാനൊരു പ്രൈവറ്റ് പേഴ്സൺ ആണ് ..
എന്നിട്ടു ഞാൻ വിളിച്ചപ്പോൾ വന്നല്ലോ ..
ജോലിയുടെ ഭാഗമല്ലേ സർ..

കുറച്ചു സമയം മൗനമായിരുന്നിട്ട് അയാൾ തുടർന്നു.
എനിക്ക് അങ്ങനെ തോന്നിയില്ലകേട്ടോ , വളച്ചുകെട്ടില്ലാതെ പറയാം.
എനിക്ക് നിങ്ങളെ ഇഷ്ടമായി ..
എന്നെയോ ? അറിയാതെ ചോദിച്ചു പോയി. 
അതേ , ഞാൻ കുറെ നാളായി തനിച്ചാണ് താമസം. അന്ന് പറഞ്ഞല്ലോ  , പല ആലോചനകളും വന്നു .
എന്തോ എനിക്ക് ഒന്നും മുൻപോട്ടു കൊണ്ടുപോകാൻ തോന്നിയില്ല .
ഞാൻ എൻ്റെ ജീവിതം പങ്കിടാൻ ഒരാളെ തേടുകയായിരുന്നു .. ആമോദിനിയെ കണ്ടപ്പോൾ തോന്നി ,ആ ആൾ നിങ്ങളാണെന്ന് ..
നമ്മൾ ഒറ്റ പ്രാവശ്യം അല്ലെ മീറ്റ് ചെയ്തുള്ളൂ..
അതെ പക്ഷെ എന്തോ എനിക്ക് ഒരു അടുപ്പം തോന്നി .
വളരെ നാൾ പരിചയം ഉള്ളതുപോലെ .
പെട്ടെന്ന് ഒരു മറുപടി തരേണ്ട , ആലോചിച്ചു പറഞ്ഞാൽ മതി . അല്ല ഇത് ഇഷ്ടമായില്ലെങ്കിൽഞാൻ ഒന്നും ചോദിച്ചിട്ടില്ല എന്ന് കരുതിക്കോളൂ ..

ആമോദിനിയുടെ വിശപ്പു പോയി . കോഫി മാത്രം കുടിച്ചു .
ഇത് തീരെ പ്രതീക്ഷിച്ചില്ല . കാലത്തിൻ ഭൂപടത്തിൽ
ആവർത്തനത്തിൻ ഋതുക്കളിൽ പിന്നെയും 
പൂവ് വിരിയുന്നു , പക്ഷെ അത് ഇറുത്തെടുത്തു സ്വന്തമാക്കാൻ ... വയ്യാ, ഇനിയൊരു ബന്ധവും ..
ഒരു വിധത്തിൽ ഉള്ളതും സാധ്യമല്ല .  
പ്രണയത്തിൻ്റ കൈവിരൽ പിടിച്ചുള്ള  മുക്തി ഇനി വേണ്ട. ഉടഞ്ഞുപോയ  സ്വപ്നത്തിന്റെ കുഴിമാടത്തിനരികെ
വേര്‍പാടിന്റെ വേദന  ഒരുപാട് അനുഭവിച്ചതാണ് . വീണ്ടും ഒരാളുണ്ടാവാത്ത വണ്ണം സ്നേഹംകൊണ്ട് മുറിവേറ്റപ്പെട്ടവൾ , ഒറ്റപ്പെട്ടവൾ..
സ്വയം പണിത ആ തുരുത്ത്.. അതിനുള്ളിൽ കഴിയുന്നതാണ് നല്ലത് .

പതിഞ്ഞ ശബ്ദത്തിൽ  ആമോദിനി പറഞ്ഞു:
ആലോചിക്കാൻ ഒന്നും ഇല്ല , എനിക്ക് അങ്ങനെ ഒരു ജീവിതം ഇനി ആകുമെന്ന് തോന്നുന്നില്ല ..
നമ്മൾ തമ്മിലുള്ള വയസ്സ് വ്യത്യാസം ആണോ തടസ്സം ?
അതൊന്നും അല്ല, വീണ്ടും ഒരു വിവാഹജീവിതം , ജീവിത പങ്കാളി അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടു പോലും ഇല്ല .
നോ പ്രോബ്ലം , പക്ഷെ നമ്മൾ  എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കും. എന്നെങ്കിലും മറിച്ചു ചിന്തിക്കാൻ ഇടവന്നാൽ ....
അയാൾ പാതിവാചകത്തിൽ നിർത്തി .
അവിടെ നിന്നും ഓടിപ്പോകാനാണ് ആമോദിനിയ്ക്ക്തോന്നിയത് . എന്നാലും ഒരു കൃത്രിമമായ  ചിരി മുഖത്തു പടർത്തി അവൾ ഇരുന്നു.

വർമ്മാജിയുടെ മുഖം വാടിയത് അവൾ കണ്ടു .
പേടിപ്പെടുത്തുന്ന ഒറ്റപ്പെടൽതന്നെയാകാം മനുഷ്യരെ പിന്നെയും പിന്നെയും 
പ്രണയിക്കാൻ പ്രേരിപ്പിക്കുന്നത്.
തനിക്കു മൗസൂ ഉണ്ട് .
അവൾ കൂടെ ഉള്ളടുത്തോളം കാലം താൻ തനിച്ചല്ല .
ഒരിക്കൽ അവളും തന്റെ ജീവിതം തേടി പോകും . പോകണം അതാണല്ലോ പ്രകൃതി നിയമം . അതെപ്പറ്റി ഒന്നും ഇപ്പോൾ ആലോചിക്കേണ്ട . നെഞ്ചിലെ വാത്സല്ല്യ പാൽ കുടത്തിൽ, മുത്തങ്ങൾ ആയിരം ചേർത്തുവെച്ചു ഈ അമ്മ .
ആ മകളുടെ ജീവൻ പിറന്ന 
മുറിവിൻ നോവിലെ നിലവിളികൾക്കപ്പുറം അവളൊരു സാന്ത്വനമാണെന്ന് വിശ്വസിച്ചു .

കാറിന്റെ അടുത്തുവരെ വർമാജി വന്നു.
തന്റെ കാറ് മറയുന്നതു വരെ അയാൾ അവിടെ നിൽക്കുന്നതു കാണ്ടു.
അന്ന് വീട്ടിൽ പരിചയപ്പെട്ടപ്പോൾ കണ്ട ഭാവം അല്ല . 
ഒറ്റപ്പെടുന്നവരുടെ വേദന മനസ്സിലാകും. പക്ഷെ അയാളെ സഹായിക്കാൻ തനിക്കാവില്ല. കാരണം എല്ലാ സ്നേഹത്തിനും ഒരേ കഥയാണ്‌ , ഒരേ മുഖഛായയും ..
എല്ലാ വിരഹത്തിനും ഒരേ കണ്ണീരാണ്.
ഉപ്പുരുചിയുള്ള കണ്ണുനീർ .
വർമ്മാജിയുടെ ജീവിതം അപ്പാടെ മാറ്റുന്ന ഒരാൾ അയാൾക്കായി കടന്നു വരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു .

ഓഫീസിൽ എത്തിയത് അറിഞ്ഞില്ല . പോകുന്ന വഴി മൗസുവിനെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല , വേറെ വഴി ഇല്ലാഞ്ഞിട്ടു  മാധവിനെ വിളിച്ചു .
മോദിനി സുഖമാണോ ..
സത്യം പറഞ്ഞാൽ , മനസ്സിന് ഒരു ഭാരം .. മൗസുവിനെ ഞാൻ വല്ലാതെ മിസ് ചെയ്യന്നു .
എനിക്ക് മനസ്സിലാകും അത് . നിങ്ങൾ ചെന്നൈക്ക് പോയപ്പോൾ എനിക്കും അങ്ങനെയാണ് തോന്നിയത് .
മോള് ഫോൺ എടുത്തില്ല ..
ഉറങ്ങുകയാണ് , ഇന്നലെ അമ്മയുടെ അടുക്കൽ നിന്നും വരാൻ വൈകി .
അമ്മ സുഖമായിരിക്കുന്നുവോ ?
സുഖം , പക്ഷെ സ്ഥിരം പല്ലവി . വീണ്ടും ഒരു വിവാഹത്തിന്റെ കാര്യം..
പെട്ടെന്ന് എന്തോ മനസ്സിൽ ഒരു വിങ്ങൽ 
മാധവ് എന്ത് പറഞ്ഞു ?
എനിക്ക് കുറച്ചു സമയം വേണം എന്ന് പറഞ്ഞു ..

ആ സംഭാഷണം അവിടെ നിലച്ചു . 
പ്രണയത്തിനപ്പുറം സൗഹൃദത്തിനൊരു ലോകമുണ്ടെന്ന് മനസ്സിലാകും . എന്നാലും ഒരിക്കൽ പ്രണയിച്ചിട്ട് അതിപ്പോൾ വെറും സൗഹൃദം ആകുമ്പോൾ ...

മനസ്സിനുള്ളിൽ അയാൾ വീണ്ടും വിവാഹിതനാകരുതേ എന്ന് തോന്നിപ്പോകുന്നു . തന്നെ ഇങ്ങനെ തനിച്ചാക്കിയിട്ടു മാധവിന്റെ ജീവിതം വീണ്ടും തളിർക്കുമ്പോൾ .. അതെ തനിക്ക് അസൂയയാണ് . തനിക്കുശുമ്പ് ആണെന്ന്  അറിയാം ...
മനസിന് ഭാരം തോന്നുന്നു ... 
നല്ല ഒരു മഴയ്ക്ക് ശേഷം പൂക്കൾ വീണുകുതിർന്ന നാട്ടുവഴിയിലൂടെ നടക്കുന്നത് പോലെ . പാദത്തിൽ ഓരോ കാൽവെയ്‌പിലും ഇന്നലെയുടെ പൂക്കൾ പറ്റിപിടിക്കുന്നു. നല്ല ഒരു പനിക്ക് ശേഷം ഒന്നിനും താല്പര്യം ഇല്ലാതെ , വിശപ്പില്ലാത്ത  ദാഹമില്ലാത്തവളെ പോലെ ...
വൈകുന്നേരം വീണ്ടും മൗസുവിനെ വിളിച്ചു ...
അവൾ തിരികെ വീഡിയോ കാൾ ചെയ്തു .
അച്ഛനും മകളും ഡിന്നർ കഴിക്കുകയാണ് . അച്ഛൻ ഉണ്ടാക്കിയ വിഭവങ്ങൾ അവൾ കാണിച്ചു തന്നു . തനിയെ  താമസം  ആയതിൽ പിന്നെ മാധവ് ഒരു നല്ല പാചകക്കാരൻ ആയല്ലോ എന്ന് തോന്നി .
അയാൾ കഴിക്കുന്ന പാത്രം അപ്പോളാണ് ശ്രദ്ധയിൽ പെട്ടത് . മാധവിന്റെ നാല്പതാം പിറന്നാളിന് താൻ സമ്മാനിച്ച വെള്ളി പിഞ്ഞാണം ...
ഇതിലാണോ മാധവ് ഇപ്പോഴും ഭക്ഷണം കഴിക്കുന്നത്..! തന്നിലേക്ക് അയാൾ തിരികെ നടക്കുകയാണോ ? ഒന്നിച്ചായിരുന്ന നിമിഷങ്ങളിൽ ഒരൊറ്റ ചുംബനം കൊണ്ട് തന്റെ എല്ലാ പിണക്കങ്ങളെയും പരിഭവങ്ങളെയും തുരത്തി 
വീണ്ടും ചുണ്ടിൽ പുഞ്ചിരി വിരിയിച്ചിരുന്നവൻ .
എവിടെയാണ് കാൽവെയ്പുകൾ ഇടറിയത്..?
ഏത് വിജനതയിലേക്കാണ് തങ്ങൾ പരസ്പരം പിരിഞ്ഞു പോയത്..?
കണ്ണുനീർ അറിയാതെ
ആമോദിനിയുടെ കവിളുകളെ നനച്ച് താഴേക്കൊഴുകി ...
                തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക