Image

ഓം മണി പത്മേ ഹും (കവിത - ജോസഫ് നന്പിമഠം)

Published on 30 August, 2021
 ഓം മണി പത്മേ ഹും  (കവിത - ജോസഫ് നന്പിമഠം)
ടിബറ്റൻ താഴ് വാരങ്ങളിൽ
ഹിമാലയ കൊടുമുടികളെ നോക്കി
ഉയർന്നു നിൽക്കുന്ന
പ്രാർത്ഥനാ കൊടിമരങ്ങളിൽ
അവിരാമം ചലിക്കുന്ന
പ്രാർത്ഥനാ കൊടികളിലെ
മന്ത്രാക്ഷരങ്ങളായി
പുനർജ്ജനിക്കണം

ഹിമഗിരി ശൃംഗങ്ങളേ നോക്കി
കാറ്റേറ്റ ആലിലകൾ പോലെ
അവിരാമം പാറിപ്പറക്കണം
കാറ്റിന്റെ നീലയായി
വായുവിന്റെ വെളുപ്പായി
അഗ്നിയുടെ ചുവപ്പായി
ജലത്തിന്റെ പച്ചയായി
ഉർവിയുടെ മഞ്ഞയായി

വ്യാളിയായി, ഗരുഡനായി, കടുവയായി,
ഹിമസിംഹമായി, കാറ്റിൻ കുതിരയായി
നിശബ്ദ പ്രാർത്ഥനകളായി, നിതാന്ത മന്ത്രണമായി
മഞ്ഞുറഞ്ഞ ഗിരി ശൃംഗങ്ങളിൽ നിന്ന്
ഗിരി ശൃംഗങ്ങളിലേക്ക്
കാറ്റിൽ അവിരാമം പറന്നു പറന്ന്
അക്ഷരങ്ങൾ മാഞ്ഞു
നിറം മങ്ങി ശൂന്യമാവണം

കൊടിയിൽനിന്നു മാഞ്ഞ അക്ഷരങ്ങൾ
കാറ്റിലൂടെ, ഉരുകുന്ന മഞ്ഞിലൂടെ
താഴ്വാരങ്ങളിലേക്ക്  
സിന്ധുവിലൂടെ, ഗംഗയിലൂടെ
ബ്രഹ്മപുത്രയിലൂടെ
രാജ്യങ്ങൾ കടന്ന്  
ഭൂഖണ്ഡങ്ങൾ കടന്ന്
യാത്ര ചെയ്‌യണം

അക്ഷരങ്ങൾ
അണ്ഡങ്ങളായി, പുഴുവായി, പ്യൂപ്പയായി
കോടാനുകോടി ബുദ്ധമയൂരി ശലഭങ്ങളായി
നിശബ്ദമായി ചിറകുവിരിച്ചു പറന്ന്
അശാന്തിയുടെ തീരങ്ങളിൽ കുളിർകാറ്റായി,  
ഹിംസയുടെ തോക്കിൻ മുനകളിൽ
അഹിസാ മന്ത്രമായി
അനുസ്യൂതം പ്രയാണം ചെയ്യണം

വീണ്ടും ഹിമാലയ താഴ് വാരങ്ങളിലേക്ക്
അക്ഷരങ്ങൾ മാഞ്ഞ കൊടികളിലേക്ക്
ശലഭങ്ങൾ അക്ഷരങ്ങളായി  
അക്ഷരങ്ങൾ ശലഭങ്ങളായി  
ശാന്തിമന്ത്രങ്ങളായി
മൃദുമണിനാദത്തിനൊപ്പം  
അവിരാമ മന്ത്രോച്ചാരണമായി
താഴ് വാരങ്ങളിൽ നിറയണം  

ഓം... മണി ... പത്മേ... ഹും  
ഓം... മണി .. പത്മേ... ഹും
ഓം... മണി ... പത്മേ... ഹും  
ഓം... മണി .. പത്മേ... ഹും

*****  ******  ******   ******
പ്രാർത്ഥനാ പതാക (Prayer Flags) ബുദ്ധമതത്തിലെ മന്ത്രങ്ങളും പ്രതിരൂപങ്ങളും ആലേഖനം ചെയ്ത അഞ്ചുനിറത്തിലുള്ള പതാകകൾ. പ്രാർത്ഥനാ പതാകകളിലെ ഓരോ നിറവും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കൊടികൾ കാറ്റിൽ ആടി ഉലയുന്ന ചലനങ്ങൾ പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നു എന്നും, ആ ചലനങ്ങൾ നിശ്ശബ്ദ പ്രാർത്ഥനകളായി കാറ്റു കൊണ്ടുപോകുന്നു എന്നും, പതാകകളുടെ  നിറം മങ്ങുന്നത്, അതിലെ പ്രാർത്ഥനകളെ പൂർണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയി എന്നതിന്റെ സൂചനയായും കരുതപ്പെടുന്നു.

പതാകകളിലെ പ്രതിരൂപങ്ങൾ. കാറ്റിൻ കുതിര (Wind horse) മനുഷ്യാത്മാവിനെയും, വ്യാളി, ഗരുഡൻ, കടുവ, ഹിമസിംഹം എന്നിവ ജ്ഞാനദീപ്താവസ്ഥയിലേക്കുള്ള ഗുണങ്ങളെയും മനോഭാവങ്ങളെയും സൂചിപ്പിക്കുന്നു
.
ബുദ്ധമയൂരി. പാപ്പിലിയോ ബുദ്ധ ചിത്രശലഭങ്ങൾ. 
Join WhatsApp News
P.P.Cherian,Dallas 2021-08-30 22:38:31
അതി ഗഹനമായ വിഷയം അക്ഷരങ്ങളിലൂടെ, വാക്കുകളിലൂടെ അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു , അഭിനന്ദനങ്ങൾ നമ്പി മഠം സർ.
ജോസഫ് നമ്പിമഠം 2021-08-31 00:01:55
കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി (P P Cherian, Dalls)
abdul punnayurkulam 2021-08-31 00:16:06
A positive, easy reading poem.
Sudhir Panikkaveetil 2021-08-31 21:04:51
മനോഹരമായ കവിതകളിലൂടെ അമേരിക്കൻ മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ കവിയും എഴുത്തുകാരനുമാണ് ശ്രീ നമ്പിമഠം സാർ. നാട്ടിലുള്ളവർ മാത്രം എഴുതുന്നത് ഉദാത്തം ഉത്തമമെന്നും ഇവിടെയുള്ളതൊക്കെ പുറം ചൊറിയലാണെന്നും ഒരു പരദൂഷണവീരൻ പാടിക്കൊണ്ട് നടക്കയും കുറേപേർ അയാളുടെ കാലു നക്കുകയും ചെയ്യുമ്പോൾ അമേരിക്കയിലെ നല്ല എഴുത്തുകാർ അറിയപ്പെടാതെപോകുന്നു. ഈ ദുരവസ്ഥ മാറുമോ ഭഗവാനെ. ഈ കവിത പലവിധത്തിലും വ്യാഖ്യാനിക്കാം. എനിക്ക് തോന്നുന്നത് ഇത് ഇന്ത്യൻ ത്രിവർണ്ണ പതാകയെപ്പറ്റിയാണെന്നാണ്. ഇന്ന് മതസൗഹാർദ്ദം അവിടെ കട്ടിൽ പറക്കുന്ന കൊടിപോലെ അശാന്തമാണ്‌. പതാകയിലെ നിറങ്ങൾ ,അതാതു ഇസം കാരുടെ മതക്കാരുടെ ഒക്കെ മാഞ്ഞുപോയി പുണ്യ നദികളിലൂടെ ഒഴുകി അശാന്തിയുടെ തീരങ്ങൾ തടവി ബഹുസ്വര വര്ണങ്ങളല്ലാതെ ഒന്നായി ശാന്തി മന്ത്രമായി ശലഭങ്ങളുടെ മൃദുല ചിറകൊച്ചച്ചപോലെ അവിരാമം ആ മന്ത്രം ഹിമാലയാത്തിന്റെ താഴ്വരകളിൽ, ഭാരതഭൂമിയിൽനിറയെട്ടെ. അഭിനന്ദനം.
ജോസഫ് നമ്പിമഠം 2021-09-01 19:09:14
"ഓം മണി പത്മേ ഹും" എന്ന എന്റെ കവിത വായിക്കുകയും അഭിപ്രായങ്ങൾ കുറിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ഒരു കൃതി വായിക്കുന്ന ഓരോ വായനക്കാരനും അയാളുടെ ഭാവനയിൽ, വീക്ഷണത്തിൽ അതിനെ കണ്ടെത്തുന്നു, വിലയിരുത്തുന്നു. കൃതികൾ വായിക്കപ്പെടുക, ചർച്ച ചെയ്യപ്പെടുക എന്നതാണ് പ്രധാനം. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക