Image

ശിലാലിഖിത വിഷ്ണു (മിനി വിശ്വനാഥൻ-ഹംപിക്കാഴ്ചകൾ 4)

Published on 01 November, 2021
ശിലാലിഖിത വിഷ്ണു (മിനി വിശ്വനാഥൻ-ഹംപിക്കാഴ്ചകൾ 4)

കൽമണ്ഡപങ്ങളുടെയും രഥ ക്ഷേത്രത്തിന്റെയും ശില്പഭംഗി കണ്ട് മതിയാവാതെയാണ് വിട്ടലക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയത്. അവിടെ കണ്ട ഓരോ കൽത്തൂണുകളിലെയും കൊത്തു പണികളുടെ സൂക്ഷ്മത അതിശയിപ്പിക്കുന്നതായിരുന്നു. ഇനി  അടുത്തതെന്ത് എന്ന് ചോദ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോഴാണ്
ഇൻസ്ക്രെബ്ഡ് വിഷ്ണു ടെംപിൾ എന്ന ദിശാസൂചകവുമായി ഒരു ബോർഡ് തൊട്ടടുത്ത് നിൽക്കുന്നത് കണ്ടത്. വിജയവിട്ടലക്ഷേത്രത്തിനു തൊട്ടടുത്തു തന്നെയാണ് ചരിത്രത്തിൽ ഇടം പിടിച്ച ശിലാലിഖിത വിഷ്ണു ക്ഷേത്രം എന്ന് അവിടെയുണ്ടായിരുന്ന വഴികാട്ടി ചൂണ്ടിക്കാണിച്ചു.

അങ്ങോട്ടേക്ക് പോവാൻ കർണ്ണാടക ടൂറിസ്റ്റ് കോർപ്പറേഷന്റെ ഷട്ടിൽ സർവ്വീസ് വാഹനങ്ങൾ ഉണ്ട്. നടന്നെത്താനുള്ള ദൂരമേ ഉള്ളൂ എങ്കിലും കഠിനമായ വെയിൽ സഹിക്കാനാവാത്തതുകാരണം ഇരുപത് രൂപ ടിക്കറ്റിൽ ഞങ്ങളും ആ തുറന്ന വാഹനത്തിൽ കയറിയിരുന്നു. മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു ഞങ്ങളുടെ വാഹനത്തിന്റെ സാരഥി. ഓരോ ഇരുപതു മിനുട്ടിനുള്ളിലും തിരിച്ചിങ്ങോട്ടേക്കുള്ള യാത്രാ സൗകര്യം ഉണ്ടാവുമെന്നും സ്വസ്ഥമായി കാഴ്ചകൾ കാണാമെന്നും ആശംസിച്ച് കാഴ്ചക്കാരെ അവിടെ ഇറക്കിയതിനു ശേഷം അവൾ മൊബൈൽ ഫോണിലേക്ക് തല താഴ്തി.

വിജയനഗര സാമ്രാജ്യകാലത്തെ വാസ്തുവിദ്യയുടെ നേർപ്പകർപ്പായിരുന്നു നാശോന്മുഖമായ ഈ വിഷ്ണു ക്ഷേത്രം.
പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ക്ഷേത്രത്തിൽ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരരൂപത്തെയാണ് ആരാധിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ 12 ആൾവാർ സന്യാസിമാരിൽ അവസാനത്തെ ആളായ തിരുമംഗൈ ആൾവാറിന് സമർപ്പിക്കപ്പെട്ടതാണത്രെ ഈ ക്ഷേത്രം.
ആൾവാർമാർ മഹാവിഷ്ണുവിൽ സ്വയം വിലയിച്ച് ദൈവത്തോട് ഏകീരൂപം പ്രാപിച്ച ഭക്ത കവി-സന്യാസിമാരായിരുന്നു. അതുകൊണ്ടാവാം ഈ സമർപ്പണം.  1554-ൽ അവുബിലരാജാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ക്ഷേത്രച്ചുവരുകളിലെ ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

തകർന്നു കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾ പണ്ടുകാലത്തെ ശില്പഗാംഭീര്യം എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ഈ ക്ഷേത്രത്തിന്റെ ചുവരുകൾ  ഒറ്റക്കൽപ്പാളികളാൽ നിർമ്മിക്കപ്പെട്ടതാണ്. ഈ കൽപ്പാളികളിൽ നിറയെ ശിലാലിഖിതങ്ങൾ കാണാം. ക്ഷേത്രത്തിന്റെയും രാജാക്കൻമാരുടെയും നാടിന്റെയും ചരിത്രമാണ് കരിങ്കൽപ്പാളികളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ടാവുക.
ഈ ചരിത്രലിഖിതങ്ങൾ കാരണമാന്ന് ഈ ക്ഷേത്രം ഇൻസ്ക്രൈബ്ഡ് വിഷ്ണു
ക്ഷേത്രമെന്ന് അറിയപ്പെടുന്നതും.

കാലപ്പഴക്കത്തിൽ തകർന്നു കിടക്കുന്ന ഈ ക്ഷേത്രത്തിന്റെയും ഗർഭഗൃഹത്തിനു ചേർന്ന് കൽമണ്ഡപങ്ങൾ കാണാം. കൊത്തുപണികളിൽ സമൃദ്ധമായ ഈ ക്ഷേത്രശില്പങ്ങളിൽ സാധാരണ ക്ഷേത്രച്ചുവരുകളിൽ കാണാത്ത ചീങ്കണ്ണികളുടെയും പല്ലി മുതലായ ഇഴജന്തുക്കളുടെയും ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇത്തരം ഇഴജന്തുക്കളുടെ ശില്പങ്ങൾക്ക് മറ്റെന്തെങ്കിലും അർത്ഥതലങ്ങളുണ്ടോ അല്ല കൊത്തുപണിക്കാരുടെ കൗതുകം കൽച്ചുമരുകളിൽ പരീക്ഷിച്ചതാണോ എന്നു വ്യക്തമല്ല. ശില്പിയുടെ കര സ്പർശമില്ലാത്ത ഒരു കല്പ്പോലും അവിടെ ഇല്ലായിരുന്നു എന്നത് അത്ഭുതം തന്നെയാണ്.

ഈ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ തകർന്നു കിടക്കുന്ന ഒരു ഹനുമാൻ മണ്ഡപവും ഗൈഡ് ചൂണ്ടിക്കാട്ടിത്തന്നു. താമര വള്ളികളും മൊട്ടുകളും കൊത്തിവെച്ച കൽത്തൂണുകൾക്ക് മേൽ കരിങ്കൽപ്പാളികൾ കൊണ്ട് മേൽക്കൂര കെട്ടിയ കൽമണ്ഡപങ്ങൾ പ്രൗഢകാലത്തിന്റെ അടയാളങ്ങളായി ആ പരിസരത്ത് ചിതറിക്കിടന്നു.

തുംഗഭദ്രയിൽ നിന്നുള്ള തണുത്ത കാറ്റ് നിശബ്ദമായി കൽമണ്ഡപങ്ങളെ തഴുതി മടങ്ങി. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച കൽഫലകത്തിലെ ലിഖിതങ്ങൾ പ്രാചീന കന്നട ലിപിയിലുള്ളതാണെന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു. കാലത്തെ അതിജീവിച്ച ആ ലിഖിതങ്ങളിൽ ക്ഷേത്ര ചരിത്രമാണെന്ന് കൂടെയുണ്ടായിരുന്ന ഗൈഡ് പറഞ്ഞത് വെറുതെ ഞങ്ങൾ വിശ്വസിച്ചു. അവിടത്തെ ലോക്കൽ വഴികാട്ടികൾ തരുന്ന വിവരങ്ങൾ മുഴുവനായും വിശ്വസിക്കാൻ പറ്റില്ലെന്ന് ജഗദീഷ് ഞങ്ങളോട് പറഞ്ഞിരുന്നതിനാൽ ഒന്നുരണ്ട് പേരിൽ നിന്ന് കഥകൾ കേട്ടു.
വിഷ്ണുവിന്റെ അവതാരങ്ങൾ വ്യത്യസ്ത പേരുകളിൽ അവിടെ ആരാധിക്കപ്പെട്ടതിനു പിന്നിലും കഥകൾ ഉണ്ടാവും. വാണിജ്യകേന്ദ്രങ്ങളുടെ സംരക്ഷണം മുഴുവനായും ഇരു ദേവൻമാരെയും ഏല്പിച്ചതാവണം. ചരിത്രത്തിന്റെ താളുകളിലെ ദുഖകരമായ അദ്ധ്യായമായിരിക്കണം ഈ അനാഥമായിക്കിടക്കുന്ന സ്മാരകങ്ങൾ !

ഹംപിയിലെ മറ്റു കാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ ശിലാലിഖിതവിഷ്ണു ക്ഷേത്രത്തിന് വലിയ പ്രത്യേകതകൾ ഒന്നുമില്ലെന്ന് തോന്നും. പക്ഷേ പുരാവസ്തു ഗവേഷകരുടെ പഠനത്തിന് വിധേയമാവുന്ന ശിലാലിഖിതങ്ങൾ ചരിത്രത്തിന് വലിയ ഒരു മുതൽക്കൂട്ട് തന്നെ. ചിത്രങ്ങൾ എടുത്ത് പുറത്തിറങ്ങുമ്പോഴേക്ക് മടക്കയാത്രക്ക് തയ്യാറായ വാഹനം പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. ചരിത്രാവശിഷ്ടങ്ങളോട് യാത്ര പറഞ്ഞ് ഞങ്ങൾ  ഗേറ്റിലേക്ക് നീങ്ങി. ഹസാര രാമ ക്ഷേത്രത്തിലേക്കാണ് അടുത്ത യാത്രയെന്ന് ജഗദീഷ് പറഞ്ഞു.

അടുത്ത ലക്ഷ്യത്തിലേക്കായി ഞങ്ങളുടെ ഓട്ടോ നീങ്ങി .... വഴിയിലെ കൗതുകങ്ങളുമായി അടുത്ത ലക്കത്തിൽ വീണ്ടും കാണാം...

ശിലാലിഖിത വിഷ്ണു (മിനി വിശ്വനാഥൻ-ഹംപിക്കാഴ്ചകൾ 4)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക