Image

അപകട മുഖത്ത് കൂസലില്ലാതെ രാജേശ്വരി : ആൻസി സാജൻ

Published on 12 November, 2021
അപകട മുഖത്ത് കൂസലില്ലാതെ രാജേശ്വരി : ആൻസി സാജൻ
പ്രകൃതി ദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പല രൂപത്തിൽ അരങ്ങേറുകയാണ്. കാറ്റായും മഴയായും മഞ്ഞായും കാട്ടുതീയായുമൊക്കെ മനുഷ്യനെ പരീക്ഷിക്കുന്ന ദുരിതാനുഭവങ്ങൾ തുടർക്കഥയാകുന്നു.കുറച്ചു ദിവസങ്ങളായി തമിഴ് നാട്ടിൽ തുടരുന്ന മഴയും വെള്ളപ്പൊക്കവും അപായഭീതി വിതച്ച് കടന്നുപോകുന്നു. കുറെ ജീവനുകളെയും മഴ കൊണ്ടുപോയി. ദുരന്തത്തിന്റെയും മരണത്തിന്റെയും കണക്കെടുപ്പുകൾക്കിടയിൽ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ധീരതയുടെയും ചിത്രമായി ഉയർന്ന വനിതാ പോലീസ് ഇൻസ്പെക്ടർ രാജേശ്വരിയാണ് രാജ്യത്തിനാകെ അഭിമാനം പകർന്നത്. മഴക്കെടുതിയ്ക്കിടയിൽ, മരം വീണ് മരണ സമാനനായ യുവാവിനെ സ്വന്തം തോളിൽ ചുമന്നെടുത്ത് വാഹനമന്വേഷിച്ച് ഓടിയും നടന്നുമെന്ന പോലെ വേവലാതിപ്പെട്ട് , ഒടുവിൽ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ട് അയാളെ രക്ഷപെടുത്തുകയായിരുന്നു 53 കാരിയായ രാജേശ്വരി ! നിറഞ്ഞ മനസ്സോടെ  മഹത്വമേറിയ അവരുടെ പ്രവൃത്തിക്ക് ഒരു സമ്പൂർണ്ണ സല്യൂട്ട് നൽകാം നമുക്ക് !
ശ്മശാനം സൂക്ഷിപ്പുകാരനായിരുന്നു ഉദയകുമാർ എന്ന യുവാവ്. അയാൾ ബോധമറ്റ് കിടക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് 5 മിനിട്ടിനുള്ളിൽ രാജേശ്വരിയെത്തി. ശ്വാസമുണ്ടെന്ന് പരിശോധിച്ചറിഞ്ഞ അവർ മറ്റുള്ളവർ മടി പറഞ്ഞകന്നപ്പോൾ 28 കാരനായ യുവാവിനെ സ്വന്തം ചുമലിലേക്കെടുക്കുകയായിരുന്നു. താമസം കൂടാതെ ചെയ്ത നടപടികൾ മൂലം ഒരു ചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവനാണ് രക്ഷിക്കാനായത്.
സോഷ്യൽ മീഡിയയിലും  ദൃശ്യ മാധ്യമങ്ങളിലും പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സംഭവത്തിന്റെ വീഡിയോ ലോകം മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു. അബോധാവസ്ഥയിലായി കുഴഞ്ഞുതളർന്നു കിടന്ന യുവാവിനെയും തോളിലിട്ടു കൊണ്ട് അവർ നടക്കുന്ന ദൃശ്യം നമുക്ക് അഭിമാനം പകരും. ആ ഭാരം വഹിക്കുന്നത് ഒരു പുരുഷനല്ല സ്ത്രീയാണ് എന്നതുതന്നെ പ്രത്യേകത. ജീവൻ രക്ഷപെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ അവർ നടക്കുന്നത് അനായാസമാണ്. ഒരു വെപ്രാളവുമില്ലാതെ, കരുതലോടെയാണവർ ആ യുവാവിനെ വഹിച്ചു നിൽക്കുന്നത്. 'അന്ത ഉയിരെ കാപ്പാത്ത മുടിയും . ഓട്.. ഓട്.. ഓട്..' എന്ന് ഓട്ടോക്കാരനോടും അതിൽ കയറിയവരോടും പറഞ്ഞ് വണ്ടി വിട്ടിട്ട് തിരികെ അവർ നടക്കുന്ന കാഴ്ച കണ്ട് ആദരം തോന്നാത്തവരായി ആരുമുണ്ടാവില്ല.
ചെന്നൈ കിൽപോക്ക് ടി പി ചത്രം സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് രാജേശ്വരി.
32 വർഷമായി സർവീസിലുള്ള രാജേശ്വരി തേനി പെരിയകുളം സ്വദേശിയാണ്. അച്ഛനും പോലീസ് സേനയിലായിരുന്നു.
അപാരമായ അലിവിന്റെയും കർത്തവ്യ ബോധത്തിന്റെയും അടയാളമാണ് രാജേശ്വരിയുടെ രക്ഷാപ്രവർത്തനത്തിൽ തെളിയുന്നത്. ആപത്ഘട്ടത്തിൽ അവർ നിലനിർത്തിയ ധൈര്യവും ആത്മ വിശ്വാസവും പ്രശംസനീയം തന്നെ.
സ്ത്രീ ,അബലയാണ് കാര്യശേഷികൾക്ക് പിന്നിലാണ് കായികക്ഷമതയിലും പിന്നാക്കമാണ് എന്നിനി ചിന്തിക്കേണ്ടതില്ല. അവസരവും കൃത്യമായ പരിശീലനവും ലഭിച്ചാൽ ഏതൊരുത്തരവാദിത്വവും കരളുറപ്പോടെ നിർവഹിക്കാൻ തങ്ങൾക്കു കഴിയും എന്ന് സ്ത്രീ വർഗ്ഗത്തിനാകെ വേണ്ടി ലോകത്തോട് വിളംബരം ചെയ്യുകയാണ് രാജേശ്വരി. അരോഗദൃഢഗാത്രരും ധൈര്യശാലികളുമെന്ന് കൊട്ടിപ്പാടുന്ന പുരുഷഗണം മാറി നിന്നിടത്ത് യഥാർത്ഥമായ മനുഷ്യ സ്നേഹമാണവരെ അതിന് പ്രേരിപ്പിച്ചതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക