Image

ഓ... ഡിസംബർ.... !: കവിത ; ഡാലിയ

Published on 31 December, 2021
ഓ... ഡിസംബർ.... !: കവിത ; ഡാലിയ
*ഒരു മഞ്ഞുകാലം കൂടി...*
 
ഡിസംബർ, 
ഒരു മഞ്ഞുകാലവുംകൊണ്ട് 
നീ തിരിച്ചു പോകുമ്പോൾ 
എന്റെ  കണ്ണിൽ 
ഒരു നീർത്തുള്ളിയുടെ തിളക്കം.,
പിരിഞ്ഞു പോകുന്നതിന്റെയും പിറകിൽ
 ബാക്കിയാകുന്നതിന്റെ നൊമ്പരം 
നിന്റെ നെഞ്ചിൽ കൂടൊരുക്കുമ്പോൾ
എന്റെ കണ്ണീരിന് എന്തു വില...
 
എന്റെ ഡിസംബർ,
 
കൊഴിഞ്ഞ മാമ്പൂക്കളിലും 
കരിയിലകളിലും 
മഞ്ഞു വീണു കുതിർന്ന 
ഇടവഴികളിലൂടെ 
നിറം മങ്ങിയ നക്ഷത്ര വിളക്കും തൂക്കി 
നീ നടന്നു പോകുമ്പോൾ കണ്ണിൽ 
നിറഞ്ഞു നീറുന്ന മഞ്ഞു തരികൾ 
തുടയ്ക്കാൻപോലും മറന്നു ഞാൻ....
 
എന്റെ മാത്രം ഡിസംബർ,
 
അവസാനതെ നക്ഷത്രവും ആകാശത്തു
 നിന്നു മറഞ്ഞു 
പുൽക്കൂടഴിച്ചു 
ഉണ്ണിയേശുവിനെയുമായി 
മറിയവും ജോസഫും ഈജിപ്ത്തിലേക്ക് 
തിരിക്കുമ്പോൾ
പൊന്നും മീറയും കുന്തിരിക്കവുമായി
 വൈകി എത്തിയ നിന്നോട്,
ഒടുവിലത്തെ യാത്രക്കാരനെയും വണ്ടി
 അകലെയെത്തുമ്പോൾ 
പാതയോരത്ത് തനിച്ചായ ഞാൻ എന്തു പറയാൻ...
 
ഓ.., ഡിസംബർ.... !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക