Image

പുതുവർഷ പുലരി: കവിത, ബീന സോളമൻ 

Published on 01 January, 2022
പുതുവർഷ പുലരി: കവിത, ബീന സോളമൻ 



പുതുവർഷ പുലരി
പുതുവസന്തമായി...
പുതുമോദം തൂകി
പൂത്തിങ്കൾ..

കൊഴിഞ്ഞുപോയതാം
കാലങ്ങളിൻ
കീറ്റുശീലകൾ തുന്നി
അഴകാംചേലയണിഞ്ഞു..

പൂവണിയാത്ത സ്വപ്നങ്ങൾ
പൂവണിഞ്ഞു..
വർണ്ണരഥമേറി പായുന്നു
വർണ്ണങ്ങൾ വിതറുവാൻ..

സങ്കടക്കടലിന്നാരവം
സന്തോഷതിമിർപ്പിൻ
സരിഗമപാടി
സാകൂതം ചരിക്കുന്നു..

വ്യാധികളാൽവ്യാകുലരായി
വസിച്ചനാളുകളിൽ
വാഗ്ദാനമായി അതിജീവനം
വന്നണഞ്ഞു...

നഷ്ടത്തിൻ കഥപറച്ചിലിൽ
നല്ല നാളെയിൻ ചിത്രങ്ങൾ
നൽവഴിയായ്‌
നൽവെളിച്ചമായ് തിളങ്ങി..

പ്രതീക്ഷയിൻ ദിശ
പ്രകടമായി..
പ്രത്യാശയില്ലാത്തവർക്ക്
പ്രഭയായി..

മനുഷ്യത്വത്തിൻ
മനസ്സുകൾ വളരട്ടെ..
മഹിയിൽ നന്മയിൻ
മഹിമ വിളങ്ങട്ടെ..

പുതുതാം ചിന്തകൾ
പൂത്താലമേന്തി..
പൊയ്മുഖങ്ങൾ മാഞ്ഞു
പാവനമാം ദിനങ്ങൾ വിടരട്ടെ..

കരുണാമയൻതൻ
കാരുണ്യത്താൽ
കാലചക്രത്തിൻ ഗതി
നിർണ്ണയം...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക