Image

അമ്മാളു (കഥ: ജിഷ.യു.സി)

Published on 02 January, 2022
അമ്മാളു (കഥ: ജിഷ.യു.സി)

"കാലനാരേ ...
ഒന്ന് നിർത്തണേ
ന്നെ ഇവ് ട്ന്ന് കൊണ്ടോവും  മുൻപ് ൻ്റെ നെലേം വെലേം എത്രണ്ടായ് ര്ന്നുന്ന് നിക്ക് ഒന്ന് കൺകുളിർക്കെ കാണണം. ഞാനില്ലാതെ അവര് എങ്ങനെ കഴിഞ്ഞുടും എന്ന് ഞാനൊന്നുകാണട്ടെ"

അമ്മാളു അമ്മ എന്ന നേത്യാരമ്മ കാലനോട് അപേക്ഷിച്ചു

കാലനാര് മനസ്സിൽ ചിരിച്ചു കൊണ്ട് സമ്മതം മൂളി

 ചാക്കോത്ത് വീടിൻ്റെ ഉത്തരം താങ്ങുന്ന പല്ലിയായിരുന്ന ആയമ്മ നേരിട്ട് കണ്ട് അറിയട്ടെ അവരുടെ നഷ്ടങ്ങൾ

കാലനാർ മനോഗതം ചെയ്തു.
പിന്നെ വാന വീഥിയിൽ ഒരിടത്ത് വാഹനമൊതുക്കി നിർത്തിക്കൊടുത്തു.

അമ്മാളു അമ്മ അരൂപിയായി കാലനൊപ്പം ചാക്കോത്ത് വീടിൻ്റെ മുറ്റത്തെ മാവിൽ ഇരുന്നു താനില്ലാത്ത ലോകം ഒന്ന് കാണുവാൻ

ണിം
ണിം
ണിം
ണിം
ചാക്കോത്തെ പൂമുഖത്തെ വലിയ ക്ലോക്കിൽ  നാലു മണിയടിച്ചു.

അമ്മാളു കണക്കു കൂട്ടി

"താൻ മരിച്ചിട്ട് ഏതാണ്ട് പത്ത് മണിക്കൂർ ആയിക്കാണും. തെക്കേത്തൊടിയിൽ തന്നെ സംസ്കരിച്ച ചിത കെട്ടടങ്ങിയിട്ടില്ല. പുറത്ത് ആരെയും കാണുന്നില്ലല്ലോ വന്നവരൊക്കെ ഇത്ര പെട്ടെന്ന് മടങ്ങിപ്പോയൊ?"



പെട്ടെന്ന് പുറത്തേക്ക് ഒരാൾ ഇറങ്ങി വന്നു


:സുരേശൻ
തൻ്റെ മൂത്ത മകൻ
ഇതെവിടേക്കാ ഇവനീ വലിയ പെട്ടിയും തൂക്കി ഇറങ്ങണ്ത് ?

സതിയും മക്കളും കൂടെ ഉണ്ടല്ലോ .അവര്ടെ കയ്യിലും ബാഗുകൾ കാണുന്നു

 ദേ ...
രണ്ടാമത്തെ മകൻ ഹരിയും സുമയും വരുന്നു

ദൈവേ ...
ഇവരും പെട്ടിയും കിടക്കയുമായാണല്ലോ വരവ്. രണ്ടു പേരും നല്ല സന്തോഷത്തിൽ എന്തൊക്കെയോ തമ്മിൽ പറയുന്നുണ്ട്. താൻ പോയ വിഷമമൊന്നും ഇവരുടെ സംസാരത്തിൽ ഇല്ലല്ലോ. ഒന്നും ശരിക്കും കേട്ടൂടാ . അല്ലെങ്കിൽത്തന്നെ ചെവി ഇത്തിരി പതുക്കെയാർന്നു ലൊ"

"ന്നാ ഞാൻ എറങ്ങട്ടേ ഏട്ടന്മാരെ ഇനി സഞ്ജയനത്തിന് വരാം"

തൻ്റെ ഏകമകൾ സീതയും ഭർത്താവും.

അവര്ടെ മക്കളെ കണ്ടില്ലല്ലോ ? ഇനി അമ്മമ്മ മരിച്ചിട്ട് ഒന്ന് വന്നിട്ടില്ലേ ?

ഹരിയും സുരേശനും പെട്ടികൾ ഒരു വാഹനത്തിലേക്കാണ് വയ്ക്കുന്നത്

"എടോ താൻ ഇതെല്ലാം ഞങ്ങടെ ഫ്ലാറ്റുകളിൽ ഇറക്കിവയ്ക്ക് ട്ടൊ
നാളെ ഞങ്ങൾ എത്തും.  ഇത് 11 ൻ്റെ താക്കോൽ. ഇത് 13 ൻ്റെ.
സെക്യൂരിറ്റിയെ വിളിച്ച് ഞങ്ങൾ പറഞ്ഞോളാം"

ഡ്രൈവർക്ക് നിർദ്ദേശം കൊടുക്കുന്ന മക്കളെ നോക്കി അമ്മാളു അമ്മ അമ്പരന്ന് കാലനെ നോക്കി ചോദിച്ചു

"കാലനാരേ
ഇതെവിടെക്കാ എൻ്റെ മക്കൾ ഇത്ര തിടുക്കപ്പെട്ട് പോവാനൊരുങ്ങുന്നത് ?
ഫ്ലാറ്റോ ? "

"അതെ അമ്മാളു അവരൊക്കെ പട്ടണത്തിൽ സ്വന്തമായി ഓരോ ഫ്ലാറ്റു വാങ്ങിച്ചിട്ടുണ്ട്. നിങ്ങളെപ്പേടിച്ച് ഒന്നും പറയാതെ നിങ്ങടെ കൂടെ താമസിക്കുകയായിരുന്നു അവർ. നിങ്ങളല്ലേ പറഞ്ഞിരുന്നത് കൂട്ടുകുടുംബത്തിൽ നിന്ന് ഒരാളും മാറിത്താമസിക്കരുത് എന്ന്

ഇനി ദാ നോക്കൂ മൂന്നാമൻ എന്താ പറയുന്നത് എന്ന്. 
സുമേഷ് എന്ന ഇളയ മകൻ ഏട്ടന്മാരുടെ അടുത്തുചെന്ന് പറയുന്നു

"ഞാനും നാളെത്തന്നെ അനൂൻ്റെ വീട്ടിലേക്ക് മാറായി. അവൾടെ അമ്മ ഒറ്റയ്ക്കല്ലേ അവ്ടെ എന്തായാലും ഇനി പ്പൊ ഭാര്യവീട്ടിൽ അന്തിയുറങ്ങണ കോന്തൻ എന്ന് പറയാൻ അമ്മയില്ലല്ലോ"

മറ്റു മൂന്നു മക്കളും അത് ശരിവയ്ക്കും പോലെ ചിരിച്ചു തലയാട്ടി.

"അമ്മാളു അമ്മോ
കണ്ടോ നിങ്ങളുടെ മക്കൾടെ ചിരി?"

"അല്ലാ
രാവുണ്ണി മേനോനും ഇറങ്ങാണല്ലോ അമ്മാളോ ?
കാറിൽക്കയറി എവ്ടക്കാണാവോ ? ഇതാരാപ്പൊ കൂടെ കാറിൽ ഒരു പെണ്ണ് ?
മക്കളൊക്കെ കയ്യു വീശി യാത്ര പറയുന്നുണ്ടല്ലോ"

 കാലൻ പറഞ്ഞതു കേട്ട് അമ്മാളു നോക്കി

അവരുടെ കണ്ഠമിടറി
"കാലനാരേ ... ൻ്റെ മേനോനും ന്നെ ചതിച്ചു ലെ. ആട്ടെ പോയി ജീവിക്കട്ടെ"

"ഇതേതാ കാലനാരേ ഈ ചെറിയ കുരുന്നുകൾ ? അവര്ടെ കയ്യിൽ ൻ്റെ ചെല്ലപ്പെട്ടി ആണല്ലോ ഭഗവാനേ അതിൻറുള്ളിലെ കള്ളീലാൻ്റെ അലമാരിൻ്റെ താക്കോല്? ഈ കുട്ട്യോള്പ്പൊ അതൊക്കെ കളയും ?"

"ഹ ഹ ഹ
അമ്മാളൂ അത് നിങ്ങടെ മക്കടെ മക്കളാ. നിങ്ങളവരെ നേരെ ചൊവ്വേ ഇതുവരെ ശ്രദ്ധിച്ചിട്ടു കൂടി ഇല്ല. പിന്നെ നിങ്ങടെ അലമാരിയും താക്കോലും ദേ ...നോക്ക്
അതൊക്കെ മക്കൾ ഓഹരിവച്ചു കഴിഞ്ഞു"

തുറന്നു കിടക്കുന്ന അലമാരി ചൂണ്ടി കാലനാർ പറഞ്ഞു

അമ്മാളു ജനൽപ്പടിയിൽ ഇരുന്ന് അകത്തേക്കു നോക്കി. തൻ്റെ പണ്ടപ്പെട്ടി തുറന്ന് മലർത്തി വച്ചിരിക്കുന്നു

"കാലനാരേ ആ മൂലക്ക് കിടക്കണത് ൻ്റെ താക്കോൽക്കൂട്ടല്ലേ ?"

മൂലക്കൽ ചത്തു കിടന്ന താക്കോൽക്കൂട്ടം നോക്കി അമ്മാളു അമ്മ ചോദിച്ചു

അവർ സദാ അരയിലും ഉറങ്ങുമ്പോൾ തലയിണക്കിടയിലും സൂക്ഷിച്ചു വച്ചിരുന്ന താക്കോൽക്കൂട്ടം . കളപ്പുരയുടേയും, റബ്ബർ പുകപ്പുരയുടേയും ചാക്കോത്ത് വീടിൻ്റെയും അടക്കം പത്തു പതിനഞ്ച് താക്കോലുകൾ കോർത്ത അത് മറ്റൊരാൾക്കും കൈമാറാതെ ആയമ്മ കരുതിവച്ച സ്വകാര്യ നിധിയായിരുന്നു

കഞ്ഞിപ്പശ മുക്കി വടിവിലുള്ള ഒറ്റ മുണ്ടിൻ്റെ കോന്തലയ്ക്ക് അത് ഒരു ആഭരണം പോലെ തൂങ്ങിയാടിയിരുന്നു

അമ്മാളു അമ്മ  കണ്ടാൽ അതിസുന്ദരിയാണ് .നീണ്ട ഇടതുർന്ന തലമുടി തുമ്പ് കെട്ടിയിട്ടിരിക്കും .നല്ല മുഴുപ്പും ,മിനുപ്പും ,വടിവുമുള്ള വെളുത്തു തടിച്ച ശരീരപ്രകൃതി. 
കഴുത്തിൽ ഒരു വിരൽ വീതിയുള്ള പൊക്കിൾ തൊടുന്ന മണിമാല . ഒരു കുടുക്കിക്കെട്ടിയ നാഗപട മാലയും. ഇരു കയ്‌ത്തണ്ടകളിലും വണ്ണമുള്ള  പത്തു വീതം സ്വർണ്ണ  വളകൾ ഇറുകിക്കിടക്കുന്നു
കാതിൽ നിറയെ മുത്തുകൾ തൂങ്ങിയാടുന്ന വലിയ ജിമുക്കികൾ ആജ്ഞാനുവർത്തികളായി തലക്കൊപ്പം ആടിക്കൊണ്ടിരിക്കും

ജാക്കറ്റിൽ നിന്ന് പുറത്തുചാടാൻ പാകത്തിൽ വെമ്പുന്ന നിറഞ്ഞ മാറിടം മറച്ചുകൊണ്ട് ഒരു വൃത്തിയുള്ള നേര്യേത്.

നെറ്റിയിൽ സിന്ദൂരപ്പൊട്ടും നീണ്ട ചന്ദനക്കുറിയും ചുവന്നു തുടുത്ത ചുണ്ടുകൾ ഇതുവരെ ഒരു ചിരിക്കായി മെനക്കെട്ടിട്ടില്ല.
സദാ ഗൗരവം മുറ്റിയ മുഖം


ഭർത്താവ് രാവുണ്ണി മേനോൻ പട്ടാളത്തിലായിരുന്നു. ഇപ്പോൾ സ്വസ്ഥം
ഗൃഹഭരണമെന്ന് പറഞ്ഞു കൂടാ. ഗൃഹഭരണം അമ്മാളു അമ്മയിൽ നിക്ഷിപ്തമാണല്ലോ. അമ്മാളു ചെയ്യുന്നതിനെ ചോദ്യം ചെയ്യാനോ അവരെ ശ്രദ്ധിയ്ക്കാനോ മേനോൻ ശ്രമിക്കാറില്ല . വെറുതെ എന്തിനാ വയ്യാവേലി എന്ന് തോന്നിക്കാണും . എങ്ങനെയോ നാല് മക്കളുണ്ടായിന്ന് മാത്രം രാവുണ്ണി മേനോന് അറിയാം

വിവാഹം കഴിച്ച് കൊണ്ടുവന്ന കാലത്ത് മേനോൻ അതിർത്തിയിലാണ് ജോലി ചെയ്തിരുന്നത്. അമ്മാളുവിനെ സ്വപ്നം കണ്ട് ആർത്തി പിടിച്ച് വരുന്ന ആദ്യ കാല അവധികളിൽത്തന്നെ അയാൾ അമ്മാളുവിൻ്റെ കാര്യസ്ഥത എത്രത്തോളമെന്ന് മനസ്സിലാക്കിയിരുന്നു.

മേനോന് മാസത്തിൽ നാല് ദിവസം കൊടുങ്ങല്ലൂർ ഭജനം പതിവാണ്. അത് ഇതുവരെ മുടക്കിയിട്ടില്ല

അവിടെ അയാൾ ഭജിക്കുന്ന യഥാർത്ഥ കൊടുങ്ങല്ലൂരമ്മയ്ക്കു പുറമെ ഒരു ദേവിയെക്കൂടി അയാൾ സേവിക്കുന്നുണ്ട്.
അമ്മാളു അറിയാത്ത ഒരു ചിന്ന വീടും അവിടെ ഉണ്ട്. 
ദാക്ഷായണി വാരസ്യാർ പാട്ടുടീച്ചറാണ് . മിലിറ്ററിക്കാരൻ കൂട്ടുകാരൻ്റെ സഹോദരി. സുന്ദരി . അമ്മാളുവറിയാതെ മേനോൻ അവളെ താലി കെട്ടിയിട്ടുമുണ്ട് . അതിൽ രണ്ട് മക്കളും ഉണ്ട് .

അങ്ങനെ രാവുണ്ണി മേനോൻ്റെ ജീവിതം  സ്വസ്ഥം എന്നു   പറയാം.
തേച്ചുകുളിയും തേവാരവുമായി അമ്മാളുവിന് മുൻപിൽ വിധേയത്തം അഭിനയിച്ച് അങ്ങനെ കഴിഞ്ഞു കൂടുന്നു

രാവിലെ കറവക്കാരനോടൊപ്പം തുടങ്ങുന്നു അമ്മാളുവിൻ്റെ ശാസന

"ചാത്താ ..
 നീ പയ്യിൻ്റെ മൊല ഒന്ന് അമർത്തി പീച്ച്, പാല് ള്ളത് ങ്ങട്ട് പോരട്ടെ
അൻ്റെ കയ്യ്ന് ദീനൊന്നും ല്യാലൊ"

"അനൂ  ..
പിന്നാമ്പറ് ത്തെ കോലായി ഇന്നലെ നീയ് അട് ച്ചോരീ ട്ടില്ലലെ ?"

ഇളയ മകൻ്റെ ഭാര്യയോട്

"സുനിതേ.. മകൻ ഹരിയുടെ ഭാര്യയോട്

" ന്നാ ഈ പാല് അട്പ്പത്ത് വക്ക്. മനോരാജ്യം കണ്ട് നിന്ന് ന്നാള്ത്തെപ്പോലെ തൂവി ക്കളയണ്ടാ. ഞാം പറഞ്ഞേക്കാം"

"സുമേഷേ ...
ആ റബ്ബർഷീറ്റ് ഒന്ന് എണ്ണി വക്കോണ്ടു. ജോലിക്ക് പോവാൻ നീം നേരണ്ടല്ലോ. നിപ്പൊ അത്നും ഞാനെന്നെ വേണോ ?"

"എടീ .. പുഞ്ചേ...
ഇന്നലേം ഞാം പറഞ്ഞു ആ നെല്ല് നേരെ പരത്തീട്ട്ല്ലാന്ന്
നി അദ് കട്ട കുത്തിക്കണ്ടാ/ അൻ്റെ മുതോം പൊറത്ത് ൻ്റെ കയ്യ് ഒന്ന് വീഴും. 
ബാക്കിള്ളോര് നയ്ച്ച് ണ്ടാക്കണ മൊതലാ നീയ് കേട് വര്ത്തിക്കളയണത്"

"ഹരീ
ഇന്ന് ആ ബാങ്കിൽപ്പോയി ആ ഫിക്സഡ് ഡെപ്പോസിറ്റ് ഒന്ന് പുതുക്കണം"

"സുരേശാ
ആ കിട്ടപ്പനോട് ഒന്ന് വരാം പറ. തൊടീല് ആ വാഴയ്ക്ക് ത്തിരി ആട്ടും കാട്ടം കിട്ടണം. ഓൻ്റെ അട്ത്ത് ണ്ടാവും. മറക്കണ്ടാട്ടോ"

"രാവുണ്യേട്ടാ
കുളി കഴിഞ്ഞ് രാസ്നാദിപ്പൊടി തിരുമ്മാൻ മറക്കണ്ട. ധനുമാസായി നല്ല മഞ്ഞും തൊടങ്ങി .വല്ല നീരെളക്കോം വന്ന് ഈ മാസത്തെ കൊടുങ്ങല്ലൂർ പോക്ക് മൊടങ്ങണ്ട"

ഭർത്താവിനോട്

"എന്താടാ ചെക്കമ്മരേ...ങ്ങക്ക് സ്കൂളിൽ പോണ്ടേ. മണ്ടിപ്പോയി കുളീം കഴിം ഒക്കെ ചെയ്യ്"

പേരക്കുട്ടികളോട്

"ചാത്തുണ്യേ ..അടയ്ക്ക പോരല്ലോ. അൻ്റെ നോട്ടം ശര്യായ് ട്ടില്ല
എല്ലാത്തിനും ൻ്റെ നോട്ടം എത്തണം ച്ചാത്തിരി പാടാണേയ്"

കാലത്ത് തുടങ്ങുന്ന കാര്യസ്ഥതയുടെ വ്യത്യസ്ത ചിത്രങ്ങൾ അമ്മാളു അമ്മയുടെ കണ്ണുകളിൽ തെളിഞ്ഞു

"നിങ്ങളാരെയും മനസ്സുകൊടുത്ത് സ്നേഹിച്ചിട്ടില്ല. അമ്മാളു അമ്മേ
അതു കൊണ്ടു തന്നെ നിങ്ങളേയും നിങ്ങളുടെ ഭർത്താവും മക്കളുമടക്കം ആരും സ്നേഹിച്ചിട്ടില്ല

"നിങ്ങളല്ലെങ്കിൽ ചാക്കോത്ത് വീടില്ലെന്നു നിങ്ങൾ കരുതി.
ശാസിച്ചും കല്പിച്ചും നിങ്ങൾ ആ കുഞ്ഞുങ്ങളെ വരെ ഭരിച്ചു.
നിങ്ങളുടെ ഭർത്താവിനൊടൊപ്പം ഒരു യാത്ര പോലും പോയില്ല. അയാളുടെ ആഗ്രഹത്തിന് അയാൾ ആഗ്രഹിക്കുമ്പോൾ നിങ്ങൾ ചെന്നില്ല. മക്കൾക്കൊപ്പമിരുന്ന് ഒരു ഉരുള പോലും നിങ്ങൾ ഭുജിച്ചില്ല
മരുമക്കൾക്കൊപ്പം നിറഞ്ഞു ചിരിച്ചില്ല
നിങ്ങളുടെ രക്തമായ ആ കുഞ്ഞുങ്ങളെ ഒന്ന് താലോലിക്കാൻ പോലും നിങ്ങൾ മറന്നു.
ഇന്ന് അവരുടെ കളി ചിരികളിൽ നിങ്ങളില്ല
മക്കളുടെ ജീവിതത്തിൽ നിങ്ങൾ മുറുക്കിക്കെട്ടിയ വിലങ്ങുകൾ ഇന്നില്ല. ഭർത്താവിൻ്റെ ദിവസങ്ങളിലും ജീവിതത്തിലും സ്വതന്ത്രരായ
അവർക്കിടയിലും നിങ്ങളില്ല
ചാക്കോത്ത് വീട് നിങ്ങളില്ലെങ്കിലും നിലനിൽക്കും എന്ന് മനസ്സിലായില്ലേ "?

"കാലനാരേ
ഞാനീ ചെയ്തതിനാരും കൂലി തന്നിട്ടില്ല. ഒരു നല്ല വാക്കും , അഭിനന്ദനവും ഞാൻ മോഹിച്ചിട്ടില്ല. എൻ്റെ ജീവിതം ഈ വീടിനും വീട്ടുകാർക്കും വേണ്ടിയായിരുന്നു. സ്നേഹം തുറന്നു കാണിക്കാൻ എനിക്കു കഴിഞ്ഞില്ല
ഞാനില്ലാതെ ഈ വീടില്ലെന്നു തെറ്റിദ്ധരിച്ച ഞാനൊരു വിഡ്ഢി . ശരിക്കും ഉത്തരം താങ്ങിപ്പല്ലി
ഞാനില്ലാത്ത ലോകത്ത് എന്നെയോർത്ത് ദു:ഖിക്കാൻ പോലും ഇന്ന് ആളില്ലാതായി"

അമ്മാളു പറഞ്ഞവസാനിപ്പിച്ചപ്പോൾ കാലനു പോലും അവരോട് അനുകമ്പ തോന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക