Image

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തി മാന്‍പവര്‍ അതോറിറ്റി

Published on 03 January, 2022
 കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തി മാന്‍പവര്‍ അതോറിറ്റി

 

കുവൈറ്റ് സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുവാന്‍ ഒരുങ്ങി മാന്‍പവര്‍ അതോറിറ്റി. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുമെന്നും അടുത്ത സെപ്റ്റംബറോടെ കുവൈറ്റ് സ്വദേശിവല്‍ക്കരണം കൈവരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, സാങ്കേതിക ജോലികള്‍, മാരിടൈം, മാധ്യമങ്ങള്‍, കല, പബ്ലിക് റിലേഷന്‍സ്, അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കും. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ സംവരണത്തിന് നിശ്ചിത തോത് നിര്‍ണയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ പദ്ധതികളിലും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ജീവനക്കാരിലും നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം സിവില്‍ സര്‍വീസ് കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശവും പരിഗണനയിലാണ്.


സ്വദേശിവല്‍ക്കരണം അതിവേഗത്തിലാകുന്നത് മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതിക ഇതര തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. അത്യാവശ്യമുള്ള ജോലിക്കാരെ സബ്‌കോണ്‍ ട്രാക്ടിംഗ് കന്പനികളിലേക്കും മാറ്റുന്നുണ്ട്. നിലവില്‍ 43 ലക്ഷമാണ് കുവൈറ്റിലെ ജനസംഖ്യ. ഇതില്‍ 13 ലക്ഷം മാത്രമാണ് കുവൈത്തികള്‍. വിദേശികള്‍ മുപ്പത് ലക്ഷവും. രാജ്യത്ത് നിലനില്‍ക്കുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് കടുത്ത നടപടികളാണ് കുവൈറ്റ് സ്വീകരിച്ച് വരുന്നത്.

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക