Image

ഇന്ത്യന്‍ എംബസിയുടെ പുതിയ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

Published on 04 January, 2022
 ഇന്ത്യന്‍ എംബസിയുടെ പുതിയ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

 

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ സേവന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു. നേരത്തെ പാസ്‌പോര്‍ട്ട് വിസ സേവനങ്ങള്‍ നല്‍കിയിരുന്ന സികെജിഎസിനെ മാറ്റിയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ കന്പനിയുമായി ഇന്ത്യന്‍ എംബസിയുമായി കരാറിലേര്‍പ്പെട്ടത്. കുവൈറ്റ് സിറ്റി ഷര്‍ഖിലെ ജവഹറ ടവറില്‍ മുന്നാം നിലയിലാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

അബ്ബാസിയയില്‍ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിംഗിലെ മെസനൈന്‍ ഫ്‌ളോറിലും ഫഹാഹീലിലെ മക്ക സ്ട്രീറ്റില്‍ അല്‍ അനൗദ് ഷോപ്പിംഗ് കോംപ്ലക്‌സിലെ മെസനൈന്‍ ഫ്‌ളോറിലുമാണ് സേവന കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെയും വൈകീട്ട് നാല് മുതല്‍ വൈകീട്ട് എട്ട് വരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ എട്ട് വരെയും പ്രവര്‍ത്തിക്കുക.

ജനുവരി പത്തിന് രാവിലെ പത്തിന് ഷര്‍ഖിലും പതിനൊന്നിന് അബാസിയയിലും പന്ത്രണ്ടിന് ഫഹാഹീലിലും സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുക. പാസ്‌പോര്‍ട്ടുകള്‍ക്കും വിസകള്‍ക്കും കോണ്‍സുലാര്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള മറ്റ് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമുള്ള എല്ലാ അപേക്ഷകളും പുതിയ കേന്ദ്രങ്ങളില്‍ ജനുവരി 11 മുതല്‍ സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യന്‍ എംബസിയില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ജനുവരി പതിനൊന്ന് മുതല്‍ ലഭ്യമാകില്ല. മരണ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും തുടര്‍ന്നും എംബസിയില്‍ തുടരുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


കൂടുതല്‍ വിശദാംശങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ വാട്ട്‌സ് ആപ്പ് ഹെല്‍പ്പ് ലൈന്‍ നന്പറുകളില്‍ നിന്നും ലഭ്യമാക്കും. പുതിയ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ബ്രീഫിംഗ് ജനുവരി 9ന് ഓണ്‍ലൈനായി സംഘടിപ്പിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കെടുക്കാം. അന്വേഷണങ്ങളും നിര്‍ദ്ദേശങ്ങളും cons1.kuwait@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക