Image

ഓരോ മരവും വെട്ടിവീഴ്ത്തുമ്പോൾ... (വിജയ് സി. എച്ച്)

Published on 07 January, 2022
ഓരോ മരവും വെട്ടിവീഴ്ത്തുമ്പോൾ... (വിജയ് സി. എച്ച്)
 
ഒടുവിൽ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മൂന്നെണ്ണം നേടിയ ഒരേയൊരു പടമേ ഉണ്ടായിരുന്നുള്ളൂ! ഡോ. പ്രമീള നന്ദകുമാർ കഥയും, തിരക്കഥയും, സംഭാഷണവും, ഗാനവുമെഴുതിയ 'നാനി'. മികച്ച കുട്ടികളുടെ ചിത്രം, മികച്ച ബാലതാരം, മികച്ച സിങ്ക് സൗണ്ട് എന്നീ മൂന്നു അവാർഡുകൾ 'നാനി'യ്ക്കാണെന്ന വാർത്തയോടൊപ്പം മറ്റൊരു അസാധാരാണ വിവരം കൂടി സിനിമാ നിരൂപണ വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുരസ്കാര നിർണ്ണയത്തിന് 'നാനി' സമർപ്പിക്കപ്പെട്ടത് ജനറൽ കാറ്റഗറിയിലായിരുന്നുവെങ്കിൽ, ഏറ്റവും നല്ല ഫീച്ചർ ഫിലീമായിത്തന്നെ തിരഞ്ഞെടുക്കപ്പെടുമായിരുന്നു എന്നതായിരുന്നു ആ വിസ്മയ വാർത്ത! എന്നാൽ, അവാർഡ് ജൂറി അംഗങ്ങളെ ഉദ്ധരിച്ച് ആരംഭിച്ച ഈ സംവാദം, ഡോ. പ്രമീള ശ്രവിച്ചത് അത്ര ആവേശമൊന്നുമില്ലാതെയാണ്.
"ശുദ്ധമായ ലേശം വായു ശ്വസിക്കാൻ മലീമസമായ ഡെൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ഒരു ബാലികയുടെ നേർകാഴ്ചകളാണ് നാനിയിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. ഇവിടെ നാം നിഷ്കരുണം വെട്ടി വീഴ്ത്തിയ ഒരു വൃക്ഷത്തിൻ്റെ ആത്മാവാണ് ആ ബാലികയുടെ കൊച്ചു കൂട്ടുകാരി 'നാനി'യായി പ്രത്യക്ഷപ്പെടുന്നത്. കുട്ടിക്കാലം മുതൽ ഞാൻ ഉപാസിച്ചുകൊണ്ടിരിക്കുന്ന പച്ചപ്പും, പരിസ്ഥിതിയും ഇന്നാർക്കുവേണം?" ഡോ. പ്രമീള പറഞ്ഞു തുടങ്ങി:
🟥 നാനിയുടെ സന്ദേശം
ഭൂമിയുടെ നാളെത്തെ രക്ഷകരായ കുട്ടികളുടെ കണ്ണ് 'നാനി' തുറപ്പിക്കുമെങ്കിൽ എൻ്റെ ദൗത്യം വിജയിക്കുന്നു. എനിക്കുറപ്പുണ്ട്, തീർച്ചയായും നമ്മളേക്കാൾ നല്ലവരാണ് നമ്മുടെ കുഞ്ഞുതലമുറയെന്ന്. പ്രകൃതിയ്ക്കു നേരെയുള്ള നമ്മുടെ അതിക്രമങ്ങൾ അവർ അറിയുന്നു. കുട്ടികൾ എല്ലാ കാര്യങ്ങളും പ്രകൃത്യാ ചിന്തിക്കുന്നുമുണ്ട്. തെറ്റുകാരെന്ന് മുദ്രകുത്തി അവരുടെ വിരലുകൾ നമുക്കു നേരെ ഉയരാതിരിക്കില്ല. ഉറപ്പാണ്, നമ്മുടെ അതിക്രമങ്ങളെ അവർ ചോദ്യം ചെയ്യുക തന്നെ ചെയ്യും. മൃതപ്രായയായ പൃഥ്വിയുടെ ബാക്കിപത്രത്തിൽ എണ്ണമിട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ഒരോന്നോരോന്നായ് അവർ ഉച്ചത്തിൽ വിളിച്ചു പറയും! ഭൂമിയെന്നത് കേവലം അല്പം മണ്ണുമാത്രമല്ല. മനുഷ്യ ജീവൻ സാദ്ധ്യമാക്കിയെടുക്കുന്ന ഒരു പൂർണ്ണമായ ആവാസവ്യവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ്, നാമെത്രപേർ ഭൂമിയോട് ശ്രദ്ധയോടെ ഇടപെടുന്നുണ്ട്? വിനാശകരമായ ഓരോ കടന്നാക്രമണങ്ങളുടെയും അനന്തരഫലം നാം അനുഭവിച്ചേ മതിയാകൂ!
നാലു വർഷത്തോളം നീണ്ടുനിന്ന ഒരു സിനിമാശ്രമത്തിൻ്റെ ഉച്ചസ്ഥിതിയാണ് സംസ്ഥാനതല ചലച്ചിത്ര പുരസ്കാരങ്ങളെന്ന് കരുതുന്നില്ലെങ്കിലും, അവ മഹാമാരിക്കാലത്തെ ഇത്തിരി സന്തോഷങ്ങളിൽ ഒന്നാണ്. ദേശീയതലത്തിലും 'നാനി' ശ്രദ്ധിക്കപ്പെട്ടു. മരവും, മഴയും, പുഴയുമെല്ലാം എൻ്റെ അക്ഷരങ്ങൾക്ക് ജീവൻ നൽകി. പ്രകൃതിക്കു വേണ്ടിയുള്ള എഴുത്തിന് കിട്ടിയ അംഗീകാരമാണ് ഈ സമ്മാനങ്ങൾ. സന്തോഷത്തോടൊപ്പം അൽപം അഭിമാനവും തോന്നുന്നു.
🟥 നാണിയാണ് 'നാനി'
കഥയിലെ നായികയായ അമ്മുവിൻ്റെ അമ്മ കുഞ്ഞായിരുന്നപ്പോൾ, അവർക്ക് ഏറെ പ്രിയപ്പെട്ടതായി തൊടിയിൽ ഒരു തൈവൃക്ഷമുണ്ടായിരുന്നു. ഒറ്റപ്പെടലിൻ്റെ ഇളംചൂടിൽ അവർക്ക് തണലേകിയത് ഈ കൊച്ചു മരമായിരുന്നു. മെല്ലെമെല്ലെ, കളിയും, ചിരിയും, വാദപ്രതിവാദവുമെല്ലാം ഈ മരത്തോടൊത്തായി. കളിക്കൂട്ടുകാരിയായി മരം മാറിയപ്പോൾ, അവരതിനെ 'നാണി'യെന്ന് ഓമനപ്പേരിട്ടു വിളിച്ചു. വളർന്നു വലുതായി വിവാഹിതയുമായി, അവർ ഡൽഹിയിൽ താമസമാക്കി. വായുമലീനികരണത്താൽ മൂർച്ഛിച്ച ശ്വാസതടസ്സം നേരിടുന്ന മകൾ അമ്മുവിനെ നാട്ടിൽ വിടാനെത്തിയപ്പോൾ, വെട്ടിവീഴ്ത്തിയിട്ടിരിക്കുന്ന പ്രിയ കളിക്കൂട്ടുകാരി നാണിയെയാണ് കണ്ടത്. നാണിയുടെ ദുര്യോഗം അവരെ വല്ലാതെ അസ്വസ്ഥയാക്കി. അനന്തരം മാതാവുമായി ഭാഷണങ്ങൾ അരങ്ങേറുന്നുണ്ട്.
തുടർന്നാണ്, നാണിയുടെ ആത്മാവ് മറ്റൊരു ബാലികയായി അമ്മുവിൻ്റെ മുന്നിലെത്തി, താൻ 'നാണി'യാണെന്ന് സ്വയം പരിചയപ്പെടുത്തുന്നത്. തികച്ചും ആകസ്മികമായി തനിക്കു ലഭിച്ച സ്‌നേഹിതയെ അമ്മു ഹൃദയംകൊണ്ട് ദർശിക്കുകയും ശ്രവിക്കുകയും ചെയ്യുന്നു. ഡൽഹിയിൽ പഠിച്ചിരുന്ന അമ്മുവിന്, നാണിയെന്ന നാടൻ നാമം 'നാനി' എന്നേ ഉച്ചരിക്കാൻ കഴിയുന്നുള്ളൂ. നാനിയുടെ ബാഹ്യരൂപം അമ്മുവല്ലാത്തവർക്കല്ലാം അദൃശ്യമാണ്! എല്ലാവരുടെ ദൃഷ്ടിയിലുമെത്തുന്ന മിടുക്കൻ കൂട്ടുകാരൻ മാധവിന് മുന്നിൽ നാനിയില്ല, അമ്മുവും മറ്റു ചങ്ങാതിമാരും മാത്രം! മരങ്ങളും കിളികളും, തുമ്പികളും, പൂമ്പാറ്റകളും നിറഞ്ഞ തൊടി അവരുടെ ലോകവും.
പ്രകൃതിയുടെയും പച്ചപ്പിൻ്റെയും പ്രാണൻ പേറുന്ന പ്രതിരൂപമായിക്കൊണ്ട്, പ്രിയ മിത്രം നാനി അമ്മുവുമായി സദാ സംവദിക്കാൻ തുടങ്ങുന്നതോടെ, ചലച്ചിത്രം അതിൻ്റെ പ്രമേയ തീവ്രതയിലേക്ക് പ്രവേശിക്കുന്നു.
കേതറിൻ, മാളവിക, മാധവ്, ശ്വേതാ മേനോൻ, നിർമ്മല ശ്രീനിവാസൻ, സൈമൺ ബ്രിട്ടോ മുതലായവർ യഥാക്രമം, അമ്മു, നാനി, മാധവ്, അമ്മുവിൻ്റെ അമ്മ, അമ്മൂമ്മ, മുതിർന്ന നാട്ടുകാരൻ എന്നീ വേഷങ്ങളിൽ പടത്തിന് മിഴിവേകുന്നു.
🟥 സിങ്ക് സൗണ്ട് ചിത്രീകരണം
കുട്ടികൾ വരച്ചിടുന്ന പ്രകൃതി സംരംക്ഷണ സന്ദേശം, കഴിയുന്നത്ര പാരിസ്ഥിതികമാവണം എന്നതിലാണ് 'നാനി' സിങ്ക് സൗണ്ട് രീതിയിൽ ചിത്രീകരിച്ചത്. രംഗ ചിത്രീകരണ വേളയിൽ തന്നെ സംഭാഷണങ്ങളും, കഥയ്ക്ക് അനിവാര്യമായ മറ്റു പശ്ചാത്തല ശബ്ദങ്ങളും പ്രകൃത്യാ പകർത്തുന്ന രീതിയാണിത്.
ഷൂട്ടിനു ശേഷം, രണ്ടാം ഘട്ടമായി, ശബ്ദം സ്റ്റുഡിയോയിൽ വച്ച് നൽകുന്ന രീതിയേക്കാളേറെ മൗലികതയും സ്വാഭാവികതയും സിങ്ക് സൗണ്ട് ശൈലി കഥാസന്ദർഭങ്ങൾക്ക് കൊടുക്കുന്നു. ഇലകളുരസുന്ന മർമ്മരവും, അണ്ണാൻ്റെ ചിലപ്പും മുതൽ ഉല്ലാസ പറവകളുടെ ഗീതം വരെയുള്ളത് ദൃശ്യങ്ങൾക്ക് സത്യസന്ധമായ ചൈതന്യം നൽകുന്നു. കൃത്രിമമായ high-tech ധ്വനി ഒന്നിനുമില്ല. പടത്തിൻ്റെ പ്രകൃതം പ്രകൃതി തന്നെയാകണമെന്നത് ഞങ്ങളുടെ പ്രഥമഗണനയായിരുന്നു.
നാനിയുടെ ദൃശ്യവൽക്കരണവും പ്രകൃതിയിൽ നിന്ന് അകന്നു പോയില്ല. ആമ, അണ്ണാൻ, തുമ്പി മുതലായ കഥാപാത്രങ്ങൾ യാദൃശ്ചികമായി തന്നെ ഞങ്ങളുടെ സമീപത്ത് വന്നെത്തുകയും ഷൂട്ടിങ്ങിനോട് സഹകരിക്കുകയുമായിരുന്നു. പ്രകൃതിതന്നെയാണല്ലൊ നാനി!
ബുദ്ധിമുട്ടേറിയ ഈ ശബ്ദചിത്രീകരണത്തിന് വൈദഗ്ദ്ധ്യവും, അതിനൊപ്പം തന്നെ സാഹചര്യങ്ങളുടെ അനുകൂല ഭാവവും അത്യാവശ്യം. ഷൂട്ടിങ്ങ് ലൊക്കേഷൻ്റെ പരിസര വാസികൾ പോലും ചിത്രീകരണവുമായി സഹകരിക്കണം. കാരണം, സിനിമയിൽ വേണമെന്ന് കരുതുന്ന ശബ്ദമൊഴികെ മറ്റൊന്നും അടുത്ത പ്രദേശങ്ങളിൽനിന്ന് തെന്നിയെത്തരുത്. ഒരു പക്ഷേ, ഈ വക പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ് പലരും സിങ്ക് സൗണ്ട് ചിത്രീകരണത്തിന് മുതിരാത്തത്.
🟥 പ്രകൃതി പറയിച്ചു
പ്രകൃതി നിരീക്ഷണവും, ഇടപെടലും കുട്ടിക്കാലം മുതലേ എൻ്റെ ശീലമാണ്. ഒഴിവുവേളകളിൽ സമ്പർക്കം പുലർത്തിയിരുന്നത് ചെടികളും, പൂക്കളും പൂമ്പാറ്റകളുമുള്ള തൊടിയിലെ പച്ചപ്പിനോടു തന്നെ. നമ്മിൽ നിന്ന് വേറിട്ടു നിൽക്കുന്നത് എന്ന മനോഭാവം പ്രകൃതിയോട് ഒരിക്കലും തോന്നിയിട്ടില്ല. കേവലം വളരുന്നത് എന്നതിലുപരി ഏതൊരു ചെടിക്കും മനുഷ്യൻ്റേതുപോലുള്ള വികാരങ്ങൾ ഉണ്ടെന്ന വിശ്വാസം എന്നിൽ അടിയുറച്ചിരുന്നു. അതിനാൽ ജീവനുള്ള പ്രകൃതിയെയാണ് ഞാൻ എൻ്റെ ചുറ്റും എന്നും ദർശിക്കുന്നത്. ഇതുകൊണ്ടുതന്നെയാവാം 'മരങ്ങൾക്ക് ജീവനുണ്ടോ'യെന്ന എൻ്റെ മകൻ്റെ ചോദ്യം എന്നിൽ നാനിയുടെ കഥയ്ക്ക് തുടക്കമിട്ടത്. എങ്കിൽ വെട്ടിമുറിക്കപ്പെട്ട ഒരു മരം എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ഞാൻ ചിന്തിച്ചു. തീർച്ചയായും ആ മരത്തിൻ്റെ ആത്മാവ് ഇവിടെ ചുറ്റിത്തിരിയുന്നുണ്ടാവാം. ആ വേദന മനസ്സിലാക്കുന്ന ഒരു നിഷ്കളങ്ക ഹൃദയത്തോട് ആ ആത്മാവ് അതിന് പറയാനുള്ളതെല്ലാം പറഞ്ഞിരിക്കാം. അങ്ങനെ 'നാനി'യെന്ന ആത്മാവ് കഥയെ മുന്നോട്ട് നയിച്ചു. നാനി എന്നോട് പറഞ്ഞതെല്ലാം ഞാൻ അമ്മു എന്ന കൊച്ചു കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിമാറ്റി അവളിലേക്ക് സംക്രമിപ്പിച്ചു.
മണ്ണും, മഴയും, പുഴയും, പച്ചപ്പുമെല്ലാം ആവോളം ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുവാൻ ശ്രമിച്ചു. പ്രകൃതിയുടെ താളം ശ്രവിക്കുവാൻ നൈസർഗ്ഗികമായ ശബ്ദചിത്രീകരണത്തിലും ശ്രദ്ധിച്ചു. ഓരോ സീനുകളിലെ സൗന്ദര്യവും, ഈ പ്രകൃതിയുടെ ജീവതാളവും കാത്തുസൂക്ഷിച്ചില്ലെങ്കിൽ എന്നന്നേക്കുമായി അവ നമുക്ക് നഷ്ടപ്പെടുമെന്ന പ്രബലമായൊരു സന്ദേശംകൂടി ദൃശ്യങ്ങൾക്കിടയിൽ മാറ്റൊലി കൊള്ളുന്നുണ്ട്.
മനുഷ്യരേക്കാളുപരി ഒട്ടേറെ പ്രകൃതിയിലെ സസ്യജന്തുജാലങ്ങൾ കഥാപാത്രങ്ങളായി വന്നിട്ടുണ്ട് ഈ സിനിമയിൽ. ഇത്തരം ഒട്ടു മിക്ക കഥാപാത്രങ്ങളും സ്വമേധയാ ഷൂട്ടിൽ വന്ന് അവനവൻ്റെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചത് ഞാൻ ശ്രദ്ധിച്ചു. എന്നെക്കൊണ്ട് ഈ കഥ പറയിച്ച പ്രകൃതി തന്നെയാവാം ഇതിനു പുറകിലെന്ന് കരുതാനാണ് എനിക്കിഷ്ടം.
അഞ്ചു വർഷം മുമ്പെ, നെടുമ്പാശ്ശേരിയിലെ ഒരു സ്കൂൾ മുറ്റത്ത്, 125 വർഷത്തിലേറെ പ്രായമുള്ള ഒരു പടുകൂറ്റൻ മാങ്ങാമരം കാണാനിടയായി. മനോഹരമായ ആ വൃക്ഷത്തിൻ്റെ ഇലച്ചാർത്ത് ചാരുതയിൽ നോക്കി നിന്നപ്പോഴാണ് 'നാനി'യുടെ കഥ എങ്ങനെ ആയിരിക്കണമെന്നതിൻ്റെ പ്രഥമ സ്പാർക്ക് എൻ്റെ ചിന്തയിൽ വന്നുവീണത്. മുത്തശ്ശിമാവ് ദീപ്തമാക്കിയ എൻ്റെ പുതിയ ഭാവനയ്ക്ക് മകൻ്റെ പഴയ ചോദ്യം തീ കൊളുത്തി. 'നാനി'യുടെ കഥ എഴുതപ്പെട്ടത് അങ്ങനെയാണ്. മുത്തശ്ശിമാവിനോട് എനിയ്ക്കുള്ള കൃതജ്ഞത പ്രകടിപ്പിക്കണമായിരുന്നു. സിനിമ യാഥാർത്ഥ്യമായപ്പോൾ, ഒരു മാവിൻ തൈ കൊണ്ടു പോയി വിദ്യാലയ വളപ്പിലെ ബൃഹത് വൃക്ഷത്തിനു സമീപം ഞാൻ നട്ടു. ആ കുഞ്ഞിന് നാനിയെന്ന് പേരുമിട്ടു. സ്കൂളധികൃതരുടെ സംരക്ഷണത്തിൽ കൊച്ചു നാനി അവിടെ വളർന്നു വലുതാകുന്നു. മുത്തശ്ശി ഇന്ന് ഒറ്റയ്ക്കല്ല, കൂട്ടിനൊരു ഇളം തലമുറയുമുണ്ട്!
🟥 അമ്മു തേങ്ങിക്കരഞ്ഞു
കുട്ടികളുടെ കൗതുകക്കണ്ണുകൾ തേടുന്നത് ഒരിക്കലും ആധുനികതയുടെ ആർഭാടമല്ല. മറിച്ച്, പ്രകൃതിയുടെ സൗന്ദര്യവും, തനിമയും, പവിത്രതയുമാണ്. അമ്മുവിന് നാനി കാണിച്ചു കൊടുക്കുന്നതും, വിവരിച്ചു കൊടുക്കുന്നതും നാട്ടിൻ പുറത്തെ ശുദ്ധമായ വായുവും, വെള്ളവും, തണലും, താരുണ്യവുമാണ്. ഒരു പക്ഷേ, ഈ അറിവുകൾ അവളെ ഒരു സസ്യ-ജന്തു വൈവിധ്യത്തിൻ്റെ പാരസ്പരിക ബന്ധമുള്ള സ്വബോധത്തിലേക്ക് നയിച്ചിട്ടുണ്ടാവാം. പലപ്പോഴും അവൾ സ്വമേധയാ ഉറുമ്പുകളിലും, തുമ്പികളിലും, മീൻ കുഞ്ഞുങ്ങളിലുമെല്ലാം അവളുടെ കൂട്ടുകാരെ കണ്ടെത്തുന്നതും, അവരോട് സംവദിക്കുന്നതും നമുക്ക് കാണാൻ കഴിയുന്നുണ്ട്.
ഓരോ മരവും വെട്ടിവീഴ്ത്തുമ്പോൾ എത്രയെത്ര പക്ഷിക്കുഞ്ഞുങ്ങളെയും, മറ്റു ജീവികളെയുമാണ് അനാഥരാക്കുന്നതും, പട്ടിണിയാക്കുന്നതും, മരണത്തിലേക്ക് തള്ളിവിടുന്നതുമെന്നും, ഈ മണ്ണിലെ ഓരോ തുള്ളി ജലവും തുടച്ചു മാറ്റുമ്പോൾ, എത്രയെത്ര സൂക്ഷ്മജീവികളെയാണ് നാം കൊന്നൊടുക്കുന്നതെന്നും, എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ?
നാനിയുടെ ഷൂട്ട് കഴിഞ്ഞ കാലം. ആമസോൺ കാടുകൾ കത്തിയെരിയുന്ന ഭയാനകമായ ദൃശ്യങ്ങൾ കാണാനിടയായ കേതറിൻ (അമ്മുവിനെ അവതരിപ്പിച്ച ബാലതാരം) തേങ്ങിക്കരഞ്ഞു. അമ്മുവായി അഭിനയിച്ച് ഉള്ളുകൊണ്ട് പ്രകൃതിയുടെ പുത്രിയായിത്തീർന്ന കേതറീന് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിയെരിയുന്നത് കണ്ടിരിക്കാൻ കഴിഞ്ഞില്ല. ലോകത്തേറ്റവും കൂടുതൽ സസ്യവൈവിധ്യമുള്ള ഇടമാണ് ആമസോൺ കാടുകൾ... മഴക്കാടുകളാണ് ജൈവവൈവിധ്യ കേന്ദ്രങ്ങൾ... ഹാ, കഷ്ടം... എല്ലാം കത്തിച്ചാമ്പലാകുന്നു...
നാനിയുടെ ദൃശ്യവൽക്കരണ ലോകത്ത് ഇത്തിരി നാൾ ജീവിച്ച കാതറീൻ എല്ലാം ഉള്ളിലേക്ക് ആവാഹിച്ചിരുന്നു. ഇത്തരമൊരു സ്വാധീനം ചെലുത്തലാണ്, തന്മയീഭാവമാണ്, സാധാരണീകരണമാണ് കഥയെഴുതുമ്പോൾ ഞാൻ ലക്ഷ്യമിട്ടതും. ഒരാളെയെങ്കിലും പ്രകൃതിയുടെ കൂട്ടുകാരിയാക്കാൻ കഴിഞ്ഞാൽ, ഞാൻ കൃതാർത്ഥയാണ്. എൻ്റെ ദൗത്യം കാട്ടുന്നത് വിജയ സൂചനകളാണ്!
🟥 മാതാപിതാക്കൾ മാതൃക
ഓരോ കുട്ടിയും പിറന്നു വീഴുന്നത് ഈ പ്രകൃതിയുടെ മടിത്തട്ടിലേയ്ക്കാണ്. പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ അവൻ്റെ ശരീരത്തിൽ പ്രകൃതിയുടേതു പോലെ തന്നെ നിർമ്മലമായ ഒരു മനസ്സുണ്ട്. ഒരിക്കലും ആ മനസ്സ് പ്രകൃതിക്ക് എതിരല്ല. എന്നാൽ, ഇന്നു നാം കാണുന്ന ഈ പ്രകൃതി വിരുദ്ധത അവനിൽ എങ്ങനെയാണ് പിറവി കൊണ്ടത്? അവൻ തന്നെയല്ലേ ഈ പ്രകൃതിയെ ആവോളം അനുഭവിച്ചു തീർക്കുന്നതും, ചുട്ടെരിക്കുന്നതും? ഓരോ കുഞ്ഞും തൻ്റെ ഭൂമിയാകുന്ന അമ്മയുടെ മാറിൽ ചവിട്ടി കുതിക്കുമ്പോൾ, ആ അമ്മ അറിയുന്നുണ്ടോ, ഇവൻ നാളെ തൻ്റെ മാറു പിളർന്ന് അവസാന തുള്ളി രക്തവും ഊറ്റിക്കുടിക്കുമെന്ന്? ഇത്തരത്തിലുള്ള ആസുരഭാവം അവനിൽ ഉയിർത്തെഴുന്നേൽക്കുന്നുവെങ്കിൽ, നാമുൾപ്പെടുന്ന ഓരോ കുടുംബവും, സമൂഹവും, വ്യവസ്ഥിതിയും തന്നെയാണ് അതിന് ഉത്തരവാദി. ഈ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കുവാൻ അവനെ പഠിപ്പിക്കേണ്ടത് നാം തന്നെയാണ്. അതു പക്ഷേ, എളുപ്പമല്ല. കാരണം, ആദ്യം നാം മാതൃക കാണിക്കേണ്ടതുണ്ടല്ലോ!
🟥 ഓക്സിജൻ സിലിണ്ടറിൻ്റെ വില
മഹാമാരിക്കാലത്തെ ഓക്സിജൻ സിലിണ്ടറിൻ്റെ വിലയെക്കുറിച്ചുള്ള ആകുലതകൾ ഈ സിനിമയുടെ കഥ എഴുതുന്ന സമയത്ത് ഇല്ലായിരുന്നു. പക്ഷെ, ഇന്ന് പ്രാണവായു ലഭിക്കാതെ മനുഷ്യർ മരിച്ചു വീഴുന്നു. അതിനാൽ, 'ഒരു ഓക്സിജൻ സിലിണ്ടറിന് എന്തു വില വരും' എന്നതു പോലെയുള്ള അമ്മുവിൻ്റെ ചില ചോദ്യങ്ങൾ ഒരു സഹജാവബോധം പോലെ നമ്മുടെ ജീവിതത്തിൽ പ്രവചനാത്മകമായിത്തീരുകയാണ്! ഒരു കുട്ടികളുടെ സിനിമ, അല്ലെങ്കിൽ ഒരു പരിസ്ഥിതിക്കഥ, എന്നതിനപ്പുറത്ത് ശക്തമായ സന്ദേശങ്ങളുമായി പ്രേക്ഷകരുടെ അടുത്തേക്ക് ഓടിച്ചെല്ലാൻ ശ്രമിച്ചിട്ടുണ്ട്.
ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ, ഇന്ന് ധാരാളമുണ്ടെന്ന് നാം അഹങ്കരിക്കുന്ന ഹരിതാഭയും, ശുദ്ധവായുവുമെല്ലാം കാത്തു സൂക്ഷിച്ചില്ലെങ്കിൽ, നാളെ നമ്മുടെ കുഞ്ഞു തലമുറയായിരിക്കും അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത്. ഈ വേവലാതിയാണ് 'നാനി'യിൽ അമ്മു മുൻകൂട്ടി പറയുന്നത്.
 
ഓരോ മരവും വെട്ടിവീഴ്ത്തുമ്പോൾ... (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക