Image

അമ്മ മലയാളം ശ്രേഷ്ഠ വഴിയിൽ... (വിജയ് സി. എച്ച് )

Published on 08 January, 2022
അമ്മ മലയാളം ശ്രേഷ്ഠ വഴിയിൽ... (വിജയ് സി. എച്ച് )

അമ്മ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും, ഭാഷാ വികസനത്തിന് ഒരു സർവകലാശാല സ്ഥാപിതമായിട്ടും ഏകദേശം ഒരു ദശകം പിന്നിടുന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളുമായുള്ള അഭിമുഖം: 


🟥 2012-ൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള  സർവകലാശാല (TEMU) നമ്മുടെ ഭാഷയെ പോഷിപ്പിക്കാൻ ഇതുവരെ എന്തെല്ലാം ചെയ്തു? 


💎 ആധുനികതയുടെ പൂർവഘട്ടത്തിനുശേഷം മലയാളം മുഖ്യമായും സാമാന്യവ്യവഹാരത്തിനും സാഹിത്യവ്യവഹാരത്തിനും മാത്രമായി ഒതുങ്ങുകയുണ്ടായി. വൈജ്ഞാനികഭാഷ എന്ന നിലക്കോ ഭരണഭാഷ എന്ന നിലയ്‌ക്കോ അതു വേണ്ട വിധത്തില്‍ വികസിച്ചില്ല.  ഈ പരിമിതി കണക്കിലെടുത്ത് മലയാളഭാഷയുടെ സമഗ്രമായ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് 2012 നവംബര്‍ ഒന്നിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സ്ഥാപിതമായത്.  മലയാളത്തിന് ഒരു സര്‍വകലാശാല എന്നതിനേക്കാള്‍ മലയാളത്തില്‍ ഒരു സര്‍വകലാശാല എന്ന ആശയം മനസ്സില്‍ വെച്ചുകൊണ്ടാണ് മലയാളസര്‍വകലാശാല പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്.


വൈജ്ഞാനികമലയാളത്തെ അടയാളപ്പെടുത്തുന്നതും കേരളീയ സംസ്‌കൃതിയെ അഭിസംബോധന ചെയ്യുന്നതുമായ കോഴ്‌സുകള്‍ മലയാളസര്‍വകലാശാലയില്‍ ആരംഭിച്ചു.  
മലയാളസാഹിത്യത്തിന് ഊന്നല്‍ നല്‍കികൊണ്ട് സാഹിത്യരചന, പൈതൃകവിജ്ഞാനത്തിന്  പ്രാമുഖ്യം നല്‍കികൊണ്ട് സംസ്‌കാരപൈതൃകപഠനം, മലയാളഭാഷാശാസ്ത്രത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളില്‍ എം.എ, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകള്‍ തുടങ്ങുകയുണ്ടായി. കൂടാതെ ചരിത്രം, സാമൂഹ്യശാസ്ത്രം, വികസനപഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം, പരിസ്ഥിതിപഠനം എന്നിവയിലും മലയാളമാധ്യമത്തിലൂടെ പിജി പഠനവും ഗവേഷണപഠനവും നിര്‍വഹിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഹിസ്റ്ററി, സോഷ്യോളജി, ഡെവലപ്‌മെന്റ് സ്റ്റഡീസ്, മാസ് കമ്മ്യൂണിക്കേഷന്‍, എന്‍വയോന്‍മെന്റല്‍ സയന്‍സ് എന്നിവ ഇംഗ്ലീഷ് മാധ്യമത്തിലൂടെ മാത്രം പരിചയിച്ചവരെ സംബന്ധിച്ച് ഇതൊരു പുതിയൊരു കാല്‍വെപ്പാണ്.  


പരിസ്ഥിതിപഠനത്തില്‍ എം.എസ്.സി. കോഴ്‌സ് കൂടി തുടങ്ങി എന്നത് ശാസ്ത്രവിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കക്കുള്ള മറുപടി കൂടിയാണ്.  വിജ്ഞാനമാധ്യമം എന്ന നിലയില്‍ മലയാളഭാഷയെ പരിചയപ്പെടുത്തുന്ന ഒരു പൊതുകോഴ്‌സ് എല്ലാ പ്രോഗ്രാമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ 'പരിഭാഷ - താരതമ്യപഠനം' എന്ന പേരില്‍ ഈയിടെ ആരംഭിച്ച സ്‌കൂളിലും ഗവേഷണപഠനങ്ങള്‍ പുരോഗമിക്കുന്നു.

മലയാളസര്‍വകലാശാലയിലെ പ്രസിദ്ധീകരണവിഭാഗവും മലയാളഭാഷാവികാസം ലക്ഷ്യമാക്കി ഏറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ക്ലാസിക്കല്‍കൃതികളുടെ പുനഃപ്രകാശനം, ജര്‍മനിയിലെ ഗുണ്ടര്‍ട്ട് ചെയറിലെ പുസ്തകശേഖരത്തില്‍ നിന്നു കണ്ടെടുത്ത ചിലതിന്റെ വ്യാഖ്യാനത്തോടു കൂടിയുള്ള പ്രസിദ്ധീകരണം, വിവിധ വിജ്ഞാനശാഖകളില്‍ ഉള്ള മൗലികമായ രചനകള്‍, പരിഭാഷകള്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രമാണ്. 
സര്‍വകലാശാലയില്‍ നിന്നു വിവിധ കാലങ്ങളില്‍ പുറത്തുവന്ന പിഎച്ച്.ഡി. പ്രബന്ധങ്ങള്‍ വിജ്ഞാനമലയാളത്തെ വലിയ അളവോളം പരിപോഷിപ്പിക്കുന്നതാണ്.  എല്ലാ വിഷയത്തിലും ഇവിടെ ഗവേഷണപ്രബന്ധം രചിക്കുന്നത് പൂര്‍ണമായും മലയാളത്തിലാണ്. എം.ടി. വാസുദേവന്‍നായരെ സര്‍വകലാശാലയുടെ ആദ്യത്തെ എമിററ്റസ് പ്രൊഫസറായി നിയമിക്കാനും സി. രാധാകൃഷ്ണന്‍, അക്കിത്തം, വി.എം. കുട്ടി, സ്‌കറിയ സക്കറിയ എന്നിവരെ ഡിലിറ്റ് നല്‍കി ആദരിക്കാനും സാധിച്ചത് മറ്റൊരു വലിയ നേട്ടമാണ്. 
ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഗുണ്ടര്‍ട്ട് ചെയര്‍ ആരംഭിച്ചതും മലയാളം ക്ലാസിക്കല്‍ ഭാഷയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഒരു മികവ്‌കേന്ദ്രം മലയാളസര്‍വകലാശാലയില്‍ സ്ഥാപിച്ചതുമാണ് എടുത്തുപറയേണ്ടുന്ന മറ്റു ചില കാര്യങ്ങള്‍.  സര്‍വകലാശാലയില്‍ വിവിധ വര്‍ഷങ്ങളിലായി നടത്തിയ അഖിലേന്ത്യാ തലത്തിലുളള ചരിത്രകോണ്‍ഫറന്‍സ്, നവോത്ഥാന സെമിനാര്‍, ക്ലാസിക്കല്‍ കലാസംഗമം എന്നിവ ആത്യന്തികമായി മലയാളഭാഷാ സംബന്ധിയായ ചര്‍ച്ചകളെ കൂടി സജീവമാക്കുകയുണ്ടായി.  സച്ചിദാനന്ദന്‍, എം.ആര്‍. രാഘവവാരിയര്‍, കെ.പി. രാമനുണ്ണി, സി. രാജേന്ദ്രന്‍, ചാത്തനാത്ത് അച്യുതനുണ്ണി, ടി.ബി. വേണുഗോപാലപണിക്കര്‍ തുടങ്ങിയവരുടെ നിരന്തരമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലയിലെ ഭാഷാസൂത്രണത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ്. 
എഴുത്തച്ഛന്‍ പഠനങ്ങള്‍, എഴുത്തച്ഛന്‍ പ്രഭാഷണം, പ്രശസ്ത എഴുത്തുകാരെ മുന്‍നിര്‍തതിയുള്ള ഡോക്യുമെന്ററികള്‍, മലയാളഭാഷയുടെ ടെക്‌നോളജിയെ വികസിപ്പിക്കുന്ന വിവിധങ്ങളായ പ്രൊജക്ടുകള്‍, അക്ഷരം എന്ന പേരിലാരംഭിച്ച യൂട്യൂബ് ചാനല്‍ തുടങ്ങിയവ 2012 മുതല്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്നുണ്ട്.  മലയാളം മിഷന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം ഐക്യവേദി തുടങ്ങിയവയുമായി സഹകരിച്ച് നിരവധി ശില്‍പശാലകള്‍ സര്‍വകലാശാല സംഘടിപ്പിക്കുകയുണ്ടായി. 


🟥 TEMU മുഖാന്തിരമുള്ള ഭാഷാ വികസനത്തിന് പരിഗണനയിലുള്ള പുതിയ കര്‍മ്മ പദ്ധതികള്‍ എന്തെല്ലാമാണ്? വികസനം വിളംബിപ്പിക്കുന്ന സംഗതികളുമില്ലേ? 


💎 ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പ്രാപ്യമായ വിധത്തില്‍ വിജ്ഞാനോല്‍പാദന വിനിമയങ്ങള്‍ മലയാളസര്‍വകലാശാലയില്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. ഇതിനായി സമീപകാലത്ത് മുഖ്യമന്ത്രിയുടെ മുമ്പില്‍ ഒരു ദര്‍ശനരേഖ സമര്‍പ്പിക്കുകയുണ്ടായി. ഭരണപരമായ ആവശ്യങ്ങള്‍ക്കായി ഒരു ശൈലീപുസ്തകം നിര്‍മിക്കുക, വിവിധ വിഷയങ്ങളില്‍ സാങ്കേതിക പദസൂചി നിര്‍മിക്കുക, വിജ്ഞാനകോശങ്ങള്‍ ഉണ്ടാക്കുക, മൗലികമോ വിവര്‍ത്തിതമോ ആയ വിജ്ഞാനഗ്രന്ഥങ്ങള്‍ നിര്‍മിക്കുക, ഡിജിറ്റല്‍ മ്യൂസിയം സജ്ജമാക്കുക എന്നിവയാണ് ഇതില്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. 
നിയമപഠനം, കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതശാസ്ത്രം, തുടങ്ങിയ വിഷയങ്ങളില്‍ പിജി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളും സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബിടെക് കോഴ്‌സ് മലയാളത്തില്‍ ആരംഭിക്കുന്നതിന് പ്രതിബന്ധമായി കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസവിദഗ്ദ്ധര്‍ മുന്നോട്ടുവെച്ചത് സാങ്കേതികപദസൂചിയുടെ അഭാവവും വിജ്ഞാനകോശങ്ങളുടെ പരിമിതിയും മറ്റുമാണ്. ഇവ ഓരോന്നും പരിഹരിക്കാന്‍ മലയാളസര്‍വകലാശാല ബാദ്ധ്യസ്ഥമാണ്. കൂടാതെ പി.എസ്.സി. പരീക്ഷകള്‍ പൂര്‍ണമായും മലയാളത്തില്‍ നിര്‍വഹിക്കാനാവശ്യമായ ഉപാദാനങ്ങള്‍ സജ്ജീകരിക്കാന്‍ സര്‍വകലാശാല മുന്നിട്ടിറങ്ങേണ്ടതുണ്ട്. 


തഞ്ചാവൂര്‍ തമിഴ്‌സര്‍വകലാശാലയില്‍ മലയാളം ചെയര്‍ ആരംഭിക്കുക, വാഗ്ഭടാനന്ദന്റെയും വള്ളത്തോളിന്റെയും പേരില്‍ ചെയര്‍ ആരംഭിക്കുക, മലയാളത്തിലെ പ്രാചീനലിഖിതങ്ങള്‍ വായിച്ചറിയുന്നതിനും പഴയ അറിവുകളെ സമാഹരിക്കുന്നതിനുമായി ലിപിപഠനകോഴ്‌സ് ആരംഭിക്കുക, കേരളീയകലകളെ ഉള്‍ക്കൊള്ളിച്ച് പൈതൃകമ്യൂസിയം വിശാലമാക്കി ആര്‍ക്കിയോളജിയിലും മ്യൂസിയോളജിയിലും ഗവേഷണം നടത്തുക, സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള നിളപൈതൃക മ്യൂസിയവുമായി ബന്ധപ്പെട്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തുക, തുടങ്ങിയവ ഉടന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ ചിലതാണ്. 
മലയാളഭാഷയുടെ വികസനത്തിനായി നിലകൊള്ളുന്ന കേരളത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഏകോപിതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.  അങ്ങനെയെങ്കില്‍ അവയുടെ നോഡല്‍കേന്ദ്രമായി മലയാളസര്‍വകലാശാലയെ വിഭാവന ചെയ്താല്‍ അത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പോലുള്ളവക്ക് അംഗീകാരം തേടാന്‍ മലയാളസര്‍വകലാശാല വഴി സാധ്യമാകും. സര്‍വകലാശാലയ്ക്കു സ്വന്തം കാമ്പസ് ഉണ്ടാവുക എന്നത് അടിയന്തിര ആവശ്യമാണ്.  അതിനായി ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്.  സാമ്പത്തികപരിമിതിയും സ്ഥലപരിമിതിയുമാണ് സര്‍വകലാശാലയുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കാലവിളംബമുണ്ടാക്കുന്നത്.  


ഭാഷാവികസനത്തിനാവശ്യമായ നിരവധി സംരഭങ്ങളാണ് സര്‍വകലാശാലയിലെ സ്‌കൂളകള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്.  ഇന്ത്യന്‍ഭാഷാപഠനം, വിദേശഭാഷാപഠനം, ഡിജിറ്റല്‍വിഭവങ്ങളുടെ ശേഖരണവും വിതരണവും തുടങ്ങിയവയെല്ലാം ആത്യന്തികമായി മലയാളത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്.  മലയാളത്തെ ലോകവിജ്ഞാനത്തിലേക്കുള്ള കവാടമായി മാറ്റുക എന്ന ആവശ്യത്തിന് സര്‍വകലാശാല മുന്‍തൂക്കം നല്‍കുന്നു. 

🟥 മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. കേന്ദ്ര ധനസഹായം പ്രയോജനപ്പെടുത്തി നടന്ന ശ്രേഷ്ഠഭാഷാ പുരോഗമന പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ? 


💎 2013 മെയ് 23 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്.  എന്നാല്‍ ഈ പദവിക്കൊപ്പം സംസ്ഥാനത്തിന് ലഭ്യമാകേണ്ടുന്ന മികവുകേന്ദ്രം കേരള സര്‍ക്കാരിന്റെയും മലയാളസര്‍വകലാശാലയുടെയും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് മലയാള സര്‍വകലാശാലയുടെ താല്‍ക്കാലിക കാമ്പസില്‍ അനുവദിച്ചത്. മലയാള ഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി നിരവധി പ്രൊജക്ടുകള്‍ ഈ മികവുകേന്ദ്രത്തിനു കീഴില്‍ നടക്കേണ്ടതുണ്ട്. അതിനായി പ്രൊജക്ട് ഡയറക്ടറെ നിയമിച്ചെങ്കിലും പ്രൊജക്ട് അസിസ്റ്റന്റുമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനം ഇനിയും നടന്നിട്ടില്ല. ക്ലാസിക്കല്‍ മലയാളത്തിന്റെ വളര്‍ച്ചയും വികാസവും പഠിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രൊജക്ടുകള്‍ക്കാണ് ഇതിനകം കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത്. 


🟥 100 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന ശ്രേഷ്ഠമലയാളഭാഷാ ഗവേഷണകേന്ദ്രവും, അതിന്റെ പ്രവര്‍ത്തന ചിലവിനായി കൊല്ലം തോറുമുള്ള അഞ്ചുകോടിയും, ഇന്ത്യയിലെ സകല സര്‍വകലാശാലകളിലും ലഭിക്കാവുന്ന മലയാളം ചെയറും, രാജ്യാന്തര പുരസ്‌കാരങ്ങളും വെറും മരീചികയാവുകയാണോ? 


💎 പലരും കരുതുന്നതുപോലെ ശ്രേഷ്ഠഭാഷാ ഗവേഷണ കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനുമായി ഒറ്റയടിക്ക് നൂറുകോടി രൂപ അനുവദിക്കുക എന്ന ഏര്‍പ്പാട് എവിടെയുമില്ല. കെട്ടിടം നിര്‍മ്മിക്കേണ്ടതും അതില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും അതതു സംസ്ഥാന സര്‍ക്കാരുകളാണ്. അതില്‍ പ്രൊജക്ട് ഡയറക്ടര്‍, പ്രൊജക്ട് അസിസ്റ്റന്റുമാര്‍, അത്യാവശ്യം ജീവനക്കാര്‍ എന്നിവരെ കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള എം.എച്ച്.ആര്‍.ഡി നിയമിക്കും. മൈസൂര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഭാഷകളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ക്ലാസിക്കല്‍ പദവിയുമായി ബന്ധപ്പെട്ട ധനസഹായത്തിന് നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ കേന്ദ്ര ആഭിമുഖ്യത്തില്‍ മലയാളം ചെയര്‍ തുടങ്ങണമെങ്കില്‍ അതാതു സര്‍വകലാശാലകള്‍ മുന്‍കൈ എടുക്കണം. മലയാളത്തിന്റെ പേരിലുള്ള രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയെടുക്കുന്നതിന് മലയാള സര്‍വകലാശാല തന്നെ ഇപ്പോള്‍ മുന്‍കൈ എടുക്കുന്നുമുണ്ട്. ഒന്നുരണ്ടു വര്‍ഷമായി അത് മലയാളത്തിലെ ഭാഷാപണ്ഡിതന്മാര്‍ക്ക് ലഭിച്ചുവരുന്നു എന്നതും സന്തോഷമുള്ള കാര്യമാണ്. 

🟥 മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവിയ്ക്കുള്ള നിവേദനം മുന്നെയൊരിക്കല്‍ കേന്ദ്ര സാഹിത്യ അക്കാദമി നിരസിച്ചിരുന്നുവല്ലൊ. അമ്മ മലയാളത്തിന് ഈ സ്ഥാനം നിഷേധിക്കാന്‍ അധികൃതര്‍ അന്ന് നിരത്തിയ കാരണങ്ങള്‍ എന്തെല്ലാമായിരുന്നു? 

💎 1500-2000 വര്‍ഷത്തില്‍ കൂടുതല്‍ ചരിത്രമുള്ള ഭാഷകള്‍ക്ക് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. തലമുറകളായി കരുതപ്പെടുന്ന മൂല്യവത്തായ പാരമ്പര്യമുള്ള പ്രാചീനസാഹിത്യം ഉണ്ടായിരിക്കുക, തനതു സാഹിത്യപാരമ്പര്യം ഉണ്ടായിരിക്കുക, ഭാഷയുടെ വികാസ പരിണാമങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഭാഷാ ഘട്ടങ്ങള്‍ ഉണ്ടായിരിക്കുക എന്നിവയാണ് മറ്റു മാനദണ്ഡങ്ങള്‍. അത് തെളിയിക്കുന്നതില്‍ ആദ്യ സമിതി പരാജയപ്പെട്ടെങ്കിലും സാങ്കേതിക തടസ്സങ്ങളെയും എതിര്‍വാദങ്ങളെയും തെളിവുസഹിതം ഖണ്ഡിക്കാന്‍ പിന്നീട് സാധ്യമായി. 2012 ഡിസംബര്‍ 19ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധസമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നത് അംഗീകരിച്ചു. 


🟥 കേന്ദ്രസര്‍ക്കാര്‍ പുതിയതായി നല്‍കിയ ക്ലാസ്സിക് പദവികള്‍ മദ്രാസ് ഹൈ കോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, കന്നഡ, തെലുഗു ഭാഷാപണ്ഡിതര്‍ എതിര്‍വാദവുമായി ഉടന്‍ കോടതിയിലെത്തിയിരുന്നു. മലയാളം ശ്രേഷ്ഠഭാഷയാക്കാന്‍ നമ്മള്‍ കാണിച്ച ശുഷ്‌കാന്തി, നേടിയ പദവി വെല്ലുവിളിക്കപ്പെട്ടപ്പോള്‍ അത് സംരക്ഷിക്കാന്‍ എന്തുകൊണ്ട് കാണിച്ചില്ല? 


💎 മലയാളത്തിന്റെ ക്ലാസിക്കല്‍ പദവിയുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ പലതും അടിസ്ഥാനരഹിതവുമാണ്. വാസ്തവത്തില്‍ തമിഴ്, തെലുങ്ക്, കന്നട ഭാഷകളെ പോലെ തന്നെ പ്രാചീനത മലയാള ഭാഷയ്ക്കും അവകാശപ്പെട്ടതാണ്. മൂലദ്രാവിഡഭാഷയുടെ സ്വനപരവും രൂപിമപരവുമായ സ്വഭാവങ്ങള്‍ ഒട്ടുമിക്കവയും മലയാളം സംരക്ഷിച്ചുപോരുന്നുണ്ട്. സാഹിത്യപ്പെരുമയുടെ കാര്യത്തിലായാലും മലയാളത്തിന്റെ സ്ഥാനം മഹത്തരമാണ്. ആധുനിക സാഹിത്യത്തിന്റെ കാര്യത്തിലാവട്ടെ കന്നടയും ബംഗാളിയും മലയാളവുമാണ് ഏറ്റവും സമ്പന്നമായ ഭാഷകള്‍. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും ലഭിച്ച പുളിമാങ്കൊങ്ക് വീരക്കല്‍ ലിഖിതം, എടക്കല്‍ ലിഖിതങ്ങള്‍, നിലമ്പൂരിലെ നെടുങ്കയം ലിഖിതം എന്നിവ മലയാളത്തിന് 2000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നു. ഭദ്രകാളിപ്പാട്ടിലെ കേശാദിപാദ സ്തുതി, യാത്രക്കളിയിലെ നാലുപാദം എന്നിവക്ക് ക്രി.വ. 6-ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. സംഘകാല കവികളില്‍ പലരും കേരളീയരാണെന്നു മാത്രമല്ല സംഘം കൃതികളിലെ ഭാഷയില്‍ മലനാട്ടുവഴക്കങ്ങള്‍ ധാരാളമുണ്ടുതാനും. തമിഴ്-മലയാളങ്ങള്‍ക്ക് ഒരു സമാന പൂര്‍വദശയുണ്ടെന്ന എല്‍.വി.ആര്‍ ന്റെ നിഗമനത്തെ സാധൂകരിക്കുന്നതാണത്. തൊല്‍ക്കാപ്പിയത്തിലെ ഭാഷാനിയമങ്ങളില്‍ പലതും തമിഴിനെ അപേക്ഷിച്ച് ഇന്നത്തെ മലയാളത്തില്‍ കൂടുതല്‍ പ്രസക്തമാണെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളെപ്പറ്റി സ്വയം ബോധ്യംവന്നുകഴിഞ്ഞാല്‍ ആര്‍ക്കും നാം നേടിയ പദവി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാകും. 

🟥 കന്നഡയ്ക്കും (2008), തെലുഗുവിനും (2008), മലയാളത്തിനും (2013), ഒഡിയയ്ക്കും (2014) നല്‍കിയ ക്ലാസ്സിക് പദവിയ്ക്ക് എതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ 2016-ല്‍ തള്ളിപ്പോയെങ്കിലും, അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നമുക്കു മാത്രം എന്താണിത്ര ആലസ്യം? മറ്റു ഭാഷകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നല്ലോ! 


💎 അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കേണ്ടത് യഥാര്‍ത്ഥ ഭാഷാസ്‌നേഹിയുടെ കടമയാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മലയാളസര്‍വകലാശാല അതിനു ശ്രമിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഭാഷാ മികവു കേന്ദ്രത്തില്‍ നിയമനങ്ങള്‍ നടത്തുന്നതിനും ഗവേഷണ പ്രൊജക്ടുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ മുഖേനയും നേരിട്ടും ഇടപെട്ടുകൊണ്ടിരിക്കയാണ്. 


🟥 ക്രിസ്തുവിന് മുമ്പ് ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട വ്യാകരണ ഗ്രന്ഥം 'തൊല്‍ക്കാപ്പിയം', എ.ഡി. രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന മഹാകാവ്യങ്ങള്‍ 'ചിലപ്പതികാരം', 'മണിമേഖല' മുതലായ മഹത് പ്രമാണങ്ങളുള്ള തമിഴിനോട്, ഒമ്പതാം നൂറ്റാണ്ടിലെ 'വാഴപ്പള്ളി ശാസന'വും, 'പെരിഞ്ചെല്ലൂര്‍  ചേപ്പേടുകളു'മായി നമുക്ക് കിടപിടിക്കാനാകുമോ? 


💎 ചെപ്പേടുകളും ശാസനങ്ങളും മറ്റു ലിഖിതങ്ങളും മലയാളത്തിന്റെ പ്രാക്തനത തെളിയിക്കാന്‍ വേണ്ടിയാണ് ഭാഷാപണ്ഡിതര്‍ ചൂണ്ടിക്കാട്ടിയത്. പല സംഘകൃതികളും അനേകം തോറ്റം പാട്ടുകളും യാത്രക്കളിയിലെ നാലുപാദവുമൊക്കെ കേരളത്തിന്റെ വിശിഷ്ടസന്തതികളാണെന്ന കാര്യം വിസ്മരിക്കരുത്. 


🟥 പ്രാചീന തമിഴ് ഗ്രന്ഥങ്ങളെല്ലാം നമുക്കുകൂടി അവകാശപ്പെട്ടതാണെങ്കില്‍, മലയാളത്തിന്റെ നിറഭേദങ്ങള്‍ അവയിലുണ്ടെങ്കില്‍, 'തൊല്‍ക്കാപ്പിയ'വും 'ചിലപ്പതികാര'വും തന്നെ നമ്മുടെ ഭാഷയുടെ പഴക്കം തെളിയിക്കാന്‍ തെളിവുകളായി നല്‍കാമായിരുന്നില്ലേ? 


💎 സംഘകാല തമിഴിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. തമിഴ് ഭാഷയുടെ വ്യാകരണമുപയോഗിച്ച് സംഘകാല ഭാഷ പഠിക്കാനാവില്ല. അതിനെ സൗകര്യത്തിനായി പൂര്‍വ തമിഴ് മലയാളം എന്നു വിളിക്കാം. പക്ഷേ തമിഴിനെ അപേക്ഷിച്ച് മലയാളഭാഷക്ക് ശക്തമായ വ്യതിയാനങ്ങള്‍ വന്നുചേര്‍ന്നതിനാല്‍ മലയാളത്തിന്റെ ആദിദ്രാവിഡബന്ധം അത്ര എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. കൂടുതല്‍ വിശദമായി പഠിച്ചാല്‍ സംഘകാല സാഹിത്യത്തില്‍ നിന്നു വളര്‍ന്നുവന്ന ഭാഷയാണ് കേരളത്തിലെ ഭാഷയെന്നു വ്യക്തമാകും. അതുകൊണ്ട് വിശദമായ പഠനത്തിനു ശേഷം മാത്രമേ പ്രാചീന തമിഴ് ഗ്രന്ഥങ്ങളെ ആധികാരിക തെളിവുകളായി നിര്‍ദ്ദേശിക്കാനാകൂ. 


🟥 മൂലദ്രാവിഡ ഭാഷയില്‍ നിന്നോ, തമിഴില്‍ നിന്നോ വഴി പിരിഞ്ഞ്, സ്വത്വമുള്ളൊരു ഭാഷയായിത്തീര്‍ന്ന മലയാളത്തിന്റെ പരിണാമ ഘട്ടങ്ങള്‍ വിവരിക്കാമോ? 


💎 (എ) മൂലദ്രാവിഡകാലം അഥവാ പ്രോട്ടോ തമിഴ് മലയാളഘട്ടം (എ.ഡി 800 വരെ) തേനിയിലെ പുളിമാങ്കൊമ്പില്‍ നിന്നു ലഭിച്ച 2100 വര്‍ഷം പഴക്കമുള്ള വീരക്കല്‍ ലിഖിതത്തില്‍ 'കൂടല്ലൂര്‍ ആ കൊള്‍പെടുതീയന്‍ അന്തവന്‍കല്‍' എന്ന വാക്യത്തില്‍ കാണുന്ന വ്യാകരണ സവിശേഷത മലയാളത്തിന്റെ പഴമയെ തെളിയിക്കുന്നുണ്ട്. ഇടയ്ക്കല്‍ ഗുഹകളില്‍ നിന്ന് 2 മുതല്‍ 5 വരെ നൂറ്റാണ്ടുകളില്‍ കിട്ടിയ 4 ലിഖിതം, പട്ടണം ഉല്‍ഖനനത്തില്‍ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍, നിലമ്പൂരില്‍ കണ്ടെത്തിയ അഞ്ചാംനൂറ്റാണ്ടിലെ ലിഖിതം എന്നിവയിലും മലയാളം വാക്കുകള്‍ കാണാം. സംഘകാല കൃതികളടക്കം എട്ടാം നൂറ്റാണ്ടുവരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ടതാണ്. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകള്‍ സംഘം കൃതിയില്‍നിന്ന് കണ്ടെടുത്തിരിക്കുന്നു. ഏറ്റവും പഴക്കം ചെന്ന ദ്രാവിഡ വ്യാകരണമായ തൊല്‍ക്കാപ്പിയത്തിലെ 40 ശതമാനം നിയമവും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. 


കേരളത്തിലെ ചില തോറ്റം പാട്ടുകളും ഭദ്രകാളിപ്പാട്ടുകളും ഈ കാലഘട്ടത്തിന്റെ സന്തതിയാവാനാണിട. മൂലദ്രാവിഡ കാലത്തെ മലയാളഭാഷയെ ഈ വിധത്തില്‍ അടയാളപ്പെടുത്താം.
(ബി) പ്രാചീന മലയാളഘട്ടം (എ.ഡി 800-1300) മലയാളത്തില്‍ ലഭ്യമായ ഏറ്റവും പുരാതനമായ ലിഖിതം രാജശേഖരപ്പെരുമാളിന്റെ പേരില്‍ ക്രി.വ. 830-ലുള്ള വാഴപ്പള്ളി ശാസനമാണ്. തമിഴ് സമ്പ്രദായത്തിലുള്ള പാട്ടുരീതിയിലുള്ള കൃതികള്‍, സംസ്‌കൃത സമ്പ്രദായത്തിലുള്ള മണിപ്രവാള കൃതികള്‍ തുടങ്ങിയവ ഈ ഘട്ടത്തിലുണ്ടായ ശ്രദ്ധേയമായ കൃതികളായി ചൂണ്ടിക്കാട്ടാം. കൂത്ത്, കൂടിയാട്ടം എന്നിവക്കായി രചിക്കപ്പെട്ട ആട്ടപ്രകാരം, ക്രമദീപിക എന്നിവയും ഭാഷാകൗടലീയവും 11-ാം ശതകത്തിന് മുമ്പ്  രചിക്കപ്പെട്ടു എന്നു കരുതാം. 12-ാം നൂറ്റാണ്ടില്‍ രാമചരിതം രചിക്കപ്പെട്ടതോടെ മലയാളത്തിന്റെ സ്വതന്ത്രപദവി ഏറെക്കുറെ അഭിവ്യക്തമായി. ഏതാണ്ട് അതേ കാലയളവില്‍ തന്നെയാണ് വൈശികതന്ത്രം എന്ന മണിപ്രവാള കാവ്യവും രചിക്കപ്പെട്ടത്. 


(സി) മധ്യകാല മലയാളഘട്ടം (1300-1600) മലയാളത്തിലെ സന്ദേശകാവ്യങ്ങള്‍, ചമ്പുക്കള്‍ എന്നിവ ഈ കാലയളവില്‍ കൂടുതലായി രചിക്കപ്പെട്ടു. 15-ാം നൂറ്റാണ്ടില്‍ ജീവിച്ചുവെന്നുകരുതുന്ന ചെറുശ്ശേരിയും 16-ാം നൂറ്റാണ്ടില്‍ ജീവിച്ച എഴുത്തച്ഛനും മലയാളത്തിന്റെ തെളിമയും ശക്തിയും ആദ്യമായി അനുഭവപ്പെടുത്തി. ഇത് ആധുനിക മലയാളകാലത്തിലേക്കുള്ള നാലാംഘട്ട പരിണാമത്തെ ഊര്‍ജ്ജിതപ്പെടുത്തുകയുണ്ടായി. 

🟥 കടം കൊള്ളാത്ത സാഹിത്യപാരമ്പര്യം ഭാഷയ്ക്ക് വേണമെന്നുള്ളത് ക്ലാസ്സിക് പദവി ലഭിക്കാനുള്ളൊരു മാനദണ്ഡമാകുന്നു. മലയാളത്തിലെ പ്രഥമ സാഹിത്യ കൃതിയായി കരുതപ്പെടുന്നത് 12-ആം ശതകത്തിലെ 'രാമചരിത'മാണ്. കല്ലിലും, പനയോലയിലും,  ചെമ്പുതകിടിലുമുള്ള പുരാതന മലയാള ലിഖിതങ്ങള്‍ തമിഴില്‍ നിന്ന് എത്രത്തോളം സ്വതന്ത്രമാണ്?

 
💎 സാഹിത്യകൃതിയായ രാമചരിതത്തെ മാത്രം അടിസ്ഥാനപ്പെടുത്തി മലയാളസാഹിത്യത്തിന്റെ പഴമയെ വിലയിരുത്തുന്നത് ശരിയല്ല. ശക്തമായ ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലാണ് രാമചരിതം പോലുള്ള ഒരു കാവ്യം പിറവികൊള്ളുന്നത്. 'കടംകൊള്ളാത്ത സാഹിത്യപാരമ്പര്യം' എന്നത് വിശദീകരണമര്‍ഹിക്കുന്ന പ്രയോഗമാണ്. ഏതൊരു ഭാഷയും പിറവികൊള്ളുന്നത് വിവിധങ്ങളായ പരിണാമഘട്ടങ്ങളിലൂടെയത്രെ. സാഹിത്യത്തിലും ഇതുപോലുള്ള സ്വാധീനങ്ങള്‍ കാണാം. എങ്കിലും പാട്ടുപ്രസ്ഥാനവും മണിപ്രവാളവും മാപ്പിളപ്പാട്ടും നാടോടിസാഹിത്യവുമൊക്കെ മലയാളത്തിന്റെ തനതുവഴിയെ വലിയ അളവില്‍ അടയാളപ്പെടുത്തുന്നതാണ്. 

🟥 മഹാകവി വള്ളത്തോളിൻ്റെ 'എൻ്റെ ഭാഷ' എന്ന കാവ്യത്തിൽ, "സംസ്കൃത ഭാഷതൻ സ്വാഭാവികൌജസ്സും സാക്ഷാൽ തമിഴിൻ്റെ സൗന്ദര്യവും" മലയാളത്തിൽ ഒത്തുചേർന്നിട്ടുണ്ടെന്നൊരു പരാമർശമുണ്ട്. തമിഴിൻ്റെ ആ സൗന്ദര്യം എന്താണെന്ന് വിശദീകരിക്കാമോ? നമ്മുടെ ഭാഷയിൽ എവിടെയൊക്കെയാണ് ആ തമിഴ് ചന്തം തെളിഞ്ഞു കാണുന്നത്? 


💎 മഹാകവി വള്ളത്തോളിൻ്റെ എൻ്റെ ഭാഷ എന്ന കവിതയിൽ മലയാള ഭാഷയിൽ സമ്മേളിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ചു പറയുന്ന ഘട്ടത്തിലാണ് സംസ്കൃത ഭാഷ തൻ സ്വാഭാവികൗജസ്സും സാക്ഷാൽ തമിഴിൻ്റെ സൗന്ദര്യവും എന്ന കാവ്യാത്മക പ്രയോഗം നടത്തുന്നത്. മലയാളത്തിൻ്റെ ശക്തിയും സൗന്ദര്യവും സർവാശ്ലേഷിത്വവും വെളിപ്പെടുത്തുക എന്നതാണ് കവിയുടെ ലക്ഷ്യം. സംസ്കൃതത്തിലെ പദങ്ങളെയും വ്യാകരണ നിയമങ്ങളെയും എന്നതുപോലെ തമിഴിൻ്റെ ഭാഷാ സംസ്കൃതിയെ കൂടി ആവാഹിച്ചെടുത്താണ് മലയാളം വളർച്ചയുടെ പടവുകൾ താണ്ടുന്നത് എന്നത്രെ കവിയുടെ മനോഭാവം. സംസ്കൃത ഹിമഗിരി ഗളിതയും ദ്രാവിഡ വാണീ കളിന്ദ ജാമിളിതയുമാണ് കേരള ഭാഷാ ഗംഗ എന്ന കോവുണ്ണി നെടുങ്ങാടിയുടെ 
വാക്യം കവിയെ പ്രചോദിപ്പിച്ചിരുന്നു. സാക്ഷാൽ തമിഴ് എന്നതിലെ സാക്ഷാൽ എന്ന പ്രയോഗം മൂല ദ്രാവിഡത്തെ സൂചിപ്പിക്കുന്നതാണ്. മലയാളവും തമിഴും ഒന്നായിരുന്ന പൂർവ ദശ, സംഘകാല തമിഴ് എന്നൊക്കെ കവി വിഭാവനം ചെയ്തിട്ടുണ്ടാകാം. ഏതായാലും സംസ്കൃതവും തമിഴും മലയാളവും തമ്മിലുളള അടുപ്പം ആർക്കും നിഷേധിക്കാവുന്നതല്ലല്ലോ. കവിവാക്യങ്ങളെ ഒരു പരിധിയിൽ കവിഞ്ഞ് ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കുന്നതും ശരിയാവുകയില്ല. 'എൻ്റെ ഭാഷ'  എന്ന കവിത ആത്യന്തികമായി മലയാളത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്നതാണ്. 


🟥 സമാനമായ വ്യാകരണമാണ് മലയാളത്തിനും തമിഴിനുമുള്ളത്. ഈ രണ്ടു ഭാഷകളിലും പൊതുവെ ഉപയോഗിക്കുന്ന പദങ്ങള്‍ എത്ര ശതമാനമുണ്ട്? പൊതുവായുളള പദങ്ങള്‍ക്ക് എന്തെങ്കിലും സവിശേഷതകളുണ്ടോ? 
💎 ദക്ഷിണദ്രാവിഡഭാഷകള്‍ക്ക് പൊതുവെ വ്യാകരണകാര്യത്തിലും പദസമ്പത്തിന്റെ കാര്യത്തിലും ഒട്ടേറെ സാജാത്യമുണ്ട്.  എന്നാല്‍ തമിഴ്മലയാളങ്ങള്‍ക്ക് ഒരു സമാനപൂര്‍വദശ ഉണ്ടായിരുന്നതിനാല്‍ അവ തമ്മില്‍ മറ്റു ഭാഷകളെ അപേക്ഷിച്ച് കൂടുതല്‍ ബന്ധം ഉണ്ടെന്നു പറയുന്നതില്‍ തെറ്റില്ല.  കൂടുതല്‍ ആദാനപ്രദാനങ്ങള്‍ അവ തമ്മില്‍ ഉണ്ടായിട്ടുണ്ട്.  അതേസമയം ആദിദ്രാവിഡത്തില്‍ നിലനിന്ന ഒട്ടേറെ സവിശേഷതകള്‍ മലയാളം മാത്രം സംരക്ഷിച്ചുപോരുന്നു എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. തമിഴ് - മലയാളങ്ങള്‍ പൊതുവായി സംരക്ഷിച്ചുപോരുന്ന നാല്‍പതുശതമാനത്തോളം പദങ്ങള്‍ പൂര്‍വകാലതമിഴ് മലയാളത്തില്‍ ഉണ്ടായിരുന്നവ ആണെന്നതും എടുത്തുപറയേണ്ടതാണ്. 

അമ്മ മലയാളം ശ്രേഷ്ഠ വഴിയിൽ... (വിജയ് സി. എച്ച് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക