Image

ഒരു കെ റെയിൽ അപാരത (ദുർഗ മനോജ് )

Published on 19 January, 2022
ഒരു കെ റെയിൽ അപാരത (ദുർഗ മനോജ് )

കെ റെയിൽ പൊങ്ങിയും താണും കേരളീയൻ്റെ നിത്യജീവിതത്തിൽ തെക്കുവടക്ക് ഓടുന്നുണ്ട്. ഭരണപക്ഷം പൂർണ്ണമായും കെ റെയിൽ പക്ഷപാതികൾ ആകുമ്പോൾ, പ്രതിപക്ഷം സ്വഭാവികമായും അതിനെ പരിപൂർണ്ണമായും തള്ളിക്കളയുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ രണ്ടു പക്ഷത്തുനിന്നും രൂക്ഷമായ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിറയുന്നു. ഇതെല്ലാം കണ്ട്, ഇതെന്ത് ചെയ്യും എന്നറിയാതെ പക്ഷമില്ലാത്ത കുറേ ജനങ്ങൾ മാനത്തു നോക്കി ഇരിപ്പുമുണ്ട്. അവരുടെ പ്രശ്നം നാളെ മുതൽ വീണ്ടും ലോക്കു വീഴുമോ നിത്യവൃത്തി മുടങ്ങുമോ എന്നതാണ്.
നമ്മുടെ നാട്ടിലെ ഏതൊരു പദ്ധതിയും ഏതെങ്കിലും ഒരു കൂട്ടരുടെ എതിർപ്പില്ലാതെ ഇവിടെ നടന്ന ചരിത്രമില്ല. കെ റെയിൽ വന്നാൽ കൂടെ വരേണ്ട കുറേയേറെ ഗുണങ്ങളെക്കുറിച്ച്  കേരളത്തിൻ്റെ സ്വന്തം യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര വളരെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചിട്ടുണ്ട്. ശരിയാണ് അഞ്ചു മണിക്കൂർ കൊണ്ട് 600 കിലോമിറ്റർ ദൂരം ടപ്പേന്ന് പോയി വരാം. അതുമാത്രം പോര, കാറോ, ബസ്സോ, ചരക്കു വണ്ടിയോ പോലും ട്രെയിനിൽ കയറ്റി വിടാം. സ്വന്തം കാറിൽ കാസർഗോഡ് കറങ്ങണമെങ്കിൽ, കാറ് കയറ്റിവിട്ട് ,അതേ ട്രെയിനിൽ നമ്മളും യാത്ര ചെയ്ത് ഹാപ്പിയായി ചെന്നിറങ്ങുക. അതേ കാറിൽ പോകേണ്ട ഇടത്തു പോയി മടങ്ങുക. ഇങ്ങനെ ഒക്കെ സംഭവിച്ചാൽ സംഗതി ഗംഭീരമാകും. ഒരു സംശയവുമില്ല. പക്ഷേ, ചില ചോദ്യങ്ങൾ മറുപുറത്ത് കത്തി നിൽപ്പുണ്ട്. ഒന്നാമത് ജനസാന്ദ്രത ഏറിയ കേരളത്തിലെ സ്ഥലമെടുപ്പ് വിഷയങ്ങൾ, രണ്ട്, പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തിയുള്ള പണി എത്രത്തോളം പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും എന്നതിലെ വ്യക്തത ഇല്ലായ്മ, പിന്നെ ഇതിനൊക്കെ വേണ്ട കല്ലും മണ്ണും, എന്നു തുടങ്ങി, ട്രെയിൻ ഓടുമ്പോഴുള്ള ശബ്ദ പ്രകമ്പനം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ വരെ മുന്നിലുണ്ട്. ശരിക്ക് പറഞ്ഞാൽ ഒരു മുളക് ചെടി പോലും മുറ്റത്തു വളർത്താൻ താല്പ്പര്യമില്ലാത്ത ബഹുഭൂരിപക്ഷമാണ് ഇവിടത്തെ ജനങ്ങൾ. ടെറസിലും നെല്ലു വരെ ക്കൃഷി ചെയ്യുന്ന  ന്യൂനപക്ഷത്തെ കണക്കിലെടുക്കാൻ സാധിക്കില്ല. എന്തും വാങ്ങുന്നതാണ് നമ്മുടെ ശീലം. മാളുകളിൽ കറങ്ങി നടക്കാനാണു നമുക്കിഷ്ടം. അല്ലാതെ കൃഷിയിലോ വ്യവസായത്തിലോ മുതൽ മുടക്കാനോ പണിയെടുക്കാനോ അല്ല. അയൽ സംസ്ഥാനങ്ങളിൽ കാണുന്നതുപോലുള്ള വിശാലമായ കൃഷിയിടങ്ങൾ കേരളത്തിൽ അപൂർവ്വമാണ്. അപ്പോൾ നൂറുശതമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു മുന്നിൽ ഇത്തരം ഒരു ബൃഹത് പദ്ധതി എത്രമാത്രം സാധ്യമാണ്? എല്ലാം കാത്തിരുന്നു കാണാം എന്നു ചിന്തിക്കുകയേ നിവർത്തിയുള്ളൂ.

ഏതായാലും ഇനി കുറച്ചു ദിവസത്തേക്ക് കെ റെയിൽ നമുക്ക് ഒരു വിഷയമാകാൻ സാധ്യത കുറവാണ്. അതിലും വലുതാണല്ലോ ഒമൈക്രോൺ വ്യാപനത്തോത്. എന്തു തന്നെയും ആകട്ടെ, ഇനിയും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ അത് എടുക്കുക. എന്നിട്ട് തയ്യാറായി നിൽക്കുക. ഇനിയിപ്പം ഒമൈകോൺ വന്നാലും തടി കഴിച്ചിലാക്കിക്കിട്ടണമല്ലോ. എന്നിട്ട് നമുക്ക് വീണ്ടും ചിന്തിക്കാം എന്താവും കെ റെയിൽ എന്ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക