Image

ട്രെയിനില്‍ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും സംസാരിക്കുന്നതിനും നിരോധനം

Published on 22 January, 2022
ട്രെയിനില്‍ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും സംസാരിക്കുന്നതിനും നിരോധനം

ന്യൂഡല്‍ഹി : തീവണ്ടിയ്‌ക്കുള്ളില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ.

തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തില്‍ സംസാരിക്കുന്നതിനുമാണ് നിരോധനം.

തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികര്‍ക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാറ്. ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയില്‍ വേ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.

തീവണ്ടിയ്‌ക്കുള്ളില്‍ യാത്രികര്‍ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാര്‍ക്കാണ്. ഉത്തരവിന്റെ ലംഘനമുണ്ടായാല്‍ ആര്‍പിഎഫ്, ടിടിആര്‍ മറ്റ് ജീവനക്കാര്‍ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും. സംഘമായി യാത്ര ചെയ്യുന്നവര്‍ക്ക് രാത്രി അനാവശ്യമായി സംസാരിക്കുന്നതിനും വിലക്കുണ്ട്.

ഇനി മുതല്‍ കോച്ചുകളില്‍ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയില്‍വേയുടെ നിര്‍ദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകള്‍ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക