Image

ദിലീപ് പറയുന്ന പുതിയ വിവരങ്ങൾ (പി പി മാത്യു) 

Published on 23 January, 2022
ദിലീപ് പറയുന്ന പുതിയ വിവരങ്ങൾ (പി പി മാത്യു) 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപിനെയും നാലു കൂട്ടുപ്രതികളെയും ക്രൈം ബ്രാഞ്ച് പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തു തുടങ്ങി. രാവിലെ ഒൻപതു മണിയോടെ കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. 

ഹൈക്കോടതി നിർദേശിച്ച പ്രകാരം 11 മണിക്കൂർ വീതം മൂന്ന് ദിവസത്തേക്കാണ് ചോദ്യം ചെയ്യുക. വിശദാംശങ്ങൾ പുറത്തു വിടാൻ പാടില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പോലിസിന് നിർദേശം നൽകിയിട്ടുണ്ട്. കാരണം ഓരോ പ്രതിയെയും തനിച്ചിരുത്തി ചോദ്യം ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. അതു കൊണ്ട് പ്രതികളെ തമ്മിൽ കാണാൻ അനുവദിക്കാതെ അഞ്ചു ദിവസം റിമാൻഡ് ചെയ്യണം എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി അത് അനുവദിച്ചില്ല. 

നേരത്തെ ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെ പ്രതികൾ ആവർത്തിക്കും എന്നാണ് കരുതപ്പെടുന്നത്. പ്രഗത്ഭരായ അഭിഭാഷകർ പറഞ്ഞു കൊടുത്ത കാര്യങ്ങൾ മാത്രമേ സംസാരിക്കാവൂ എന്ന നിർദേശം പ്രതികൾക്കു അവർ നൽകിയിട്ടുണ്ട്. എന്നാൽ പ്രതികളെ ചോദ്യം ചെയ്യലിൽ നിർവീര്യരാക്കി കഴിയുമ്പോൾ അവർ പലതും വിട്ടു കൊടുക്കും എന്നാണ് പോലീസിന്റെ പ്രതീക്ഷ. പരസ്‌പര വിരുദ്ധമായ മൊഴികളും ഉണ്ടാവാം. 

വെള്ള മുണ്ടും ഷർട്ടും ധരിച്ചു എത്തിയ ദിലീപിന് പിന്നാലെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബിജു എന്നിവരും എത്തി. 
ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യന്നുണ്ട്. 
കേസിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നു ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് പറഞ്ഞു. ദിലീപ് സഹകരിച്ചാൽ അദ്ദേഹത്തിനു കൊള്ളാം. സഹകരിച്ചില്ലെങ്കിലും തെളിവുകൾ കൊണ്ട് പോലീസ് കേസ് തെളിയിക്കും. 

അതേ സമയം, ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി എന്ന് ആരോപിക്കുന്ന സത്യവാങ്മൂലം ദിലീപ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. തന്റെ ഭാര്യ ലാറ്റിൻ സമുദായ അംഗമായതു കൊണ്ട് ഉന്നതങ്ങളിൽ പിടിപാടുള്ള നെയ്യാറ്റിൻകര അതി രൂപത ബിഷപ്പിനെ കൊണ്ട് ശുപാർശ ചെയ്യിച്ചു കൃത്യമായ അന്വേഷണം നടത്തിക്കുകയും  ജാമ്യം ലഭ്യമാക്കുകയും ചെയ്യാം എന്ന് ബാലചന്ദ്രകുമാർ വാഗ്‌ദാനം ചെയ്തു എന്നാണ് ദിലീപ് പറയുന്നത്. അങ്ങിനെ പല തവണയായി ഇക്കാര്യം പറഞ്ഞു 10 ലക്ഷം രൂപ കുമാർ തട്ടിയെടുത്തു. കൂടുതൽ ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതാണ് വൈരാഗ്യത്തിന് കാരണമായത്. അപ്പോൾ എ ഡി ജി പി സന്ധ്യയെ വിളിച്ചു സംസാരിക്കും എന്ന് വിരട്ടി. 
കുമാറിന്റെ ചിത്രത്തിന് തീയതി കൊടുക്കാതിരുന്നതാണ് മറ്റൊരു വൈരാഗ്യം. 

എന്നാൽ ദിലീപിന്റെ ജാമ്യത്തിൽ ബിഷപ്പ്  ഇടപെട്ടു എന്ന ആരോപണം നെയ്യാറ്റിൻകര അതി രൂപത നിഷേധിച്ചു. നടനുമായോ ബാലചന്ദ്രകുമാറുമായോ തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നും അവർ അറിയിച്ചു. 
വിവാദങ്ങളിൽ നിന്ന് തങ്ങളെ ദയവായി ഒഴിവാക്കണമെന്നു രൂപതാ വക്താവ് ജി. ക്രിസ്തുദാസ് അഭ്യർത്ഥിച്ചു.
ബിഷപ്പിനെ കേസിൽ വലിച്ചിഴയ്ക്കുന്നത് സാമുദായിക സംഘർഷം ഉണ്ടാക്കാനാണെന്നു കുമാർ ആരോപിച്ചു. ദിലീപ് തനിക്കു പണം തന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ചിത്രം സംവിധാനം ചെയ്യാൻ വേണ്ടിയാണ്. 
ബിഷപ്പിനൊപ്പം കുമാർ നിൽക്കുന്ന ചിത്രങ്ങളും അവർ തമ്മിലുള്ള ചാറ്റും ഉണ്ടെന്നു ദിലീപ് പറയുന്നു. 

എന്നാൽ  പരാമര്‍ശങ്ങള്‍ നിഷേധിച്ച് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍. ദിലീപിനെയോ ബാലചന്ദ്രകുമാറിനെയൊ അറിയില്ലെന്ന് രൂപത വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിലേയ്ക്ക് രൂപതയേയും ബിഷപ്പിനേയും വലിച്ചിഴയ്ക്കരുതെന്നും രൂപതാ വക്താവ് പറഞ്ഞു. 

ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ചോദിച്ചെന്ന് ദിലീപിന്റെ ആരോപണം. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസില്‍ ഇടപെടുത്തിയാല്‍ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ദിലീപിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബാലചന്ദ്രകുമാറും രംഗത്ത് വന്നു. ദിലീപ് പണം നല്‍കിയത് സിനിമയുമായി ബന്ധപ്പെട്ടാണെന്നും നെയ്യാറ്റിന്‍കര രൂപതേയും ബിഷപ്പിനേയും കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഒരാളെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കാര്യം നിഷേധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെട്ട ദിലീപിന്റെ പരാമര്‍ശങ്ങളും വിശ്വാസയോഗ്യമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്റെ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക