Image

ദിലീപിന്റെ ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു, നാളെയും തുടരും

Published on 23 January, 2022
ദിലീപിന്റെ ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു, നാളെയും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു. രാത്രി എട്ടുമണിവരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. രാവിലെ ഒന്‍പതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായ ദിലീപിനെയും കൂട്ടുപ്രതികളെയും പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാളെയും ഇവരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം. 

കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരടക്കം അഞ്ചു പ്രതികളെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ നീട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കരുത്. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക