Image

ആരാണ് അശുഭമംഗളകാരി (ദുര്‍ഗമനോജ്)

Published on 23 January, 2022
ആരാണ് അശുഭമംഗളകാരി (ദുര്‍ഗമനോജ്)

കോവിഡിന്റെ തലമൂത്ത വേരിയന്റ് ഒമിക്രോണ്‍ പടര്‍ന്നു പിടിച്ച്, നില്‍ക്കാനിടമില്ലാതെ പറക്കുകയാണ്. പറയുന്നത് കേരളത്തിലെ സ്ഥിതിയാണ്. നാല്‍പ്പത്തയ്യായിരം പേര്‍ക്കാണ് ഇന്ന്, ഞായറാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് ചെയ്യാതെ വീട്ടിലിരുന്ന് പാരാസെറ്റാമോള്‍ വിഴുങ്ങുന്നവര്‍ ഇതിന്റെ മൂന്നിരട്ടി വരും. അപ്പോള്‍ ഏകദേശം ഒരു ലക്ഷം പേര്‍ക്ക് ഈ കൊച്ചു സംസ്ഥാനത്ത് പ്രതിദിന കോവിഡ് ഉണ്ടെന്നതാണ് സത്യം. ഇക്കണക്കിനു പോയാല്‍ ഇനി എന്താവും സ്ഥിതി. പെറ്റു പെരുകുകയാണ് രോഗാണു, അതിലേറെയും പ്രാദേശിക വകഭേദമായി മാറിയേക്കാം. അതിലും വലിയ മറ്റൊരു രസം, ഇന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണ്. അത് 4500 ഓളം വരും. അതായത്, ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കൃത്യം പത്തു ശതമാനം. ഈ കണക്കുകള്‍ എന്താണ് പറയുന്നത്! കോവിഡ് പരത്തുന്നവര്‍ ഈ ശതമാനമാണെന്നോ, അതോ ഇവര്‍ ഗറില്ലായുദ്ധത്തിന് ഇറങ്ങിയവരാണെന്നോ?

ഇതല്ല ഇതിലപ്പുറം കണ്ടതാണ് ഈ കെ.കെ. ജോസഫ് എന്നാണ് ഓരോ മലയാളിയുടെയും വിചാരം. പുറത്ത് ഇറങ്ങരുതെന്ന് പറഞ്ഞാല്‍, പുറത്തിറങ്ങിയില്ലെങ്കില്‍ മിന്നല്‍ മുരളിയാവില്ലെന്നാണ് പലരുടെയും വിചാരം. അതു കൊണ്ട് പുറത്തിറങ്ങി അതിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടാലെ സൂപ്പര്‍ ഹീറോ ആവൂ എന്നു ധരിച്ചാല്‍ എന്തു പറയാന്‍ പറ്റും. കോവിഡ് എല്ലായിടത്തു കൂടിയും പടരുകയാണ്. അതിനിടയ്ക്ക് വല്ലവിധേനയും പിടിച്ചു കെട്ടാനാണ് പോലീസ് നോക്കുന്നത്, (ആരോഗ്യവകുപ്പ് ആ ശ്രമം പണ്ടേ ഉപേക്ഷിച്ചു, ഇനി ആഭ്യന്തരവകുപ്പിന്റെ ശ്രമമാണ്), എന്നാല്‍ പറയുന്നത് ജനം കേള്‍ക്കുന്നില്ലല്ലോ. രാഷ്ട്രീയമായി ഇതിനെ നേരിടുകയാണെന്നാണ് പറയുന്നത്. കോവിഡിന് പാര്‍ട്ടിയെന്നോ വല്ലോമുണ്ടോ ആവോ?

എന്തായാലും ഒരു കാര്യം ഉറപ്പിക്കുന്നു, കോവിഡ് ഒരു സാമൂഹിക സാംക്രമിക രോഗമായി മാറുകയാണ്, അല്ലെങ്കില്‍ മാറ്റുകയാണ്. അതിനെ ഇനി ചെറുത്തു തോല്‍പ്പിക്കാന്‍ നോക്കിയാല്‍ ഇതല്ല, മറ്റു ചില ക്രോണുകളുമായി അതു പുനരവതിരിക്കുമെന്നുറപ്പ്. ആരോഗ്യപരമായുള്ള തികഞ്ഞ ജാഗ്രത മാത്രമാണ് ഇനി നമുക്ക് ആവശ്യം. ഒപ്പം, ബോധവത്കരണം, സാമൂഹിക പ്രതിബദ്ധത എന്നതൊക്കെ പ്രധാനമാണ്. കാരണം, നാം ഒരു മനുഷ്യനാണെന്നും ആരോഗ്യസംസ്‌കാരത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും തിരിച്ചറിയണം. അതിനു വേണ്ട യുക്തിബോധം പ്രകടിപ്പിക്കുമ്പോഴാണ് നാമൊരു ഉത്തമപൗരനായി മാറുന്നത്. അല്ലാത്തവരെല്ലാം അശുഭമംഗളകാരികള്‍ തന്നെയാണ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക