Image

ഈ യുദ്ധം ആരുടെ സൃഷ്ടി? (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 20)

ബാബു പാറയ്ക്കല്‍ Published on 25 February, 2022
ഈ യുദ്ധം ആരുടെ സൃഷ്ടി? (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 20)

"എന്താ പിള്ളേച്ചാ ഇന്ന് ചിരിയൊന്നുമില്ലല്ലോ."
"ചിരിക്കാൻ എന്താടോ ഉള്ളത്? നിങ്ങളല്ലേ യുക്രെയിനിനെ ഈ പരുവത്തിൽ ആക്കിയത്?"
"അതെന്താ പിള്ളേച്ചാ നിങ്ങൾ അങ്ങനെ പറയുന്നത്? ഞങ്ങൾ എന്ത് ചെയ്‌തെന്നാ? അമേരിക്ക ഇപ്പോഴും യുക്രെയ്‌നിന്റെ കൂടെ കട്ടക്കു നിൽക്കുകല്ലേ?"
"ഒലക്ക. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ."
"അതെന്താ പിള്ളേച്ചാ, ഇന്നാകെ ചൂടിലാണല്ലോ?"
"എടോ കഷ്ടമാ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്? വെറുതെയിരുന്ന പാവം യുക്രെയിനിനെ നിങ്ങൾ പിരികേറ്റി 'നാറ്റോയിൽ ചേർക്കാം, തേനും പാലും ഒഴുക്കാം' എന്നൊക്കെ പറഞ്ഞു റഷ്യക്കെതിരാക്കി. ഇപ്പോൾ എന്തായി?"
"അങ്ങനെ പറയരുതേ പിള്ളേച്ചാ. കാരണം യുക്രെയിൻ ഒരു സ്വതന്ത്ര രാജ്യമായപ്പോൾ അവർക്ക് എവിടെ നിൽക്കണം, ആരുടെ ഗ്രൂപ്പിൽ ചേരണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ടല്ലോ. അവർക്കു വേണ്ട സഹായം ആവശ്യമായി വന്നാൽ അമേരിക്ക കൂടെ നിൽക്കും എന്നല്ലേ പറഞ്ഞുള്ളൂ."
"അത് തന്നെയാണെടോ വിഷയം. സോവിയറ്റ് യൂണിയൻ ശിഥിലമായിക്കഴിഞ്ഞപ്പോൾ അതിന്റെ റിപ്പബ്ലിക്കുകളെല്ലാം സ്വതന്ത്ര രാജ്യങ്ങളായി. എന്നാൽ ഭാവിയിൽ ഒരു സംഘർഷം ഒഴിവാക്കാനും സ്വന്ത്രമായ റിപ്പബ്ലിക്കുകളെ അവരുടെ വഴിക്കു വിടാനുമായി റഷ്യ മുൻപോട്ടു വച്ച ഒരു കണ്ടീഷൻ അമേരിക്ക നയിക്കുന്ന നാറ്റോ അംഗീകരിച്ചു. അതായത്‌, 'നാറ്റോ അപ്പോഴുള്ളതിനേക്കാൾ കൂടുതൽ രാജ്യങ്ങളിലേൽക്കു വ്യാപിപ്പിക്കരുത്.' പക്ഷേ, സംഭവം മറിച്ചായി. സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം അവസാനിക്കുമ്പോൾ 16 രാജ്യങ്ങൾ മാത്രം അംഗസംഖ്യ ഉണ്ടായിരുന്ന നാറ്റോ റഷ്യയുടെ എതിർപ്പിനെ അവഗണിച്ച്‌ പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങൾക്ക് അംഗത്വം നൽകി. പിന്നീട് സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായ ചില റിപ്പബ്ലിക്കുകളെക്കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തി. റഷ്യ വളരെയേറെ എതിർത്തെങ്കിലും നാറ്റോ കൂട്ടാക്കിയില്ല. ഇന്ന് നാറ്റോയിൽ 30 രാജ്യങ്ങളുണ്ട്. ശത്രു രാജ്യങ്ങളാൽ ആക്രമിക്കപ്പെട്ടാൽ സൈനിക സഹായം ഉൾപ്പടെ വാഗ്ദാനം ചെയ്യുന്ന നാറ്റോയിൽ യുക്രെയിനിനെ കൂടി ഉൾപ്പെടുത്താൻ നാറ്റോ തീരുമാനിച്ചപ്പോൾ റഷ്യ വീറോടെ എതിർത്തു. അതിർത്തി പങ്കിടുന്ന യുക്രെയിൻ നാറ്റോയിൽ ചേർന്നാലുള്ള ഭീഷണി റഷ്യക്കു ഡെമോക്ലസിന്റെ വാളായി മാറി. അതാണ് രണ്ടും നിശ്ചയിച്ചു റഷ്യ മുന്നോട്ടിറങ്ങിയത്. ഇതവരുടെ നിലനിൽപിന്റെ വിഷയമാണ്."
"എന്തൊക്കെയായാലും ഈ അധിനിവേശത്തെ അംഗീകരിക്കാനാവില്ല പിള്ളേച്ചാ."
"ഇതെല്ലം നിങ്ങൾ തന്നെ സൃഷ്ടിച്ചതാണ്. എന്നിട്ടിപ്പോൾ ന്യായീകരിക്കാൻ വന്നിരിക്കുന്നു. റഷ്യ ആക്രമിച്ചാൽ ഞങ്ങൾ സഹായത്തിനുണ്ടാവും എന്ന് ഉറപ്പുകൊടുത്തതുകൊണ്ടാണ് യുക്രെയിൻ റഷ്യയുമായി ഒരു ചർച്ചക്കും മുതിരാതെ ഇപ്പോൾ യുദ്ധം ഏറ്റുവാങ്ങിയത്. എന്നിട്ട് ഇപ്പോൾ നിങ്ങൾ പാലം വലിച്ചു. ഇനി നിങ്ങൾ പറയുന്നത് ആര് വിശ്വസിക്കുമെടോ? അമേരിക്കയുടെ സർവ്വ ക്രെഡിബിലിറ്റിയും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞില്ലേ? കഷ്ടം തന്നെ."
"അമേരിക്കക്കു ചാടിക്കേറി റഷ്യയുമായി യുദ്ധം പ്രഖ്യാപിക്കാൻ പറ്റുമോ പിള്ളേച്ചാ. അതു മൂന്നാം ലോകമഹായുദ്ധത്തിലേക്കു നയിക്കില്ലേ? അപ്പോൾ അമേരിക്ക ഉപരോധം കൊണ്ടു മാത്രം നോക്കുന്നതല്ലേ ബുദ്ധി?"
"എടോ, അമേരിക്കയുടെ ഈ പ്രവൃത്തി കാരണം ഇപ്പോൾ ശരിക്കും വിഷമവൃത്തത്തിലായിരിക്കുന്നത് ഇന്ത്യയാണ്. ഒപ്പം നില്ക്കാൻ അമേരിക്ക ആവശ്യപ്പെടുകയാണ്."
"ഇന്ത്യ തീർച്ചയായും അമേരിക്കയുടെ കൂടെത്തന്നെ നിൽക്കണം. പാകിസ്ഥാനുമായുള്ള പ്രശ്‌നത്തിലൊക്കെ അമേരിക്ക ഇന്ത്യയുടെ കൂടെയല്ലേ നിൽക്കുന്നത്? അല്ലെങ്കിൽ കാശ്മീർ പ്രശ്നമൊക്കെ എത്രയോ വഷളാകുമായിരുന്നു?"
"കുറച്ചൊക്കെ ശരിയായിരിക്കാം. പക്ഷെ റഷ്യ എന്നും ഇന്ത്യയുടെ ഒരു നല്ല സുഹൃത്താണ്. 1971 ൽ പാകിസ്താനുമായുള്ള യുദ്ധത്തിൽ പാകിസ്താനെ സഹായിക്കാൻ ഇന്ത്യയെ ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് നിക്‌സൺ ഏഴാം കപ്പൽപ്പടയെ അയച്ചപ്പോൾ ഇന്ത്യയുടെ സഹായത്തിനെത്തിയത് റഷ്യയായിരുന്നു. അന്ന് ക്രൂഷ്‌ചേവിന്റെ ശക്തമായ നിലനിലപാടില്ലായിരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനേ. പിന്നീട് ഇന്ത്യയോടുള്ള ശത്രുത കാരണമല്ലേ പാക്കിസ്ഥാന് അനവധി നൂതനമായ ആയുധങ്ങൾ നൽകി പുഷ്ടിപ്പെടുത്തിയത്. അത് ഇന്ത്യക്കെന്നും ഭീഷണി തന്നെയായിരുന്നു. അത് മറക്കണ്ട. തന്നെയുമല്ല, ഇപ്പോൾ ചൈനയും പാകിസ്ഥാനും റഷ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക് ഇന്ത്യയുടെ നിലനില്പിന്റെ പ്രശ്നമാണ് ഈ സംഘട്ടനത്തിൽ ആരുടെ കൂടെ നിൽക്കുമെന്നത്. ഇന്ത്യയുടെ താല്പര്യം സംരക്ഷിക്കാൻ ഏതായാലും  ഇന്ത്യ റഷ്യയെ എതിർക്കാൻ സാധ്യമല്ല."
"അപ്പോൾ പിള്ളേച്ചൻ പറയുന്നത് അമേരിക്കയെ ശത്രു പക്ഷത്തു കാണണമെന്നാണോ? അത് ഇന്ത്യക്കു വളരെ ദോഷം ചെയ്യും. അതുപോലെ അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും."
"അതുകൊണ്ടാണല്ലോ ഇന്ത്യ സമാധാനത്തിനു ശ്രമിക്കുന്നത്. അതിൽ വിജയം കണ്ടെത്തിയാൽ എല്ലാം ശുഭമാകും."
"അതത്ര എളുപ്പമല്ലല്ലോ."
"അപ്പോൾ പിന്നെ കാത്തിരുന്നു കാണുക എന്നേയുള്ളൂ."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക