Image

തനിയെ, മിഴികൾ തുളുമ്പിയോ? (മൃദുമൊഴി-40:മൃദുല രാമചന്ദ്രൻ)

Published on 07 March, 2022
തനിയെ, മിഴികൾ തുളുമ്പിയോ? (മൃദുമൊഴി-40:മൃദുല രാമചന്ദ്രൻ)

ചില വാക്കുകൾ ഒറ്റക്ക് ഒരു കവിതയാണ്.ഒരു വാക്കിൽ തന്നെ നോവും, നനവും, നിറവും, നിലാവും, തണുപ്പും, താരങ്ങളും, പീലിത്തുണ്ടും, മഞ്ചാടി ചോപ്പും ,കടലും, കരുണയും നിറഞ്ഞൊഴുകുന്ന കവിത തീർക്കുന്ന വാക്കുകൾ.

"തനിയെ" അങ്ങനെ ഒരു വാക്ക് ആണ്.ഒരൊറ്റ വാക്കിൽ ഹൃദയത്തിന്റെ ഉറവ പൊട്ടുന്ന തരം വാക്ക്.തനിയേ എന്ന വാക്ക് ഓരോ മനുഷ്യന്റെ ഉള്ളിലും ഉണർത്തുന്നത് വ്യത്യസ്തമായ ചിത്രങ്ങൾ ആയിരിക്കും.എങ്ങോട്ട് എന്നറിയാതെ നീളുന്ന ഒരു വെയിൽ പാത, ഒരൊറ്റ നക്ഷത്രം മാത്രം പ്രകാശിച്ച ഒരു രാത്രി, വേപദു പൂണ്ട ഒരു കടൽ, സങ്കടം തിങ്ങിയ ഒരു തോരാമഴ.... തനിയേ എന്ന  ഒറ്റ വാക്കിന് അർത്ഥം എത്രയാണ്.

ജീവിതത്തിൽ ഒരിക്കൽ എങ്കിലും തനിയേ ആയി പോകാത്ത മനുഷ്യരുണ്ടാകില്ല.ഓരോ മനുഷ്യനും ജീവിതത്തിൽ ഒരിക്കൽ എങ്കിലും
 അനുഭവിച്ച, അറിഞ്ഞ വാക്ക് .എത്രയോ കോടി മനുഷ്യരുള്ള ഈ ഭൂമിയിൽ, തന്റെ കൂടെ ആരുമില്ലെന്ന തോന്നലിൽ ആന്തി പോകുന്ന നിമിഷം. ഈ ആധി നിറഞ്ഞ ഒരു നിമിഷത്തിന്റെ ഒടുക്കമാണ് പലപ്പോഴും ആത്മഹത്യകൾ. ഏറ്റവും നീണ്ടതും, വേദന നിറഞ്ഞതുമായ ആ നിമിഷത്തിന്റെ ഇടയ്ക്ക് എങ്ങോ ആരെങ്കിലും ചെന്നൊന്നു ചേർത്തു പിടിച്ചാൽ, ചിരിച്ചാൽ എന്തിന് വെറുതെ ഒന്ന് അലിവാൽ നിറഞ്ഞു നോക്കിയാൽ പോലും മരണത്തിലേക്ക് നീട്ടിയ ചുവടുകൾ ഝടുതിയിൽ പിൻവലിച്ച് മനുഷ്യർ ജീവിതത്തിലേക്ക് ആയും.തനിയേ ആകലിന്റെ തീവ്രത പക്ഷെ, മരണത്തോളവും എത്താവുന്നതാണ്.

തനിയെ ആകലുകൾ കവിത പോലെയാണ്.അത് എല്ലാവർക്കും ആസ്വദിക്കാൻ ആകുന്ന ഒന്നല്ല."അന്നെനിക്കൊട്ടും മനസുഖമില്ലെന്റെ ചന്ദനപമ്പരമെങ്ങോ കളഞ്ഞു പോയ്‌" എന്ന് വയലാറിന്റെ കുഞ്ഞു പറയുമ്പോൾ നെഞ്ചു പൊട്ടുന്നവർ, "ദുരിത മോഹങ്ങളിൻ മുകളിൽ നിന്നൊറ്റക്ക്, ചിതറി വീഴുന്നതിൻ മുന്പല്പ്പ മാത്രയിൽ ,ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ?" എന്ന് കവി ചോദിക്കുമ്പോൾ വിതുമ്പി പോകുന്നവർ, "ഈ രാത്രിയാകുമെനിക്കേറ്റവും ദുഃഖപൂരിതമായ വരികളെഴുതുവാൻ" എന്ന് കവി പാടവേ സ്വന്തം തൊണ്ട ഇടറുന്നവർ : കവിത പോലെ ഹൃദയത്തിൽ പടരുന്നതാണ് തനിയെ ആകുന്ന അനുഭവം.

തീതണുപ്പുള്ള ഒരു മഞ്ഞുകട്ട കൈക്കുള്ളിൽ വച്ചത് പോലെ ചിലരതിനെ നടക്കും-തീയിൽ പൊള്ളിയും, തണുത്തുറഞ്ഞും; ഓരോ നിമിഷവും വലിച്ചെറിയണമെന്ന തോന്നലും, ഇറുക്കി പിടിക്കാനുള്ള ആസക്തിയും.

തിരി മുറിയാതെ മഴ പെയ്യുന്ന ഒരു രാത്രിയുടെ ഉന്മത്തമായ തണുപ്പും, ഇരുട്ടും പോലെ തനിയെ ആകൽ ആഘോഷിക്കുന്നവരുണ്ട്. ഒരു കട്ടി പുതപ്പിന്റെ ഇത്തിരി ചൂടിൽ ആസ്വദിക്കുന്ന തണുപ്പ്.

തനിയെ ആകൽ ഭൗതികമായ, ശാരീരികമായ ഒരു അവസ്ഥയല്ല .അത് മാനസികവും,വൈകാരികവും ആണ് എപ്പോഴും.അനേകം പേർ ചുറ്റും ഉള്ളപ്പോഴും ആരും ഇല്ലാത്ത ഒറ്റപ്പെടലുകൾ ആണ് ഏറ്റവും തീക്ഷ്ണം; അനുകമ്പയുളവാക്കുന്നത്.


വെള്ളപ്പൊക്കത്തിൽ എല്ലാവരും ഉപേക്ഷിച്ചു പോയ നായ്ക്കുട്ടിയെ പോലെ..."മായാനദി" എന്ന സിനിമയിൽ അപർണ്ണക്ക് പരസ്യ ഷൂട്ടിന് കൂട്ട് പോകുന്ന മാത്തൻ, കടലിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു സീൻ ഉണ്ട്.ഒരു ആൾക്കൂട്ടത്തിന്റെ നടുക്ക് മാത്തൻ അനുഭവിക്കുന്ന ആന്തരികമായ ഒറ്റപ്പെടൽ അനുഭവിപ്പിക്കുന്നുണ്ട് ആ ദൃശ്യം.സദാ ഒറ്റയാകേണ്ടി വന്ന ഒരു മനുഷ്യനോടുള്ള കരുണയാണ് കർണ്ണനോട് നമുക്ക് തോന്നുക.

കൂട്ടത്തിൽ നിന്ന് അറിഞ്ഞും, അറിയാതെയും അകന്നു പോകുന്ന , ഒറ്റക്ക് ആകുന്ന മനുഷ്യർക്ക് ഒക്കെ അനുകമ്പക്ക്‌ അങ്ങേയറ്റം അർഹതയുണ്ട്.വടു കെട്ടി ഉണങ്ങി എന്ന് തോന്നിക്കുന്ന തൊലിക്കകത്ത് രക്തം പൊടിയുന്ന മുറിവ് പേറുന്നവർ ആണ് അവരെല്ലാം.

കുട്ടികൾ കളിച്ചാർക്കുന്ന കളിമുറ്റത്തിന്റെ ഓരത്ത് ഒറ്റക്ക് ഇരിക്കുന്ന കുട്ടി-ഓരോ നിമിഷത്തിലും ആ കളിയുടെ ആഹ്ലാദ ഘോഷങ്ങളിൽ പങ്കു ചേരാൻ മോഹിച്ചും, പക്ഷെ അതിന് ആകാതെയും ആ കളിക്കൂട്ടത്തിലേക്ക് കൊതിയോടെ കണ്ണും പായിച്ചിരിക്കുന്ന കുട്ടിയെപ്പോലെ ജീവിതം സന്തോഷിച്ചു നുരക്കുന്ന എല്ലായിടങ്ങളിൽ നിന്നും അകന്ന് തനിയേ ആയി പോയവർ.

"Forelorn-the very word is like a bell" ഒറ്റ എന്ന വാക്ക് തന്നെ മണി ചിലമ്പുന്നത് പോലെ ആണെന്നാണ് കീറ്റ്‌സ് പറയുന്നത്.തന്നെത്തന്നെ തല്ലി നോവിച്ചുണർത്തുന്ന സംഗീതം.

"ഒടുവിൽ ഞാൻ ഒറ്റയാകുന്നു" എന്നൊരു സച്ചിദാനന്ദൻ കവിതയുണ്ട്."ഞാൻ ഒറ്റയാകുന്നതെങ്ങനെ കിടാങ്ങളെ,ഞാനൊറ്റയായ് പോകുവോളം" എന്ന കവിയുടെ ആശ്ചര്യത്തിൽ ആണ് കവിത അവസാനിക്കുന്നത്."കൂടെ വിളിച്ചിട്ട് ആരും വരുന്നില്ലെങ്കിൽ ഒറ്റക്ക് നടക്കുക" എന്നൊരു ഭജൻ ഉണ്ട്, ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ഒന്ന്.

ഒറ്റക്കാവൽ ഒരേ സമയം ദുർബലതയും, ശാക്തീകരണവും ആണ്.ഇരിക്കാൻ ഒരു ചില്ലയില്ലാത്ത ആകാശം ആണത്.പക്ഷേ, മരച്ചില്ലകൾ വിട്ട് മേഘശിഖരങ്ങളിലേക്ക് പറക്കാൻ ഉള്ള അവസരവും ആണത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക