Image

തെരഞ്ഞെടുപ്പു ഫലം: ഇനി എന്ത്? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-24)

Published on 11 March, 2022
തെരഞ്ഞെടുപ്പു ഫലം: ഇനി എന്ത്? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-24)

"എന്താടോ വൈകിട്ടത്തെ തെരഞ്ഞെടുപ്പു ഫലമൊക്കെ ശ്രദ്ധിച്ചോ?"
"കണ്ടു പിള്ളേച്ചാ. ഇത് അല്പം കട്ടിയായി പോയി."
"അതെന്താ ഇയ്യാൾ അങ്ങനെ പറഞ്ഞത്?"
"അല്ല കോൺഗ്രസിന്റെ പരാജയം ഇത്രകണ്ട് ദയനീയമാകുമെന്നോർത്തില്ല."
"എന്താ ഓർക്കാതിരിക്കാൻ കാരണം? അവർ അത് ചോദിച്ചു വാങ്ങിയതല്ലേ?"
"അങ്ങനെ പറയാമോ? ബിജെപിയോടു പിടിച്ചുനിൽക്കാൻ വേറൊരു ദേശീയ പാർട്ടി ഏതാണുള്ളത്?"
"ഇനി കോൺഗ്രസിനെ ഒരു ദേശീയ പാർട്ടി എന്ന് പറയാനാകുമോ? ആ ലെവലിൽ കൊണ്ടെത്തിച്ചില്ലേ നേതാക്കന്മാർ?"
"അത് പക്ഷെ പിള്ളേച്ചാ, യുപി പോലെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി മതസ്പർദ്ധ വളർത്തി ഭൂരിപക്ഷ വോട്ടുബാങ്ക് അടിച്ചു മാറ്റിയതല്ലേ? കോൺഗ്രസിന് അങ്ങനെ മത പ്രീണനം പറ്റില്ലല്ലോ. അതൊരു മതേതര പാർട്ടിയല്ലേ?"
"അവിടെ തനിക്കു തെറ്റിയെടോ. കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചതിന്റെ ഒരു പ്രധാന  കാരണം മത പ്രീണനമാണെടോ."
"കോൺഗ്രസ്സ് എവിടെയാ അങ്ങനെ മത പ്രീണനം നടത്തിയത്? ബിജെപി യല്ലേ ഹിന്ദു വർഗീയത ഇളക്കിവിട്ടു വോട്ടു പിടിക്കുന്നത്?"
"എടോ, ബിജെപി ഇപ്പോഴല്ലേ ഇതെല്ലം പറഞ്ഞു ജനക്കൂട്ടത്തെ ഇളക്കുന്നത്. ഇവിടെ മത തീവ്രവാദം വളർത്തിയത് യഥാർത്ഥത്തിൽ ആരാണ്? ബാബ്‌റി മസ്‌ജിദ്‌ പൊളിക്കാൻ ഒത്താശ ചെയ്തു കൊടുത്തത് കോൺഗ്രസ് അല്ലേ? സാധാരണ സമാധാന ജീവിതം നയിക്കുന്ന ഹിന്ദുക്കൾ പോലും പറഞ്ഞു അതൊരാവശ്യമില്ലാത്ത കാര്യമായിരുന്നെന്ന്. പിന്നെ കുറച്ചു വോട്ടിനു വേണ്ടി മതനേതാക്കന്മാരുടെ കാലു നക്കുന്ന സ്വഭാവം അവർക്കു പണ്ടേയുള്ളതാണ്. അതുകൊണ്ടു തന്നെ ഇസ്ലാമിക തീവ്രവാദത്തെ അവർക്ക് ഒരിക്കലും എതിർക്കാൻ കഴിഞ്ഞില്ല. എന്നാൽ ഹൈന്ദവ തീവ്രവാദത്തെ തുറന്ന് എതിർക്കുകയും ചെയ്തു. ആ നിലപാട് മിതവാദികളായ ഹിന്ദുക്കളെപ്പോലും പുനർചിന്തനത്തിനിടയാക്കി. എന്തിന്, കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിരം വോട്ടുബാങ്കായ ക്രൈസ്തവർ പോലും ഇപ്പോൾ മാറ്റി ചിന്തിക്കാൻ തുടങ്ങിരിക്കുന്നു."
"അത് പിള്ളേച്ചൻ പറഞ്ഞത് ശരിയാണ്. പക്ഷെ അത് മാത്രമല്ലല്ലോ പരാജയത്തിന് കാരണം."
"അല്ല. മുഖ്യമായ കാരണം ആ പാർട്ടിയിലെ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും അച്ചടക്കമില്ലായ്മയുമാണ്. അവർ തമ്മിൽ തല്ലാത്ത ദിവസമുണ്ടോ? കുഴിയിലോട്ടു കാലും നീട്ടി ഇരിക്കുന്നവരായാൽപോലും അധികാരം വിട്ടു കൊടുക്കില്ല. ആദർശമുള്ള യുവനേതാക്കന്മാരെ ഒരു കാരണവശാലും നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ സമ്മതിക്കില്ല. പിന്നെ ഗ്രൂപ്പിസം. കോൺഗ്രസ് കുറച്ചെങ്കിലുമുള്ള എല്ലാ സംസ്ഥാനത്തും പ്രാദേശിക നേതാക്കന്മാരുടെ ഗ്രൂപ്പുകളാണുള്ളത്. അന്യോന്യം കുതികാൽ വെട്ടിയും പാര വച്ചും കുഴി മാന്തിയും മാത്രം മുന്നോട്ടു പോകാൻ പഠിച്ചിരിക്കുന്ന ഇവർക്കെവിടെയാടോ പാർട്ടിയെ ശ്രദ്ധിക്കാൻ സമയം! ഇപ്പോൾ കേരളം എന്ന ചെറിയ തുരുത്തിൽ മാത്രമാണ് കുറച്ചു കോൺഗ്രസ്സുകാർ ഉള്ളത്."
"അപ്പോൾ, ഇനി കോൺഗ്രസ് ഒരിക്കലും തിരിച്ചു വരില്ലെന്നാണോ പിള്ളേച്ചൻ പറയുന്നത്?"
"എടോ, കോൺഗ്രസിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് മിക്കവാറും എല്ലായിടത്തും പ്രാദേശിക പാർട്ടികൾ വളർന്നത്. കേരളത്തിൽ കമ്മ്യൂണിസ്ററ് പാർട്ടിയെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത് അവരുടെ മൂക്കറ്റം മുങ്ങുന്ന അഴിമതിയും സ്വജന പക്ഷപാതവും കാണാഞ്ഞിട്ടല്ല, മറിച്ച്, പകരം വയ്ക്കാൻ ഒരു പാർട്ടിയില്ലാത്തതു കൊണ്ടാണ്. കോൺഗ്രസിനെ നേതാക്കന്മാരുടെ തമ്മിലടി കൊണ്ട് ജനങ്ങൾ അത്രമാത്രം വെറുക്കുന്നു."
"അപ്പോൾ പിന്നെ ഇനി എന്തു ചെയ്യാനാകും?"
"ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ ജീവിക്കുന്ന ചെറുപ്പക്കാരുടെ മുൻപിൽ ഇപ്പോഴുള്ളത് രണ്ടു ചോയ്‌സ് മാത്രമാണ്. ഒന്ന്, മാർക്സിസ്റ്റു പാർട്ടിയിൽ അംഗമായി പി എസ് സി യിൽ കൂടിയോ പിൻ വാതിലിൽ കൂടിയോ സർക്കാർ നിയമനം കരസ്ഥമാക്കുക. അത് സാധ്യമായില്ലെങ്കിൽ ഏതെങ്കിലും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാകുക. രണ്ടു വർഷം കഴിഞ്ഞു നോക്കുകൂലി വാങ്ങാൻ മാത്രം പോയാലും ജീവിത കാലം മുഴുവൻ പെൻഷൻ ലഭിക്കുമല്ലോ. രണ്ടാമത്തേത്, ഈ നാട്ടിൽ നിന്നും എവിടെയെങ്കിലും പോയി കുടിയേറുക. കുറച്ചെങ്കിലും വിദ്യാഭ്യാസം ഉള്ള കൂട്ടരെല്ലാം മിക്കവാറും രണ്ടാമത്തേതാണ് തെരഞ്ഞെടുക്കുന്നത്. നാടിൻറെ ഡെമോഗ്രാഫി മാറിക്കൊണ്ടിരിക്കുകാടോ. അതുകൊണ്ട് ഇനിയിപ്പോൾ ചെയ്യാൻ പറ്റുന്നത് കോൺഗ്രസിനെ പിരിച്ചുവിട്ടു ബിജെപിയെ പിന്താങ്ങുക എന്നത് മാത്രമാണ്."
"അത് ആത്മഹത്യാപരമല്ലേ പിള്ളേച്ചാ?"
"എടോ, അവിടെ ഒരു അച്ചടക്ക സംവിധാനമുണ്ട്. അവിടെ ചേർന്ന് അവരുടെ തീവ്രവാദ നിലപാടിനെ തിരുത്തിയെടുക്കാൻ പറ്റുമോന്നു നോക്കുക. പറ്റിയാൽ പ്രാദേശിക പാർട്ടികൾ ശിഥിലമാകും. നാടു വീണ്ടും ഐക്യത്തിൽ മുന്നോട്ടു പോകും. മത തീവ്രവാദത്തിനു തടയിടാതെ നാട് ഗുണം പിടിക്കില്ലെടോ.”
"അത് ഹിന്ദു തീവ്രവാദത്തെ വളർത്തുകയില്ലേ? പിന്നെ ഞങ്ങളെപ്പോലെയുള്ള മറ്റുള്ളവർക്ക് ഇവിടെ ജീവിക്കാനാകുമോ?"
"എടോ, ഏതായാലും നിങ്ങളും നിങ്ങളുടെ അനേക തലമുറ പൂർവികരും ഇവിടെത്തന്നെയാണല്ലോ ഇത്രയും നാൾ ജീവിച്ചത്. ആരും ഇതുവരെ നിങ്ങളെ കടിച്ചു തിന്നിട്ടുമോന്നുമില്ലല്ലോ. ഈ ഹിന്ദുക്കളൊക്കെ എക്കാലവും ഇവിടെത്തന്നെ ഉണ്ടായിരുന്നല്ലോ."
"അത് ശരിയാണ്. എന്നാലും ......"
"എന്ത് എന്നാലും?"

Join WhatsApp News
Wilson michael 2022-03-11 03:38:43
Very good message 👏 👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക