Image

രാജകുമാരിയുടെ പ്രണയാഭിലാഷങ്ങൾ (സുധീർ പണിക്കവീട്ടിൽ)

Published on 13 March, 2022
രാജകുമാരിയുടെ പ്രണയാഭിലാഷങ്ങൾ (സുധീർ പണിക്കവീട്ടിൽ)

(ഇ-മലയാളി വനിതാമാസാഘോഷത്തിൽ വനിതാ എഴുത്തുകാരെ ആദരിക്കുന്നു. അമേരിക്കൻ മലയാളി വനിതാഎഴുത്തുകാരികളുടെ രചനകൾ തിരഞ്ഞെടുത്തു നിങ്ങളുടെ അഭിപ്രായത്തോടൊപ്പം അയക്കുക.)

ലോകവനിതാ ദിനം മാർച്ച് എട്ടോടുകൂടി പെറുക്കിക്കെട്ടി പോയെങ്കിലും ഇ-മലയാളി ഈ മാസം മുഴുവൻ വനിതാമാസമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. വളരെ നല്ല കാര്യം.  അപ്പോൾ വനിതാ എഴുത്തുകാരികളുടെ   രചനകൾ വായിക്കുകയും അഭിപ്രായങ്ങളും ചർച്ചകളും നടത്തുന്നതു ആവശ്യമാണല്ലോ?  ഈ ലേഖകൻ തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീമതി എം പി ഷീലയുടെ "മൂന്നാമൂഴം" എന്ന നോവലാണ്.ഈ നോവലിന്റെ പ്രസക്തി ഇതിലെ നായിക ദ്വാപര യുഗത്തിൽ ജീവിച്ചിരുന്നവളാണെങ്കിലും ഇന്നത്തെ വനിതകളേക്കാൾ വളരേ ശക്തയും, ധീരയും, പ്രതിസന്ധികളെ ബുദ്ധിപൂർവം അഭിമുഖീകരിച്ചവളുമാണെന്നാണ്. അവർ സുന്ദരിയും വിവേകമതിയുമായിരുന്നു. പ്രതികൂലസാഹചര്യങ്ങളിൽ പതറാതെ നിന്നവൾ. നിർഭയം തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവൾ. കൗരവസഭയിൽ വച്ച് വസ്ത്രാഹരണം നടന്നപ്പോൾ തന്റെ വിജ്ഞാനം പ്രകടിപ്പിച്ചുകൊണ്ട് നിയമവും ധാർമികതയും പ്രസംഗിച്ചവൾ. അവൾ പാഞ്ചാലി, പഞ്ചപാണ്ഡവരുടെ ഭാര്യ. ഇവരെ ആദ്യത്തെ ഫെമിനിസ്റ്റ് ആണന്നൊക്കെ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ പഞ്ചകന്യകമാരിൽ ഒരാളാണ് അവർ. ശ്രീമതി എം പി ഷീല അവതരിപ്പിക്കുന്ന പാഞ്ചാലി എന്ന കഥാപാത്രം അങ്ങനെയൊക്കെയാണ്. അങ്ങനെയുള്ള ഒരു കഥാപാത്രത്തെക്കുറിച്ചല്ലേ ഈ വനിതാമാസത്തിൽ ചർച്ചചെയ്യേണ്ടത്.? 
തന്നെയുമല്ല നോവലിസ്റ്റ് ശ്രീമതി എം പി ഷീല നമ്മൾക്ക് പരിചയമുള്ള പാഞ്ചാലിയേക്കാൾ അവരെക്കുറിച്ച് കൂടുതൽ ചില വിവരങ്ങളും തരുന്നു. അതൊക്കെ അറിയുക കൗതുകകരമല്ലേ. അതേസമയം നോവലിസ്റ്റിന്റെ രചനാരീതിയും, ഭാഷാപ്രയോഗങ്ങളും, വായനക്കാരെ ഉത്സാഹത്തോടെ ഓരോ പേജും വായിപ്പിക്കാനുള്ള അവതരണശൈലിയും എല്ലാം നമ്മൾക്ക് കണ്ടെത്താവുന്നതാണ്. ഇ-മലയാളിയുടെ 2022 വനിതാമാസത്തിൽ ചർച്ച ചെയ്യാനെടുത്ത ആദ്യത്തെ കൃതി എന്ന നിലയിൽ ഇത് നോവലിസ്റ്റിനു അഭിമാനകരമാകുമെന്നു കരുതുന്നു.


പൂർവ്വജന്മസ്മരണകൾ (past life memories) കൂടുതലും കുട്ടികളാണ് ഓർക്കുന്നതെങ്കിലും പ്രായപൂർത്തിയായവരും ഇത് പ്രകടിപ്പിക്കാറുണ്ട്. ദ്രൗപദി അഗ്‌നിയിൽ നിന്നും പൂർണ്ണയുവതിയായി പ്രത്യക്ഷപ്പെട്ടവളാണ്. അവളിൽ പൂർവ്വജന്മരഹസ്യം അറിയാനുള്ള മോഹം ഉദിക്കുന്നു. ജീവിതം ജീവിച്ചു തീരുംമുമ്പേ മരിച്ചവർ, അല്ലെങ്കിൽ കൊല്ലപ്പെട്ടവർ ഒക്കെ പുനർജനിക്കുമ്പോൾ അവരിൽ ഈ അനുഭവങ്ങൾ വന്നുചേരുമെന്നു ഗവേഷകർ കണ്ടെത്തുന്നു. ദ്രൗപദിയുടെ പൂർവ്വജന്മം സന്തുഷ്ടമായിരുന്നില്ലല്ലോ. അവൾക്ക്  കിട്ടിയ ശാപം അവളുടെ ജീവിതം കീഴ്മേൽമറിച്ചു. നോവലിസ്റ്റ് അതേപ്പറ്റി അതന്വേഷിക്കുകയാണ്. അതേസമയം അവരുടെ വർത്തമാനകാലജീവിതം മുറപോലെ നടക്കുന്നതായി വിവരിക്കുന്നു. ആദ്യം മുതൽ അവസാനം വരെ വായനക്കാരിൽ ജിജ്ഞാസപകർന്നുകൊണ്ട് കഥ മുന്നോട്ടുകൊണ്ടുപോകാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.


വേദവ്യാസൻ പാഞ്ചാലിയെ അവതരിപ്പിച്ചപ്പോലെ തന്നെ നോവലിസ്റ്റും പാഞ്ചാലിയെ പരിചയപ്പെടുത്തുന്നു. വ്യാസൻ പോലും പാഞ്ചാലിയുടെ സൗന്ദര്യത്തെ വർണ്ണിക്കുമ്പോൾ ഹർഷോന്മാദലഹരിയിൽ മദിച്ചു പോയത്രേ. അദ്ദേഹത്തിന്റെ മറ്റു നായികമാരെകുറിച്ചെഴുതുമ്പോൾ അദ്ദേഹം ഇതേപോലെ വാചാലനായിട്ടില്ല. ദ്രൗപദി  സർവ്വലക്ഷണസമ്പന്നയാണ്. നീലോല്പലദള ശ്യാമളയാണ്. നീലോല്പലസുഗന്ധിനിയാണ്. നോവലിസ്റ്റും  തീരെ പിശുക്കു കാണിക്കുന്നില്ല ദ്രൗപതിയെ വർണ്ണിക്കുമ്പോൾ. " ഏതോ ശില്പി കൊത്തിമിനുക്കിയ മെയ്യഴക്" അങ്ങനെ പോകുന്നു അവരുടെ വർണ്ണനകൾ.


ദ്രുപദന്റെ മകളായി ജന്മമെടുത്തെങ്കിലും അവളുടെ പൂർവ്വജന്മ ചിന്തകൾ അവളെ അലോസരപ്പെടുത്തുന്നു. നോവലിസ്റ്റിന്റെ ഭാഷയിൽ "എനിക്ക് ഒരു അപൂർണ്ണത അനുഭവപ്പെടുന്നു സഖി". ഏതോ പ്രണയചിന്തകളുടെ സുഖാനുഭൂതികൾ തികട്ടി തുളുമ്പുന്നുണ്ട് രാജകുമാരിയുടെ മനസ്സിൽ അപ്പോൾ. പൂക്കൾക്കിടയിൽ നിന്നും ഒരു മയിൽ‌പീലി പ്രത്യക്ഷപ്പെടുന്നു. മയിൽ‌പീലി പ്രണയത്തിന്റെ, സൗന്ദര്യത്തിന്റെ  .പ്രതീകമാണ്. ഒരു മയിൽ‌പീലി കാണുകയെന്നത്‌ ഈശ്വരനിൽ നിന്നുള്ള വരദാനമായി ഭാരതീയർ വിശ്വസിക്കുന്നു. അപ്പോൾ രാജകുമാരിയുടെ പ്രണയഭാവനകളെ അവർ ആഗ്രഹിക്കുന്നയാൾ കൈക്കൊണ്ടു എന്ന് സാരം. ഇവിടെ നോവലിസ്റ്റ് ഭാവനയുടെ ചിറകുകളിൽ സഞ്ചരിച്ച് രാജകുമാരിയുടെ ഹൃദയം വായിച്ചെടുക്കുന്നു. മയില്പീലിയെ ഓടകുഴലായി സങ്കൽപ്പിക്കുന്നു. രാജകുമാരിയുടെ പ്രണയപ്പനിയുടെ ഊഷ്മാവിൽ ചുറ്റുപാടും അലങ്കാരങ്ങൾ എടുത്തണിഞ്ഞു പ്രണയപരവശരാകുന്നു. 
നോവലിസ്റ്റിന്റെ ഭാവനയിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ഈ സന്ദർഭം വായനക്കാരെ വിസ്മയിപ്പിക്കാൻ പര്യാപ്തമാണ്. അപൂർണത എന്ന് പറയുന്നത് നമ്മളിലുള്ള നഷ്ടബോധമാണ്. എന്തോ ഒന്നിന്റെ കുറവ്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. അത് നോവലിസ്റ്റിന്റെ സൂക്ഷ്മതയാണ്. ദ്രൗപദിക്ക് അങ്ങനെ അപൂര്ണത തോന്നുമ്പോഴൊക്കെ അവരിൽ ആത്മവിശ്വാസം പകർന്നുകൊണ്ട് മയില്പീലിയായും സാന്ത്വനമായും കൃഷ്ണൻ എത്തുന്നുണ്ട്. പക്ഷെ ശാപം മൂലമുള്ള വിരഹം അനുഭവിക്കേണ്ടതുകൊണ്ട് അകന്നു നിൽക്കുന്നു.

പിന്നീട് ദ്രൗപദിയെ  ഒരു സ്വപ്നജീവിയായിട്ടാണ് കാണുക. അവൾക്കു തന്നെയറിയില്ല ആരാണ് അവളെ സ്വപനങ്ങളുടെ മണിത്തേരിൽ വന്നിറങ്ങി ഓമനിക്കുന്നതെന്നു. അപൂര്ണത അനുഭവപ്പെടുമ്പോൾ ഒരു മയിൽ‌പീലി സ്പർശം. എന്നാൽ അവൾ അത് ഇഷ്ടപെടുന്നു. ഒരു നീലവർണ്ണൻ. അത് കണ്ണനെപ്പറ്റിയാണോ എന്ന സംശയം വായനക്കാർക്ക് തോന്നിയേക്കാം. തനിക്ക് ഒരു ഭൂതകാലമുണ്ട് കഴിഞ്ഞുപോയ ആ കാലഘട്ടത്തിൽ  തന്നെ പ്രണയിച്ചിരുന്ന ഒരാൾ ഉണ്ടെന്ന രാജകുമാരിയുടെ ചിന്തകളും അതിനെ തഴുകിയുള്ള സ്വപ്നാടനവും കറയറ്റ ഭാഷയിൽ കമനീയമായി നോവലിസ്റ്റ് വിവരിക്കുന്നു.


പുരാണങ്ങളുടെ പ്രത്യേകത അവ ചരിത്രപരമായ ഒരു കഥയല്ല പറയുന്നതെന്നാണ്. ദൈവങ്ങളും ദേവതമാരും ഇതിലെ കഥാപാത്രങ്ങളാണ്. വില്ലനായി എത്തുന്നത് ഒരു ശാപമാണ്. ശാപവും ശാപമുക്തിക്കായി ശപിക്കപ്പെട്ടവർ നടത്തുന്ന ഭഗീരഥപ്രയത്നങ്ങളും പുരാണകഥകളെ ആകർഷകമാക്കുന്നു. പദ്‌മപുരാണത്തിൽ രാധയെ മഹാലക്ഷ്മിയുടെ അവതാരമായി പറയുന്നതിനെ ആസ്പദമാക്കിയാണ് നോവലിസ്റ്റ് കഥ പറയുന്നത്. പാഞ്ചാലിയുടെ മുന്ജന്മ കഥകളിൽ അവർ ഒരു മഹർഷിയുടെ ഭാര്യയായിരുന്നു അയാളുടെ ശാപവും അവർക്ക് കിട്ടിയതായി കാണുന്നുണ്ട്. ഈ നോവൽ ഒരു പുനരവതാരന്വേഷണ കഥയാക്കി മാറ്റാതെ ആ കഥാതന്തുവിൽനിന്നും ഒരു സ്ത്രീയുടെ ഭാഗ്യനിര്ഭാഗങ്ങളുടെ തുലാസ്സ് പൊങ്ങുന്നതും താഴുന്നതും നോവലിസ്റ്റ് വിവരിച്ചിരിക്കുന്നു. നോവലിസ്റ്റ് ചിലപ്പോഴെല്ലാം ഒരു പുനരവതാര ചികിത്സകയായി (Reincarnation Therapist) ദ്രൗപദിയുടെ മനോവികാരങ്ങൾ പകർത്തിയിട്ടുണ്ട്.
പാഞ്ചാലിയുടെ സ്വയംവരത്തിൽ പങ്കുകൊള്ളാൻ കൃഷ്ണനും ബലരാമനും എത്തുമ്പോൾ ദ്രൗപദി  അവരെ കാണുന്നുണ്ട്. പാഞ്ചാലിയുടെ മനസ്സിൽ അവ്യക്തചിന്തകൾ രൂപം കൊള്ളുന്നു. നോവലിസ്റ്റ് പറയുന്ന അപൂര്ണത. ഈ അവസ്ഥ നോവലിന്റെ അവസാനം സത്യം അറിയുന്നവരെ  നില നിൽക്കുന്നു. ദ്രൗപദിയുടെ മനസ്സിലെ ജിജ്ഞാസ വായനക്കാർക്കും അനുഭവപ്പെടുന്നു. സ്വയംവരത്തിനു ക്ഷണിച്ചു വരുത്തിയവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാം. എന്നാൽ ദ്രൗപതിയുടെ മനസ്സിന്റെ  താളം തെറ്റിയിരിക്കയാണ്. അവളുടെ പൂർവകാല സ്മരണകളിൽ നീലാകാർ വർണ്ണൻ ഒളിമിന്നുന്നുണ്ട്. പക്ഷെ അവൻ മായാവിയാണ്.  ദ്രൗപദിയുടെ മനസ്സ് കീഴടക്കാൻ കഴിവുള്ളവനെ മത്സരത്തിൽ ജയിക്കയുള്ളുവെന്ന വാഗ്‌ദാനം കൃഷ്ണനിൽ നിന്നും ദ്രൗപദിക്ക് കിട്ടുന്നു. ആ  വാഗ്‌ദാനം നിവർത്തപ്പെട്ടെങ്കിലും ദ്രൗപദിയെ അത് സന്തോഷിപ്പിച്ചില്ല. അതുകൊണ്ട് ദ്രൗപദിയുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. ആരാണ് ഞാൻ?


ദ്രൗപദിയെ മത്സരത്തിൽ ജയിക്കുന്നത് അർജുനനാണ്. അർജുനൻ നരനും കൃഷ്ണൻ നാരായണനുമാണ്. അർജുനൻ കൃഷ്ണന്റെ അംശം തന്നെ. പുരാണ കഥയെ നോവലിസ്റ്റ് തന്റെ ഭാവനയിലൂടെ  നോക്കി കാണുമ്പോൾ ഈ വിവാഹമായിരുന്നു ശരി. കാരണം ഈ ജന്മം ദ്രൗപദിക്ക് വിരഹം വിധിക്കപ്പെട്ടിട്ടുണ്ട്. പിന്നീടുള്ള സംഭവവികാസങ്ങൾ നോവലിസ്റ്റ് പറയുന്ന കഥയുമായി താദാത്മ്യം പ്രാപിക്കുന്നു.  അർജുനനെ ദ്രൗപദിക്ക് വിരളമായേ കിട്ടുന്നുള്ളു. എപ്പോഴും  അവനിൽ നിന്നും വിരഹം. ആദ്യരാത്രി ധർമ്മപുത്രനൊത്ത് കഴിക്കേണ്ടിവരുന്നു. മൂന്നാമൂഴത്തിലാണ് അർജുനൻ എത്തുന്നത്. ഇങ്ങനെയൊക്കെ എന്തുകൊണ്ട് സംഭവിച്ചുവെന്ന് ചിന്തിക്കുമ്പോൾ നോവലിസ്റ്റിന്റെ വാദം ശരിയാണ്. ദ്രൗപദി,  അവൾക്ക് ഒരു ശാപമുണ്ട്. അവൾ വിരഹം അനുഭവിക്കണം.


നോവലിൽ മഹാഭാരതം കഥ മുഴുവൻ പറയുന്നില്ല. വസ്ത്രാക്ഷേപവും അതിന്ശേഷമുണ്ടായ ചൂതുകളിയിലെ തോൽവിയും പിന്നെ വനവാസവും. വനവാസകാലത്ത് കാമ്യകവനത്തിൽ പാണ്ഡവർ പലപ്പോഴായി നാല് തവണ താമസിച്ചു. വനവാസയോഗം വിധിയല്ല യാഗാപുത്രിയുടെ മുന്ജന്മശാപമെന്നു നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ട്. നാലാമത്തെ തവണ താമസിനെത്തിയപ്പോഴാണ് ദ്രൗപദി കൃഷ്ണനെ അവളുടെ ജീവിതകഥ പറയാൻ നിർബന്ധിക്കുന്നത്. അർജുനനുമായുള്ള സംഗമങ്ങൾ ദ്രൗപതിയെ വേദനിപ്പിച്ചുകൊണ്ടു പലപ്പോഴും മുടങ്ങിപ്പോയ വേദനയിൽ അവൾ കൃഷ്ണനെ നിര്ബന്ധിക്കുമ്പോൾ ശാപത്തിന്റെ ചുരുൾ അഴിയുന്നു. അപ്പോഴാണ് ദ്രൗപദിയുടെ മൂന്നാം അവതാരമാണെന്നു വെളിപ്പെടുത്തുന്നത്.
ശ്രീകൃഷ്ണൻ ദ്രൗപദിയുടെ ജന്മചരിത്രവും ശാപവും വിവരിച്ചതിനുശേഷം വൈകുണ്ഠത്തിൽ ലക്ഷ്മിയായി എത്തുന്നവരെ മനസ്സിൽ പാണ്ഡവർ മാത്രമാകട്ടെ എന്ന് ആശ്വസിപ്പിച്ചതു മനസ്സാ സ്വീകരിക്കുമ്പോഴും രാജകുമാരിയുടെ മനസ്സിൽ അഭിലാഷത്തിന്റെ ചിരാതുകൾ മിന്നുന്നു. നോവലിസ്റ്റ് മനോഹരമായ ഭാഷയിൽ അത് വർണ്ണിച്ചിട്ടുണ്ട്. "വൈകുണ്ഠത്തിലെത്തുവോളം ആ പ്രണയം എന്റെ മനസ്സിന്റെ കോണിൽ ഞാൻ കുടിയിരുത്തിക്കോട്ടെ. കർമ്മമാർഗങ്ങളിലെ ഗിരിശ്രുങ്കങ്ങൾ താണ്ടി വൈകുണ്ഠത്തിലെത്തുവോളം ഞാൻ പാണ്ഡവരുടെ ധർമ്മപത്നിയായി മാത്രം ജീവിച്ചുകൊള്ളാം. ഈ കൃഷ്ണ അങ്ങയുടെ പ്രിയസഖി രാധയുടെ പുനർജനമാണെന്നു പറഞ്ഞു ഒന്നാഹ്ളാദിക്കട്ടെ. അങ്ങെന്നും എന്റെ പ്രഭുവല്ലേ."


നോവലിസ്റ്റിനു ഈ വനിതാമാസാഘോഷവേളയിലേക്ക് സ്വാഗതം. എല്ലാ ഭാവുകങ്ങളും നേരുന്നു.
ശുഭം

Join WhatsApp News
Babu shankar 2022-03-13 13:34:59
As always well done . Keep it up .
അനിലാൽ ശ്രീനിവാസൻ 2022-03-14 15:44:23
പ്രമേയത്തിനു ചേർന്ന ഭാഷകൊണ്ടും പ്രത്യേക അവതരണ ശൈലികൊണ്ടും ശ്രദ്ധേയമാവുന്ന 'മൂന്നാമൂഴം' ഗംഭീരമായി നിരൂപണം ചെയ്തിരിക്കുന്നു. നോവലിസ്റ്റ് ശ്രീമതി എം പി ഷീലക്കും ശ്രീ സുധീർ പണിക്കവീട്ടിലിനും അഭിനന്ദനങ്ങൾ
abdul punnayurkulam 2022-03-14 19:32:27
well written introduction, well written novel.
ജോസഫ് നമ്പിമഠം 2022-03-14 20:06:43
കുട്ടികൃഷ്ണ മാരാരുടെ "ഭാരത പര്യടനം " പി കെ ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ", എം ടി യുടെ "രണ്ടാമൂഴം" എന്നീ കൃതികൾ പോലെ എനിക്ക് ഇഷ്ടമായ ഒരു കൃതിയാണ് എം പി ഷീലയുടെ "മൂന്നാമൂഴം". തികച്ചും കാവ്യാത്മക ശൈലിയിൽ, വേറിട്ട വീക്ഷണത്തിൽ എഴുതിയ പ്രൗഢ ഗംഭീരമായ ഈ നോവൽ, മലയാള സാഹിത്യത്തിൽ വേണ്ടത്ര മനസ്സിലാക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്. നോവലിസ്റ്റിനും ഈ കൃതി ഇവിടെ പരിചയപ്പെടുത്തുന്ന ശ്രീ സുധീർ പണിക്കവീട്ടിലിനും അഭിനന്ദനങ്ങൾ ആശംസകൾ.
അനിത പണിക്കർ 2022-03-15 21:41:40
നല്ല സംരംഭം! ധർമ്മത്തിനും നീതിക്കും വേണ്ടി പോരാടിയ ഒരു സ്ത്രീയുടെ മനോവിചാരങ്ങളെ/വികാരങ്ങളെ അതിന്റെ എല്ലാ തലത്തിൽ നിന്നും ഒപ്പിയെടുത്ത്‌ വായനക്കാരിലേക്ക്‌ എത്തിക്കാൻ കഥാകാരിക്കു കഴിഞ്ഞിരിക്കുന്നു എന്നതാണു ഈ നോവലിന്റെ വിജയം. ഷീലക്ക്‌ എല്ലാ ഭാവുകങ്ങളും!! അനിത പണിക്കർ
ബിനു കുരുവിള 2022-03-31 16:55:15
എന്റെ ജീവിതത്തിലെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാണ് ഷീലയുടെ മൂന്നാമൂഴം . ഭൗപതി ഷീലയായി പുനർജനിക്കുകയായിരുന്നു ഈ കഥ നമ്മോട് പറയുവാൻ. വേദവ്യാസൻ പോലും ദ്രൗപതിയുടെ മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഇത്രയും കടന്നുചെന്നിട്ടുണ്ടോ എന്ന് സംശയമാണ് .ഷീല ഒരു നോവലിസ്റ്റ് ആയല്ല ദ്രൗപതി ആയി തന്നെയാണ് ഈ കഥ നമ്മളോട് പറയുന്നത് .അമിനന്ദനങ്ങൾ പ്രിയ കൂട്ടുകാരിക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക