Image

റഷ്യൻ യാത്രയുടെ ഓർമ്മകൾ:ക്രെംലിനിലെ വിശുദ്ധ ദേവാലയങ്ങൾ (നടപ്പാതയിൽ ഇന്ന്-25:ബാബു പാറയ്ക്കൽ)

Published on 14 March, 2022
റഷ്യൻ യാത്രയുടെ ഓർമ്മകൾ:ക്രെംലിനിലെ വിശുദ്ധ ദേവാലയങ്ങൾ (നടപ്പാതയിൽ ഇന്ന്-25:ബാബു പാറയ്ക്കൽ)

“ഞങ്ങൾ അവിടെ നിന്നും കത്തീഡ്രൽ സ്ക്വയറിലേക്കു നടക്കാൻ തുടങ്ങിയപ്പോൾ കണ്ട ഒരു കാര്യം എന്റെ ശ്രദ്ധയെ ആകർഷിച്ചു. റഷ്യക്കാരിയായ ഒരു സ്ത്രീയും രണ്ടു കുട്ടികളും ജോസഫ് സ്റ്റാലിന്റെ കല്ലറയിലേക്കു നടന്നടുത്തു. അവരുടെ  കയ്യിൽ കുറെ ചുവന്ന പൂക്കളുണ്ടായിരുന്നു. അവർ ആ പൂക്കൾ ആ കല്ലറയിൽ വച്ചിട്ട് കൈകൂപ്പി നിന്നു പ്രാർത്ഥിച്ചു. അങ്ങനെ ആരും അവിടെ ഒരു കല്ലറയിലും പ്രാർഥിക്കുന്നത് കണ്ടില്ലായിരുന്നു. ഞങ്ങളുടെ ഗൈഡ് കിറിലിനോട് അതേപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സ്റ്റാലിനെ ക്രൂരനായ ഒരു ഭരണാധികാരിയായിട്ടാണ് പുറം ലോകം കാണുന്നതെങ്കിലും ആരാധനയോടെ നോക്കുന്ന വളരെ റഷ്യക്കാരുണ്ടെന്നാണ്.
ക്രെംലിനിലുള്ള നാലു പള്ളികളും കത്തീഡ്രൽക്വയറിൽ ആണ്. ഞങ്ങൾ അങ്ങോട്ട് നടന്നു.”

"ഈ നാല് പള്ളികളും ഒരു സഭക്കാരുടേതാണോ അതോ നാലു വിഭാഗത്തിൻറെതാണോ?"
"അവിടെ മുഖ്യമായും ഓർത്തഡോക്‌സ് ദേവാലയങ്ങൾ മാത്രമേ ഉള്ളൂ. ഈ ദേവാലയങ്ങൾ എല്ലാം പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചിട്ടുള്ളതാണ്. ക്രെംലിനിൽ ലെനിൻ മുസോളിയത്തിന് അഭിമുഖമായി നിൽക്കുന്ന സെന്റ് ബേസിൽ ഓർത്തഡോക്‌സ് കത്തീഡ്രൽ ആണ് ഇതിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നത്."
"എന്താടോ ഇതിന്റെ പ്രത്യേകത?"
"ഇതിന്റെ താഴികക്കുടങ്ങൾ എല്ലാം ഉള്ളിയുടെ ആകൃതിയിലാണ്. അതുകൊണ്ട് ഇതിനെ 'ഉള്ളിതാഴികക്കുടങ്ങളുടെ പള്ളി' (Church of Onion Domes) എന്നും പറയാറുണ്ട്. എന്നാൽ കൂടുതലായും റഷ്യക്കാരുടെയിടയിൽ ഇത് അറിയപ്പെടുന്നത് 'കിടങ്ങിന്മേലുള്ള മദ്ധ്യസ്ഥതയുടെ ദേവാലയം' (Cathedral of Intercession on the Moat) എന്നാണ്. പണ്ട് സുരക്ഷിതാർഥം പണിതിരുന്ന കിടങ്ങിനു മുകളിലാണ് ഈ ദേവാലയം നിലകൊള്ളുന്നത്. അതുകൊണ്ടാകാം ഇങ്ങനെ വിളിക്കുന്നത്. ഇവിടെ ദൈവമാതാവിന്റെ മദ്ധ്യസ്ഥതക്കും വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്നു. ഓരോ യുദ്ധം ജയിക്കുമ്പോഴും നന്ദി സൂചകമായി അന്നത്തെ ഭരണാധികാരികൾ പണികഴിപ്പിക്കുന്നവയാണ് ഓരോ ദേവാലയങ്ങളും. റഷ്യയിലെ പ്രസിദ്ധമായ ഭൂരിഭാഗം ദേവാലയങ്ങളും ഇങ്ങനെ പണികഴിപ്പിച്ചിട്ടുള്ളവയാണെന്നു നേരത്തെ പറഞ്ഞല്ലോ. 
പലരും വിചാരിച്ചിരിക്കുന്നതുപോലെ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കപ്പദോക്യയിലെ വലിയ മാർ ബസേലിയോസ് പിതാവല്ല ഈ ദേവാലയത്തിന്റെ പാലകപുണ്യവാളൻ. ഇദ്ദേഹം പതിനാറാം നൂറ്റാണ്ടിൽ മോസ്കോയിൽ ജീവിച്ചിരുന്ന പിതാവാണ്. ജേക്കബിന്റെയും അന്നയുടെയും മകനായി 1468 ൽ ജനിച്ച ബേസിൽ അശരണർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു വ്യക്തിത്വമായിരുന്നു. 1552 ൽ അന്തരിച്ചു. 1588 ലാണ് വിശുദ്ധനായി ഇദ്ദേഹത്തെ സഭ പ്രഖ്യാപിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്.

ഇന്ന് ഇത് മ്യൂസിയം ആണെങ്കിലും ഇടക്ക് ചില ദിവസങ്ങളിൽ ആരാധനകളും നടത്താറുണ്ട്. കസാൻ യുദ്ധം ജയിച്ച ആദ്യ സാർ ചക്രവർത്തിയായ ഐവാൻ (Ivan the Terrible) ആണ് ഈ ദേവാലയം പണികഴിപ്പിച്ചത്. ഈ ദേവാലയ സമുച്ചയത്തിൽ ഏഴാമത്തെ ദേവാലയമാണ് ബേസിൽ പിതാവിന്റെ നാമത്തിൽ പണി കഴിപ്പിച്ചിരിക്കുന്നത്. അതിനു ശേഷം ഇതു മൊത്തമായി സെന്റ് ബേസിൽ കത്തീഡ്രൽ എന്നാണറിയപ്പെടുന്നത്. 156 അടി ഉയരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ഇതിന്റെ താഴികക്കുടത്തിനേക്കാൾ ഉയരത്തിൽ ക്രെംലിനിൽ ഒന്നും പണിയരുതെന്നു ചക്രവർത്തി ഉത്തരവിട്ടിരുന്നു. അത്രയ്ക്ക് പ്രാധാന്യമാണ് അദ്ദേഹം ഈ ദേവാലയത്തിനു നൽകിയത്.”

“മറ്റു മൂന്നു ദേവാലയങ്ങളും ഈ സമുച്ചയത്തിൽ തന്നെയാണോ?"
"അല്ല. റെഡ് സ്‌ക്വയറിൽ തന്നെയാണെങ്കിലും കുറച്ചു മാറിയാണ്. എന്നാൽ കത്തീഡ്രൽ സ്‌ക്വയറിൽ ആ മൂന്നു ദേവാലയങ്ങളും തൊട്ടടുത്തടുത്തു തന്നെയാണ്."
"ഈ ദേവാലയങ്ങൾക്കും പ്രത്യേക ചരിത്രം പറയാനുണ്ടാകുമല്ലോ, അല്ലേ?” 
 "പിള്ളേച്ചൻ പറഞ്ഞത് ശരിയാണ്. ഇതിൽ ഒന്നാമത്തേത് 'അസംപ്ഷൻ കത്തീഡ്രൽ' ആണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ ദേവാലയം ആദ്യം തടിയിലാണ് പണിതത്. പിന്നീട് അത് തീ കത്തി നശിച്ചു. അതിനു ശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പുനരുദ്ധരിച്ചെങ്കിലും കാലപ്പഴക്കത്തിൽ അത് ജീർണ്ണിച്ചു നശിച്ചു. പതിനാലാം നൂറ്റാണ്ടിൽ അന്നത്തെ മോസ്കോ മെത്രാപ്പോലീത്തയായിരുന്ന പീറ്റർ ഭരണാധികാരിയായിരുന്ന ഐവാനോടു പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു നല്ല ദേവാലയം പണിയണമെന്ന് ആവശ്യപ്പെടുകയും അതിനെ തുടർന്ന് ഈ ദേവാലയം പുനരുദ്ധരിച്ചു മാതാവിന്റെ നാമത്തിൽ പ്രതിഷ്ഠിക്കയും ചെയ്തു. എന്നാൽ ഏതാണ്ട് 150 വർഷങ്ങൾക്കു ശേഷം ഈ ദേവാലയം ഉപയോഗ യോഗ്യമല്ലാതായതിനെ തുടർന്ന് വീണ്ടും പുനരുദ്ധരിച്ചു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഏതാണ്ട് പണി പൂർത്തിയായി വന്നപ്പോഴുണ്ടായ ഒരു ഭൂമികുലുക്കത്തിൽ ഇത് പാടെ നശിച്ചുപോയി. തുടർന്ന് അന്നത്തെ ഭരണാധികാരിയായിരുന്ന ഐവാൻ മൂന്നാമൻ ചക്രവർത്തി ഈ ദേവാലയം പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചു. പഴയ അടിത്തറയിൽ തന്നെ പുതിയ ദേവാലയം ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക തച്ചുശാസ്ത്രിമാരെക്കൊണ്ട് രൂപകൽപന ചെയ്തു പുനർനിർമ്മാണം നടത്തി. ഇറ്റാലിയൻ വിദഗ്ദ്ധന്മാരായിരുന്നെങ്കിലും പരമ്പരാഗതമായ റഷ്യൻ ശൈലിയിൽ തന്നെ പണിയണമെന്ന് ചക്രവർത്തി പ്രത്യേകം നിർദ്ദേശിച്ചിരുന്നു. 1479 ൽ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന ജെറോൺടി ഈ മനോഹര ദേവാലയം കൂദാശ ചെയ്തു രാജ്യത്തിനു സമർപ്പിച്ചു. 

ഈ ദേവാലയത്തിന്റെ അഞ്ചു താഴികക്കുടങ്ങൾ യേശുക്രിസ്തുവിനെയും നാലു സുവിശേഷകരെയും പ്രതിനിധാനം ചെയ്യുന്നു. ഇതു പ്രശസ്തി ആർജിച്ചതോടെ റഷ്യയിൽ നിർമ്മിച്ച മറ്റു പല ദേവാലയങ്ങളും ഈ മാതൃക പിന്തുടർന്നു. അതുപോലെ ഇതിനുള്ളിൽ ഭിത്തിയിലും സീലിങ്ങിലും വരച്ചിരിക്കുന്ന അനേകം ഐക്കണുകൾ ഈ ദേവാലയത്തിലെ മാത്രമായ പ്രത്യേകതയാണ്. ഇതിൽ വിശുദ്ധ ദൈവമാതാവിന്റെ ഒരു ഐക്കൺ വിശ്വ പ്രസിദ്ധമാണ്. കന്യകയുടെ വാങ്ങിപ്പിന്റെ (The Dormition of the Virgin) ഈ ഐക്കൺ അതുകൊണ്ടു തന്നെ ചക്രവർത്തി പ്രവേശിക്കുന്ന വാതിലിനു തൊട്ടടുത്തായിട്ടാണ് ചിത്ര രചന ചെയ്തിരിക്കുന്നത്.


1547 ൽ ആദ്യത്തെ സാർ ചക്രവർത്തിയായ ഐവാൻ (Ivan the Terrible) കിരീടധാരണം നടത്തിയത് ഈ ദേവാലയത്തിൽ വച്ചാണ്. ഇത് പിന്നീട് ഒരു കീഴ്വഴക്കമായി മാറി. എല്ലാ ചക്രവർത്തിമാരും കിരീട ധാരണത്തിനു തൊട്ടു മുൻപ് കുമ്പസാരിക്കയും വിശുദ്ധ ബലിയിൽ പങ്കെടുത്തു കുർബാന അനുഭവിക്കയും ചെയ്യും. ഇതിനുവേണ്ടി പ്രത്യേകമായ ഒരു കാബിനും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. ചക്രവർത്തിമാരുടെ മാത്രമല്ല, മെത്രാപ്പോലീത്തന്മാരുടെയും പാത്രിയർക്കീസിന്റെയും വാഴിക്കൽ ചടങ്ങു് ഈ ദേവാലയത്തിൽ വച്ചാണ് നടത്തിയിരുന്നത്. റഷ്യൻ ഓർത്തഡോക്‌സ്‌ സഭയുടെ പരമാധികാരിയായ പല പാത്രിയർക്കീസൻമാരെയും കബറടക്കിയിരിക്കുന്നത് ഈ ദേവാലയത്തിലാണ്. ഈ അസംപ്ഷൻ കത്തീഡ്രൽ തന്നെ 'ഡൊർമീഷൻ കത്തീഡ്രൽ' എന്നും അറിയപ്പെടുന്നുണ്ട്.  


എന്നാൽ ഈ ദേവാലയം പിൽക്കാലത്തു വളരെയധികം പ്രയാസങ്ങളിൽകൂടിയാണ് കടന്നു പോയത്. പ്രധാനമായും ഫ്രഞ്ച് യുദ്ധകാലത്തു നെപ്പോളിയന്റെ സൈന്യം മോസ്കോ പിടിച്ചടക്കിയപ്പോൾ ഈ പ്രൗഢഗംഭീര ദേവാലയം അവർ സൈന്യത്തിന്റെ കുതിരകളെ പാർപ്പിക്കാനുള്ള ലയമാക്കി മാറ്റി. ഇതിലെ വിലപിടിപ്പുള്ള സർവ്വ സാധനങ്ങളും അവർ കൊള്ളയടിച്ചു. താമസിയാതെയുള്ള നെപ്പോളിയന്റെ നാണംകെട്ട തോൽവിയും തുടർന്നുള്ള നാടുകടത്തലും ദാരുണമായ അന്ത്യവും സംഭവിച്ചത് ഈ ദേവാലയം ഈ അവസ്ഥയിൽ അശുദ്ധമാക്കിയതുകൊണ്ടാണെന്നു വളരെയധികം റഷ്യക്കാർ ഇന്നും വിശ്വസിക്കുന്നു. 
ഈ ദേവാലയം പിന്നീട് 1895 ലും 1917 ലും പുനരുദ്ധാരണ ജോലികൾ ചെയ്ത് പഴയ പ്രൗഢി വീണ്ടെടുത്തു. അപ്പോഴാണ് റഷ്യയെ അടിമുടി കീഴ്മേൽ മറിച്ച ബോൾഷെവിക് വിപ്ലവത്തിൽ കൂടി ലെനിൻ അധികാരം പിടിച്ചെടുത്തത്. ആരാധനാ സ്വാതന്ത്ര്യം നിരോധിച്ചു. എങ്കിലും അവസാനമായി 1918 ൽ വ്ളാഡിമിർ ലെനിന്റെ പ്രത്യേക അനുമതിയോടുകൂടി ഈസ്റ്റർ പെരുനാൾ ഇവിടെ കൊണ്ടാടുകയുണ്ടായി. തുടർന്ന് ഈ ദേവാലയം മ്യൂസിയം ആക്കി പ്രഖ്യാപിച്ചു. എങ്കിലും കെട്ടിടത്തിന്റെ കേടുപാടുകൾ കാലാകാലം സോവിയറ്റ് അധികാരികൾ നന്നാക്കി സൂക്ഷിച്ചു."
"സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്ററ് ഭരണം നിലം പൊത്തിയപ്പോൾ ഈ ദേവാലയത്തിനെന്തു സംഭവിച്ചെടോ?"
"ഈ ചോദ്യം അന്ന് റഷ്യിലെ മാത്രമല്ല ലോകത്തിലെ കോടിക്കണക്കിനു ജനങ്ങൾ ആകാംക്ഷാപൂർവ്വം ചോദിച്ചതാണ്. 1990 ൽ അധികാരത്തിൽ വന്ന ബോറിസ് യെൽസിൻ ഈ ദേവാലയം ആരാധനക്കായി തുറന്നു കൊടുത്തു. അടുത്ത വർഷം ഇതിന്റെ പൂർണ അവകാശം ഗവണ്മെന്റ് സഭക്കു തിരിച്ചുനൽകി ഉത്തരവാകുകയും ചെയ്തു."
"ഇതാണ് പറയുന്നത് എന്തിനെയും അടിച്ചമർത്തിയാൽ ഒരു നാൾ സ്വതന്ത്രമാക്കിയേ പറ്റൂ എന്ന്."
"വളരെ ശരിയാണ് പിള്ളേച്ചാ. റഷ്യക്കാരോടു സംസാരിക്കുമ്പോൾ നമുക്ക് മനസ്സിലാകും കമ്മ്യൂണിസ്റ്റ് ഭരണകാലത്തു ജനങ്ങൾ ആരും സംതൃപ്തരായിരുന്നില്ലെന്ന്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവുമായി ഇതിനെ തട്ടിച്ചു നോക്കരുത്. നമുക്കിവിടെ ജനാധിപത്യം ഉണ്ടല്ലോ. ഭരിക്കുന്നവർക്ക് ആ ചട്ടക്കൂട്ടിൽ നിന്നല്ലേ മതിയാവൂ."
"വളരെ ശരിയാണ്. എന്തു കാട്ടിക്കൂട്ടിയാലും അഞ്ചു വർഷം കഴിയുമ്പോൾ പടം മടക്കിയല്ലേ പറ്റൂ."
"അതെ."
"മറ്റു രണ്ടു ദേവാലയങ്ങളോ? അതും ഇതുപോലെ പ്രാധാന്യമുള്ളതാണോ?"
"അതിനും അതിന്റെതായ പ്രത്യേകതയുണ്ട്."
“അത് നാളെയാകെട്ടെടോ."
"അങ്ങനെ ആകട്ടെ."
(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക