Image

തലമുറ (കഥ:പി. ടി. പൗലോസ്)

Published on 22 March, 2022
തലമുറ (കഥ:പി. ടി. പൗലോസ്)

ഇരട്ടനഗരം ഇരുളിലായി. ഭൂമി വിറച്ചു. ഗന്ധകവും തീയും ആകാശത്തുനിന്നും പെയ്തിറങ്ങി. പാപികളോട് പടവെട്ടി പടുവൃദ്ധനായ താവൂസും മക്കളും അഹല്യാ പർവതഗുഹയിൽ അഭയം തേടി.

ഗുഹാമുഖത്തുനിന്നും താവൂസിന്റെ കന്യകകളായ രണ്ടു മക്കൾ ജോർദ്ദാൻ
താഴ്‌വരയെനോക്കി തേങ്ങിക്കരഞ്ഞു.
എല്ലാം നിശ്ചലം. വളർത്തുമൃഗങ്ങളും വിളവുകളും വീടുകളും മയിലുകളും കുയിലുകളും മഹാഗണികളും ദേവതാരുക്കളും എല്ലാം തീമഴയിൽ കരിഞ്ഞുചാമ്പലായി. ചാവുകടലിലെ ഉപ്പുവെള്ളം വിഷജലമായി തിളച്ചുപൊങ്ങി. ജീവന്റെ തുടിപ്പ് എങ്ങുമില്ല. ഗുഹാമുറ്റത്തെ ചക്കുവാളാ മരത്തിന്റെ ഉണങ്ങിയ ചില്ലകളിൽ ഉടക്കികിടന്ന കരിഞ്ഞ കഴുകന്റെ കണ്ണുകൾ പ്രകാശിക്കുന്നുവോ ?  കന്യകമാർ പരസ്പരം നോക്കി തേങ്ങലോടെ. അടുത്ത തലമുറക്കുവേണ്ടി ഒരു പുരുഷൻപോലും ബാക്കിയില്ല. അവരുടെ അരക്കെട്ടുകൾ മറച്ച അല്പവസ്ത്രങ്ങൾ അഹല്യാപർവ്വതനിരകളിൽനിന്നും ആഞ്ഞുവീശിയ ഗന്ധകത്തിൻറെ മണമുള്ള ഉഷ്ണക്കാറ്റിൽ ഉലഞ്ഞഴിഞ്ഞു പറന്നുപോയി. ചക്കുവാളാ മരത്തിൽ ഉടക്കിയ ചത്ത കഴുകന്റെ കണ്ണുകൾ ഗുഹാമുഖത്തേക്കടർന്നുവീണു. ഗുഹയിലെ കൽമെത്തയിൽ ക്ഷീണിച്ചുറങ്ങുന്ന വൃദ്ധനാണെങ്കിലും പുരുഷനായ സ്വന്തം പിതാവും അയാളുടെ തോള്‍സഞ്ചിയിലെ ഈജിപ്ഷ്യന്‍ വീഞ്ഞും.....

രണ്ടു രാപ്പകലുകൾ നിശബ്ദമായി കടന്നുപോയി. നക്ഷത്രങ്ങളില്ലാത്ത ആ രണ്ടുരാവുകളുടെ ഏതോ യാമങ്ങളിൽ ഇരുവർക്കുമായി ഗുഹയുടെ കൽവാതിൽ രണ്ടുപ്രാവശ്യം തുറന്നടഞ്ഞു, വിശ്വപാപത്തിന്റെ തിളക്കുന്ന ലാവയിൽ ഇതൾവിരിഞ്ഞ തലമുറക്കായ് .

 

Join WhatsApp News
ഗണപതിഭഗവാന് തേങ്ങ 2022-03-22 15:34:42
ഒരു പിടിയും കിട്ടുന്നില്ല പൗലോച്ച!. ആധുനികം? അത്യന്താധുനികം? ചത്ത കഴുകൻ =സാഹിത്യത്തിൻറ്റെ അന്ത്യം?. താഴേക്ക് വീഴുന്ന ചത്ത കണ്ണ്= സത്യത്തെ കാണാൻ ശക്തി നശിച്ച ഇന്നത്തെ മനുഷർ?. അതോ പെന്തക്കോസ്തുകാരുടെ അർത്ഥശൂന്യമായ മറുഭാഷാ ജൽപ്പനങ്ങളോ?. എന്തുതന്നെ ആയാലും ഒരു പിടിയും കിട്ടുന്നില്ല. വിഘ്‌നങ്ങളെ മാറ്റുന്ന ഗണപതി ഭഗവാന് ഒരു തേങ്ങ അടിച്ചാലോ എന്ന് തോന്നുന്നു- നാരദൻ
Mathew Joys 2022-03-24 18:34:57
പുടി കിട്ടീ പൗലോസ് സാറേ, എല്ലാം പറന്നുപോയ തുണി കഷ്ണം പോലെ വ്യക്തം! സംഭവം അത്യാധുനികമല്ലല്ലോ , ഏറ്റവും പുരാതനമായ നമ്മുടെ ഉപ്പുതൂണായ പുള്ളിക്കാരത്തിയുടെ പെൺമക്കളല്ലായിരുന്നോ ആ കന്യകകൾ ? ഉത്പത്തിയുടെ 19 ലുള്ള ഇക്കിളി കഥ യിൽ ഈജിപ്ഷ്യൻ വീഞ്ഞടിച്ചു പൂസ്സായ ലോത്ത് അപ്പച്ചൻറെ വികാരം പോലും ഉണർത്തി, കൽ ഗുഹയുടെ വാതിലുകൾ രാത്രിയുടെ നിശബ്ദതയിൽ തുറന്നു് അങ്ങോട്ട് ചെന്ന് ഏറ്റു വാങ്ങിയ സൗഭാഗ്യത്തിന്റെ പിൻ തലമുറക്കാരെ കുറ്റപ്പെടുത്തരുതേ പൗലോസ് സാറേ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക