Image

അവനെയോർക്കുമ്പോൾ...(മൃദുല രാമചന്ദ്രൻ)

Published on 01 April, 2022
അവനെയോർക്കുമ്പോൾ...(മൃദുല രാമചന്ദ്രൻ)

ആദ്യം,

പ്രിയപ്പെട്ട ശിഷ്യൻ മുപ്പത് വെള്ളിക്കാശിന് വേണ്ടി തന്റെ ചോരക്ക് വേണ്ടി ദാഹിക്കുന്നവർക്ക് ഒറ്റു കൊടുക്കുക.

പിന്നീട്,

ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ കോഴി കൂകുന്നതിന് മുൻപ് മൂന്ന് തവണ തള്ളി പറയുക.

"ഇവനെ ക്രൂശിക്കുക" എന്ന് ഒരു ജനക്കൂട്ടം കലി കൊണ്ട് ആർക്കുക.

അവസാനം

ഉടുത്ത വസ്ത്രം ഉരിഞ്ഞു കളഞ്ഞ്, ഒറ്റ വസ്ത്രം ധരിപ്പിച്ചു ,അപമാനത്തിന്റെ അടയാളമായ വലിയ മരക്കുരിശും പേറി ,ചാട്ടവാറടികളേറ്റ് അലറുന്ന,പരിഹസിക്കുന്ന , തുപ്പുന്ന കരുണയില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ നടുവിലൂടെ മല കയറുക.

ഉടൽ വിറച്ചും, തളർന്നും, ദാഹിച്ചു പൊരിഞ്ഞും പൊടി മണ്ണിൽ കാലിടറി വീഴുക.

അതിനും അപ്പുറം,

സഹനത്തിന്റെ മലമുകളിൽ ചോര വാർന്ന് കിടക്കുക.

ശിരസിൽ മുൾ മുടിയണിഞ്ഞു,കൂർത്ത മുള്ളാണികൾ കൊണ്ട് കുരിശിൽ തറക്കപ്പെട്ട് കിടക്കുക.

പെറ്റമ്മ ഇതത്രയും കണ്ട് നിൽക്കുക.ആത്മാവിൽ കണ്ണീരു വീണ് വെന്തു പോവുക.

ഒരു മനുഷ്യനാൽ സഹിക്കാൻ ആകാത്ത വേദന...ഒരു ഉടലിൽ താങ്ങാത്ത പീഡ, ഒരു മനസു കൊണ്ട് സഹിക്കാൻ ആകാത്ത നോവ് !

 സഹനത്തിന്റെ, കരുണയുടെ ഉടൽ രൂപമായിട്ടു കൂടി, ആക്കമറ്റ ഒരു നിമിഷം  "എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ കൈ വിട്ടത് എന്തിന് ?" എന്ന് വിലപിച്ചു പോവുക.വേദനയുടെ ചിതലു തിന്നുന്ന നാഴികകൾ കുരിശിൽ പിടയുക.നൊന്തു, നീറി പൊള്ളിക്കൊണ്ടു മയമില്ലാത്ത മരക്കുരിശ്ശിലേക്ക് കണ്ണീരും, ചോരയും വീണു നനഞ്ഞ മുഖം അമർത്തി മരിക്കുക.

പിന്നെ....

ഉയിർപ്പ്, ഉത്ഥാനം.... നിന്ദയുടെ അടയാളമായിരുന്ന കുരിശ് അവനെ പേറിയത് കൊണ്ട് രക്ഷയുടെ പ്രതീകമാകുന്നു.തീക്കനലിൽ  ചവിട്ടി അവൻ നടന്ന വഴികൾ മുക്തിയുടെ വഴിത്താരയാകുന്നു.

തീവ്രമായ സഹനത്തിന്റെ, വേദനയുടെ, അപമാനത്തിന്റെ നിമിഷങ്ങളിൽ ഞാൻ അവനെ ഓർക്കുന്നു.

ക്രൂശിന് ശേഷം ഉയിർപ്പെന്ന് ശാന്തമായസ്നേഹം നിറഞ്ഞ സ്വരം എന്നിൽ വാക്കും, വെളിപാടും ആകുന്നു.

ഉയിർപ്പിലേക്ക് എത്തണമെങ്കിൽ വേദനയുടെ വളഞ്ഞു വിളർത്ത വഴികൾ കഴിയണം.ഹൃദയം ഉരുകി ഒരു കണ്ണുനീർ തുള്ളിയായി "എന്റെ ദൈവമേ" എന്ന് കരയണം.മരിക്കണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക