Image

ടെക്‌സസിലെ ഏറ്റവും പ്രായം കൂടിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍ Published on 22 April, 2022
ടെക്‌സസിലെ ഏറ്റവും പ്രായം കൂടിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ് വില്ല (ടെക്‌സസ്) :  ഹൂസ്റ്റണ്‍ പൊലീസ് ഓഫിസര്‍ ജയിംസ് ഇര്‍ബിയെ (38) വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കാള്‍ വയ്ന്‍ ബന്‍ഷന്റെ (78) ശിക്ഷ നടപ്പാക്കി. ഏപ്രില്‍ 21 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്കു ടെക്‌സസ് ഹണ്ട്‌സ്‌വില്ല ജയിലില്‍ നടപ്പാക്കി . ഈ വര്‍ഷം ടെക്‌സസില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.

ഹൂസ്റ്റണ്‍ പൊലിസില്‍ 20 വര്‍ഷം സര്‍വീസുള്ള ഇര്‍ബിയെ 32 വര്‍ഷം മുന്‍പ്  ട്രാഫിക് സ്റ്റോപ്പിനിടയിലായിരുന്നു പ്രതി വെടിവച്ചു കൊലപ്പെടുത്തിയത്. 1990 ജൂണ്‍ മാസം പ്രതിയെ വധശിക്ഷക്കു വിധിച്ചു. 2009 ല്‍ ഇയാളുടെ ശിക്ഷ അപ്പീല്‍ കോര്‍ട്ട് റദ്ദാക്കിയിരുന്നുവെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു ജൂറിയാണു വധശിക്ഷ വീണ്ടും വിധിച്ചത്.

നിരവധി കേസുകളില്‍ പ്രതിയായ കാള്‍ സംഭവം നടക്കുന്നതിനു രണ്ടാഴ്ച മുന്‍പാണു മറ്റൊരു കേസിലെ ജാമ്യത്തില്‍ ഇറങ്ങിയത്. 

രണ്ടുകുട്ടികളുടെ പിതാവായിരുന്ന ജയിംസ് ഇര്‍ബി പൊലീസ് ഓഫിസര്‍ ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്യുന്നതിനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.  
വെള്ളിയാഴ്ച  4.50 ന് സുപ്രീം കോടതി ഇയാളുടെ വധശിക്ഷ ശരിവച്ചിരുന്നു2018 ല്‍ അലബാമയില്‍ 83 വയസ്സുള്ള വാള്‍ട്ടര്‍ റൂഡിയാണ് അമേരിക്കയിലെ ആദ്യ ഏറ്റവും പ്രായം കൂടിയ വധശിക്ഷ ലഭിച്ച പ്രതി.

പ്രായാധിക്യം ശരീരത്തെ തളര്‍ത്തുകയും വീല്‍ ചെയറിനെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതി സമൂഹത്തിനു ഭീഷണിയല്ലെന്നു കോടതിയില്‍ പ്രതിഭാഗം അറ്റോര്‍ണി വാദിച്ചെങ്കിലും അംഗീകരിച്ചില്ല. 


വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുമ്പോള്‍ തന്റെ ആത്മീയ ആചാര്യന്‍ സമീപത്തു നിന്ന് ഉറക്കെ പ്രാര്‍ഥിക്കുകയും തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും വേണമെന്ന ആവശ്യം മാര്‍ച്ച് മാസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു.

6 മണിക്ക് മാരകമായ വിഷമിശ്രിതം കുത്തിവയ്ക്കുമ്പോള്‍ സങ്കീര്‍ത്തനം 23-ാം അധ്യായം ഉറക്കെ വായിച്ചിരുന്നു. വിഷം സിരകളിലേക്കു വ്യാപിച്ചതോടെ ദീര്‍ഘമായി രണ്ടു ശ്വാസമെടുത്തു ശരീരം നിശ്ചലമായി. 6.09ന് മരണം സ്ഥിരീകരിച്ചു.

പി പി ചെറിയാന്‍

Join WhatsApp News
Jacob 2022-04-22 11:29:48
One sure way to avoid death penalty is not to commit murder.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക