Image

ആമി ലക്ഷ്മിയുടെ ലാറ്റിനമേരിക്കൻ യാത്രകളിൽ പങ്കു ചേരുമ്പോൾ (പുസ്തകാവലോകനം: സുധീർ പണിക്കവീട്ടിൽ)

Published on 30 April, 2022
ആമി ലക്ഷ്മിയുടെ ലാറ്റിനമേരിക്കൻ യാത്രകളിൽ പങ്കു ചേരുമ്പോൾ (പുസ്തകാവലോകനം: സുധീർ പണിക്കവീട്ടിൽ)

കവയിത്രിയും, ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ അമേരിക്കൻ മലയാളി ശ്രീമതി ആമി ലക്ഷ്മിയുടെ ലാറ്റിനമേരിക്കൻ യാത്രകൾ  എന്ന പുസ്തകം

വളരെ സന്തോഷത്തോടെ, കൗതകത്തോടെ വായിച്ചു. “സഞ്ചാരവിവരണങ്ങൾ” അല്ലെങ്കിൽ “സഞ്ചാരസാഹിത്യം” എന്ന സാഹിത്യരൂപത്തിന്റെ പ്രത്യേകത
അവയെല്ലാം ഒരാൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത വിവരങ്ങൾ നമുക്ക് അതേപടി കിട്ടുന്നുവെന്നാണ്. ഓരോ രാജ്യത്തെപ്പറ്റിയും ചരിത്രപുസ്തകങ്ങൾ ഇപ്പോൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാണ്. ചരിത്രപുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ ആ രാജ്യവുമായി വളരെ
അകലെയാണെന്ന പ്രതീതിയാണുണ്ടാകുക. എന്നാൽ
സഞ്ചാരവിവരണങ്ങൾക്ക് നമ്മളെ എഴുത്തുകാർക്കൊപ്പം അവർ
സന്ദർശിച്ച സ്ഥലങ്ങളിലൂടെ ഒരു പര്യടനം സാധ്യമാക്കാൻ
കഴിയുന്നുവെന്നാണ് സത്യം. വായനക്കാരിൽ ആ അനുഭൂതി ഉളവാക്കാൻ ശ്രീമതി ആമി ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്.
പന്ത്രണ്ട് രാജ്യങ്ങൾ അടങ്ങിയ തെക്കൻ അമേരിക്കൻ രാജ്യങ്ങളും,
അവിടത്തെ നൂറുകണക്കിന് ഭാഷകളും, ഉത്സവമേളകളും, ആകർഷകമായ നടനനൃത്തങ്ങളും, ഏറ്റവും നീളം കൂടിയ മലനിരകളും, നീളം കൂടിയ നദീതടങ്ങളും
എല്ലാറ്റിലുമുപരി അവിടത്തെ ജൈവവൈവിധ്യവും (biodiversity)
വായനക്കാർക്ക് പരിചിതമെങ്കിലും വ്യക്തമായ ധാരണകൾ കുറാവാണ് ആ കുറവ് പരിഹരിക്കും വിധം ശ്രീമതി ലക്ഷ്മി കൊളംബിയ, പെറു, ബൊളീവിയ, അർജന്റീന എന്നീ നാല് രാജ്യങ്ങൾ സന്ദർശിച്ച് ആ നാടുകളെക്കുറിച്ചുള്ള
വിവരങ്ങൾ നൽകുന്നു. നമുക്ക് പ്രിയപ്പെട്ട കലാസൃഷ്ടികൾ പിറന്നസ്ഥലങ്ങൾ കാണുന്നത്
അനിർവചനീയമായ അനുഭവമായിരിക്കും. ഗാബോ എന്ന് വിളിക്കുന്ന ലാറ്റിൻ അമേരിക്കൻ നോവലിസ്റ്റിന്റെ ജന്മസ്ഥലവും വീടും എഴുത്തുകാരിയായ ശ്രീമതി ലക്ഷ്മി കണ്ടിട്ടുണ്ടാവുക സാധാരണ സഞ്ചാരികളുടേതിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്നു അവർ അദ്ദേഹത്തെപ്പറ്റി
എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ ഊഹിക്കാം.. അദ്ദേഹം
ജനിച്ചുവളർന്ന രാജ്യത്തിനു അവർ മാജിക്കൽ റിയലിസത്തിന്റെ നാട് എന്നു വിളിക്കുന്നു. കഥാകൃത്തിന്റെ രചനകളുമായി അവർക്ക് നല്ല
പരിചയമുണ്ടായിരുന്നതുകൊണ്ട് അരക്കട്ടാക്കയിലെ ഗാബോയുടെ വീട്ടിലെ ചുവരുകൾ സംസാരിച്ചിരുന്നെങ്കിൽ എന്നവർ ആഗ്രഹിക്കുന്നു. അവർ
പുറകോട്ട് സഞ്ചരിക്കുന്നു. ഗാബോവിന്റെ കഥാപാത്രങ്ങളെ അവർ നേരിൽ കാണുന്നു. മക്കോണ്ട എന്ന സാങ്കൽപ്പിക പ്രദേശത്ത് "ഇലവർഷം" (Leaf Storm) ഉണ്ടാകുന്നത് വായനക്കാരെ അറിയിക്കാൻ അവർക്ക് കഴിയുന്നു. ഗ്രന്ഥകാരി സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ച് അല്ലെങ്കിൽ അവിടത്തെ
ഒരു വിശിഷ്ട, പ്രത്യേകിച്ച് സാഹിത്യലോകത്തിൽ ലബ്ധപ്രതിഷ്ഠ
നേടിയവരെക്കുറിച്ച് അവർക്കറിയാമായിരുന്നു. അവർ സഞ്ചാരത്തിനായി തിരഞ്ഞെടുത്ത രാജ്യങ്ങൾ അവർക്ക് പ്രിയപ്പെട്ടവയായിരുന്നു. യാത്രകളെഅവർ ഒരു തീർത്ഥാടനമായി കാണുന്നുവെന്ന് പ്രസ്താവിക്കുന്നുണ്ട്.

തീർത്ഥാടനം പലപ്പോഴും പുണ്യസ്ഥലങ്ങളിലേക്ക് മാത്രമായി
പരിമിതപ്പെടുത്താമെങ്കിലും അത്തരം യാത്രകളിലൂടെ തീർത്ഥാടകൻ
അയാളുടെ അറിവ് വർധിപ്പിക്കുകയും, പുതിയ സ്ഥലങ്ങളും പ്രകൃതിയും കാണുകയും ചെയ്യുന്നു. അതിലൂടെ ആത്മനിർവൃതി അനുഭവിക്കുന്നു.


തീർത്ഥാടകർ അവരുടെ ഉപാസനാമൂർത്തികളെ തേടി പോകുമ്പോൾ
ഒരർത്ഥത്തിൽ ഗ്രന്ഥാകാരിയും അവരുടെ മനസ്സിൽ രൂപം കൊണ്ടിട്ടുള്ള വ്യക്തികളെ, സ്ഥലങ്ങളെ തേടിപോകുന്നു. “കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ലെന്നു” ധീരതയോടെ പ്രഖ്യാപിച്ച മാര്കിസ്റ് വിപ്ലവകാരിയും, ഗോറില്ല നേതാവുമായിരുന്ന ചെ അല്ലെങ്കിൽ ചെഗുവേര ജനിച്ച അർജന്റീനയിലെ റൊസാരിയോയിൽ എത്തിയപ്പോൾ ഗ്രന്ഥാകാരിക്ക് ആ വിപ്ലനേതാവിന്റെ മ്യുസിയം കാണാൻ കഴിയാതിരുന്നത് ഖേദത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഫിസിഷ്യൻ ആയിരുന്നു,


ഗ്രന്ഥാകാരനായിരുന്നു അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടുള്ള
ഗ്രന്ഥാകാരിക്ക് ആ വിപ്ലവനേതാവിനു പ്രണാമം അർപ്പിക്കാൻ കഴിയാത്ത ദുഃഖം നിറയുമ്പോൾ ചെയുടെ എല്ലാ സ്മാരകങ്ങളും റോസറിയാ നഗരത്തിൽ നിന്നും എടുത്ത് മാറ്റണമെന്ന ഒരു സംഘടനയുടെ ആവശ്യം അവർ ഓർക്കുന്നു. സന്ദർശിക്കുന്ന രാജ്യങ്ങളിലെ ഭൂപ്രകൃതിയുടെ മനോഹാരിതക്കൊപ്പം
അവിടെ ജന്മമെടുത്ത വീരനായകരെ കുറിച്ചോർക്കുകയും അവരെപ്പറ്റി കാവ്യാത്മകമായി വിവരിക്കുകയും ചെയ്യുന്നുണ്ട്. വായനക്കാരിൽ കൗതുകം വളത്തി അവർ അതേക്കുറിച്ച് കൂതലറിയാൻ ആഗ്രഹിക്കുംവിധത്തിൽ രചന
നിർവഹിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു കവിയുടെ
സഞ്ചാരവിശേഷങ്ങൾ എന്ന പ്രത്യേകതയോടെ ഈ പുസ്തകം വേറിട്ട്
നിൽക്കുന്നു.

അതെ സമയം കണ്ട കാഴ്ച്ചകൾ മങ്ങലേൽപ്പിക്കാതെ സർഗാത്മകമായ
വാക്കുകൾ കൊണ്ട് നമ്മുടെ മുന്നിൽ വരച്ചിടുന്നു. ഒപ്പം നമുക്ക് കൗതുകംപകരുന്ന വാർത്തകളും. പെറുവിലെ കുസ്‌കോ കത്തീഡ്രലിൽ ലാസ്റ്റ് സപ്പറിന്റെ ചിത്രത്തിൽ ബ്രെഡിനും വൈനിനും പുറമെ മേശയുടെ നടുവിൽ ഒരു പ്ളേറ്റിൽ പാകം ചെയ്ത ഗിനിപിഗ്ഗിനെയും വച്ചിരിക്കുന്നു എന്നവർ എഴുതുമ്പോൾ തെക്കനമേരിക്കാൻ രാജ്യങ്ങൾ ഓരോ സഞ്ചാരിക്കും എന്തെല്ലാം കാഴ്ചകൾ കരുതിവച്ചിരിക്കുന്നുവെന്നു വായനക്കാർ ഉത്കണ്ഠകുലരാകുന്നു.


ഓരോ മനോഹരദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴും മുന്നേ വന്നു ഇതൊക്കെ കൊണ്ടുപോയ വിശ്രുതരായ എഴുത്തുകാരുടെ വരികൾ അവരുടെ സ്മൃതിപഥത്തിൽ തെളിയുന്നു. സന്ദർശകയിലെ കവി ഉണരുന്ന സർഗാത്മക നിമിഷങ്ങൾ. പെറുവിലെ ആമസോൺ കാടുകൾക്കുള്ളിൽ സന്ദർശകരുടെ വിസ്മയമായി മാറുന്ന ഇൻക വംശജരുടെ മാച്ചു പിച്ചു കണ്ടു ചിലിയൻ കവി പാബ്ലോ നെരൂദ എഴുതിയ കവിത അവർ ഓർക്കുകയും അത്

പരിഭാഷപ്പെടുത്തി വായനക്കാർക്കായി പുസ്തകത്തിൽ ചേർക്കുകയും
ചെയ്തിട്ടുണ്ട്. ആ അനുഭവത്തെ പ്രബലപ്പെടുത്താൻ അവർ ജെയിംസ്
വാലറിന്റെ വാക്കുകൾ ഉദ്ധരിക്കുന്നു.
കുടുംബാംഗങ്ങൾ ഗാബോവിന്റെ വീടും പരിസരവും നോക്കികാണുമ്പോൾ വീടിന്റെ മുന്നിലെ ഒരു മരച്ചുവട്ടിലിരുന്നു താനും ഗാബോവിന്റെ ഒരുകഥാപാത്രമായോ എന്നവർ ചിന്തിക്കുന്നതിൽ നിന്നും സഞ്ചരിക്കുന്ന സ്ഥലങ്ങളുമായി അവർ ഇന്ദ്രജാലം പോലെ താദാത്മ്യം പ്രാപിക്കുന്നത് കാണാം. സാഹിത്യവാസനയുള്ളവർക്കും ഇല്ലാത്തവർക്കും ഇത്തരം
നിരീക്ഷണങ്ങൾ ഹൃദ്യമായ അനുഭവം പകരുന്നതാണ്. ലാറ്റിൻ അമേരിക്ക നൽകിയ സാഹിത്യസമ്പത്തിന്റെ ഒരു വിവരണവും ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നു. ഗാബോ എന്ന എഴുത്തുകാരനോടുള്ള പ്രിയമായിരിക്കാം
കൊളംബിയയോട് യാത്രപറയുമ്പോൾ അവർ "വിവ കൊളംബിയ" (കൊളംബിയ
നീണാൾ വാഴുക) എന്നാശംസിക്കുന്നുണ്ട്.


ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മുഖ്യമായും സ്പാനിഷ് ഭാഷ
സംസാരിക്കുന്നതുകൊണ്ട് അവിടെയുള്ള സ്ഥലങ്ങളുടെ പേരുകൾ നമ്മൾ മലയാളത്തിൽ പറയുമ്പോൾ ഇംഗളീഷിൽ എഴുതിയിരിക്കുന്ന സ്പാനിഷ് വാക്കിൽ നിന്നും വളരെ വ്യത്യസ്തമാണ്. വായനക്കാർക്ക് അത്തരം പേരുകൾ ഓർമ്മിക്കാൻ പ്രയാസമായേക്കാം. ഗാബോവിന്റെ കൃതികളുടെ പശ്ചാത്തലമായ Cartagena മലയാളത്തിൽ എഴുതുമ്പോൾ "കാർഥഹീന" എന്നാകുന്നു. കൂടാതെ
നമ്മുടെ ഭാവനയ്ക്ക് കൗതുകം പകരുന്ന അനേകം വാക്കുകൾ. ഉദാഹരണം- കോപകബാന (Copacabana) ടിടികാക്ക (Titicaca) ലഗൂണ വെർദെ (Lagoona Verde) കാസികെ ഇനാകായൽ (Cacique Inacayal), ഒയത്യതമ്പോ (Ollantaytambo) അഗവാസ് കളിയന്തെസ് (Aguas Calientes) ഇതൊക്കെ ഒരു പരദേശ അപരിചിതത്വം
നൽകുമ്പോഴും അവയെക്കുറിച്ചുള്ള വിവരങ്ങൾ നമ്മെ ആകർഷിക്കുന്നു.


ദിനോസറിന്റെ വലുപ്പമുള്ള കള്ളിച്ചെടികൾ, ഉപ്പുകൊണ്ട് നിർമ്മിച്ച
ഹോട്ടൽ, ഫർണിച്ചറുകൾ, ചുവപ്പും, പച്ചയും നിറത്തിൽ തടാകങ്ങൾ,
"മഞ്ഞിൻ തൊപ്പിയണിഞ്ഞ ആൻഡീസ്‌ പർവ്വതനിരകൾ, മുകളിൽ നീലാകാശം, താഴെ ചുമന്ന തടാകം, കവി മനസ്സുണരുന്നു, കവിത എഴുതാതെ അതെല്ലാം കാമറയിൽ പകർത്തുന്നു. കാണുന്ന ഓരോ ദൃശ്യങ്ങളും അവരെ വിസ്മയാധീനയാക്കുന്നു. മൃഗങ്ങളും, ചെടികളും, മരങ്ങളുമായി സംവദിക്കാൻ കഴിവുള്ളവരായിരുന്നു ഇൻക വംശജർ എന്ന അറിവ്. അത്തരം
അത്ഭുതപ്രതിഭാസങ്ങൾക്ക് മുന്നിൽ കണ്മിഴിച്ചു നിൽക്കുമ്പോൾ
മനുഷ്യർക്കതീതമായ ഏതോ ശക്തി എല്ലായിടത്തുമുണ്ടെന്ന വിശ്വാസം എഴുത്തുകാരി ഉറപ്പിക്കുന്നു. “ഓർമ്മകളെ കൂടെ കൊണ്ടുപോകുക പാദമുദ്രകൾ മാത്രം അവശേഷിപ്പിക്കുക.”
ഇത് സഞ്ചാരികൾക്കുള്ള സന്ദേശമാണ്. അതിനർത്ഥം സന്ദർശിക്കുന്ന


സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക അവിടെനിന്നും
അനുവദനീയമല്ലാത്തതൊതൊന്നും കൊണ്ടുപോകാതിരിക്കുക. അവിടെ നിങ്ങളുടെ പാദമുദ്രകൾ അല്ലാതെ ഒന്നും അവശേഷിപ്പിക്കാതിരിക്കുക.
ശ്രീമതി ലക്ഷ്മി സഞ്ചരിച്ച നാടിനെക്കുറിച്ച് ഒരു പുസ്തകം എഴുതി.
അവിടത്തെ ടൂറിസം വകുപ്പിന് സന്തോഷമുളവാക്കുന്ന സംഗതിയാണ്. ഒരു കാർണിവൽ കണ്ടുനടക്കുന്നപോലെ പുസ്തകത്തിലെ ഓരോ അധ്യായങ്ങളും അതിലെ വിവരങ്ങളും നമ്മെ അതിശയിപ്പിക്കുകയും, അറിവുകൾ പകരുകയും ചെയ്യുന്നു. ഗ്രന്ഥകാരിക്ക് ഭാവുകങ്ങൾ.
ഈ പുസ്തകത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ ബന്ധപ്പെടുക
buybooks.mathrubhumi.com.
ശുഭം

Join WhatsApp News
ജയദേവ് നമ്പിയാർ 2022-04-30 15:45:04
അവലോകനം നന്നായിരിക്കുന്നു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ
ജോസഫ്‌ എബ്രഹാം 2022-04-30 21:31:04
പുസ്തക അവലോകനം ഗംഭീരം, അപ്പോള്‍ പുസ്തകവും നന്നായിരികുമല്ലോ. ആശംസകള്‍, രണ്ടുപേര്‍ക്കും
Lakshmy Nair 2022-05-01 02:22:16
ഈ പുസ്തകം വായിച്ചു ഇത്ര സത്യസന്ധമായൊരു അവലോകനം എഴുതിയതിനു എനിക്ക് നന്ദി പറയാൻ വാക്കുകളില്ല സുധീർ 🙏❤️🙏
Sudhir Panikkaveetil 2022-05-02 13:23:52
അഭിപ്രായങ്ങൾ എഴുതിയ എല്ലാവര്ക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക