Image

ഓർമ്മകളിൽ പ്രിയ മുത്തശ്ശി.... (മാതൃദിനക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

Published on 08 May, 2022
ഓർമ്മകളിൽ പ്രിയ മുത്തശ്ശി.... (മാതൃദിനക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

"ഞാൻ കപ്പലിൽ നിന്നും വിമാനത്തിലേക്ക് ചാടി കയറും. പിന്നെ പറന്നു പറന്നു എങ്ങാണ്ടൊക്കെ പോയി വരുമ്പോൾ വല്യമ്മയ്ക്ക് ഞാൻ പുതപ്പു കൊണ്ട് വരും. (മുത്തശ്ശിയെ വല്യമ്മ എന്നായിരുന്നു ഉണ്ണി വിളിച്ചിരുന്നത്) അപ്പോൾ വല്യമ്മ ഒരു കട്ടിലിൽ കിടക്കുന്നുണ്ടാകും". മൂന്നോ നാലോ വയസ്സുണ്ടായിരുന്ന പേരക്കുട്ടിയുടെ വാക്കുകൾ മരണം വരെ മുത്തശ്ശി ഓർത്തിരുന്നു. അതിനു ഒരു കാരണവും കൂടിയുണ്ടായിരുന്നു.  ഉണ്ണി വലുതായി ജോലിയൊക്കെ സമ്പാദിച്ചു മുത്തശ്ശിയെ കാണാൻ വന്നപ്പോൾ മുത്തശ്ശിക്ക് പുതപ്പു കൊണ്ടുവന്നുകൊടുത്തു. കുഞ്ഞിവായിൽ പറയുന്നതൊന്നും ആരും ഓർക്കാറില്ല. അഥവാ ഓർത്താൽ തന്നെ അതൊന്നും നടപ്പിലാക്കണമെന്ന് ആരും വിചാരിക്കുന്നില്ല. എന്നാൽ ഉണ്ണി അങ്ങനെയല്ലായിരുന്നു. ഉണ്ണിയുടെ വളർച്ചയുടെ ഘട്ടത്തിൽ വീട്ടിൽ ചെറിയമ്മമാർ അത് പറയാറുണ്ടായിരുന്നതുകൊണ്ട് അയാൾക്ക് അതൊക്കെ നല്ല ഓർമ്മയുണ്ടായിരുന്നു. വയസ്സായി കട്ടിലിൽ നിസ്സഹായയായി മുത്തശ്ശിക്ക് കിടക്കേണ്ടി വന്നില്ല. അതുകൊണ്ടു പുതപ്പ് കൊണ്ടുകൊടുത്ത് എത്രയോ വർഷങ്ങൾ മുത്തശ്ശി ആരോഗ്യത്തോടെ ജീവിച്ചു.
ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ കുട്ടി എന്ന നിലക്ക് ഉണ്ണിയോട് മുത്തശ്ശിക്ക് അമിതമായ വാത്സല്യം ഉണ്ടായിരുന്നു. ഉണ്ണി നിർത്താതെ സംസാരിക്കുന്ന (Garrulous)    പ്രകൃതക്കാരനായിരുന്നു. അമ്മയുടെ മരണശേഷം അച്ഛന്റെ വീടിനേക്കാൾ മുത്തശ്ശിയുടെ കൂടെ കഴിയാനായിരുന്നു ഉണ്ണിക്കിഷ്ടം. അവിടെ മുത്തശ്ശിയും മുത്തശ്ചനും മാത്രമായിരുന്നു. ചെറിയമ്മമാർ വിവാഹതിരായി പോയി. ഒരേ ഒരു അമ്മാവൻ ഉദ്യോഗാർത്ഥം  ബോംബെയിലും പോയി. അതുകൊണ്ട് അവിടം ഉണ്ണിക്കുട്ടന്റെ ലോകമായിരുന്നു. 
ഉണ്ണിക്കിഷ്ടമുള്ള കാര്യമായിരുന്നു പ്രാതൽ കഴിഞ്ഞു മുത്തശ്ശിക്കൊപ്പം പറമ്പിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കൽ. മുത്തശ്ശി പറമ്പിൽ എന്തൊക്കെ വീണു കിടക്കുന്നു എന്ന് നോക്കാനാണ് അത് ചെയ്യുന്നത്. വിശാലമായ പറമ്പിലൂടെയുള്ള നടത്തം ഒരു വ്യായാമവുമായിരുന്നു മുത്തശ്ശിക്ക്. വീടിന്റെ പുറകിലുള്ള പറമ്പിൽ നിറയെ അടക്കാമരങ്ങളും പ്ലാവ്, മാവ്, പുളിമരം പിന്നെ വാഴകളുമുണ്ടായിരുന്നു. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ചിലന്തിവലകൾ മുത്തശ്ശി ഉണ്ണിയെ കാണിച്ചുകൊടുത്ത് പറയും. എന്ത് ഭംഗ്യാ അല്ലെ കുട്ടി. പക്ഷെ ആ ചിലന്തി പ്രാണികളെ കൊല്ലാനുള്ള വലയാണ്  വിരിച്ചിരിക്കുന്നത്. ഉണ്ണിയുടെ മനസ്സിൽ അപ്പോൾ എന്തെല്ലാം ചിന്തകളാണ് നിറയുന്നത്. ഒരു പക്ഷെ പ്രകൃതിയുടെ സൗന്ദര്യപ്രദർശനത്തിലേക്ക് ഉണ്ണിയുടെ കണ്ണുകളെ മുത്തശ്ശി ക്ഷണിച്ചതാകാം. 
അപ്പോൾ ഒരണ്ണാറക്കണ്ണൻ മാവിൻ ചില്ലമേൽകൂടി ഓടി ഒരു മാമ്പഴം വീഴ്ത്തും. പലതരം കിളികൾ അവിടെ പറന്നു നടക്കും. തുമ്പികൾ എന്തോ സ്വകാര്യം പറയാനെന്നോണം അടുത്തേക്ക് പറന്നു വരും.  കണ്ണെടുക്കാതെ ഉണ്ണി അതൊക്കെ നോക്കി നിൽക്കുന്നത് മുത്തശ്ശിക്ക് ആനന്ദം പകരും. പ്രഭാതരസ്മികളിൽ തുഷാരമുരുകി കഴിഞ്ഞ ആ സമയം വളരെ മനോഹരമാണ്.  നീലനീരാള വിരിപ്പുനിള്ളിൽ നിന്നും ആകാശം ഭൂമിയെ ഉറ്റുനോക്കുന്ന രാഗാർദ്ര നിമിഷങ്ങൾ. ഉണ്ണിയുടെ ബാല്യം വിടപറഞ്ഞു കഴിഞ്ഞു. കൗമാരദശയിലെ ആദ്യകിരണങ്ങൾ കണ്ണുകളിലും മനസ്സിലും അത്ഭുതങ്ങൾ പകരുന്നു. അതുകൊണ്ടു തന്നെ കാഴ്ചകൾ ഉന്മേഷം നൽകുന്നു.
വാഴക്കുലകളിൽ ഒന്നോ രണ്ടോ കായ പഴുത്തുകാണും. മുത്തശ്ശി ചിരിച്ചുകൊണ്ട് പറയും ഉണ്ണിക്ക് തിന്നാൻ പഴക്കുല തയ്യാറാകുന്നു. സ്നേഹത്തിന്റെ ഒരു സാഗരമായിരുന്നു. മുത്തശ്ശി. ആ സ്നേഹസാഗരത്തിന്റെ പഞ്ചാരമണൽ തീരത്ത് മുത്തശ്ശിയുടെ കുഞ്ഞോമനകൾ പിച്ച വച്ചു. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും മുത്തശ്ശി ആസ്വദിച്ചു.. കൊച്ചു കൊച്ചു പിണക്കങ്ങളുടെ ചക്കരകുടങ്ങൾ ഉടഞ്ഞുതകരുന്ന  കുഞ്ഞിക്കവിളുകളിൽ അവർ ഉമ്മവച്ചോമനിച്ചു. തോളോട് ഏതാണ്ട് മുട്ടിക്കിടക്കുന്ന, തോട ഊരി കളഞ്ഞ മുത്തശ്ശിയുടെ കാതുകൾ കുട്ടികൾക്ക് കൗതുകമായിരുന്നു.
മുത്തശ്ശന് മുറുക്കാൻ വേണ്ടി വളർത്തുന്ന വെറ്റിലക്കൊടിയിൽ നിന്നും കുറച്ച് വെറ്റില ചോദിച്ച് ഒരു ഉമ്മ അപ്പോൾ വരും. മുത്തശ്ശൻ കണ്ടാൽ കൊടുക്കില്ല. മുത്തശ്ശി ഉമ്മക്ക് വേണ്ടുവോളം പൊട്ടിച്ചുകൊടുക്കും. വീണുകിടക്കുന്ന പഴുത്ത അടക്കയിൽ നിന്നും മുത്തശ്ശി അവർക്ക് കൊടുക്കും. വളരെ ദാനശീലയായിരുന്നു മുത്തശ്ശി. മുത്തശ്ശിക്ക് എഴുതാനും വായിക്കാനുമറിയില്ലായിരുന്നു. എന്നാലും ചില പുരാണ കഥകളും, ഭഗവാൻ കൃഷ്ണന്റെ, സീതയുടെ രാമന്റെയൊക്കെ കഥയറിയാം. അതൊക്കെ നല്ല രസത്തിൽ പറഞ്ഞു തരാൻ അറിയാം. ഒരു പക്ഷെ ഉണ്ണിക്ക് എന്തെങ്കിലും എഴുതാൻ പ്രചോദനമായത് മുത്തശ്ശിയും എപ്പോഴും  കവിതകളും, വിശ്വസാഹിത്യത്തിലെ കഥകളും പറഞ്ഞു തന്നിരുന്ന അച്ഛനുമായിരിക്കാം.
മുത്തശ്ശി പ്രസവിച്ച മറ്റുമക്കളും പേരക്കിടാങ്ങളുമുണ്ടായിട്ടും മുത്തശ്ശിക്ക് ഏറെ ഇഷ്ടം ഉണ്ണിയോടായിരുന്നു. അവരുടെ ഓരോ ഹൃദയത്തുടിപ്പിലും ഉണ്ണിയായിരുന്നു, അവരുടെ ഒരേ ഒരു മകനെക്കാൾ. ഉണ്ണി വടക്കേ ഇന്ത്യയിൽ പഠിക്കുമ്പോൾ അയക്കുന്ന എഴുത്തുകൾ മുത്തശ്ശൻ അവരെ വായിച്ചുകേൾപ്പിച്ചു. അയല്പക്കത്തുള്ളവർ ഒരിക്കൽ ചോദിച്ചു "വസുമതിയുടെ മകൻ എന്താണ് പഠിക്കുന്നത്"?. അതിനു മുത്തശ്ശി നൽകിയ മറുപടിയും കുറച്ചൊക്കെ വിദ്യാഭ്യാസവുമുള്ള അയൽക്കാർ ചോദിച്ച സംശയങ്ങളും രസാവഹമാണ്. മുത്തശ്ശി: " അവൻ പഠിക്കുന്നത് ഏതാണ്ട് മൂന്ന് അക്ഷരം കിട്ടുന്ന ഒരു യോഗ്യതക്കാണ്. അവർ ചോദിച്ചു: “അവൻ കോളേജിലല്ലേ, എങ്കിൽ രണ്ടു അക്ഷരമുള്ള ഡിഗ്രികളാണ് കിട്ടുക, ബി.എ, എം.എ എന്നൊക്കെ. മൂന്നക്ഷരമില്ല. മുത്തശ്ശി ഉറപ്പിച്ചു  പറഞ്ഞു മൂന്നു അക്ഷരമേയുള്ളു. അന്ന് ഇന്നത്തെപോലെ എം ബി എ പ്രചാരത്തിലായിട്ടില്ല. ആ പരീക്ഷ പാസ്സായി ഡിഗ്രി കിട്ടിയപ്പോൾ അച്ഛൻ പറഞ്ഞു ഡിഗ്രി മുത്തശ്ശിയെ കാണിക്കു. ഉണ്ണി ചോദിച്ചു "മുത്തശ്ശിക്ക് എഴുതാനും വായിക്കാനുമറിയില്ല, പിന്നെ എന്തിനു കാണിക്കണം." അച്ഛൻ നിർബന്ധിച്ചു. അവർക്ക് വായിക്കാൻ അറിയില്ലെങ്കിലും അത് കാണുമ്പോൾ അവർ സന്തോഷവതിയാകും. പറഞ്ഞപോലെ ഉണ്ണി അതു കാണിച്ചപ്പോൾ മുത്തശ്ശി രണ്ടും കയ്യും കൂപ്പി തൊഴുതു. ഈശ്വരാ എന്ന് ജപിച്ച്. ആകാശത്തേക്ക് നോക്കി പിന്നെ വിതുമ്പുന്ന ചുണ്ടുകളോടെ മരിച്ചുപോയ ഉണ്ണിയുടെ അമ്മയോട് സംസാരിച്ചു. “ഞങ്ങൾക്ക് കാണാൻ പറ്റാത്ത ലോകത്തിരുന്നു നീ ഇതൊക്കെ കാണുന്നോ?  മുത്തശ്ശി കുറെ നേരം കരഞ്ഞു ഒപ്പം ഉണ്ണിയും
ബോംബയിൽ നിന്നും അമ്മാവൻ അവധിക്ക് വരുന്ന സമയമായിരുന്നു. അമ്മാവനുവേണ്ടി കേടു വരാത്ത  പലതരം  പലഹാരങ്ങൾ ചില്ലുഭരണികളിൽ നിറച്ച് അലമാരയിൽ മുത്തശ്ശി കരുതീട്ടുണ്ടായിരുന്നു. അതൊക്കെ മേശപ്പുറത്ത് നിരത്തി നീ കഴിക്കുക എന്ന് ഉണ്ണിയോട് പറഞ്ഞു. കൂടുതൽ മധുരം ചേർത്ത് ഉണ്ണിക്കും അവന്റെ മാമനും വേണ്ടി ഉണ്ടാക്കിയ അവലോത് പൊടി വിളയിച്ചത് പ്രത്യേകമായി ഉണ്ണിക്ക് വിളമ്പി.   ഇതൊക്കെ ഉണ്ടാക്കാൻ ആളെ കിട്ടാൻ പ്രയാസമായി. മുത്തശ്ശിക്ക് ഇതൊക്കെ ഉണ്ടാക്കാൻ വയ്യാണ്ടായി. മുത്തശ്ശി ആദ്യമായി വയ്യ എന്ന് പറഞ്ഞത് അപ്പോഴാണ്. വളരെ മെലിഞ്ഞ ഒരു സ്ത്രീയായിരുന്നു മുത്തശ്ശി. മുത്തശ്ശന് സ്വർണ്ണത്തിന്റെ നിറമുണ്ടായിരുന്നു. മുത്തശ്ശിക്ക് അത്ര നിറമില്ല. അതുകൊണ്ടു പേരക്കിടാങ്ങൾക്ക് ഇത്തിരി നിറം കുറഞ്ഞാൽ മുത്തശീടെ പോലെ എന്നാണു മുത്തശി പറയുക.  പേരക്കിടാങ്ങൾ കാണുമ്പോൾ മുത്തശ്ശിക്ക് കുറേശ്ശേ ചെമ്പു നിറം ആയിരുന്നു. അതിനു ഉണ്ണി മറ്റു പേരക്കിടാങ്ങളോട് ഒരു വിശദീകരണം നൽകി. അതായത് "ചെമ്പു പുറത്താകുക എന്ന രാസമാറ്റമാണ് ഇവിടെ സംഭവിക്കുന്നത്." ഇമ്മടെ ദൈവം മുത്തശ്ശിയെ സൃഷ്ടിക്കുമ്പോൾ സ്വർണ്ണം ചേർത്തെങ്കിലും അങ്ങേരു ചെമ്പും ചേർത്തു. പ്രായമായപ്പോൾ അതൊക്കെ പുറത്തോട്ടു വന്നതാണ്. അവരൊക്കെ അതുകേട്ട് ഇതൊക്കെ ഏട്ടൻ കെട്ടിയുണ്ടാക്കുന്ന കഥകൾ എന്ന് പറഞ്ഞു. എന്നാൽ മുത്തശ്ശി അത് വിശ്വസിച്ചു. ഉണ്ണി എന്ത്  പറഞ്ഞാലും മുത്തശ്ശി വിശ്വസിക്കും 
പക്ഷെ ഉണ്ണി പറഞ്ഞ ഒരു കാര്യം കുട്ടികൾ വിശ്വസിച്ചില്ല മുത്തശ്ശിക്കും അത് വിശ്വസിക്കാൻ പ്രയാസം. ഉണ്ണി അതിനെപ്പറ്റി ആദ്യം പറഞ്ഞത് ഉണ്ണിയുടെ അച്ഛനോടാണ്. അച്ഛനെ ഉണ്ണി ബോധ്യപ്പെടുത്തി. പക്ഷെ അദ്ദേഹം പറഞ്ഞു അമ്മായി അങ്ങനെയൊന്നും ആലോചിച്ച് പറഞ്ഞതായിരിക്കയില്ല. ഉണ്ണി കുട്ടികളോട് പറഞ്ഞു മുത്തശ്ശിയുടെ ഒരു തത്വവിചാരം ഞങ്ങൾക്ക് പഠിക്കാനുണ്ട്. എം ബി എ ക്‌ളാസിൽ വിദ്യാഭ്യാസം ഇല്ലാത്ത മുത്തശ്ശി പറഞ്ഞകാര്യം പഠിക്കാനോ? ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട. അവർ ഒരേ ശബ്ദത്തിൽ പറഞ്ഞു  ഉണ്ണി വിശദീകരിച്ചു. എൽട്ടൻ മയോടെ തിയറി ഓഫ് മോട്ടിവേഷൻ ഉണ്ട്. ഒരു ലക്ഷ്യത്തിലെത്താൻ ഒരാളെ പ്രേരിപ്പിക്കുന്നത് എന്ത്? എത്രത്തോളം ഒരാൾക്ക് പ്രചോദനം കിട്ടുമോ അത്രത്തോളം അയാളുടെ ഉത്പാദനം കൂടിയിരിക്കും. ഒത്തിരി പണികൾ ചെയ്തു ക്ഷീണിക്കുകയില്ലേ എന്ന ചോദ്യത്തിന് മുത്തശ്ശി പറഞ്ഞതാണ് "ഇല്ല എല്ലാം നിങ്ങൾക്ക് വേണ്ടി എന്ന ചിന്ത എന്നെ കൂടുതൽ പണിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു എന്നു." ഇവിടെ മുത്തശ്ശിയുടെ പ്രചോദനം അവർക്ക് നമ്മളോടുള്ള സ്നേഹമാണ്. ഇതിന്റെ ഒരു വകഭേദമാണ് കോളേജിൽ പഠിപ്പിക്കുന്നത്. പിന്നെ മറ്റു പേരക്കിടാങ്ങൾ മുത്തശ്ശിയെ കളിയാക്കി. എം ബി എ ക്ക് സിലബസ്സുണ്ടാക്കാൻ  സർവകലാശാല മുത്തശ്ശിയെ വിളിപ്പിക്കുമെന്നു.  ഇത് പറഞ്ഞത്. ചിത്തരഞ്ജൻ  എന്ന് വിളിക്കുന്ന മുത്തശ്ശിയുടെ മറ്റൊരു പേരക്കിടാവായിരുന്നു. (സ്വാതന്ത്രസമരസേനാനിയും സ്വരാജ് എന്ന പാർട്ടിയുടെ സ്ഥാപകനേതാവും ദേശബന്ധു എന്നറിയപ്പെടുകയും ചെയ്യുന്ന ചിത്തരഞ്ജൻ ദാസിന്റെ ദാസ് കളഞ്ഞു നൽകിയ പേര്) വർഷങ്ങൾക്കുശേഷം മുത്തശ്ശിയുടെ മറ്റൊരു പേരക്കിടാവും എം ബി എ കരസ്ഥമാക്കി. അവന്റെ പേരും സുധീർ കുമാർ എന്നാണു.
കൂട്ടുക്കാർ ഇല്ലാത്തദിവസം ഉണ്ണിയെ സ്‌കൂൾ വരെ കൊണ്ടുവിട്ടാലേ മുത്തശ്ശിക്ക് സമാധാനമുണ്ടാകും. അങ്ങനെ ഉണ്ണിയെ വിട്ടുവരുമ്പോൾ വഴിയരികിലെ വീട്ടിലെ ആജാനുബാഹുവായ ഒരു മാപ്പിള അയാളുടെ പടിവാതിൽ തുറന്നു പുറത്തുവന്നു പുഞ്ചിരിച്ച് മുത്തശ്ശിയോട് കുശലാന്വേഷണം നടത്തി. അയാൾ ചോദിച്ചു എവിടന്നു വരുന്നു.?ഞാൻ പേരക്കിടാവിനെ സ്‌കൂളിൽ വിട്ടുവരികയാണ്. മാപ്പിള, മൊട്ടത്തലയും ഒരു കള്ളിമുണ്ടും, വല ബനിയനും കയ്യിൽ ഒരു ഏലസ്സും കെട്ടിയ ബലിഷ്ടനായ മനുഷ്യൻ. "ഒക്കെ വെറുതെ , ഈ കുട്ടികൾക്കൊന്നിനും വലുതാകുമ്പോൾ സ്നേഹം കാണില്ല." നിങ്ങൾ വെറുതെ കഷ്ടപ്പെടുകയാണ്. മുത്തശ്ശി അയാളെ നോക്കി. തല മുണ്ഡനം ചെയ്തു ഒരു കള്ളിമുണ്ടും, വല ബനിയനും കയ്യിൽ ഒരു ഏലസ്സും കെട്ടിയ ബലിഷ്ടനായ മനുഷ്യൻ. മുത്തശ്ശി അയാളോട് ധീരമായി പറഞ്ഞു ഏയ് എന്റെ കുട്ടികൾക്ക് എന്നെ സ്നേഹമാണ്. അവർക്ക് അത്  എന്നുമുണ്ടായിരിക്കും”. അങ്ങനെ കുശലാന്വേഷണം പൊടിപൊടിക്കുമ്പോൾ മുത്തശ്ശി കണ്ടു കയ്യിൽ ചങ്ങലയുമായി രണ്ടുപേർ വീട്ടിൽ നിന്നും വരുന്നു. അവർ മുത്തശ്ശിയോട് മിണ്ടല്ലേ എന്ന് പറഞ്ഞു പുറകിലൂടെ അയാളെ ബന്ധിച്ച് ചങ്ങലക്കിട്ടു. അവർ പറഞ്ഞു "അമ്മാമ്മേ പടച്ചോന്റെ കൃപ ഈ മനുഷ്യന് ഭ്രാന്താണ്. ഇന്നലെ ഇതിലെ പോയ ഒരു സ്ത്രീയെ കല്ലെറിഞ്ഞു തലപൊട്ടിച്ചു. മുത്തശ്ശി 'ഗുരുവായൂരപ്പ കൃഷണ എന്ന് ജപിച്ച് വേഗം നടന്നു.
മക്കളുടെയും പേരക്കുട്ടികളുടെയും മുന്നിൽ മുത്തശ്ശി പ്രസാദവതിയായിട്ടാണ് പ്രത്യക്ഷപ്പെടുക. ഒരിക്കൽ മാത്രം മുത്തശ്ശിടെ മുഖത്തു ദുഃഖം കറുപ്പ് പരത്തുന്നത് കണ്ടു വളരെ വ്യസനമുണ്ടായി. മുത്തശ്ശന് കുറേശ്ശേ ജ്യോതിഷമൊക്കെ അറിയാം. ജന്മനാളുകളും അവയുടെ ഫലങ്ങളുമൊക്കെ വിശ്വസിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ നാൾ രോഹിണിയായിരുന്നു. ആ നക്ഷത്രത്തിന്റെ വൃക്ഷം ഞാവൽ മരമാണ്. മുത്തശ്ശന്റെ ഏതോ പരിചയക്കാരൻ ആ വൃക്ഷതൈ ഒരിക്കൽ കൊണ്ടുവന്നു തന്നു. മുത്തശ്ശൻ അത് നടുമ്പോൾ സഹായി ആയി ഉണ്ണി പോയി നിന്നു.  ഉണ്ണിക്കായി പ്രത്യേകം കാച്ചിയ വെളിച്ചെണ്ണ തേച്ചുകുളിച്ചുനിൽക്കുന്ന ഉണ്ണി വെയിലത്ത് പോയി നിൽക്കുന്നത് ശരിയല്ലെന്ന് മുത്തശ്ശിക്ക് തോന്നി. അവർ കുടയുമായി ചെന്നു. മുത്തശ്ശൻ അത് വകവയ്ക്കാതെ മരം നട്ടു. മൺകുടത്തിൽ നിന്നും വെള്ളം അതിന്മേൽ തളിച്ചു. എന്നിട്ട് അതിനെവലം വച്ചു. ഉണ്ണി കുട തട്ടിമാറ്റി മുത്തശ്ശനൊപ്പം മരത്തെ വന്ദിച്ചു. പറമ്പിൽ നിന്നും വീട്ടിലേക്ക് നടക്കുമ്പോൾ മുത്തശ്ശൻ പറഞ്ഞു. "ഇത് കായ്ക്കുമ്പോൾ ഞാൻ ഉണ്ടാകുമോ ആവോ? നിനക്ക് ഇതിന്റെ പഴം തിന്നാം.” ഉണ്ണി മുത്തശ്ശിടെ/ മുഖത്ത് നോക്കി. അവിടെ വിഷാദം പടരുന്നു. ഒരു നാൾ മുത്തശ്ശൻ വിട്ടുപോവുമെന്ന യാഥാർഥ്യം അവർ മനസ്സിലാക്കുന്നു.
കൊയ്ത്തും മെതിയുമുള്ള വീടാണെന്നറിയുന്ന പാണന്മാരും, പുള്ളോൻമാരും മുത്തശ്ശിയെ പറ്റിച്ച് അരിയും നെല്ലും കൊണ്ടുപോകും. അതിനവർ ഉപയോഗിക്കുന്ന അടവുകൾ രസകരമാണ്. പുള്ളോനും പുള്ളോത്തിയും വന്നു വീണയെടുത്ത് പാടൽ തുടങ്ങും. മുത്തശ്ശി അരിയോ നെല്ലോ കൊടുക്കും. അപ്പോൾ ഉണ്ണിയെ ചൂണ്ടിക്കാണിച്ച് ചോദിക്കു. ആരാ? പേരക്കിടാവ്. ഒന്നു നാവോർ പേടിക്കണം. ദൃഷ്ടിദോഷം ഉണ്ട്. അതുകേൾക്കലും മുത്തശ്ശി അനുവാദം കൊടുക്കുന്നു. അതുകഴിഞ്ഞു വരുന്നു പാണൻ. പാണനും ഈ അടവ് തന്നെ. പാണന്റെ പരിപാടി ഉണ്ണിക്കിഷ്ടമല്ല. അയാൾ ഉണ്ണിയെ  മുന്നിലിരുത്തി എന്തോ ജപിച്ച്  ഊതുകയാണ് പതിവ്. അയാളുടെ തുപ്പൽ തെറിക്കുന്ന പോലെ ഉണ്ണിക്ക് അനുഭവപ്പെടും. ചിലപ്പോൾ അയാളുടെ ഭാര്യയായിരിക്കും ഈ കർമ്മം നിർവഹിക്കുക. കുട്ടിക്ക് എന്തോ ദൃഷ്ടിദോഷമുണ്ടായിരുന്നു. ആരോ കരിങ്കണ്ണ്‌ വച്ചതാണ്. ഇപ്പോൾ എല്ലാം ശരിയായി. അതുപറഞ്ഞു പതിവ് കൂലി കൂടാതെ മുത്തശ്ശിയുടെ കയ്യിൽ നിന്നും ചോറും കറിയും വാങ്ങിക്കെട്ടി കൊണ്ടുപോകുക പതിവാണ്.
തട്ടകത്തെ ദേവിക്ക് വിത്ത് കൊടുക്കുക എന്നൊരു വഴിപാടുണ്ട്. ചാക്കിലെ വിത്ത് ഒരാളെകൊണ്ട് എടുപ്പിച്ച് ഉണ്ണിയും മുത്തശ്ശിയും ദേവീക്ഷേത്രത്തിലേക്ക് വർഷത്തിൽ ഒരിക്കൽ പോകുക പതിവാണ്. അവിടത്തെ ശാന്തിക്കാരനെ ഉണ്ണി ഇപ്പോഴും ഓർമ്മിക്കുന്നു  മുത്തശ്ശിയുടെ കയ്യിൽ നിന്നും കാശു കിട്ടാനാകുമെന്നു തോന്നുന്നു അദ്ദേഹം പറയും "കുട്ടിക്ക് മൗഢ്യമുണ്ടു. ഒരു നൂല് കെട്ടണം”. അങ്ങനെ നൂലും, പൂവും പ്രസാദവുമൊക്കയായി, കൂട്ടത്തിൽ അവിടെ നിന്നും കിട്ടുന്ന "പടച്ചോറുമായി" തിരിച്ച് വീട്ടിലേക്ക്. പിന്നെയും അമ്പലദർശനങ്ങൾ. . സുഖശീതളമായ മന്ദമാരുതൻ ചുറ്റിക്കളിക്കുന്ന ആൽത്തറക്ക് സമീപം നിന്ന് മുത്തശ്ശി തൊടുവിച്ച് തരുന്ന ചന്ദനത്തിന്റെ കുളിർമ്മ.  അമ്പലമണികൾ. നിഷ്കളങ്കരായ പറന്നു നടക്കുന്ന പ്രാവുകൾ. ദൈവികചൈതന്യം നിറയ്ക്കുന്ന  ഓർമ്മകൾ. മുത്തശ്ശി മരിക്കുന്നില്ല. ചെറുപ്പത്തിലേ മരിച്ചുപോയ അമ്മയുടെ അഭാവം അറിയിക്കാതെ മുഴുവൻ മാതൃസ്നേഹവും നൽകി ഉണ്ണിക്കായി ജീവിച്ച പ്രിയ മുത്തശ്ശിക്ക് ഈ വരികൾ സ്നേഹത്തോടെ ഈ സുദിനത്തിൽ അർപ്പിക്കുന്നു.
എല്ലാവർക്കും സന്തോഷപൂർണ്ണമായ മാതൃദിനാശംസകൾ നേരുന്നു
ശുഭം

Join WhatsApp News
ജയദേവ് നമ്പ്യാർ 2022-05-09 01:47:29
അമ്മുമ്മയോടുള്ള ഉണ്ണിയുടെ സ്നേഹം ഓരോ വരികളിലും തുളുമ്പി നിൽക്കുന്നു. ഉണ്ണിക്ക് നന്മകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക