Image

ഇദ്ലിബിലെ ചുവന്ന സൂര്യന്‍ (കഥ -3 അവസാന ഭാഗം: ബാബു പാറയ്ക്കല്‍)

Published on 20 May, 2022
ഇദ്ലിബിലെ ചുവന്ന സൂര്യന്‍ (കഥ -3 അവസാന ഭാഗം: ബാബു പാറയ്ക്കല്‍)

''കുറച്ചു കൊച്ചുകുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ പോകാന്‍ അനുവദിച്ചു. ഇനി ഇദ്ലിബിലേക്ക് തിരിച്ചു വരരുത് എന്നു മുന്നറിയിപ്പ് നല്‍കിയാണ് വിട്ടയച്ചത്. പിന്നീട് പുരുഷന്മാരെയെല്ലാം അടുത്ത് കിടന്ന ട്രക്കിലേക്കു കയറ്റി. സ്ത്രീകളെ മറ്റൊരു ട്രക്കില്‍ കയറ്റി തോക്കുധാരികള്‍ എങ്ങോട്ടോ ഓടിച്ചുപോയി. ഞാന്‍ വൃദ്ധനായതുകൊണ്ടും മകനെ അടക്കേണ്ടതുകൊണ്ടും വീട്ടിലേക്കു മടങ്ങിക്കൊള്ളാന്‍ പറഞ്ഞു. എന്റെ മറ്റൊരു മകനും കുടുംബവും അതിനിടയില്‍ എങ്ങോട്ടോ രക്ഷപ്പെട്ടതായി അറിഞ്ഞു. 
എന്നാല്‍ കൊല്ലപ്പെട്ട മകന്റെ ഭാര്യയെയും നിലവിളിച്ച കുട്ടിയേയും അവിടെയെങ്ങും കണ്ടില്ല. ഭീകരര്‍ അവരെ ഒരു വണ്ടിയില്‍ കയറ്റുന്നത് കണ്ടതായി ചിലര്‍ പറഞ്ഞെങ്കിലും സ്ഥിരീകരണം ലഭിച്ചില്ല. അവര്‍ ആരുടെയെങ്കിലും കൂടെ രക്ഷപ്പെട്ടതായി കരുതിയെങ്കിലും ആര്‍ക്കും അവരെപ്പറ്റി അറിവില്ലായിരുന്നു. മകനെ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. ആചാര പ്രകാരമുള്ള ശുശ്രൂഷകള്‍ നിവര്‍ത്തിക്കാന്‍ പുരോഹിതന്‍ ഇല്ലായിരുന്നു. എനിക്കു പോലും പ്രാര്‍ഥിക്കാന്‍ ശബ്ദം പുറത്തേക്കു വരുന്നില്ലായിരുന്നു. തോക്കുധാരികളുടെ നിര്‍ദ്ദേശപ്രകാരം അയല്‍പക്കത്തുള്ള ഏതാനും മുസ്ലിം സഹോദരങ്ങളാണ് അവനെ അടക്കം ചെയ്യാന്‍ സഹായിച്ചത്. ഉറക്കം വരാത്ത മൂന്നു പകലും രാത്രിയും കടന്നുപോയി. മകനെ നഷ്ടപ്പെട്ട തീവ്ര ദുഃഖത്തില്‍ ഇരിക്കുമ്പോഴും പേരക്കിടാവും അവന്റെ അമ്മയും രക്ഷപ്പെടാന്‍ സാധിച്ചതിനു ദൈവത്തിനു നന്ദി പറഞ്ഞു. മൂന്നാം ദിവസം ആരോ പറഞ്ഞു കേട്ട വാര്‍ത്തയറിഞ്ഞു ഞാന്‍ ബാബ് അല്‍-മൂസയുടെ കിഴക്കുള്ള ബാബ് അല്‍-പാഷയിലെ തരിക്കിലേക്കോടി. അവിടെ എന്റെ പേരക്കിടാവിന്റെയും അവന്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന അവന്റെ അമ്മയുടെയും ജഡം കണ്ടു. അവരുടെ തലയും നെഞ്ചും രക്തത്തില്‍ കുളിച്ചിരുന്നു. 

അന്നുച്ച തിരിഞ്ഞു വലിയൊരു വാര്‍ത്ത വന്നു. അന്ന് ബാബ് അല്‍-കബീറില്‍ നിന്നും ട്രക്കില്‍ കയറ്റിക്കൊണ്ടുപോയ പുരുഷന്മാരെയെല്ലാം ഹോഡല്‍അഷ്‌റഫിന് അപ്പുറമുള്ള കുന്നിന്‍ ചരുവില്‍ മണ്ണുമാന്തി ഉപയോഗിച്ച് വലിയ കുഴിയെടുത്തിട്ട് അതില്‍ ഇറക്കി നിര്‍ത്തി അവര്‍ വെടിവച്ചു കൊന്നു. അതിനു ശേഷം കുഴി മൂടി. കൃത്യമായി ആ സ്ഥലം പോലും ഇന്നാര്‍ക്കും അറിയില്ല.'' 
ബാബയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകി. 
'ക്ഷമിക്കണം, ഒരു ചായ വേണോ എന്നു പോലും ഞാന്‍ ചോദിച്ചില്ല.' ബാബ ക്ഷമാപണം നടത്തി.


'സാരമില്ല ബാബാ, ചായ വേണമെങ്കില്‍ ഞാന്‍ ഉണ്ടാക്കാം.' മിഖേയ്ല്‍ വീടിന്റെ അകത്തേക്ക് കയറി.
അവിടെ ഒരു കുപ്പിയില്‍ അല്പം ചായപ്പൊടി അവശേഷിച്ചിരുന്നു. അയാള്‍ അതെടുത്തു മൂന്നു ചായ ഉണ്ടാക്കി വെളിയിലേക്കു വന്നു.
'നിങ്ങള്‍ ഇന്നിനി പോകുന്നുണ്ടോ?'
'പോകണം ബാബാ.'
'നാളെ പോയാല്‍ പോരേ?' 
'മതി. 24 മണിക്കൂറിന്റെയാണ് പെര്‍മിഷന്‍ തന്നിരിക്കുന്നത്. നാളെ രാവിലെ മടങ്ങിയാല്‍ മതി.' ഡ്രൈവറാണ് അത് പറഞ്ഞത്.
'സന്തോഷം. അപ്പോള്‍ അത്താഴത്തിന് എന്തെങ്കിലും നോക്കണമല്ലോ.'
'അതിനു മുന്‍പ് നമുക്ക് ഒരിക്കല്‍ക്കൂടി ആ സെമിത്തേരിയില്‍ പോകണം.'

അവര്‍ വീണ്ടും ആ സെമിത്തേരിയിലേക്കു ചെന്നു. 
'അതാ, അവിടെയാണ് എന്റെ മകന്‍. തൊട്ടപ്പുറത്താണ് എന്റെ പേരക്കിടാവും അവന്റെ അമ്മയും. യാതൊരടയാളവും വയ്ക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടു ഞാന്‍ പുല്ലു പറിച്ചു വൃത്തിയായി സൂക്ഷിക്കും.'
''വരൂ ബാബാ, നമുക്ക് പള്ളിയില്‍ കൂടി ഒന്ന് കയറാം.' 
വളരെ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കാട്ടുചെടികള്‍ക്കിടയിലൂടെ അവര്‍ നടന്നു. 
പള്ളിയുടെ മുഖ്യ കവാടം അടഞ്ഞു തന്നെ കിടക്കുന്നു. അതിന്റെ മുകളിലായി സ്ഥാപിച്ചിരുന്ന കുരിശ് അടിച്ചു പൊട്ടിച്ചിട്ടിരിക്കുന്നു. ഭിത്തിയുടെ ഒരുവശത്തു പൊളിഞ്ഞു കിടക്കുന്ന ഭാഗത്തുകൂടി അവര്‍ അകത്തു കടന്നു. അള്‍ത്താരയിലും വിശുദ്ധ സ്ഥലത്തും ഉണ്ടായിരുന്ന കുരിശും മറ്റ് ഐക്കണുകളുമെല്ലാം അടിച്ചു തകര്‍ത്തിട്ടിരിക്കുന്നു. വിശുദ്ധ ബലി അര്‍പ്പിച്ചിരുന്ന ത്രോണോസില്‍ ചിലന്തി വല കെട്ടിയിരിക്കുന്നു! 


മിഖേയ്ല്‍ അള്‍ത്താരയുടെ അവശിഷ്ടങ്ങള്‍ക്കു മുന്‍പില്‍ മുട്ട് കുത്തി പ്രാര്‍ഥിച്ചു. അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. എത്രയോ പ്രാവശ്യം ഈ ദേവാലയത്തില്‍ വന്നു പ്രാര്‍ഥിച്ചിരിക്കുന്നു! അയാള്‍ എഴുന്നേറ്റു.
'കണ്ടോ, ഈ ദേവാലയത്തിന്റെ അവസ്ഥ? അറിഞ്ഞോ, തുര്‍ക്കിയിലെ അതിപുരാതന ക്രിസ്ത്യന്‍ ദേവാലയമായിരുന്ന ഹാഗിയാ സോഫിയാ ഇപ്പോള്‍ മുസ്ലിം ദേവാലയമായി അധികാരികള്‍ മാറ്റിയിരിക്കുന്നു.'
'അതെ ബാബാ, കേട്ടിരിക്കുന്നു. തീവ്രവാദം എല്ലായിടത്തും വളരുകയാണ്.'
'എന്നെ അതിശയിപ്പിച്ചത് തുര്‍ക്കിയിലെ തീവ്രവാദികളല്ല. മറിച്ചു ചില ജനാധിപത്യ രാജ്യങ്ങളിലെ മതേതരവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ചില നേതാക്കള്‍ അതിനെ അനുകൂലിച്ചും പ്രശംസിച്ചും പ്രസംഗിക്കുകയും പത്രങ്ങളില്‍ ലേഖനം എഴുതുകയുമൊക്കെ ചെയ്യുന്നത് കാണുന്നതാണ്. ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് എങ്ങനെ അറിയാന്‍?''
അവര്‍ പള്ളി മുറ്റത്തുനിന്നും വീട്ടിലേക്കു മടങ്ങി. വഴിയില്‍ ഒരു ബാലനെ കണ്ടു. 

'ബഷീര്‍, ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്ക് അത്താഴം വേണം. കൊണ്ടുതരാമോ?'
'ങ്ഹും.' അവന്‍ തലയാട്ടിക്കൊണ്ടു നടന്നു നീങ്ങി. 
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ ബാലന്‍ അത്താഴവുമായി എത്തി. പാത്രങ്ങള്‍ എടുത്തു അകത്തു വച്ചിട്ട് ബാലന്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ മിഖേയ്ല്‍ അവനു കുറച്ചു പണം നല്‍കി. അവന്‍ അത് നിരസിച്ചു.
'അവന്‍ പൈസ വാങ്ങില്ല. ഈ മുറ്റത്തു വെടി കൊണ്ടു വീണ മുസ്തഫയുടെ സഹോദരനാണ്. ഇവരൊക്കെ മാത്രമാണ് എനിക്ക് സഹായത്തിനുള്ളത്.' ബാബ അവര്‍ക്കു കഴിപ്പാന്‍ കൊടുക്കാന്‍ വേണ്ടി പ്ലേറ്റ് തെരഞ്ഞു കൊണ്ട് പറഞ്ഞു.
അവിടെ ആകെ സ്റ്റീലിന്റെ ഒരു പ്ലേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ വിഷമിക്കുന്ന ബാബയെ കണ്ടു മിഖേയ്ല്‍ പറഞ്ഞു, 'ബാബാ, ആ മുറ്റത്തിരിക്കുന്ന രണ്ടു പ്ലേറ്റും സോപ്പിട്ടു കഴുകി എടുത്താല്‍ മതിയല്ലോ.'
'ഹേയ്, അതു വേണ്ട. അതു നായ്ക്കളുടെ പ്ലേറ്റ് അല്ലേ?'
'അവറ്റകള്‍ മനുഷ്യരേക്കാള്‍ എത്രയോ ഭേദമാണ് ബാബാ! കഴിച്ചിട്ട് ബാക്കി ഭക്ഷണം അല്പം അവിടെത്തന്നെ വച്ചാല്‍ മതി. അവറ്റകള്‍ക്കു സന്തോഷമാകും.' ഡ്രൈവര്‍ ആ പ്ലേറ്റുകള്‍ കൊണ്ടുപോയി കഴുകി കൊണ്ടുവന്നു. 

മിഖേയ്ല്‍ ഭക്ഷണം വിളമ്പി. 
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിസ്തുമസ്സ് ദിനത്തില്‍ ഒന്നിച്ചു ഭക്ഷണം കഴിച്ച ഓര്‍മ്മകള്‍ മിഖേയ്ലിനെ ഗദ്ഗദ കണ്ഠനാക്കി. 'എന്തിനാ ബാബാ ഈ മുസ്ലിങ്ങള്‍ നമ്മെ ഇതുപോലെ ഉപദ്രവിക്കുന്നത്?'
'ഇവരാരും മുസ്ലിങ്ങളല്ല. നിസ്‌കാര സമയത്തു നിസ്‌കരിക്കാന്‍ പോലും അവര്‍ മിനക്കെടാറില്ല. പ്രാര്‍ഥിക്കാന്‍ അവര്‍ക്കറിയില്ല.' ഡ്രൈവര്‍ പറഞ്ഞു.

'തീവ്രവാദികള്‍ക്കു മതമില്ല. അവര്‍ ഭീകരന്മാരാണ്. ഭീകരത പടര്‍ത്തി ആളുകളെ ഭയപ്പെടുത്തി അവരുടേതായ രാജ്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.' ബാബാ കുറച്ചു ഭക്ഷണം കൂടി അവരുടെ പ്ലേറ്റിലേക്കിട്ടുകൊണ്ടു പറഞ്ഞു.
'പക്ഷേ, നിര്‍ഭാഗ്യവശാല്‍ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും ഈ തീവ്രവാദികളെ പിന്തുണക്കുന്നു എന്നതാണ് സത്യം. കുറച്ചു പേര്‍ ബാക്കിയുണ്ടെങ്കിലും ഇവരെ ഒന്ന് വിമര്‍ശിക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നു. ഇത് ലോകത്തിന്റെ നാശത്തിലേക്കാണ് പോകുന്നത്. ഒരു കാലത്തു നമ്മളൊക്കെ എത്ര സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന നാടാണ്.' ഡ്രൈവര്‍ ഒരു നെടുവീര്‍പ്പോടെ മറ്റു രണ്ടു പ്ലേറ്റുകള്‍ കൂടി എടുത്തുകൊണ്ട് എഴുന്നേറ്റു വന്നപ്പോഴേക്കും മുറ്റത്തു രണ്ടു നായ്ക്കളും വാലാട്ടിക്കൊണ്ടു നില്‍പ്പുണ്ടായിരുന്നു. 
'നമുക്ക് വര്‍ത്തമാനം പറഞ്ഞുകൊണ്ടു കിടക്കാം. രാത്രി പത്തു കഴിഞ്ഞാല്‍ വീടിനുള്ളില്‍ വിളക്ക് കത്തിക്കാന്‍ പാടില്ലെന്നാണ് നിയമം.' വിളക്കൂതി കെടുത്തിക്കൊണ്ടു ബാബാ പറഞ്ഞു.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ പല കഥകളും അവര്‍ക്കു പങ്കിടാനുണ്ടായിരുന്നു. 

''ഊഷ്മളമായ പരസ്പര സ്‌നേഹത്തില്‍ സമൃദ്ധിയോടെ വിവിധ മതസ്ഥര്‍ ജീവിച്ചിരുന്ന ഇദ്ലിബ് ഇന്ന് അതിന്റെയൊക്കെയും ശവപ്പറമ്പാണ്. മതങ്ങളൊക്കെയും മനുഷ്യസൃഷ്ടിയാണ് എന്ന യാഥാര്‍ഥ്യം മനുഷ്യനു തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ദയനീയം. ഇനി ലോകത്തില്‍ വരാനിരിക്കുന്നത് കലാപത്തിന്റെ നാളുകളാണ്, മിഖേയ്ല്‍. ഇന്നിത് നമുക്ക് സംഭവിച്ചു. നാളെ ഇത് മറ്റൊരു രാജ്യത്തില്‍ ആയിരിക്കും. നിങ്ങളുടെ അമേരിക്ക ഇപ്പോള്‍ സുരക്ഷിതമാണെന്ന് നിങ്ങള്‍ക്കു വിശ്വസിക്കാം. എന്നാല്‍ യൂറോപ്പിലെ പല രാജ്യങ്ങളും അങ്ങനെയല്ല. ഇന്നല്ലെങ്കില്‍ നാളെ അവരെ കാത്തിരിക്കുന്നത് ഗുരുതരമായ വിപത്താണ്. ഇനി അത് ഒഴിവാക്കാനാവില്ല. എത്രനാള്‍ എന്നു മാത്രമേയുള്ളൂ. എങ്കില്‍പ്പോലും അധികാരികള്‍ ഇതു മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല, അഥവാ, അറിഞ്ഞുകൊണ്ട് കണ്ണടക്കുന്നു. അല്ലെങ്കില്‍ അവര്‍ എന്തിനെയോ ഭയപ്പെടുന്നു. അതാണ് എന്നെ അതിശയിപ്പിക്കുന്നത്.'' ബാബയുടെ മനസ്സില്‍ വീര്‍പ്പുമുട്ടി നിന്ന വിഷമങ്ങള്‍ ഓരോന്നായി ആ മുറിയിലെ ഇരുട്ടില്‍ ലയിച്ചു വട്ടം കറങ്ങി നിന്നു.

എപ്പോഴോ ഉണര്‍ന്നപ്പോളാണ് നേരം പുലര്‍ന്നെന്നു മനസ്സിലായത്. മിഖേയ്ല്‍ പോകാന്‍ തയ്യാറായി ഇറങ്ങിയപ്പോള്‍ കയ്യിലുണ്ടായിരുന്ന ചെറിയ ബാഗില്‍ നിന്നും കുറച്ചു പണമെടുത്തു ബാബയ്ക്ക് നല്‍കി. 
'എനിക്കെന്തിനാണ് പണം?'
'ആവശ്യം വരും ബാബാ ഇരിക്കട്ടെ.' അയാള്‍ ബാബയുടെ കയ്യിലേക്ക് ആ തുക വച്ച് കൊടുത്തു.
'എന്താവശ്യം? വല്ലപ്പോഴുമൊക്കെ ബഷീറാണ് ഭക്ഷണം കൊണ്ട് തരുന്നത്. മരിച്ചു കിടന്നാല്‍ ബഷീറായിരിക്കും ആദ്യം കണ്ടുപിടിക്കുക. പിന്നെ അവര്‍ കൊണ്ടുപോയി ആ കാടുകയറിയ സെമിത്തേരിയില്‍ ഏതെങ്കിലും ഒരു കോണില്‍ കുഴിച്ചിടും. അതോടെ ഇദ്ലിബിലെ ക്രിസ്ത്യാനികളുടെ രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ചരിത്രം കൂടി ആയിരിക്കും ആ കുഴിയില്‍ മൂടുക.'
'ഇനി വീണ്ടും വരാന്‍ പറ്റുമോ എന്ന് ശ്രമിക്കാം.' ബാബയെ ആലിംഗനം ചെയ്തുകൊണ്ട് മിഖേയ്ല്‍ പറഞ്ഞു.

'വരുന്നത് വളരെ അപകടം പിടിച്ച സംഗതിയാണ്. പ്രാര്‍ഥനയില്‍ ഓര്‍ക്കുക.' ബാബയുടെ കണ്ണുകള്‍ വീണ്ടും ഈറനായി. 
'ഇപ്പോള്‍ പോകുമ്പോള്‍ കിഴക്കു വശത്തുള്ള ബാബ് അല്‍-മൂസ വഴി പോകുക. അതാണ് കുറച്ചുകൂടി സുരക്ഷിതം. നിങ്ങളെപ്പോലെ ഏതാനും പേര്‍ ഇപ്പോഴും ഭൂമിയുടെ ഉപ്പായി ബാക്കിയുള്ളതു മഹാഭാഗ്യം. ദൈവം അനുഗ്രഹിക്കട്ടെ.' ബാബ ഡ്രൈവറെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
'അല്ലാഹുവിനെ ഭയപ്പെടുന്നവന് അക്രമം ചെയ്യാനാവില്ല ബാബാ. ഞാന്‍ എപ്പോഴെങ്കിലും ഇതു വഴി വന്നാല്‍ ബാബയെ കണ്ടിട്ടേ പോകൂ.' അയാള്‍ യാത്ര പറഞ്ഞിറങ്ങി. 

കാര്‍ റോഡില്‍ നിന്നും ബാബ് അല്‍-മൂസ ലക്ഷ്യമാക്കി ഇടത്തോട്ടു തിരിയുമ്പോഴും ബാബാ ആ മുറ്റത്തു കൈവീശിക്കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. മിഖേയ്ല്‍ കണ്ണ് തുടച്ചുകൊണ്ടു കിഴക്കോട്ടു നോക്കി. ഇദ്ലിബിന്റെ മുകളില്‍ ഉദിച്ചുയര്‍ന്ന സൂര്യന് അപ്പോഴും ചുവന്ന നിറമായിരുന്നു.

(അവസാനിച്ചു)

Read Part 1

ഇദ്‌ലിബിലെ ചുവന്ന സൂര്യൻ  (കഥ -1: ബാബു പാറയ്ക്കൽ)

read part 2

ഇദ്‌ലിബിലെ ചുവന്ന സൂര്യൻ -2 (കഥ: ബാബു പാറയ്ക്കൽ)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക