Image

ചില ജനാധിപത്യ-തെരെഞ്ഞെടുപ്പ് ചിന്തകൾ (നസീർ ഹുസ്സൈൻ കിഴക്കേടത്ത്)

Published on 28 May, 2022
ചില ജനാധിപത്യ-തെരെഞ്ഞെടുപ്പ് ചിന്തകൾ (നസീർ ഹുസ്സൈൻ കിഴക്കേടത്ത്)

നിങ്ങൾ  നിങ്ങളുടെ രാജ്യത്തിൻറെ  പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോവുകയാണെന്ന് കരുതുക. സ്ഥാനാർഥികളായി  രണ്ടു പേരാണുള്ളത്.
ഒന്നാമത്തെ സ്ഥാനാർഥി 43 വയസുള്ള താരതമ്യേന ചെറുപ്പമായ ഒരാളാണ്. മദ്യപിക്കില്ല, വെജിറ്റേറിയൻ ആണ്. മുഴുവൻ സമയം രാജ്യത്തിൻറെ വേണ്ടി പ്രവർത്തിക്കാൻ വേണ്ടി വിവാഹം കഴിച്ചിട്ടില്ല. സ്വന്തം രാജ്യത്തിൻറെ ചരിത്രത്തെ കുറിച്ച് അഭിമാനവും, ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങളും ഉള്ള ഒരാളാണ്.
രണ്ടാമത്തെ ആൾ അറുപത്തിയഞ്ച് വയസുള്ള ഒരാളാണ്. എല്ലാ ദിവസവും മദ്യപിക്കും. ചിലപ്പോൾ ഉച്ചക്ക് ഒരു മണി വരെ കിടക്കപ്പായിൽ നിന്ന് എഴുന്നേൽക്കില്ല, ബ്രീക്ഫസ്റ്റ് കിടക്കയിൽ വച്ച് തന്നെ കഴിക്കും. വിവാഹിതനാണ്, അഞ്ച് കുട്ടികളുടെ പിതാവുമാണ്.
ഇതിൽ   ആർക്ക് നിങ്ങൾ വോട്ടു ചെയ്യും?
ആദ്യത്തെ ആളെ തിരഞ്ഞെടുത്താൽ  നിങ്ങൾക്ക് ഹിറ്റലറെ പ്രധാനമന്ത്രിയായി കിട്ടും. രണ്ടാമത്തെ ആളെ തിരഞ്ഞെടുത്താൽ വിൻസ്റ്റൺ ചർച്ചിലിനെയും. (ഹിറ്റലറിന്റെ ഏതാണ്ട് എല്ലാ  വ്യക്തിഗത സ്വഭാവങ്ങളും ഉള്ളത് കൊണ്ട് ആദ്യത്തെ ആൾ മോദിയായിരുന്നു എന്ന് ആരെങ്കിലും കരുതിയാൽ ഞാൻ ഉത്തരവാദിയല്ല 🙂)
ജനാധിപത്യവും അതിന്റെ നെടുംതൂണായ തിരഞ്ഞെടുപ്പും അത്ര ലളിതമായ ഒരു സംഗതിയോ സ്ഥാനാർത്ഥികളുടെ വ്യക്തി വിവരങ്ങൾ കൊണ്ടോ രാഷ്ട്രീയ വികസന കാഴ്ചപ്പടുകൾ കൊണ്ട് മാത്രമോ  നടത്താവുന്ന ഒരു കാര്യമോ അല്ലെന്ന് സൂചിപ്പിക്കാനാണ് മുകളിലെ ഉദാഹരണം പറഞ്ഞത്.  പലപ്പോഴും വ്യക്തിഗത വിവരങ്ങൾ ജനമനസിനെ സ്വാധീനിക്കുമെന്നത് കൊണ്ടാണ് പിണറായിയുടെ വീട് മുതൽ ശശി തരൂരിന്റെ വ്യക്തി വിവരങ്ങളും രാഹുൽ ഗാന്ധി കല്യാണത്തിൽ പങ്കെടുത്ത ഫോട്ടോയും വരെ വാർത്തയാവുന്നത്.
കഴിഞ്ഞ മാസം ഞങ്ങൾ ഗ്രീസിലെ ആഥൻസിൽ പോയിരുന്നു. ആഥെൻസിൽ പോകുന്നതിനു മുൻപ് ഞാനും മകനും തമ്മിൽ ഈ നഗരത്തിന്റെ പേര് എന്താണെന്നതിനെ കുറിച്ചൊരു തർക്കമുണ്ടായിരുന്നു. സ്കൂളിൽ പഠിച്ച പോലെ ഏഥെൻസ്  എന്നാണെന്നു ഞാനും അല്ല ആഥൻസ് എന്നാണെന്നു അവനും. എന്തായാലും അവിടെയെത്തിയപ്പോൾ കാര്യങ്ങൾക്ക് ഒരു തീരുമാനമായി, അവർ അവരുടെ നഗരത്തിലെ അഥീന എന്നാണ് വിളിക്കുന്നത്, ബുദ്ധിയുടെയും, യുദ്ധതന്ത്രങ്ങളുടെയും ദേവതയും അവരുടെ നഗര ദേവതയുമായ അഥീന ദേവിയുടെ പേര്.
ഇന്നത്തെ ഇന്ത്യയെ പോലെ ബഹുദൈവ വിശ്വാസം ഉണ്ടായിരുന്നവർ (pagans) ആയിരുന്നു പുരാതന ഗ്രീക്കുകാർ. കാറ്റിനും, ഇടിമിന്നലിനും മഴക്കും, അഴുക്കുചാലിനും വരെ ദൈവങ്ങളുണ്ടായിരുന്നവർ ആയിരുന്നു അവർ.  പാർഥിനോൻ എന്ന കൂറ്റൻ അമ്പലം ഉൾപ്പെടെ അനേകം ക്ഷേത്രങ്ങളുള്ള അക്രോപോളിസ് എന്ന ക്ഷേത്ര സമുച്ചയം അവർ ദൈവങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന ഒന്നാണ്. മധുരയിൽ മീനാക്ഷി ക്ഷേത്രത്തിലോ ഈജിപ്തിലെ ലക്സർ ക്ഷേത്രത്തിലോ പോകുന്ന ഒരു പ്രതീതി ഇവിടെ നിൽകുമ്പോൾ നമുക്ക് തോന്നും.
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അഥീനയിൽ ഏറ്റവും പ്രിയപ്പെട്ട ഇടം അക്രോപോളിസിനു കുറച്ച് മാറി ഉണ്ടായിരുന്ന അഥീനിയൻ അഗോറ എന്ന ഇടമാണ്. അഗോറ എന്നാൽ ആളുകൾ കൂടിച്ചേരുന്ന ഇടം എന്നാണ് അർഥം.  BCE ആറാം നൂറ്റാണ്ടിൽ  ലോകത്തിൽ ആദ്യമായി ജനാധിപത്യം എന്ന ആശയം ഉടലെടുത്തത് ഇവിടെയാണ്. അഥീനയിലെ പൗരന്മാർ തങ്ങളുടെ നഗരത്തിന്റെ പ്രശനങ്ങളെ കുറിച്ചും ഈ പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കപ്പെടണം എന്നും പൊതുസ്ഥലത്തു ചർച്ച ചെയ്തിരുന്നത് ഇവിടെയാണ്.  പൗരന്മാർ എന്നർത്ഥം വരുന്ന ഡെമോസ് , അധികാരം എന്നർത്ഥം വരുന്ന ക്രാറ്റോസ് എന്നീ ഗ്രീക്ക് വാക്കുകൾ കൂടിചേർന്നാണ് ഡെമോക്രസി എന്ന വാക്ക് രൂപം കൊള്ളുന്നത്. അതായത് രാജാക്കന്മാർക്കും ചക്രവർത്തിമാർക്കും മത നേതാക്കന്മാർക്കും പകരം  ഒരു രാജ്യത്തെ പൗരന്മാർ ആ രാജ്യത്തിൻറെ അധികാരം കയ്യാളുന്ന സംവിധാനമാണ്, ജനാധിപത്യം എന്നത് നമ്മളെ ഭരിക്കാൻ ആളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആണെന്ന് നമ്മളുടെ തെറ്റിദ്ധാരണയാണ്.
 ലോകത്ത് മറ്റെല്ലായിടത്തും രാജാക്കന്മാരും ചക്രവർത്തിമാരും ഭരിച്ചിരുന്ന സമയത്ത് രാജ്യം ജനങ്ങളുടേതാണെന്നും അവരോ അവരുടെ പ്രതിനിധികളോ ആണ് ഭരിക്കേണ്ടത് എന്നുമുള്ള ചിന്ത ഉയർന്നുവരാൻ കാരണം ഗ്രീക്കിൽ അന്ന് നിലവിലുണ്ടായിരുന്ന ആശയ വിപ്ലവം  തന്നെയായിരുന്നു. സോക്രട്ടീസ്,  പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങി അനേകം ഗ്രീക്ക് തത്വചിന്തകൻ ഉയർത്തിവിട്ട ചോദ്യങ്ങളാണ്, പല നാളുകൾക്ക് ശേഷം  പതിനേഴാം നൂറ്റാണ്ടിൽ ഫ്രഞ്ച് തത്വചിന്തകനായ  വോൾട്ടയറിൽ കൂടി, പാശ്ചാത്യ ശാസ്ത്ര സാമൂഹിക മാറ്റങ്ങൾക്ക് നാന്ദി കുറിച്ച, ആധുനിക നവോത്ഥാനത്തിന് കാരണമാകുന്നത്.   ഇന്ന് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളുടെ ഭരണഘടനകളും അവരവരുടെ രാജ്യങ്ങളെ പരമാധികാര സ്വതന്ത്ര ജനാധിപത്യ  റിപ്പബ്ലിക് എന്ന് വിളിക്കുമ്പോൾ ഇതിലെ ഏതാണ്ട് എല്ലാ ആശയങ്ങളും ഗ്രീസിൽ തത്വചിന്തകന്മാർ ഉയർത്തിവിട്ട ചിന്തയിൽ നിന്നുത്ഭവിച്ചതാണ്. പ്ലേറ്റോയുടെ പ്രശസ്തമായ പുസ്തകത്തിന്റെ പേര് തന്നെ റിപ്പബ്ലിക്ക് എന്നാണ്, ഇന്നും ലോകത്തിലെ സർവകലാശാലകളിൽ പഠനവിഷയമാണിത്.
മേല്പറഞ്ഞ പോലെ ജനാധിപത്യം എന്നത് ജനങളുടെ ആധിപത്യമാണ്, അവർ എങ്ങിനെ ഭരിക്കപ്പെടണം എന്ന് ജനങ്ങൾ തീരുമാനിക്കുന്ന ഒരു സംവിധാനം. ഉദാഹരണത്തിന് ഒരു റോഡ് നിർമ്മിക്കാനോ, റയിൽവെ ലൈൻ ഉണ്ടാക്കണോ മാത്രം പണമുള്ള ഒരു നഗരം ഇതിൽ ഏതു ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് , ചർച്ചകളിലൂടെ ഇവിടെയുള്ള ജനങ്ങളാണ്, ഭൂരിപക്ഷം ജനങ്ങളുടെ തീരുമാനം മറ്റുള്ളവർ അംഗീകരിക്കുകയും അത് നടപ്പിലാവുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ജനാധിപത്യം.  
സ്വിറ്റ്സർലൻഡ് പോലുള്ള ചില  രാജ്യങ്ങളിൽ മാത്രമാണ് വലിയ നയരൂപീകരണങ്ങളിൽ ജനങ്ങൾക്ക് നേരിട്ട് പങ്കെടുക്കാവുന്ന  ഡയറക്റ്റ് ഡെമോക്രസി ഇപ്പോൾ നിലവിലുള്ളത്. എല്ലാ കാര്യത്തിനും എല്ലാ പൗരന്മാർക്കും ഇതുപോലെ വോട്ട് ചെയ്തു അഭിപ്രായം രേഖപ്പെടുത്തുന്നത് പ്രായോഗികമല്ലാത്തത് കൊണ്ടാണ് നമ്മളിൽ ഒരാളെ നമ്മൾ തിരഞ്ഞെടുത്തു നിയമ നിർമാണ സഭയിലേക്ക് അയക്കുന്ന പ്രാതിനിധ്യ ജനാധിപത്യം അമേരിക്കയിലും ബ്രിട്ടനിലും അത് പിൻപറ്റി ഇന്ത്യയിലും നിലവിൽ വന്നത്. ഓർക്കുക നമ്മുടെ ഒരു പ്രതിനിധിയെ നമ്മുടെ അഭിപ്രായം പറയാൻ വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണത്,  അല്ലാതെ നമ്മളെ "ഭരിക്കാൻ" വേണ്ടി ഒരു രാജാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ അല്ല.
ഇത് ശരിയായ രീതിയിൽ നടപ്പിലാക്കണമെങ്കിൽ ഏറ്റവും പ്രധാനം ജനങ്ങൾ ഒരു നഗരത്തിലെ അല്ലെങ്കിൽ "സ്‌റ്റേറ്റി" ലെ പ്രശ്ങ്ങളെ കുറിച്ച് മനസിലാക്കുകയും പഠിക്കുകയും അവരുടെ അഭിപ്രായങ്ങളും പരാതികളും തങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധിയെ അറിയിക്കുകയും ചെയ്യുക എന്നതാണ്. നാട്ടിൽ ഒരു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനു ശേഷം ആ എംഎൽഎ അല്ലെങ്കിൽ എംപിയും ആയോ അവരുടെ ഓഫീസുമായോ സംവദിച്ചിട്ടുള്ള, സജീവ കക്ഷി രാഷ്ട്രീയത്തിൽ പെടാത്ത എത്ര പേരുണ്ടാകും? ആളുകളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയ സുഹൃത്തുക്കൾ എനിക്കുണ്ട് , പക്ഷെ മാറി നിന്ന് കളി കാണുകയും എന്തെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം രാഷ്ട്രീയക്കാരെ കുറ്റം പറയ്യുകയും ചെയ്യുന്ന അരാഷ്ട്രീയ സുഹൃത്തുക്കൾ ആണ് അതിൽ കൂടുതൽ ഉള്ളത്.
പലപ്പോഴും നമ്മൾ കരുതുന്നത് ഒരിക്കൽ വോട്ട് ചെയ്ത അധികാരത്തിൽ കയറ്റി കഴിഞ്ഞാൽ നമ്മുടെ പണി കഴിഞ്ഞു എന്നാണ്. ഈ പറയുന്ന അധികാരം  യഥാർത്ഥത്തിൽ പൗരന്റ അധികാരമാണ്. റയിൽവേ ലൈൻ വേണമോ , പ്രതിമ വേണമോ എന്നൊക്കെ നമ്മുടെ പ്രതിനിധി തീരുമാനിക്കേണ്ടത് നമ്മുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൂടി ആകണം. പ്രതിപക്ഷ കക്ഷികൾ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്, അവരെ കൂടി കേൾക്കാനുള്ള ഉത്തരവാദിത്വം ഭരിക്കുന്നവർക്കും, വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശങ്ങൾ ഉന്നയിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനും ഉണ്ടാകണം, ഇതിൽ എല്ലാം ഇടപെട്ടുകൊണ്ട് ഇരിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്. അമേരിക്കയിൽ പലപ്പോഴായി പല പ്രശ്നങ്ങൾ പറയാൻ ഇവിടെയുള്ള ജനപ്രതിനിധികളുടെ ഓഫീസിൽ ബന്ധപ്പെടുന്നത് സാധാരണ കാര്യമാണ്. പലപ്പോഴും അവരുടെ ഓഫിലെ സ്റ്റാഫ് നമ്മളെ ഇങ്ങോട്ട് വിളിച്ച് ചില സർവേകൾ നടത്തുകയും ചെയ്യും. ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുതൽ, ലോക്കൽ സ്കൂളിലെ ബോർഡ് ഓഫ് എഡ്യൂക്കേഷൻ മീറ്റിങ്ങുകൾ വരെ ഇവിടെ ജനാധിപത്യം നിലവിലുണ്ട് എന്ന് തെളിയിക്കുന്ന കാര്യങ്ങളാണ്. കഴിഞ്ഞ വർഷം  എന്റെ നഗരത്തിൽ പുതിയ രണ്ട ഹൈ സ്കൂളുകൾ പണിയാനുള്ള പ്ലാൻ, അധികച്ചിലവ് ചൂണ്ടിക്കാണിച്ച്, വോട്ടിനിട്ട് തള്ളിയിരുന്നു.
നിലവിലുള്ള  രാഷ്ട്രീയക്കാരെ നിങ്ങൾക്ക് ഇഷ്ടം അല്ലെങ്കിൽ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതി ഉപയോഗിച്ച് നിങ്ങൾ അതിൽ ഇടപെടണം , മാറിനിന്നു കൊണ്ട് പരാതി പറഞ്ഞിട്ട് കാര്യമില്ല . നമ്മുടെ പല രാഷ്ട്രീയ പ്രവർത്തകരും നല്ല വായന ശീലവും അറിവും ഉള്ളവരാണ് , പ്രത്യേകിച്ച് ഇന്റർനെറ്റ് യുഗത്തിൽ അങ്ങിനെ ആകാതെ തരമില്ല . അവരുടെ ചെയ്തികൾ ചോദ്യം ചെയ്യപ്പെടുന്നത് ഇവരുടെ രാഷ്ട്രീയ പാർട്ടികളുടെ നയരൂപീകരണത്തിൽ തന്നെ പ്രതിഫലിക്കും. ഏതാണ്ട് എല്ലാ എംഎൽഎ മാർക്കും എംപിമാർക്കും മന്ത്രിമാർക്കും ഓഫീസി സ്റ്റാഫ് ഉണ്ട്, ഒരു ഫോൺ കോളിൽ അവരെ ബന്ധപ്പെടാവുന്നതുമാണ്. ഈയടുത്ത് കൊച്ചിയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു സുഹൃത്തിന്റെ  (ഹാരിസ് അബു)  പോസ്റ്റിൽ കൂടി   , തൃശൂർ മെഡിക്കൽ കോളേജിൽ ബെഡ് ക്ഷാമത്തെ കുറിച്ച് പറയാൻ ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വിളിച്ച കാര്യം എഴുതിയിരുന്നു.
പറഞ്ഞു വന്നത് നമ്മൾ പ്രജകളല്ല മറിച്ച് പൗരന്മാരാണ് എന്നതാണ്. പോളിസി നിർമാണത്തിൽ നേരിട്ട് പങ്കാളികൾ ആകേണ്ടവർ.  ഒരു ജനാധിപത്യത്തിന്റെ അവസാനത്തെ ആണികല്ലടിക്കുന്നത് അരാഷ്ട്രീയ വാദികളാണ്. സിനിമകളിലൂടെയും മറ്റും അരാഷ്ട്രീയ വാദം ഉയർത്തുന്നവർ ചെയ്യുന്നത് ഒരു തലമുറയെ മത സാമുദായിക കൂട്ടിൽ കൊണ്ടുപോയി കെട്ടുക മാത്രമാണ്. തിരഞ്ഞെടുക്കപ്പെട്ടവർ മോശമാണെങ്കിൽ ഒരു ജനാതിപത്യ രാജ്യം എന്ന നിലയിൽ നമ്മൾ തന്നെ തിരുത്തേണ്ട കാര്യമാണത്. സ്കൂളിലെ മുൻ ബെഞ്ചിൽ ഇരിക്കുന്ന പഠിപ്പിസ്റ്റുകൾ എൻജിനീയറും ഡോക്ട്ടറും ആവുകയും ,  പിൻബഞ്ചിൽ ഇരിക്കുന്നവർ ഇവരെയെല്ലാം "ഭരിക്കുന്ന" രാഷ്ട്രീയക്കാർ ആവുകയും ചെയ്യുന്നു എന്ന ഒരു രീതി നടപ്പിലുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ നിൽക്കുന്ന ഒരു ഡോക്ടറെയോ എൻജിനീയറെയോ തിരഞ്ഞെടുത്തു കൊണ്ട് ജനാധിപത്യത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ നമുക്ക് തന്നെ കഴിയണം.  ഡോക്ടർമാരും എൻജിനീയർമാരും ആണ് പഠിപ്പിസ്റ്റുകൾ എന്നത് തന്നെ നമ്മുടെ ഒരു വലിയ തെറ്റിദ്ധാരണയാണ് എന്ന് അമേരിക്കയിൽ വന്നുകഴിഞ്ഞാണ് എനിക്ക് മനസിലായത്.
രാഷ്ട്രീയത്തിൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്ന അവയ്ക്ക് ദീർഘകാല പതിവിധികളെ കുറിച്ച് പേടിച്ച് നടപ്പിലാക്കുന്ന രാഷ്ട്രീയക്കാർ വേണമെന്ന ആഗ്രഹമുള്ളപ്പോൾ  തന്നെ, ഇങ്ങിനെയുള്ള  രാഷ്ട്രീയക്കാർ  എത്ര വലിയ എൻജിനീയർ ആയാലും ആളുകളെ തമ്മിൽ വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താക്കൾ ആണെങ്കിൽ തോൽപ്പിക്കണമെന്നും പാലക്കാട്ടെ ജനങ്ങൾ കഴിഞ്ഞ തവണ തെളിയിച്ചതാണ്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്. കേരളത്തിലെ ജനങ്ങൾ അസാധാരണമായ രാഷ്ട്രീയ വീക്ഷണം ഉള്ളവരാണെന്ന്,  ഊട്ടിയിൽ പോയിരുന്ന എന്റെ ഉമ്മ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വേണ്ടി ട്രിപ്പ് വെട്ടിച്ചുരുക്കി ഓടിവന്നപ്പോൾ ഞാൻ മനസിലാക്കിയതാണ്.
പക്ഷെ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളുടെ ഇടയിൽ ഒരു പ്രശനമുണ്ട്. തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം ഒട്ടും സുതാര്യമല്ല. സ്ഥാനാർഥി നിർണയം കഴിഞ്ഞു മാത്രമാണ് ചിലപ്പോഴൊക്കെ സ്ഥാനാർത്ഥിയെ കുറിച്ച് മണ്ഡലത്തിലെ  വോട്ടർമാർ കേൾക്കുന്നത് തന്നെ, മറ്റു ചിലപ്പോൾ എന്റെ ഉപ്പൂപ്പാക്ക് ഒരു ആനയുണ്ടായിരുന്നു എന്ന തഴമ്പും കുടുംബബന്ധങ്ങളുമൊക്കെയാകും സ്ഥാനാർഥിയെ നിർണയിക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത് ഒഴിവാക്കുന്നത്, തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തിയിട്ടാണ്. ആദ്യ ഘട്ടത്തിൽ ഓരോ രാഷ്ട്രീയ പാർട്ടിയിലും രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പാർട്ടിയിൽ നിന്ന് തന്നെ ഈ സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന അനേകം ആളുകളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാം. അടുത്ത ഘട്ടത്തിൽ ഇങ്ങിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ തമ്മിൽ തമ്മിൽ മത്സരിച്ച് ഒരു വിജയിയിലെ കണ്ടെത്തുന്നു. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളുടെ അകത്തെങ്കിലും ഇങ്ങിനെ ഒരു സ്ഥാനാർഥി നിർണായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്.  
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ , ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിന് ആശംസകൾ. ആര് ജയിച്ചാലും അധികാരം പൗരന്റേതാണ് , ഇവർ പ്രതിനിധികൾ മാത്രമാണ് എന്ന് മറക്കാതിരിക്കുക.  
നമ്മുടെ രണ്ടു തലമുറയ്ക്ക് ശേഷമുള്ളവർ എങ്കിലും  കേരളത്തിൽ നിന്ന് വെറും പറിച്ച് വേറെ ദേശങ്ങളിലേക്ക്  പോകാൻ ഇടവരാതെ  ഇവിടെ തന്നെ സ്വതന്ത്രമായ വികസിതമായ ഒരു രാജ്യത്തിൻറെ സുഖസൗകര്യങ്ങൾ അനുഭവിച്ച് വളരാനുള്ള കരുതലുകൾ ആകട്ടെ നമ്മുടെ ഇനിയുള്ള തിരഞ്ഞെടുപ്പുകളും ഇടപെടലുകളും.

Join WhatsApp News
Ninan Mathulla 2022-05-28 14:00:52
Thanks for the thought provoking analysis.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക