Image

ഏകലോകം (ഖണ്ഡകാവ്യം) ഒരു പഠനം -സുധീർ പണിക്കവീട്ടിൽ

Published on 31 May, 2022
ഏകലോകം (ഖണ്ഡകാവ്യം) ഒരു പഠനം -സുധീർ പണിക്കവീട്ടിൽ

ഡോക്ടർ പി കെ വർഗ്ഗീസ് 1965 ൽ എഴുതിയ ഖണ്ഡകാവ്യമാണ് "ഏകലോകം".  വാക്ക് സൂചിപ്പിക്കുന്നപോലെ ഒരു ലോകം എന്ന ആശയം ഉൾക്കൊണ്ട് എഴുതിയതാണി കാവ്യം. ഏകലോകം എന്ന സങ്കല്പം സുന്ദരമെങ്കിലും അതിന്റെ സാക്ഷാത്കാരം എളുപ്പമല്ല. ഡോക്ടർ വർഗ്ഗീസ് വളരെ ദീർഘമായി ഈ വിഷയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തോടെ ലോകജനസംഖ്യയുടെ മൂന്നു ശതമാനം കൊല്ലപ്പെട്ടു. മനുഷ്യർ രക്തംകൊണ്ട് വരച്ചു വിഭജിച്ച ഈ ലോകം ഒന്നായിരുന്നെങ്കിൽ എന്നു അന്നത്തെ ലോകനേതാക്കളൊക്കെ ചർച്ചചെയ്യുകയുണ്ടായി. 
ഇറ്റാലിയൻ കവിയും, എഴുത്തുകാരനും, തത്വചിന്തകനുമായിരുന്ന ഡാന്റെയുടെ  ലാറ്റിൻഭാഷയിൽ എഴുതിയ (Dante Alighieri) "ഡി മൊണാർക്കിയ" എന്ന പ്രബന്ധത്തിൽ മനുഷ്യർക്ക് “ഒരു ഗവണ്മെന്റ്” എന്ന ആശയം അറിയുക പ്രധാനമാണെന്നും എന്നാൽ അതേപ്പറ്റി ആരും ആരായുന്നില്ലെന്നും പറയുന്നുണ്ട്. അതിൽ അദ്ദേഹം മതേതര മേൽക്കോയ്മയെപ്പറ്റിയും മതാധിഷ്ഠിതമായ അധികാരത്തെപ്പറ്റിയും പറയുന്നുണ്ട്. ഒരു ഏകലോകഗവണ്മെന്റിന്റെ ആവശ്യം അതിൽ വിവരിക്കുന്നു. ഡോക്ടർ പി കെ വർഗീസും അദ്ദേഹത്തിന് ഈ വിഷയത്തിൽ പറയുവാനുള്ള കാരണങ്ങൾ ഒരു ഖണ്ഡകാവ്യമായി ആവിഷ്കരിച്ചിരിക്കയാണ്.. 
ഏകലോകത്തെ വിഭാവനം ചെയ്യുന്ന കവി അതിന് പ്രതികൂലമായി വരുന്ന സാഹചര്യങ്ങളെ വായനക്കാരന് ബോദ്ധ്യപ്പെടുംവിധം വിവരിക്കുന്നുണ്ട്.  മനുഷ്യന്റെ അധികാരമോഹം, അഹന്ത, ജാതിമതചിന്തകൾ, വർണ്ണം എന്നിവ അവരെ  പരസ്പരം ശത്രുക്കളാക്കുന്നു. അപ്പോൾ കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന അവസ്ഥയുണ്ടാകുന്നു. അവന്റെ സാമ്രാജ്യങ്ങൾ നിലനിർത്താൻ സഹായകമായ ഭാഷ, മതം, എന്നിവ അവൻ ഉപയോഗിക്കുന്നു. ശാസ്ത്രത്തിന്റെ പുരോഗതി പക്ഷെ മനുഷ്യപുരോഗതിക്ക് മുഴുവൻ സഹായകമാകുംവിധം ഉപയോഗിച്ചില്ലെന്നും കവി ആശങ്കപ്പെടുന്നുണ്ട്. ഏകലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടാൽ മനുഷ്യരാശിക്ക് ലഭിക്കുന്ന നന്മയെക്കുറിച്ചും കവി വ്യക്തമാക്കുന്നു. കവി നൽകുന്ന സന്ദേശങ്ങൾ അടങ്ങിയ വരികളെ വായനക്കാർക്ക് സുതാര്യമാകുംവിധം ലളിതമാക്കി പഠനം നടത്തുകയാണ്. സംക്ഷിപ്തമായ ഒരു നിരൂപണത്തേക്കാൾ വായനക്കാർക്ക് പുസ്തകത്തെക്കുറിച്ച്  വിജ്ഞാനപ്രദമായ ഒരു ആസ്വാദനമുണ്ടാകുവാൻ അവയുടെ ഭാവാർത്ഥവിവരണം  (paraphrase) നൽകികൊണ്ടുള്ള പഠനം സഹായകമാകുമെന്നു വിശ്വസിക്കുന്നു. അദ്ദേഹം ഉന്നയിച്ചിട്ടുള്ള ഓരോ വിഷയവും വായനക്കാരുടെ സൗകര്യാർത്ഥം അതാതു തലക്കെട്ടുകൾ നൽകി വിവരിച്ചിട്ടുണ്ട്.
1969 ലെ അപ്പോളോ സ്പേസ് മിഷനിലെ ഒരു അംഗമായിരുന്ന റസ്റ്റി സ്വൈഗാർട് (Rusty Schweickart ) ആകാശത്ത് നിന്നും ഭൂമിയെ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ വലിയ വ്യതിയാനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹം പറയുന്നത് നമ്മൾ ഭൂമിയുടെ ഭാഗമാണ് അല്ലാതെ ഒരു രാഷ്ട്രത്തിന്റെ ഭാഗമല്ലെന്നാണ്. നമ്മൾ ഒരു ജനത എന്നതിനേക്കാൾ ഒരു ജാതിയാണെന്നാണ് (species). നമ്മൾ വിശിഷ്ടരും വ്യത്യസ്തരുമാണെങ്കിലും നമുക്കെല്ലാം ഒരു പൊതു ഉത്ഭവസ്ഥാനമുണ്ട്. നമ്മൾ ഒന്നാണെങ്കിൽ പിന്നെ നമ്മൾ എന്തിനാണ് അതിത്തികൾ നിശ്ചയിച്ച് കഴിയുന്നത് എന്ന് സ്വാഭാവികമായ ചോദ്യമാണ് ഡോക്ടർ വർഗീസ്  ഉന്നയിക്കുന്നത്. വസുധൈവ കുടുംബകം  എന്ന് മഹാ ഉപനിഷത്തിലും ലോകാസമസ്താ സുഖിനോഭവന്തു എന്ന മന്ത്രം പൂജകൾക്ക് അവസാനമായി ഹിന്ദുക്കൾ ചൊല്ലുന്നതിലും ഏകലോകം എന്ന ആശയമാണ് ഉൾക്കൊള്ളുന്നത്.
ഏകലോകഭരണം ഉപക്രമം 
“ഭൂമി ഭരിക്കാനുള്ള മനുഷ്യന്റെ അത്യാർത്തി ഒരു വൈകല്യമാണ് അതേപ്പറ്റി ശരിയായി പറയുക അസാധ്യമാണ്. ഏകലോക ചരിത്രം തെല്ലൊന്നു ചൊല്ലുന്നു ഞാൻ" എന്നാരംഭിക്കുന്ന  കവി അത് അസാധ്യമാണെന്ന് മനസ്സിലാക്കുക കൂടി ചെയ്യുന്നുണ്ട്.  . ആർത്തി എന്നാണു കവി ഉപയോഗിക്കുന്ന വാക്ക് ആഗ്രഹമെന്നല്ലെന്നുള്ളത് ശ്രദ്ധിക്കുക.അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. ഈ ഭൂമി ഒന്നാണ്, കടലും കരയുമായി ക്രമത്തിൽ കിടക്കുന്ന ഇതിനു ഇന്നേവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അത് ഈശ്വരന്റെ പ്രഭാവം. വളരെ ഐക്യത്തോടെ മുന്നെയുണ്ടായിരുന്നവർ ഒരുമിച്ച് ഒരിടത്ത് കഴിഞ്ഞെങ്കിലും അവർ ഭിന്നിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ യുദ്ധഭീതിയിൽ ഇന്ന് കാണുന്ന വന്യമൃഗവാസന  അവർക്ക് വന്നു ചേർന്നു. 
എങ്ങനെയാണ് മനുഷ്യർ തമ്മിൽ കലഹം തുടങ്ങിയതെന്നതിനു കാരണങ്ങൾ കവി കണ്ടെത്തുന്നു. മനുഷ്യർ പലവർണ്ണങ്ങളിൽ കാണപ്പെടുന്നു. “സൃഷ്ടിയുടെ ലക്ഷ്യം വിഭിന്നതയിൽ ഐക്യമനന്തമല്ലേ” എന്ന് കവി ചോദിക്കുന്നു.   ഈ വർണ്ണവ്യത്യാസം അവർ തമ്മിലുള്ള കലഹത്തിന് കാരണമായി. സ്വന്തം ഇഷ്ടം നിർവഹിക്കാൻ പല മാർഗ്ഗങ്ങൾ കണ്ടുപിടിച്ച മനുഷ്യർ പുതിയ തൊഴിൽ, പുതിയ ഭാഷകൾ എന്നിവ  കണ്ടെത്തി. അവന്റെ ധാർഷ്ട്യം വളർന്നു പുതിയ ഗോത്രങ്ങൾ ഉണ്ടായി. ശാന്തി നഷ്ടപ്പെടുത്തുന്ന യുദ്ധങ്ങൾ ഉണ്ടായി. മാംസഭൂക്കുകളും സസ്യാഹാരികളും അങ്ങനെ അവർ വിഭജി ച്ചു. സഞ്ചാരത്തിന് വിഘ്‌നമായി പർവതം, നദി, സമുദ്രം.കൊടുമുടികൾ എന്നിവ മനസ്സാകുന്ന ഭൂമിയിൽ നൂറു നൂറു ദുശ്ചിന്തകൾ ഉണ്ടാക്കി അവനെ പരിഭ്രമിപ്പിച്ചിരിക്കാം.  എന്നാൽ ഇതിനെയൊന്നും ഭയക്കാതെ ആകാശത്തേക്ക് ഉയരുന്നവൻ സ്വതന്ത്രനാകുന്നു. 
 “ഏകരാജ്യമുണ്ടായിരുന്നിടത്ത് ഒരു ഉഗ്രനായ രാജാവ് വരുന്നു. അയാൾ ഉടവാളേന്തി രാജ്യം മുടിക്കുന്ന യുദ്ധം കുലവൃത്തിയാക്കുന്നു. ധനികർക്ക് പാദസേവ ചെയ്യാനാണ് അഗതികളെ ദൈവം സൃഷ്ടിച്ചതെന്ന് ധരിക്കുന്ന ദുഷ്ടപ്രഭുക്കൾ സ്ഥിതിസമത്വത്തെ ഇഷ്ടപ്പെട്ടില്ല. അതിനാൽ രാജ്യത്ത് സുഭിക്ഷതയുണ്ടെങ്കിലും കോരന്മാർക്ക് എന്നും കുമ്പിളിൽ കഞ്ഞി മാത്രം.
നവീനനേട്ടങ്ങൾ കൊണ്ട് എന്തുണ്ടായി എന്ന് കവി ആശങ്കാകുലപ്പെടുന്നു. കാട്ടിൽ കന്നുകാലികളെപ്പോലെ ജീവിച്ചിരുന്നവർക്ക് ഇന്ന് മണിമാളികൾ, പട്ടുവസ്ത്രങ്ങൾ എന്നിവ. ചന്ദ്രനിൽ പോകാൻ വരെ തയ്യാർ. മേന്മയങ്ങനെ നേടിയെങ്കിലും ഭൂമിയിൽ കുടുംബമുണ്ടെന്ന കാര്യം മറന്നു. ശാസ്ത്രപുരോഗതികൊണ്ട് ഭൂമിയുടെ വലുപ്പം ചെറുതായി. മാത്രകൊണ്ടു അവൻ ലോകം ചുറ്റുന്നു. ബഹിരാകാശസഞ്ചാരം, ഭൂമിയെന്ന ദിവ്യമായ സുഖസ്ഥലം വിട്ട് അന്യഗഹങ്ങളിലേക്ക് പോകുന്നു. 
മറ്റു രാജ്യങ്ങളിൽ പോകാൻ പാസ്പോർട്ട് വേണം ദ്വിഭാഷിയെ വേണം,. പണ്ട് മനുഷ്യർക്ക് നെല്ലും, പാർക്കാൻ കുടിലും, വളർത്തുമൃഗങ്ങളും മതിയായിരുന്നു. ഇന്നോ, റേഡിയോ, നല്ല വസ്ത്രങ്ങൾ, മണിമേടകൾ, ഫോൺ, ടി വി. ഇതൊന്നുമില്ലെങ്കിൽ  സ്ഥിതിമോശം. ബഹുജനം നിന്ദിക്കുമെന്ന ഭയം.  പരിഷ്ക്കാരങ്ങൾക്കൊപ്പം ലോകത്ത് യുദ്ധവും ഉണ്ടാകുന്നതോർത്താൽ വിചിത്രം. ഭയത്താൽ കണ്ണീരൊലിപ്പിച്ച് കഴിയുന്ന ഈ "കാലം പരിഷ്ക്കാരമോ" എന്ന് കവി വീണ്ടും ചോദിക്കുന്നു. ഭയമില്ലാതെ സഞ്ചരിക്കാൻ അതിർത്തിയിൽ പട്ടാളക്കാർ വേണം, വാളും തലക്ക് വച്ച് ഒരാൾക്കും ഉറങ്ങാൻ കഴിയില്ല.  ഭിന്നിപ്പിച്ചുകൊണ്ടുള്ള ഭരണം നിർത്താൻ  ശ്രമം നല്ലതെന്നു പറയുമ്പോഴും ചിലരൊക്കെ എതിർക്കുന്നു. എന്തായാലും ലോകഗതിക്ക് ചേരുന്ന ഒരു ഭരണം ഉണ്ടാകാതെ ജനം അടങ്ങുകില്ല,. ഓരോ ഭരണാധികാരികളും അവരുടെ രാഷ്ട്രങ്ങളും വലുതെന്നു കരുതി കഴിയണം.  ദൂരേക്കുള്ള കാഴ്ച്ച്ചക്കുറവുമൂലം തുച്ഛമായ പരിധിക്കുള്ളിൽ കഴിയുന്നവർ  അകലെ ഇഴയുന്ന പാമ്പാട്ടിയുടെ പാമ്പിനെ കാണുന്നില്ല. 
സമത്വം 
ഏകലോകത്തിനു ആവശ്യമായ ഒരു ഘടകമാണ് സമത്വം. അതേക്കുറിച്ച് കവി വളരെ വിശദമായി വിവരിക്കുന്നു. ഈ ലോകം ഒന്നാണെന്നും എല്ലാവരും സഹോദരരാണെന്നും അങ്ങനെ കഴിഞ്ഞാൽ മനുഷ്യർക്കൊക്കെ നേട്ടമാണെന്നു കേൾക്കുമ്പോഴും, പക്ഷെ ഇത് സംഭവിക്കുന്നില്ല, വെറുതെ പഞ്ചാരവാക്കുകൾ കൊണ്ട് എന്ത് പ്രയോജനം. വിദ്യ, ധനം, ബലം, പ്രഭാവം എന്നിവ ഒപ്പമാകാതെ സമത്വം സാധ്യമല്ല. പരസ്പരം സമ്പർക്കമുണ്ടാകുമെങ്കിലും ഹൃദയത്തിൽ നിന്ദ കൂടാതെയുള്ള  സമീപനം ഇല്ല. ആനയും, ആടുമായുള്ള വ്യവസ്ഥ പുലരുമ്പോൾ അതു ഉണ്ടാകുന്നതെങ്ങനെ?  ഈ ലോകത്ത് കാമ്യമായിട്ടുള്ളത് സമത്വം. അതിനു ഭരണം ഒന്നാമതൊന്നാകണം. ലോകത്തിലെ എല്ലാ പൗരന്മാരും ഒരേ സംസ്കാരവും ഒരേ ഭരണവും കയ്യാളണം. ധീരശാലികൾ  ഈ കാര്യത്തിൽ താൽപ്പര്യം കാണിക്കണം. ശ്രമിക്കുന്നവർക്ക് വിജയം. ദൈവവും ശ്രമിക്കുന്നവർക്ക് ആശ്രയമാകുന്നു.  തൃപ്തനായ  ഭക്തൻ അധിപന്  വണങ്ങാം, വയർ പൊരിയുന്ന ദരിദ്രൻ ക്രൂരവാക്കോതി എതിർത്തിടാം.  ക്രൂഷ്ചേവ് ഭൂമിയുടെ പതാക ചെങ്കൊടിയാണെന്നു ശഠിക്കുന്നു. മർത്യർ അധർമ്മത്തോട് എതിരിടണം. നേതാക്കളെ ഇത് ഗൗരവമായി എടുക്കുക.
എല്ലാവർക്കും  പാർക്കുവാൻ ഭൂമിയിൽ സ്ഥലമുണ്ടെങ്കിലും പരിശ്രമശീലനായ മനുഷ്യന്  ഭക്ഷണത്തിനു കേഴേണ്ട കാര്യമില്ല. എന്നാൽ ദരിദ്രകോടികൾ ഇവിടെ ഉണ്ണാതെ ഉടുക്കാതെ കണ്ണീരൊലിപ്പിച്ചു കഴിയുന്നു. ഭൂമി ഒന്നാണ് രാഷ്ട്രങ്ങൾ തമ്മിൽ ഭിന്നത്വമുണ്ടാകാംപക്ഷെ  ജനസാന്ദ്രത പലയിടത്തും തുല്യമാണ്. രാഷ്‌ട്രപാലകർ എല്ലാവരും ചേർന്ന് നീതിപൂർവമായ ഭരണമുണ്ടാക്കണം. ഏതു അധസ്ഥിതനും ഉന്നതി ഉളവാകുംവിധം ആളുകൾ സന്തുഷ്ടരായി, ഗുണചിന്തരായി, കൃതകൃത്യരാകണം.  മനുഷ്യര്ക്ക് ഇച്ഛാനുസരണം  തൊഴിൽ വേണം. വരവ് ചിലവുകൾ ആവും മട്ടിലാകണം. തന്റെ തൊഴിൽകൊണ്ടു താൻ അധിപനാണെന്നു ആരും ധരിക്കരുത്.  ദുർഗ്ഗതി, രോഗബാധിതയിവയാൽ ക്ഷീണിച്ച പൗരസ്ത്യരും ധനവും മാനവും കുന്നുകൂടുന്ന പാശ്ചാത്യരും എങ്ങനെ തുല്യരാകും. കുന്നും കുഴിയുമുള്ള കാട്ടുപ്രദേശത്തിലൂടെ പരിപാവനമാം സമത്വവണ്ടി തടസ്സം  കൂടാതെ നീങ്ങുവതെങ്ങിനെ? വേഷം, ഭാഷ, വിഭൂതി, ഭക്തി, മത, ആചാരം, നിറം, ബാഹ്യഭംഗി, ആദർശം, കാഴ്ച്ച്ചപ്പാടിലെ ഭിന്നത ഇതൊക്കെയുണ്ടാകിലും താമസം ഭൂമിയിലാണ്. എല്ലാവരും ശ്വസിക്കുന്നു  എന്നതിൽ സമത്വമുണ്ട്. 
തണുപ്പുപെറ്റ എസ്കിമോയെയും എരിതീയിൽ ജനിച്ച എത്യോപ്യനെയും വളരെ പൊക്കമുള്ള തിബറ്റിലെ ബൗദ്ധന്മാരെയും താഴ്ന്ന പ്രദേശമായ ഹോളണ്ടിലെ മനുഷ്യരെയും നോക്കുക അവർ ഒരേ മനുഷ്യരാണ് സഹോദരരാണ് എന്ന് തെളിയും.
ഒരാൾക്ക് ഹർമ്യം മറ്റൊരാൾക്ക് മാടം  ഒരാൾക്ക് ഉന്നത ജോലി മറ്റൊരാൾക്ക് പാഴ്ചേറ്റിൽ  ജോലി ചിലർക്ക് മൃഷ്ടാന്നം ഭോജനം, അപരന് ദാരിദ്ര്യം. നീതിയോടാണോ മനുഷ്യൻ ഈ ലോകം ഭരിക്കുന്നത്. ദരിദ്രൻ പാഴ്ക്കുണ്ടിൽ ജനിക്കാൻ കാരണമെന്ത്? രാഷ്ട്രമാണ് അതിനു ഉത്തരവാദി. ദാരിദ്ര്യം മനുഷ്യനിർമ്മിതം. വിളഭൂമിയിലും മനുഷ്യന് ദുരിതം.. ഈ ലോകത്തിൽ പട്ടിണി ന്യായമല്ല. ഇവിടെയുണ്ടാകുന്ന വിഭവങ്ങളുടെ തെറ്റായ വിതരണമാണിതിനു കാരണം. ഉത്കൃഷ്ടനായ ശാസ്ത്രജ്ഞന് സമമാണ് തോട്ടിപ്പണിക്കാരൻ. കണ്ണിനും മൂക്കിനും നമ്മൾ തുല്യ പ്രാധാന്യം നൽകുന്നു. തൊഴിലാളികൾ മടിയില്ലാതെ പണിചെയ്തിട്ടും അർദ്ധപട്ടിണിക്കാരാണ് അവരുടെ ഒട്ടിയ വയർ വസ്ത്രം കൊണ്ട് മൂടീടിലും വെളിവാകുന്നു.
നീതിയുക്തമായ ഭരണത്തിന്റെ ആവശ്യകത
നീതിയുക്തമായ സമത്വസുന്ദര പാതയിൽ ജനപ്രീതി നേടുന്ന ഭരണം കാഴ്‌ചവയ്ക്കാനും അതിനു അസ്ഥിവാരമായി സത്യം നിലനിർത്തുകയും  വേണം. എല്ലാവർക്കും  പ്രാതിനിധ്യമുണ്ടാകണം. ഏകലോകത്ത് സുധീരരായ പൗരന്മാരുടെ ശ്രേഷ്ഠഭാവവും പാകം വന്ന ബുദ്ധിയാൽ ഉദ്ധരിച്ച സന്തോഷത്തോടെയുള്ള സേവനരീതിയും കാണുന്നു.. പല രാജ്യത്തും ഓരോരുത്തർ അവരുടെ ഇച്ഛക്കൊപ്പം അഹങ്കാരത്തോടെ ഭരണം നടത്തുന്നു. ജനങ്ങൾ പീഡനം അനുഭവിക്കുന്നു. ഒരടുക്കളയിൽ മാത്സര്യത്തിന്റെ വ്യത്യസ്തമായ പാചകപുകകൾ ഉയരുന്നു. കാലത്തിനാവശ്യമായ മാറ്റങ്ങൾ വ്യത്യസ്ത രംഗങ്ങളിൽ ആവശ്യമാണ്. പുതുമ മനുഷ്യർക്ക്  ഇഷ്ടമാണ്. കാലത്തിനനുസരിച്ച് പരിഷ്കൃതി  ഉണ്ടാകണം. കയ്യൂക്കുള്ളവൻ ഉന്നതൻ അവൻ ദരിദ്രന്റെ നേതാവ്. ഇത് പഴയ അവസ്ഥ. സാധു ജനങ്ങളെ കന്നുകാലികളെപോലെ കരുതല്ലേ. ഇക്കാലം ജനകീയ ഐക്യബലം നേടിയ അജയ്യരായ മനുഷ്യരാൽ നിറഞ്ഞിരിക്കുന്നു. 
ജാതി-മത ചിന്തകൾ
കറുത്തവർ, മഞ്ഞനിറമുള്ളവർ വെളുത്തവർ ഇത്യാദി ദുശ്ചിന്തകൾ കൊണ്ട് സൽക്കർമ്മത്തെ വിൽക്കുവാൻ ഇടവരരുത്തരുത് , നമുക്കാർക്കും പുറകോട്ടു പോകാൻ കാലം അനുവദിക്കയില്ല അതുകൊണ്ട് കണ്ണുകൾ തുറക്കുക. കറുത്തവർ അടുക്കല്ലേ, തൊടല്ലേ, അവരുടെ നിഴൽ പോലും തട്ടല്ലേ  എന്ന് അധീശവർഗത്തിന്റെ വെളുമ്പൻ ന്യായം അപ്പാർത്തീഡ് എന്ന വിവേചന നയം ഭൂമിയിൽ ഭൂജാതമാക്കി. ഘോരോഷ്‌ണ മേഖലയിൽ വസിക്കുന്നവർക്ക് വർണ്ണഭേദം ഉണ്ടാകുന്നു അവർ ജന്മനാ കറുത്തനിറമുള്ളവരാകുന്നതു സ്വാഭാവികം, ആരും അന്നം വസ്ത്രം നിറം എന്നിവയാൽ ഭ്രഷ്ട് കല്പിക്കരുത് . ദുർമാർഗ്ഗികൾ  അഹങ്കാരംകൊണ്ട് മനസ്സ് കറുത്തവരാണ്. വർണ്ണങ്ങളുടെ പേരിൽ വർഗ്ഗസമരങ്ങൾ ഉണ്ടായി. മഹിമക്ക് ചേർന്ന നിറമേത്. നീലാകാശത്തിൽ പലനിറം  കലർന്ന മഴവിൽ എത്ര  മനോഹരം. വൈവിധ്യങ്ങൾ ഐക്യത്തോടെ ഒത്തുചേരുമ്പോൾ ഭംഗിയുണ്ടാകുന്നു. കഴിവും ഐക്യവുമുള്ള ഫുട്ബാൾ കളിക്കാരെ അവരുടെ നിറമോ ജാതിയോ മതമോ നോക്കാതെ നമ്മൾ മാനിക്കുന്നു. രാഷ്ട്രം ഭംഗിയായി ഭരിച്ചിടുന്ന പുണ്യാത്മാക്കളെ നമ്മൾ വാഴ്ത്തുന്നു അവരുടെ ഗോത്രം നോക്കാതെ. റഷ്യ, പേർഷ്യ, അറേബ്യാ, ഇന്ത്യ, ആഫ്രിക്ക, ആസ്‌ത്രേലിയ, ചീന അങ്ങനെ അനവധി രാജ്യങ്ങളിലെ ജനങ്ങളെ വ്യത്യസ്ത വർഗ്ഗങ്ങളായി ചരിത്രം  കീർത്തിക്കുന്നു.എന്നാൽ കരളും, ഉൾക്കണ്ണുമുള്ളോർ അവരിൽ സ്നേഹസംബന്ധം കാണുന്നു. 


സ്വാർത്ഥതയില്ലാതെ ഭൂമിയിൽ ഭരണം നടത്തണം ഉന്നത നാഥരെ ജനഹിതം നിങ്ങൾക്ക് പിൻ താങ്ങാവുന്നു.. ഭിന്നാദർശങ്ങൾ പറഞ്ഞു പരസ്പരം യുദ്ധം ചെയുന്ന നിങ്ങളുടെ ഔന്നത്യം എന്ന് വരും.  അന്യോന്യ ആകർഷണങ്ങളാൽ ആകാശത്ത് അനവധി ഗോളങ്ങൾ ചരിക്കുന്നു അവ സ്പഷ്ടമായി മനുഷ്യർക്ക് ഐക്യത്തിന്റെ പാത കാട്ടികൊടുക്കുന്നു. ഭരണാധികാരികൾക് എതിരെ പൊതുജനം ഒരുങ്ങി. അവരോട് എതിരിടല്ലേ ധാര ധാരയായി പെയ്യുന്ന മഴയെ മുഷ്ടികൊണ്ട് തടയാവതല്ല. ലോകം മുഴുവൻ ഏകഭരണ അഭിപ്രായം പറയട്ടെ ഈ കാര്യത്തിൽ ജനസമ്മതത്തിനു വഴങ്ങട്ടെ മേൽപ്പെട്ടവർ. ആറേഴ് ആനകളല്ല വനത്തിലെ വിഭവം കരുത്തും ഭംഗിയുമുള്ള നൂറു നൂറു തരം  ജീവികൾ ഉണ്ട്.
യുദ്ധം
പക്ഷപാതമില്ലാതെ മടുപ്പില്ലാതെ ചർച്ചകൾ നടത്തുകിൽ രൂക്ഷയുദ്ധങ്ങൾ ഒഴിവാക്കാം. വാളിൽ മാത്രമാണ് രക്ഷ അതുതന്നെയാണ് ദൈവദത്തമായ ബലം അല്ലാതെ ഭൂമിയിൽ എവിടെയാണ് രക്ഷയെന്നോർക്കുന്നവർക്ക് ഈ ഭൂമി പോർക്കളം. ഈ ഭൂമി പരിപാലിക്കാൻ കയ്യൂക്കുള്ളവർ തങ്ങളെന്ന് വിഭിന്നരാജ്യ ജനപ്രമാണികളോർത്ത് യുധാഗ്നി വളർത്തുന്നു ആടിനെ ബലീ കഴിപ്പിക്കുന്ന വൈദികനെപ്പോലെ അവരും ധർമ്മചാരികളാണെന്നു വിശ്വസിക്കുന്നു.തർക്കങ്ങൾ വികാരാധീനരാകാതെ പറഞ്ഞൊതുക്കണം. എന്ന് കർക്കശ ആയുധമേന്തിടുന്ന മനുഷ്യർ പരസ്പരം പറയുന്നു. നാവിൽ നല്ല വാക്കുകൾ, കയ്യിൽ വാൾ, ചിരിച്ചുകൊണ്ട് ശർക്കരയിൽ വിഷം ഒളിപ്പിക്കുന്നു ഇവർ. യുദ്ധം ഭിന്നമതക്കാർ തമ്മിൽ പണ്ടേ മുതലുണ്ട്.അത് ഭാരതത്തിലെ കാശ്മീരിലും കാണുന്നു.  മിന്നുന്ന ക്രൂരമായ വാളാണ് മതവൈരാഗ്യം. മത്സരമില്ലാത്ത ഭീരുജനങ്ങൾക്ക് ഉന്നതിയില്ലെന്നു ഭൗതികവാദികൾ പറയുന്നു. കുൽസിതമായ ആശയങ്ങളുടെ സാധ്യതക്കായി അത്തരം വാദങ്ങൾ പറയുന്നു. വളരെ പ്രാഗത്ഭ്യത്തോടെ ഭടന്മാർ പരസ്പരം കഴുത്തറുക്കുന്നു; ഇങ്ങനെ കൊല്ലുന്നവർ അവരുടെ ശത്രുക്കളല്ല എന്നാൽ അങ്ങനെ കൊലചെയ്യുന്നവന് ആഢ്യത്യവും മേന്മയും നൽകപ്പെടുന്നു.  ഇതാണ് ലോകത്തിന്റെ സ്ഥിതി. അതുകൊണ്ട് ഹൃദയമുള്ള മാലോകരെ നിങ്ങൾ ഉണരുവിൻ. 
പഞ്ചശീലം പാടിനടന്ന ചീനക്കാർ അത് ദൂരെയെറിഞ്ഞു ഇന്ത്യയെ ആക്രമിച്ചു. അഞ്ചു സമുദ്രങ്ങളിൽ പൊങ്ങിനിൽക്കുന്ന മൺതറയെ ഭൂമണ്ഡലമായി കരുതുന്നു മനുഷ്യർ. വളരെ ചുരുങ്ങിയ സമയം അവൻ അവിടെ ജീവിക്കുമ്പോൾ പരസ്പരം ഉഗ്രമായ യുദ്ധം ചെയ്യുന്നത് ഓർക്കാവുന്നതോ. ഈ ലോകത്തിനു ഒരു പതാക നൽകി രക്ഷയുണ്ടാക്കുവാൻ ശ്രമിക്കാതെ മുക്കുവനും ഭൂതവും എന്ന കഥയോർത്തിരിക്കുന്നു ആഢ്യർ പോലും.  ജീവിവർഗ്ഗങ്ങളിൽ ഒരു ലഘു വിഭാഗമാണ് മനുഷ്യൻ  അവന്റെ ശത്രുവാണ് യുദ്ധം.  ഈ ഭൂമി അനേകം ചെറുരാഷ്ട്രമായി വിഭിന്ന ചട്ടങ്ങളോടുകൂടി കഴിയുന്ന വ്യവസ്ഥ മാറാതെ യുദ്ധം ഒഴിവാകയും സുഖമുണ്ടാകയും ചെയ്യുകയില്ല. പണ്ടുള്ളവർ ഈ ഭൂമിക്കധീനരായി വാഴാൻ ശ്രമിച്ചെങ്കിലും അതൊക്കെ പാഴ്‌വേലയായി. ,സ്വന്തം കയ്യിലുള്ള ഭരണം കൈവിട്ടു ലജ്ജിക്കരുതെന്നാണ് അധിനാഥർ ചിന്തിക്കുന്നത്. കർത്തവ്യം വിട്ടു ഭരിക്കുന്ന രാജാവ് ഭണ്ടാരത്തിൽ ശ്രദ്ധ വയ്ക്കുന്ന തസ്കരനു സമമാണ്. ഭൂമിയിൽ യുദ്ധം നിൽക്കാൻ ഭരണം ഒന്നാകണമെന്നു നെഹ്രുവും ആറ്റ്ലിയും പറയുന്നു. അവർ പ്രശസ്ത രാഷ്‌ട്രമീമാംസകർ. എല്ലാ അധികാരികളും ജനമധ്യത്തിൽ ഈ മംഗളവാർത്ത ചൊല്ലട്ടെ. അനേകം തവണ തുടർന്നാൽ അത് ചട്ടമായേക്കാം. എല്ലാവരും ഒന്നാകണമെന്നുമില്ല എന്നാൽ വിഭജിക്കണമെന്നുമില്ലെന്ന ഇന്നത്തെ സ്ഥിതി തടസ്സമില്ലാതെ തുടരാൻ നേതാക്കൾ ആശിക്കുന്നു. എന്നാൽ "ഇസങ്ങൾ" വർദ്ധിക്കാനുള്ള സമരം ചെയ്യുന്നുമുണ്ട്. അതിനു കാരണം പണ്ട്  ആട്ടിൻകുട്ടിയോട് ചെന്നായ പറഞ്ഞ ന്യായവും. ഈശ്വരന്റെ രൂപത്തോടെ ജന്മം പൂണ്ട മനുഷ്യർ പിശാചിനെപ്പോലെ ദുർബുദ്ധിയായി വിദ്വേഷത്തിന്റെ വിത്തു വിതച്ച് ജനനവൃക്ഷം മുളപ്പിച്ച് ശരീരത്തെ യുദ്ധത്തിനായുള്ള പാത്രമാക്കുന്നതു എത്രയൊ ദുഖകരം. 
മതം
ഈ ഭൂമിയെ നിത്യയുദ്ധത്തിൽ നിറുത്തുന്നത് മതതന്ത്രമാണ്. എന്നാണു മനുഷ്യൻ ഈ ശാപത്തിൽ നിന്നും മുക്തനാകുന്നത്. ഈ ലോകത്ത് ദൈവം ഏകനാണ്. ഇക്കാര്യത്തിൽ നൂറു നൂറു മതക്കാർക്ക് തർക്കമില്ല  അവന്റെ പേരിലെ ഭിന്നതയാണ് അവരെ വേർപിരിക്കുന്നത്. അവനു പേരിടാൻ പിതാക്കളില്ല. സ്വന്തം ദിക്കിനോട് കൂറ് സാധാരണക്കാരന്, വിശാലഹൃദയന് ഈ ഭൂമി മുഴുവൻ ഹൃദ്യം. വലിയ കടലിനുള്ളിലുള്ള മീനിനുള്ള സുഖം കിണറ്റിലെ മീനിന് ബോദ്ധ്യമുണ്ടാകില്ല. നാട്ടുകാർക്കും ഭരണം കയ്യാളുന്നവർക്കും യുദ്ധത്തിനോട് താൽപ്പര്യമില്ല. എന്നാൽ നിഷ്ടൂരമായ യുദ്ധം പ്രതിദിനം നടന്നുകൊണ്ടിരിക്കുന്നു.ഈ ഭൂമി അമ്മ, ഒരേ കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും സമം, എന്നിങ്ങനെ ശാന്തിയാണ് ആരും ആഗ്രഹിക്കുന്നെങ്കിലും യുദ്ധം ആവശ്യമില്ലെന്നറിയാമെങ്കിലും അതെ ചെയ്യുന്നു മനുഷ്യർ. രണ്ടു ലോകമഹായുദ്ധങ്ങൾ ഉണ്ടായിട്ടും മനുഷ്യർ പോർച്ചട്ടയണിയുന്നു കഷ്ടം. തോക്കുകൊണ്ട് യുറോപ്യർ, കല്ലുകൊണ്ട് ആഫ്രിക്കക്കാർ പക്ഷെ ജയിക്കുന്നത് തോക്കു കൈവശമുള്ളവർ. പക്ഷെ ഈ യുദ്ധം അസ്ഥിരം  ഇത് ഉരുളുന്ന പന്തുപോലെ. ചെന്നായ, ആന, സിംഹം തുടങ്ങിയ ജന്തുക്കൾ അവരുടെ വർഗ്ഗത്തോട് സമരം ചെയ്യുന്നില്ല, ബുദ്ധിമാനായ മനുഷ്യർ അത് ചെയ്യുന്നു. അച്ഛൻ മണ്ണിനായി പടവെട്ടി മരിക്കുന്നു. മണ്ണ് അങ്ങനെ കിടക്കുന്നു പിന്നാലെ വരുന്ന പുത്രനെയും കാത്ത്.
ശാസ്ത്രപുരോഗതി വിജ്ഞാനം നൽകുന്നെങ്കിലും സമാധാനം നൽകുന്നില്ല. പോരുകോഴിയെപോലെ മനുഷ്യർ അന്യോന്യം പടവെട്ടുന്നു. ദൈവത്തെ കണ്ടാൽ ഒരു പക്ഷെ അദ്ദേഹത്തോടും ഒരു കൈനോക്കാൻ ഒരുമ്പെടുന്നു മനുഷ്യർ. യുദ്ധത്തിനായി ചിലവിടുന്ന പണം ലോകോപകാരത്തിനുപയോഗിച്ചാൽ ദാരിദ്ര്യം ഒഴിവാക്കാം. ഭൂമിയെ ഖണ്ഡങ്ങളാക്കിയവർ അവയെ ചേർത്തൊന്നിച്ച് പൂക്കൾ കൊണ്ട് മനോഹരമായ മാല ഉണ്ടാക്കുന്നപോലെ ഒന്നിച്ച് ചേരണം. നൂറുകണക്കിന് ദുർബ്ബല രാഷ്ട്രങ്ങളായി കഴിയുന്ന മണ്ണിന്റെ ദുസ്ഥിതി മാറാൻ ഒരു നവയുഗം പ്രതീക്ഷിക്കാമോ? ഏതു ശക്തി എതിർത്താലും മനുഷ്യർക്ക് ഉപകാരപ്രദമായ ധർമ്മഭരണം സ്ഥാപിക്കയാണ് ആദർശവാൻമാർ  ചെയ്യേണ്ടത്. അപ്പോൾ പൊതുജനത്തിന് അവരുടെ ലക്ഷ്യത്തിലെത്താം
ഇരുപതാം നൂറ്റാണ്ട് ശാസ്ത്രത്തിനു, സ്വാർത്ഥത്തിനും ഉയർച്ച നൽകി ലോകത്തെ നരകത്തോട് താരതമ്യപ്പെടുത്തി ഈശ്വര വിശ്വാസമില്ലായ്മ അതിനു വളം നൽകി. അങ്ങനെയുള്ള അവസ്ഥയെ മദ്യം കുടിച്ച കുരങ്ങിനെപോലെയുന്നു കവി ഉൽപ്രേക്ഷിക്കുന്നു.ഭൂമിയുടെ വ്യാസം കൂട്ടാനൊക്കില്ല. അതുകൊണ്ടു മനുഷ്യർ അവരുടെ നേട്ടങ്ങൾ തമ്മിൽ തമ്മിൽ പകുത്തു ആശ്വാസം കണ്ടെത്തണം.
ഭാഷ
വായുപോലെ മനുഷ്യർക്ക് സ്വതന്ത്രമായി ഉപഗോഗിക്കാൻ ഒരു ഭാഷ വേണം. ഭൂമിയിൽ എല്ലാവരും മനസ്സിലാക്കുന്ന ഒരു ഭാഷ ആംഗ്യഭാഷയാണ്. ഒരാളുടെ ഉന്നതഭാഷ മറ്റൊരുവന് ബ ബ്ബ ബ്ബ ശബ്ദം.  ഏകഭാഷ,രാഷ്ട്രം എന്നിവകൾ ഉണ്ടാകിൽ ഐക്യത്തോടെ ഒന്നാകാം. ഏകഭാഷ ഉണ്ടാകുമ്പോൾ മറ്റുഭാഷകൾ നശിക്കയല്ല അവയെല്ലാം ഒന്നിൽ ലസിക്കയാണ്. എല്ലാവര്ക്കും അവരുടെ മാതൃഭാഷയുടെ പ്രതീതി ഉളവാക്കാം.ചൈന, സ്വീഡൻ, അറേബ്യ എന്നീ രാജ്യങ്ങളിലെ വ്യക്തികൾ ഒരു സത്രത്തിൽ കണ്ടാലേ ഒന്നും പറയാൻ കഴിയുന്നില്ല. ചെന്നായ്, ചെന്പുളി, കാട്ടുപോത്ത് എന്നിവ വഴിയിൽ  വച്ച് അന്യോന്യം മുഖം കണ്ടു പോകുന്നപോലെ. ഭാഷയും, ഭരണവും, ഒന്നായി ഭൂമിയിൽ വരുമെന്നാകിൽ കണ്ടാൽ ചിരിക്കാം, തേൻവാക്കിനാൽ സ്വാഗതം ചെയ്യാം, മനസ്സ് കുളിർക്കാം.ചന്ദ്രനിൽ പോകാൻ നാട്ടാർ ഒരുങ്ങുന്നു എന്നാൽ അവർ അവിടെ ചെന്നാൽ ഏതു ഭാഷയിൽ സംസാരിക്കും.,കാലമേറെക്കഴിഞ്ഞിട്ടും സ്വന്തം സർവ്വകലാതിശാലയെന്നു  ചൊല്ലാൻ ആർക്കുമില്ല. ഒരു നാട് നൽകുന്ന വിശിഷ്ട ബിരുദത്തിനു മറുനാട്ടിൽ വിലയില്ല. അതിനു ആടിന്റെ കഴുത്തിലെ മുലയുടെ വിലയേയുള്ളു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ സമ്പത്ഘടന അഭിവൃദ്ധിപ്പെടുകയും  വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളും മറ്റു രാജ്യങ്ങളുമായി നടക്കയും ചെയ്തപ്പോൾ ഇംഗളീഷ് ഭാ.ഷക്ക് പ്രചുര പ്രചാരം ലഭിച്ചു. 1965 ൽ ഈ കാവ്യം എഴുതുമ്പോൾ ഉണ്ടായിരുന്ന അവസ്ഥക്ക് ഇപ്പോൾ വളരെ മാറ്റം വന്നിരിക്കുന്നു.
ഏകലോക ഭരണം 
ഈ ഭൂമിക്ക് ഏകഭരണം ഉത്കൃഷ്ടമാണെന്നു ജനങ്ങൾ വീണ്ടും പറയേണം. അതാർക്കും സന്തോഷം പകരും. ഇതിനു ഉദാഹരണമായി പറഞ്ഞിരിക്കുന്നത് ചാണയിൽ സ്വർണാഭരണം നിർദിഷ്ട മാറ്റ് കാട്ടുന്നപോലെ എന്നാണു. അഹങ്കാരം വിട്ട് അപഹാസ്യ ശീതസമരങ്ങളും വിട്ട് നേതാക്കൾ നിരായുധീകരണവും നേടി ശാന്തിയുടെ കട്ടിൽ മനുഷ്യൻ ലഭ്യമാക്കാം ഭൂമിയുടെ ഐശ്വര്യം വേറൊന്നാക്കാം.ഈ ലോകത്തിനു ഏകഭരണമെന്നു കൂട്ടായി എല്ലാവര്ക്കും  പറയാൻ മടിയില്ല. ആറ്റംബോംബ് എന്ന മാരകായുധം എല്ലാം നശിപ്പിക്കുന്നു. ശാന്തിസേന ലോകത്തിന്റെ സ്വത്താകണം മത്സരിക്കുന്നവർ ഒരു കൊടിക്കീഴിൽ  അണിനിരന്നാൽ ശരിപ്പെടുന്ന ചുവരിൽ ചിത്രം വരക്കാം,.
വ്യത്യസ്ത സൈന്യങ്ങളും, സ്വന്തമിഷ്ടപ്രകാരമുള്ള ചട്ടങ്ങളും അല്ല ആവശ്യം വിഷമപ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് വേണ്ടത്. ഒരു രാഷ്ട്രമെന്ന ചിന്തയുണ്ടാകുമ്പോൾ എല്ലാവരും ഒരു വർഗ്ഗമാണെന്നു സ്പഷ്ടമാകും. ഭൂമി വിഭവങ്ങളാൽ സമ്പന്നവും മനുഷ്യന്റെ കൈ ബലിഷ്ഠവുമാണ്. എന്നിട്ടും ഭൂമി ഒരു കൊടികീഴിൽ വരാത്തത് അന്ധമായ യുഗത്തിന്റെ ശാപമായിരിക്കാം. എല്ലാവര്ക്കും അനേകതരം വിദ്യയും ജോലിയും വാസസ്ഥലവും അങ്ങനെ മനുഷ്യർക്കാവശ്യമായ വിഭവങ്ങൾ തീർച്ചയായും നൽകുവാൻ കഴിവുള്ള ഏകലോകഭരണം ഉണ്ടാകണം. അല്ലെങ്കിൽ ഈ ഭൂമിയിൽ തീക്കളി തീരുകില്ല. പൗരന്മാർ മുനിമാരെപോലെ ആകില്ലല്ലോ.
ഭൂമിയിൽ ഏകഭരണം വന്നാലുള്ള സുഖം ഞാൻ പറയട്ടെ. ഇന്നുവരെ സമ്പർക്കമില്ലാതെ കഴിഞ്ഞ ജനം സൗഹാർദ്ദത്തോടെ കഴിയുന്നത് കാണാം ഞാൻ ധന്യനെന്ന ഭാവം പറയുന്നവൻ ഈ ഭൂഗ്രഹത്തിലെ അംഗമെന്നറിയു. ദാരിദ്ര്യമില്ലാതാകും അതിനു സാക്ഷിയായി അരോഗദൃഢമായ ശരീരവും നിസ്തുലമായ സന്തുഷ്ടിയും കാണപ്പെടും. അന്നു കൊടിച്ചിഹ്നം ക്ഷയിക്കാത്ത നീതിയുടേതായിരിക്കും. ജനം അവരുടെ കർമ്മങ്ങളിൽ ഈശ്വരനെ കാണും.
ആളുകൾ തർക്കങ്ങൾ പറഞ്ഞൊതുക്കും.നാക്കിൽ ഗുണമായി ഉചിതമായ വാക്കുകൾ ഉപയോഗിക്കും. ഭൂമിയിലെ ജീവിതം രമ്യവും, കാമ്യവുമാകും. നൂറുവയസ്സാകാതെ ആരും മരിക്കുകയില്ല. അവരെല്ലാം ഭൂമിയുടെ വിരൽ പോലെ ഒരുമിച്ച് ഐക്യത്തോടെ ഏന്തുന്ന കയ്യായി ഭൂമിയെ തൂണുപോലെ താങ്ങിനിർത്തും. അന്യപട്ടണത്തിൽ താമസിച്ചിരുന്ന ബന്ധുക്കളെ ഏറെക്കാലം കാണാതിരുന്നു കാണുമ്പോൾ അവരുടെ കുടുംബ ചരിത്രം അറിയാൻ തിടുക്കമുണ്ടാകുന്നു.വളരെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന സ്വന്തമെന്ന  മോഹമാകുന്ന പുക മാറ്റി ഉള്ളം തെളിയിച്ചാൽ ഭൂമിയിലെ ആരെയും ഇഷ്ടജനമായ് കാണാൻ കഴിയും. ഭൂലോക പൗരന്മാരായി രാജ്യാതിർത്തിയിൽ സഞ്ചരിക്കാൻ സാധിക്കും.  തൃപ്തിയായി ആഹാരം കഴിക്കുന്ന ജനം ലോകത്തിനാലങ്കാരമാകും. മനുഷ്യരുടെ നൂറുകണക്കിന് ആവശ്യങ്ങൾ നിറവേറ്റിടാൻ അവർക്ക് മാന്യമായ ജോലി എവിടെയും ചെയ്യാം. സൽകവികൾ ആരുടെയും ഹൃദയത്തിൽ കാവ്യമധു പകരും. അങ്ങനെ പലതരത്തിലുള്ള കലകളാൽ ഈ ലോകത്തിനു മാറ്റേറിടും 
ഭൂമിയുടെ സമൃദ്ധി വിഭിന്ന കോണിലാണെങ്കിലും മനുഷ്യർക്കെല്ലാവർക്കും അതുകൊണ്ടു നേട്ടമുണ്ടാകും. പട്ടാളചിലവില്ല, ചാരന്മാർ വേണ്ട.തോക്കു പിടിച്ച കൈകളിൽ മൺവെട്ടി പിടിക്കുക. കുല-വർഗ്ഗ-മത-വർഗ്ഗ ഭേദമില്ലാതെ ഒരു കുടുംബം പോൽ സർവ്വലോകസുഖലക്ഷ്യത്തിനായി പണി ചെയ്യുന്നവർ. പരിശ്രമിയായ നരന് അപ്രാപ്യമായി ഒന്നുമില്ല. ആവശ്യത്തിനനുസരിച്ച് ശാസ്ത്രവിദ്യ ജനത്തിനു ലഭിച്ചാൽ ഈ ഭൂമിയുടെ സ്ഥിതി മാറിടും. ചാണയിൽ ഉരച്ച രത്നം തിളങ്ങുന്നപോലെ. മേൽപറഞ്ഞ കാര്യങ്ങൾ ബോധ്യമായി ഈ ഭൂമിയിലെ ജീവിതം വിജയമാക്കുവാനൊന്നുചേർന്നു ജനങ്ങൾ ഏകലോകഭരണത്തിനായി ഈശ്വരനെ നമിക്കുവിൻ. കാവ്യസമാപനം ലോകനന്മക്കായി പ്രാർത്ഥിക്കുക എന്ന സദുപദേശത്തോടെയാണ്.
ശുഭം

Read more: https://emalayalee.com/writer/11

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക