Image

വേരുമറക്കല്ലേ... (വിജയ് സി. എച്ച്)

വിജയ് സി. എച്ച് Published on 28 June, 2022
വേരുമറക്കല്ലേ... (വിജയ് സി. എച്ച്)

ഈയിടെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര  പുരസ്‌കാരങ്ങളില്‍, മികച്ച ഗാനരചയിതാവിനുള്ളതു നേടിയ ബി.കെ ഹരിനാരായണന് ഇത് ഇരട്ടി മധുരം! പാട്ടെഴുത്തിനുള്ള രണ്ടാമത്തെ കേരള സര്‍ക്കാര്‍ അംഗീകാരം എത്തിയത്, ഹരിയുടെ ആദ്യത്തെ കവിതാസമാഹാരമായ 'നൂറ്റടപ്പന്‍' പ്രകാശനം ചെയ്യപ്പെട്ട് അധിക നാള്‍ കഴിയും മുന്നെയാണ്. 


പി.എസ് ജയഹരി സംഗീത സംവിധാനം നിര്‍വഹിച്ച 'കാടകലം' എന്ന പടത്തിലെ 'കണ്ണീരുകടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ കരിങ്കനിയേ...' എന്നു തുടങ്ങുന്ന ബിജിബാല്‍ പാടിയ ഗാനം, പിന്നണി സംഗീത ലോകത്ത് ഇന്ന് നിര്‍ബന്ധമുള്ള ചേരുവകളൊന്നുമില്ലാതെ തന്നെ ഒരു ചലച്ചിത്രഗാനം ജനപ്രിയമാക്കാന്‍ കഴിയുമെന്നതിന്റെ സാക്ഷ്യപത്രമാണ്. 

ചേലില്ലെന്നു ചിലര്‍ക്കെങ്കിലും തോന്നാവുന്ന കുറെ വാക്കുകള്‍ കോര്‍ത്തിണക്കി ഹരി രചിച്ച വരികള്‍ ഇത്ര ആവേശത്തോടെ ശ്രോതാക്കള്‍ സ്വീകരിക്കുമെന്ന് ഒരു പക്ഷെ 'കാടകല'ത്തിന്റെ ശില്പികള്‍ പോലും കരുതിക്കാണില്ല! മുന്‍കൂട്ടി ചെയ്തുവെച്ച സംഗീത സങ്കലനത്തില്‍, അങ്ങിങ്ങായി ബാക്കി വരുന്ന ഇടങ്ങളില്‍ വരികളെ അസ്വാഭാവികമായി കൊള്ളിയ്ക്കുന്ന ഇന്നത്തെ രീതി അനുസരിച്ചല്ല ഈ ഗാനം ഒരുക്കിയെടുത്തത് എന്ന യാഥാര്‍ത്ഥ്യമാണ് ഹരിയ്ക്കു ലഭിച്ച പുരസ്‌കാരത്തെ ഏറെ വിശിഷ്ടമാക്കുന്നത്. 
'വരികളാണ് ആദ്യം എഴുതിയത്. അവയ്ക്കു വേണ്ടി  ജയഹരി സംഗീതം ചിട്ടപ്പെടുത്തി. അങ്ങനെയാകുമ്പോള്‍ പാട്ടെഴുതാന്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിയ്ക്കുന്നു. വരികളുടെ കാവ്യഭംഗി ആസ്വാദകരിലേയ്ക്ക് നേരിട്ടെത്തുകയും ചെയ്യും,' ഗാനരചയിതാവ് പറഞ്ഞു തുടങ്ങി... 

??വരികളും സംഗീതവും 
ഗാനങ്ങള്‍ എഴുതേണ്ടത് കഥാസന്ദര്‍ഭങ്ങള്‍ക്കു വേണ്ടിയോ, സിനിമയുടെ മൊത്തം കഥ സൂചിപ്പിക്കുന്നതിനു വേണ്ടിയോ ആകുന്നു. ഗാന നിര്‍മ്മാണം ഒരു സംഘകലയായതിനാല്‍, പിന്നണിയിലെ എല്ലാവര്‍ക്കും അതില്‍ സ്വാധീനമുണ്ട്, പ്രത്യേകിച്ച് സംഗീത-സിനിമാ സംവിധായകന്മാര്‍ക്ക്. ശ്രവണ സുഖമാണ് സംഗീതം നല്‍കുന്നത്. എന്നാല്‍, തിരക്കഥയ്ക്ക് ശക്തി പകരാന്‍ ഗാനത്തിലെ വരികള്‍ക്കാണ് കഴിയുക. സംഗീത സംവിധായകന്റെയും സിനിമാ സംവിധായകന്റെയും (ഡോ. സഖില്‍ രവീന്ദ്രന്‍) സമ്മതപ്രകാരം, 'കാടകല'ത്തിലെ ഗാനത്തിന്റെ വരികള്‍, കഥാസന്ദര്‍ഭത്തെ ശക്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എഴുതിയാണ്. എന്റെ വരികള്‍ക്കനുസരിച്ചു ജയഹരി സംഗീതം ചിട്ടപ്പെടുത്തി. സംഗീതത്തിനു വേണ്ടി ഗാനമെഴുതുമ്പോള്‍ വരികള്‍ക്കും അവ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥങ്ങള്‍ക്കും രണ്ടാം സ്ഥാനമേ ലഭിയ്ക്കൂ. പക്ഷെ, ഇക്കാലങ്ങളില്‍ സംഗീതത്തിനു വേണ്ടി പാട്ടെഴുതുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. വരികളും സംഗീതവും വിട്ടുകളഞ്ഞ്, കാഴ്ച്ചയുടെ  സ്വാധീനത്തിലാണ് ഇന്നെല്ലാരും. ആരും പാട്ടു കേള്‍ക്കുന്നില്ലല്ലോ, കാണുകയല്ലേ! രണ്ടു വര്‍ഷം മുന്നെ, എനിയ്ക്ക് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം നേടിത്തന്ന 'തീവണ്ടി'യിലെ ഗാനം മുന്‍കൂട്ടി ചെയ്തുവെച്ച സംഗീതത്തിനു വേണ്ടി എഴുതിയതാണ്. 'ജീവാംശമായ് താനേ നീയെന്നില്‍ കാലങ്ങള്‍ മുന്നേ വന്നൂ...' എന്ന പാട്ട് അനുവാചകര്‍ നെഞ്ചിലേറ്റിയെന്നത് മറ്റൊരു വസ്തുതയാണ്. 

??പശ്ചാത്തലം പ്രചോദനം 
'കാടകല'ത്തിലെ കഥ അങ്ങനെയാണ്. അതില്‍ ഗാനം പ്രത്യക്ഷപ്പെടേണ്ട പശ്ചാത്തലം എഴുതാ9 പ്രചോദനം തന്നു. നിരൂപകരും സംഗീതാസ്വാദകരും കൊള്ളാമെന്നു പറയുന്നൊരു ഗാനരചനയ്ക്കു കാരണമായത് ഈ യാഥാര്‍ത്ഥ്യമാണ്. ആ സിനിമയുടെ ഇതിവൃത്തത്തിന്റെ സര്‍ഗ പ്രതികരണമാണ് 'കണ്ണീരുകടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ കരിങ്കനിയേ...' എന്ന ഗാനം. ആദിവാസിയായ മുരുകന്റെയും മക9 കുഞ്ഞാപ്പുവിന്റെയും കഥയാണ് 'കാടകലം'. നാടക പ്രവര്‍ത്തകനായ സതീഷ് കുന്നോത്തും, ഡാവിഞ്ചി സതീഷുമാണ് അച്ഛനും മകനുമായി വേഷമിടുന്നത്. പത്തു വയസ്സുള്ള കുഞ്ഞാപ്പു കാട്ടില്‍ പോയി ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം ജീവിക്കാനിഷ്ടപ്പെടുന്നു. കാടിനോടിണങ്ങി ജീവിക്കാനും കാടിനെ സ്‌നേഹിക്കാനും മുരുകന്‍ തന്റെ മകനെ പരിശീലിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍, പുത്രനെ പഠിപ്പിച്ചൊരു അദ്ധ്യാപകനാക്കാനാണ് പിതാവ് ആഗ്രഹിക്കുന്നത്. കാട്ടിലെ കൊച്ചു വിദ്യാലയത്തിലെ പഠനത്തിനൊടുവില്‍ പട്ടണത്തിലെ വലിയ സ്‌കൂളില്‍ കുഞ്ഞാപ്പുവിനെ ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് മുരുകന്‍. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം വാത്സല്യത്തേക്കാള്‍ ഏറെയാകുന്നിടത്താണ് എന്റെ വരികളെത്തുന്നത്. 'കല്ലില്‍ മറുകല്ലുരയുമ്പോള്‍ ചിന്തിയുണര്‍ന്ന കനല്‍കനിയേ, നീയുയരേ മാനംമുട്ടി വളര്‍ന്നാല്‍ വേരുമറക്കല്ലേ, വേരികത്താരും കണാ കാടിന്‍ ചൂരുമറക്കല്ലേ... കനിയേ... കനിയേ...' കഥയുടെയോ കാടിന്റെയോ ആത്മാവ് വരികളില്‍ ചോര്‍ന്നുപോകരുതെന്ന് എനിയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ആയതിനാല്‍ അത്യന്തം സൂക്ഷ്മതയോടെയാണ് വാക്കുകള്‍ തേടിയെടുത്തു ചേര്‍ത്തുവെച്ചത്. പാട്ടെഴുതി തീര്‍ന്നപ്പോള്‍ വല്ലാത്തൊരു സംതൃപ്തി അനുഭവപ്പെട്ടിരുന്നു. ഈ ഗാനത്തിന്റെ ശില്‍പികളില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നെങ്കിലും, ഗാനരചനയ്ക്ക് വീണ്ടുമൊരു സംസ്ഥാനതല അംഗീകാരമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനൊരു കാരണമുണ്ട്. '1983' എന്ന പടത്തിലെ ഗാനം എനിയ്ക്ക് സംസ്ഥാന പുരസ്‌കാരവുമായെത്തുമെന്ന് നിരൂപകരും സംഗീതപ്രിയരും ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ഗോപീസുന്ദറിന്റെ സംഗീതത്തില്‍ 2014-ല്‍ പിറവികൊണ്ട 'ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ...' ഇവിടെ തഴയപ്പെട്ടു. മുംബൈയില്‍ നിന്നെത്തിയ ഫിലീംഫേര്‍ അവാര്‍ഡ് അതിനാല്‍ സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചകള്‍ക്ക് വിഷയമായി. 

??കവിയാകാനിഷ്ടം 
കവിയാകാനാണിഷ്ടമെങ്കിലും ഞാനെത്രത്തോളം കവിയാണെന്ന് എനിയ്ക്കറിയില്ല. കൂടുതല്‍ ആഴമുള്ള, അന്തസ്സത്തയുള്ള കവിതകളെഴുതണമെന്നാണ് ആഗ്രഹം. സൃഷ്ടികള്‍ ഇനിയും നന്നാകാനുണ്ടെന്ന് പ്രിയമുള്ള ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്റെ ആദ്യത്തെ കവിതാസമാഹാരം പ്രകാശനം ചെയ്തത് മെയ് 11-നാണ്. മെയ് അവസാനം ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിക്കപ്പെട്ടു. പലപ്പോഴായി എഴുതിയ പത്തുനാല്‍പ്പതു കവിതകളുണ്ട് പുസ്തകത്തില്‍. സമാഹാരത്തിന് 'നൂറ്റടപ്പന്‍' എന്ന പേരു നല്‍കാനുള്ള കാരണം, എന്റെ ആദ്യ പ്രസിദ്ധീകൃത കവിത ഇതായതുകൊണ്ടാണ്. പത്തിരുപതു വര്‍ഷം മുന്നെ ഒരു മുഖ്യധാരാ വാരികയിലാണ് 'നൂറ്റടപ്പന്‍' അച്ചടിച്ചുവന്നത്. എന്നാല്‍, ഞാന്‍ എഴുതിയ ഗാനവുമായി ഒരു ചലച്ചിത്രം ഇറങ്ങിയത് 2010-ലോ മറ്റോ ആണ്. ആ നിലയില്‍ നോക്കുമ്പോള്‍, കവിയായതിനു ശേഷം ഗാനരചയിതാവായ വ്യക്തിയാണ് ഞാന്‍. പക്ഷെ പ്രശ്‌നം അതല്ലല്ലൊ! ചലച്ചിത്ര ഗാനങ്ങളാണ് പെട്ടെന്ന് ജനപ്രിയമാകുന്നത്. റഫീക്ക (റഫീക്ക് അഹമ്മദ്) പറഞ്ഞത് ഗാനമെഴുത്ത് ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നു തന്നെ പലരും അറിയുമായിരുന്നില്ലെന്നാണ്! മലയാളികളുടെ കവിതയാണ് ചലച്ചിത്ര ഗാനങ്ങളെന്ന് തമ്പി സാര്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ഭാസ്‌കരന്‍ മാഷും, ഒ.എന്‍.വി സാറുമൊക്കെ ഒരേസമയത്ത് കവികളും ഗാനരചയിതാക്കളുമായിരുന്നു. തമ്പി സാര്‍ ഇന്നും രണ്ടുമല്ലേ! 

??പാട്ടിന്റെ പരിണാമം 
മലയാള സിനിമാ ഗാനങ്ങളുടെ അര നൂറ്റാണ്ടു കാലത്തെ മഹത്തായ തുടക്കമെന്നു വയലാറിന്റെ രചനകളെ വിശേഷിപ്പിക്കാം. സാധാരണക്കാരന്റെ സുഖവും ദുഃഖവും, അവര്‍ക്കുള്ള സന്ദേശങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു നിന്നു. അന്നു നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നായിരുന്നു അദ്ദേഹത്തിനു ഊര്‍ജ്ജം ലഭിച്ചത്. പിന്നീട്, യാഥാര്‍ത്ഥ്യങ്ങളിലും ജീവിത രീതിയിലും അല്പം പരിണതിയുണ്ടായി. ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ പരിശോധിച്ചാല്‍ ആ വ്യത്യാസം മനസ്സിലാകും. 'താരമേ താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ? അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന കനകക്കിനാവുകളുണ്ടോ?' ഒഎന്‍വി സാറിന്റെ വരികളില്‍ നാം ദര്‍ശിക്കുന്നത് സമാനതകളില്ലാത്ത കാവ്യ മേന്മയാണ്. 'ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു... തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു...' വേണമെങ്കില്‍ നുള്ളി നോവിയ്ക്കാം, പക്ഷെ, ഞാനതു ചെയ്യില്ലയെന്ന്! നേരിട്ടു കാണുന്ന കാവ്യഭംഗിക്കപ്പുറം, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അദ്ധ്യാപകനേയും കൂടിയാണ് ഈ വരികളില്‍ നമുക്കു ദര്‍ശിക്കാനാകുന്നത്. 'ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും മൃദുലമാം നിസ്വനം പോലെ... ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ ഉയിരില്‍ അമൃതം തളിച്ച പോലെ...' കാവാലം സാറിന്റേത് തത്വചിന്തകളാണ്. 'കത്തിത്തീര്‍ന്ന പകലിന്റെ പൊട്ടും പൊടിയും ചാര്‍ത്തീ, ദുഃഖസ്മൃതികളില്‍ നിന്നല്ലോ പുലരി പിറക്കുന്നൂ വീണ്ടും...' എന്നാല്‍, തമ്പി സാറിനെപ്പോലെ പ്രണയ ഗാനങ്ങളെഴുതിയ മറ്റൊരാളില്ല. 'താരകരൂപിണീ, നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും... ഏകാന്തചിന്തതന്‍ ചില്ലയില്‍ പൂവിടും എഴിലംപാലപ്പൂവായിരിക്കും... താരകരൂപിണീ...' നോക്കൂ, ഈ 'താരകരൂപിണീ...' എന്ന സംബോധന തന്നെ ഭാഷയ്ക്കു തമ്പി സാറിന്റെ സംഭാവനയാണ്! ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടന്നിരിക്കുന്നതും തമ്പി സാറിന്റെ പ്രണയ ഗാനങ്ങളെക്കുറിച്ചാണ്. കൈതപ്രത്തിന്റെയും, പുത്തഞ്ചേരിയുടെയും, ശരത്ചന്ദ്ര വര്‍മ്മയുടെയും കാലമെത്തിയപ്പോള്‍ രീതികള്‍ വീണ്ടും മാറി. യൂസഫലി കേച്ചേരിയും, രമേശന്‍ നായരും, ബിച്ചു തിരുമലയും, പ്രഭാവര്‍മ്മയും, റഫീക്കയും വരെയുള്ളവരും ഗാനസാഹിത്യത്തിന് നിസ്തുലമായ സംഭാവനകള്‍ ചെയ്തവരാണ്. ഇപ്പോള്‍ ഭാവനകളിലും അവയുടെ അവതരണ രീതിയിലും സമൂല പരിവര്‍ത്തനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഭാവുകത്വമാണ് സമഗ്രമായ പരിവര്‍ത്തനത്തിനു വിധേയമായിരിയ്ക്കുന്നത്.

read more: https://emalayalee.com/writer/162

വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)വേരുമറക്കല്ലേ... (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക