Image

ചങ്ങമ്പുഴ! പ്രിയപ്പെട്ട ചങ്ങമ്പുഴ? (ബിനോയി സെബാസ്റ്റ്യന്‍)

Published on 19 July, 2012
ചങ്ങമ്പുഴ! പ്രിയപ്പെട്ട ചങ്ങമ്പുഴ? (ബിനോയി സെബാസ്റ്റ്യന്‍)
കാല്‌പനീകത്വത്തിന്റെ പ്രണയസ്വപ്‌നങ്ങളും കല്‌പനകളും കവിതയുടെ സൗവര്‍ണ്ണ ചെപ്പിലാക്കി മലയാളത്തിനു സമ്മോഹനസമ്മാനമായി സമര്‍പ്പിച്ചു മരണത്തിന്റെ ദാഹനീരുറവയിലേക്കു പടിയിറങ്ങിപ്പോയ മഹാകവിയായിരുന്ന ചങ്ങമ്പുഴ കൃഷ്‌ണപിള്ളയ്‌ക്കു ഇന്നു നൂറു വയസു തികഞ്ഞു. 1948, ജൂണ്‍ 17ാം തീയതി മുപ്പത്തിയേഴാം വയസില്‍ തൃശൂര്‍ മംഗളോദയം ക്ഷയരോഗ നഴ്‌സിംഗ്‌ഹോമില്‍ വച്ചു ഭൗതീകശരീരം കൈയ്യോഴിഞ്ഞ അദേഹം ഇന്നു കെടാത്ത കാലത്തിന്റെ കാവ്യനിര്‍ത്‌ധരിയായി, അവിഛിഹ്‌നമായ അനുഭൂതിയായി എതോ അപൂര്‍വ്വ ഗന്ധര്‍വ്വക്ഷേത്രത്തില്‍ വിരാജിക്കുന്നുണ്ടാവണം. സത്യമാണ്‌! ചങ്ങമ്പുഴ മലയാളത്തിന്റെ കനകച്ചിലങ്ക കിലുക്കി കിലുക്കിയൊഴുകുന്ന അമൃതം തികഞ്ഞ കാവ്യനദിയായിരുന്നു.

കവിയായി ജനിച്ച്‌ കവിയായി ജീവിച്ച്‌ കവിയായി മരിച്ച കവിയായിരുന്നു ശ്രീ. ചങ്ങമ്പുഴ! എഴുത്തഛ്‌നും കുഞ്ചന്‍ നമ്പ്യാര്‍ക്കും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ശേഷം ആ കാവ്യതാവഴിയില്‍ പിറവിയെടുത്ത ചങ്ങമ്പുഴയുടെ ഗാനാത്‌മകത്വം നിറഞ്ഞ കവിതകള്‍ ഒരു കാലഘട്ടത്തിലെ നിരക്ഷരരായ തൊഴിലാളികള്‍ മുതല്‍ അക്ഷരസ്‌നേഹിതരായവര്‍ വരെ ഏറ്റുപാടി നടന്നിരുന്നു. ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ! മലയാളഭാഷയെ ഇതുപോലെ ആത്‌ഭുതകരമായ ഇണക്കത്തില്‍ ഉപയോഗിച്ച മറ്റൊരു കവിയും മലയാളത്തിലില്ല. വേഡ്‌സ്‌വര്‍ത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മഹാപ്രവാഹമായിരുന്നു കവിത അദേഹത്തിന്റെ ഹൃദയാന്തര്‍നാളത്തില്‍ നിന്നും. കവിതകളും ഖഡ്‌ണകാവ്യങ്ങളും കളിത്തോഴി എന്ന നോവലും ഉള്‍പ്പെടെ 57 കൃതികളാണ്‌്‌ അദേഹം മലയാളത്തിനായി നല്‍കിയത്‌.

പ്രണയവും പ്രണയഭംഗവും നൈരാശ്യവും ഒടുങ്ങാത്ത ജീവിതസ്‌നേഹവും തിരസ്‌ക്കരണവും മരണവാഛ്‌യുമൊക്കെ തികഞ്ഞ ചങ്ങമ്പുഴകവിതകളുടെ ആഴത്തെക്കുറിച്ചിവിടെ കുറിക്കുന്നില്ല. പക്ഷെ മലയാളത്തിലെ ആദ്യ ഗ്രാമീണവിലാപകാവ്യമായ രമണനിലെ വരികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പാടത്തു പണിയെടുത്ത തളര്‍ന്നു വരുന്ന കുട്ടനാട്ടിലെ പെണ്‍തൊഴിലാളികള്‍ അന്തിക്കു കത്തിച്ച മണ്‍ചിരാതിന്റെ ഇത്തിരി വെട്ടത്തിലിരുന്നു താളത്തില്‍ ചൊല്ലുന്നതു കേട്ട കഥ വയലാര്‍ പറഞ്ഞിട്ടുണ്ട്‌.

സാധാരണക്കാരന്റെ അതിസാധാരണമായ ജീവിതത്തെ പ്രമേയമാക്കി ലോകകവിതയില്‍ കാല്‌പനീകാലഘട്ടം ഉദിച്ച്‌ ഒരു നൂറ്റാണ്ടു കഴിഞ്ഞതിശേഷമാണ്‌ മലയാളത്തില്‍ ആ സങ്കേതമെത്തിയത്‌. ഇടപ്പള്ളിയുടെ ഗ്രാമ്യതയില്‍ നിന്നും ഇടപ്പള്ളി രാഘവന്‍ പിള്ള തുടങ്ങി വച്ച ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ നടുനായകനായി ചങ്ങമ്പുഴ തുടര്‍ന്നു. മനസു നിറയെ കവിത! ജീവിതം നിറയെ ദാരിദ്ര്യം! ചങ്ങമ്പുഴയെ പലപ്പോഴും മലയാളത്തിലെ ചലച്ചിത്ര സംഗീത ചക്രവര്‍ത്തിയെന്നു തോന്നിയിട്ടുള്ള ബാബു രാജുമായാണ്‌ എനിക്ക്‌ സാമ്യപ്പെടുത്തുവാന്‍ തോന്നിയിട്ടുള്ളത്‌! അപൂര്‍വ്വജന്മങ്ങള്‍!

ചങ്ങമ്പുഴ ആസ്ഥാന കവിയായിരുന്നില്ല. അദേഹത്തിനു പട്ടും വളയും കിട്ടിയില്ല! മാത്രവുമല്ല കാലം കരുതി വച്ച നൊമ്പരങ്ങള്‍ ഒരുപാടു ഏല്‍ക്കുകയും ചെയ്‌തു. തീര്‍ച്ചയായും ആ കവിക്കു നേരെ കൈയ്യിലിരുപ്പിന്റെ കഥ പറഞ്ഞു വിരല്‍ ചൂണ്ടാം. ആ വിരലുകളുടെ ഉടമകള്‍ക്കു കവിമനസുകളുടെ വിചാരവഴികള്‍ തിരിച്ചറിവില്ല എന്നതാണ്‌ സത്യം. ആ വിരലുകള്‍ തിരിച്ചറിവുകളില്ലാതെ മണ്ണിലേക്കു മടങ്ങുമ്പോഴും ചങ്ങമ്പുഴ മരണമില്ലാത്ത കവിതയുമായി അങ്ങനെ..

ഏത്ര കവികളെയാണ്‌ ചങ്ങമ്പുഴക്കവിതകള്‍ പ്രലോഭിപ്പിച്ചിട്ടുള്ളത്‌! പ്രചോദിപ്പിച്ചിട്ടുള്ളത്‌! വയലാറും ഈയിടെ ജ്‌ഞാനപീഠം കേറിയ ഒ.എന്‍.വിയും വരെ അദേഹത്തിന്റെ മാറ്റൊലി കവികളായിരുന്നില്ലേ? ഇമ്മിണി ബല്യ ഒന്നിന്റെ സൃഷ്‌ടാവായ വൈക്കം മുഹമ്മദ്‌ ബഷീര്‍ അണ്‌ഡകടാഹം (ഇന്‍ഡ്യ) മുഴുവന്‍ അലഞ്ഞു തിരിച്ചു വന്നു മലയാളത്തിലുള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്നു വിലപിച്ചപ്പോള്‍ ചങ്ങമ്പുഴയുടെ കൃതികള്‍ വായിക്കുവാനായിരുന്നു പണ്‌ഡിതനായ കുറ്റിപ്പുറത്തു കൃഷ്‌ണപിള്ള സുല്‍ത്താനെ ഉപദേശിച്ചത്‌. ഇതാണു തിരിച്ചറിവ്‌! ഇതാണു കാലാതിവര്‍ത്തിയായ കാവ്യനന്മ!

മലയാളത്തിലെ നിരുപണശാസ്‌ത്രികളില്‍ പലരും ചങ്ങമ്പുഴയെ കാവ്യാധഃകൃതനെന്നു വിളിച്ചപ്പോള്‍ സാഹിത്യവാരഫലത്തിന്റെ പൊന്നായിരുന്ന പ്രൊഫ. കൃഷ്‌ണന്‍ നായര്‍ പറഞ്ഞു കാലത്തിലൂടെ ചങ്ങമ്പുഴ ഒരു വെള്ളി നക്ഷത്രമായി ഉദിച്ചുയരുമെന്ന്‌. ആ പ്രവചനം ഇപ്പോള്‍ നടക്കുകയാണ്‌. അല്ലെങ്കിലും നല്ല കവികള്‍ സ്വജീവിത കാലത്തു കണ്ണീരു കുടിക്കുന്നു. പിന്നീടവരെ സ്വര്‍ണ്ണക്കൂട്ടിലടയ്‌ക്കുന്നു. റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ കിടന്നു മരിച്ച ടോള്‍സ്റ്റോയി മുതല്‍ ഇരുപത്തിയാറാം വയസില്‍ ആത്‌മഹത്യയിലൂടെ രക്ഷ പ്രാപിച്ച ഇടപ്പള്ളി വരെ ഈ കൂട്ടിലുണ്ട്‌.


മരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ സാഹിത്യശാഖകള്‍ക്കുവേണ്ടി വിലപിക്കുവാനുള്ള സമയമായി. കണ്ണീരും കിനാവും വില്‌ക്കുവാന്‍ വന്ന സാഹിത്യകാരന്മാരല്ല ഇന്നു നമുക്കുള്ളത്‌. അക്ഷരങ്ങളെ അമ്മയ്‌ക്കു തുല്യം കണ്ടു പ്രണമിച്ച ജ്‌ഞാനികളായ നിരുപകശ്രേഷ്‌ഠരും നമുക്കില്ല! മലയാളസഹിത്യമങ്കയെ ആംഗലേയത്വത്തിന്റെ ജൗളിത്തരങ്ങള്‍ അണിയിച്ചു നിരത്തിലൂടെ പ്രദര്‍ശിപ്പിക്കുവാനുള്ള വ്യാജ ശ്രമം മാത്രമാണ്‌ നമുക്കു ചുറ്റും. ലാറ്റിനമേരിക്കന്‍ സാഹിത്യ ചുവയ്‌ക്കു ശേഷം ആഫ്‌റിക്കയിലെ കറുത്തവന്റെ കഥയനേഷിച്ചു നടക്കുന്നവര്‍ക്കു ഭാരതത്തിന്റെ ആധുനീകദുഖമറിയില്ല! അറിയാനുള്ള കെല്‍പ്പുമില്ല!

കണ്ണീരിന്റെ കടലും കാവ്യാനന്ദത്തിന്റെ ആകാശവുമായിരുന്ന പ്രിയപ്പെട്ട ചങ്ങമ്പുഴേ! മരണാനന്തരജീവിതത്തില്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) ഭൂമിയുടെ അറിവില്ലായ്‌മയില്‍ നിന്നും വേര്‍പെട്ടു പോയ മലയാളത്തിന്റെ പ്രിയ പ്രണയകവിക്കു പ്രണയത്തിന്റെ വീനസ്‌ ആശംസകള്‍!
ചങ്ങമ്പുഴ! പ്രിയപ്പെട്ട ചങ്ങമ്പുഴ? (ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക