Image

ഒരു അമേരിക്കൻ മലയാളിയുടെ അതിജീവന കഥ : പോൾ ചാക്കോ

Published on 08 July, 2022
ഒരു അമേരിക്കൻ മലയാളിയുടെ അതിജീവന കഥ : പോൾ ചാക്കോ

കൊളംബസ് പണ്ട് അമേരിക്ക കണ്ടുപിടിച്ചത് മലയാളികൾക്ക് വേണ്ടിയാണെന്ന് തോന്നും. കാരണം അത്രത്തോളം മലയാളികളാണ് ഇന്ന് നമ്മുടെ നാട്ടിൽ നിന്ന് സമ്പന്നതയുടെ ഈ പറുദീസയിലുള്ളത് . ''എന്നാൽ നാട്ടിലുള്ളവർ കരുതുന്നത്  പോലെ പാലും തേനും ഒഴുകുന്ന കാനാൻ ദേശമല്ല അമേരിക്കയെന്ന മലയാളികളുടെ സ്വപ്നഭൂമി.  പച്ച പിടിക്കണേൽ കഷ്ടപ്പെടണം, അദ്ധ്വാനിക്കണം, എല്ലു മുറിയെ പണിയെടുക്കണം'' . മുപ്പത് വർഷമായി അമേരിക്കയിൽ ജീവിക്കുന്ന പോൾ ചാക്കോ തന്റെ ജീവിതം പറയുന്നത്  വായിക്കൂ .

 

ങ്ങള്‍ അമേരിക്കയിൽ എത്തിയിട്ട് മുപ്പത് വർഷം തികഞ്ഞു.  ജീവിച്ചുതീര്‍ത്ത ആയുസ്സിന്‍റെ പകുതി.

ധാരാളം മോഹങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും പേറിയാണ് ഡൽഹി എയർപോർട്ടിൽ നിന്നും വിമാനം കേറിയത്. ജെ. എഫ്.കെയിൽ ലാൻഡ് ചെയ്യാൻ വിമാനം താഴ്ന്നു പറക്കുമ്പോൾ കാൽ ചുവട്ടിൽ ഞാൻ കണ്ടു ആ സ്വപ്നലോകം. അമേരിക്ക! ലോകത്തിലെ ഏറ്റം സമ്പന്നമായ രാജ്യം! ദി ലാൻഡ് ഓഫ് ഓപ്പർച്ചൂണിറ്റീസ്!  

എതിരേൽക്കാൻ അളിയനും (മരിച്ചുപോയ) ചേട്ടനും ഉണ്ടായിരുന്നു. ഇപ്പോഴും തറവാടായി കണക്കാക്കുന്ന ചേച്ചിയുടെ വീട്ടിലെത്തിയപ്പോൾ അമേരിക്കൻ ആഢംബരം ഞാൻ ശ്രദ്ധിച്ചു. ആളാംപ്രതി കാറുകൾ! എല്ലാ മുറിയിലും ടീവി. നാലുപേർക്ക് കിടക്കാൻ സ്ഥലമുള്ള വിശാലമായ പതുപതുത്ത മെത്തയുള്ള കട്ടിലുകൾ. പിള്ളാർക്ക് ഓരോരുത്തർക്കും മുറികൾ! കമ്പ്യൂട്ടറുകൾ! ഇഷ്ടംപോലെ ഭക്ഷണം! നാടനും അമേരിക്കനും 

ആദ്യത്തെ ഒരാഴ്ച ഹണിമൂൺ! പിന്നെയാണ് യാഥാർത്ഥ്യങ്ങളെ നേരിടാൻ തുടങ്ങിയത്. ഇന്ത്യയിൽ ബയോ ഡേറ്റ അല്ലെങ്കിൽ CV എന്നറിയപ്പെടുന്ന കരിക്കുലം വൈറ്റേക്ക് അമേരിക്കയിൽ പേര് റെസ്മേ (Resume) എന്നാണ്. അത് പ്രൊഫഷണലായി എഴുതി ഉണ്ടാക്കി തരുന്നവർ ധാരാളം പക്ഷെ ഫീസ് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങില്ലാതിനാൽ ഉള്ള പരിചയം വച്ച് തന്നത്താനെ ഒരെണ്ണം എഴുതിയുണ്ടാക്കി. പേരിനോടൊപ്പം ജന്മദിനവും വയസും വീട്ട്പേരും അപ്പന്റെ പേരും തൊഴിലുമൊന്നും ആവശ്യമില്ലാന്ന് വളരെ വൈകിയാണറിയുന്നത്. 

പഠിച്ച വിഷയത്തിന് പറ്റിയ ഒരു ജോലി സ്വപ്നം കണ്ടുവന്ന ഞാൻ മാസങ്ങളോളം ഓഫീസുകളിൽ കയറിയിറങ്ങി പക്ഷെ ആരുമൊരു ജോലി തന്നില്ല. അതോടെ കേരള യൂണിവേഴ്സിറ്റി സമ്മാനിച്ച എം.കോം ഡിഗ്രിയും ദുബായിൽ ആറുവർഷം ജോലി ചെയ്ത പരിചയവുമൊക്കെ ഇവിടെ വെറും വട്ടപ്പൂജ്യമാണെന്ന് മനസ്സിലായി.

മാർഗ്ഗം വേറെ ഒന്നും ഇല്ലാതിരുന്നതിനാൽ പിള്ളാരുടെ ടോയ് മൊത്തത്തിൽ വാങ്ങി വഴിയെ ചുമന്നോണ്ട് നടന്ന് ചില്ലറയിൽ വിൽക്കുന്ന പണി തുടങ്ങി. ആദ്യത്തെ ദിവസം എനിക്ക് കിട്ടിയ വരുമാനം എട്ട് അമേരിക്കൻ ഡോളർ. തരക്കേടില്ല പക്ഷെ രാവിലെ പോയി ചരക്കെടുക്കാനും അത് തലയിൽ ചുമന്ന് നടന്ന് വിൽക്കാനും അധിക ദിവസം സാധിച്ചില്ല. പുറത്തെ കത്തുന്ന ചൂടും വില്പനച്ചരക്കിന്റെ ഭാരവും അമിത അദ്ധ്വാനവും ശരിക്കും തളർത്തി. 

അങ്ങനെ ആ പണി വിട്ടു.

ഇവിടെ എത്തുമ്പഴേ നല്ലൊരു ജോലി കിട്ടും, എന്നിട്ട് ഭാര്യേം മോളേം കൊണ്ടോരാം എന്ന് കരുതിയെങ്കിലും അവരുടെ എൻട്രി ഡേറ്റ് എക്സ്പയർ ആകുന്ന ദിവസം അടുത്തുവന്നതിനാൽ വൈകിപ്പിക്കാതെ അവരേം കൊണ്ടുവന്നു. കൈയിൽ ആകെയുള്ളത് വെറും ആയിരത്തി ഇരുനൂറ് ഡോളർ. വരുമാനമില്ല, ചിലവുകൾ മാത്രം.

സൂപ്പർ മാർക്കറ്റിൽ രാത്രി ഷെൽഫുകൾ ഫിൽ ചെയ്യാൻ ഒരാളെ വേണമെന്ന് പരസ്യം കണ്ട് നേരിട്ടുപോയി അപേക്ഷിച്ചു. അത് കിട്ടി. രാത്രി പത്തിന് തുടങ്ങി രാവിലെ ആറിന് തീരുന്ന ജോലി. സ്വന്തമായി ഒരു വണ്ടിയില്ലാത്തതിനാൽ മഞ്ഞിലും മഴയിലും ബസ് പിടിച്ചു പോണം. ദുരിതമെന്ന് പറഞ്ഞാൽ ദുരിതം പക്ഷെ ജീവിക്കണ്ടെ? മൂന്ന് വയറുകൾ നിറയണ്ടെ. 

മകൾ ഉണരുമ്പോൾ ഞാൻ ഉറങ്ങാൻ കിടക്കും. അവൾ ഉറങ്ങിക്കഴിയുമ്പോൾ ഞാൻ ഉണരും. അങ്ങനെ മാസങ്ങൾ മുന്നോട്ട് പോയി. 

അമേരിക്കയിൽ റിസഷൻ വ്യാപിച്ച കാലം. ക്ലിന്റൺ അധികാരമേറ്റു പക്ഷെ ഇക്കോണമി മെച്ചപ്പെടാൻ പിന്നെയുമെടുത്തു വർഷങ്ങൾ. അതിനിടയിൽ സ്റ്റോക്ക് ബോയ്, സെയിൽസ് മാൻ, പാർട്ട്-ടൈം ബാങ്ക് ക്ലാർക്ക്, ഫോൺ അറ്റൻഡർ, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ നിരവധി ജോലികൾ. വെളുപ്പിനെ അഞ്ചിന് വീട് വിട്ടാൽ തിരികെ എത്തുന്നത് രാത്രി പത്തിനും പതിനൊന്നിനും. മഞ്ഞു മൂലം ലൈൻ ബസുകൾ ഓടാത്ത ദിവസ്സങ്ങളിൽ മൈലുകൾ നടന്നു വീടെത്തിയ രാത്രികൾ. 

ഒരു ബ്രേക്ക് കിട്ടിയത് 1994 - ൽ ഒരു സെക്കൻഡ് ഹാൻഡ് കാർ മേടിക്കാൻ തീരുമാനിച്ചതോടെ ആയിരുന്നു. ചേച്ചി ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു കാർ ഉടമസ്ഥ. പരിചയപ്പെട്ടപ്പോൾ എൻ്റെ കമ്പ്യൂട്ടർ പരിജ്ഞാനവും ജോലി പരിചയവും വിദ്യാഭ്യാസ യോഗ്യതകളും അവർക്ക് ബോധിച്ചു. ചെന്ന് കാണാൻ പറഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല പക്ഷെ പിറ്റേന്ന് തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞപ്പോൾ തരിച്ചിരുന്നു പോയി. 

സ്വന്തം മുറിയിൽ കറങ്ങുന്ന കസേരയിൽ കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നുള്ള ജോലി. സ്വന്തം ഫോൺ ലൈൻ. തരക്കേടില്ലാത്ത ശമ്പളം. മൈ ഡ്രീം ജോബ്. 

അവിടെ പച്ചപിടിച്ചു വന്നപ്പോഴാണ് അഹങ്കാരം തലക്ക് പിടിച്ചത്. ഒരു സർക്കാർ ജോലി വേണം. പിന്നെ താമസിച്ചില്ല, പരീക്ഷയെഴുതി റിസൾട്ട് വന്നു റാങ്ക് ലിസ്റ്റിലുണ്ട്. മകൻ പിറക്കുന്ന ദിവസ്സമാരുന്നു അഭിമുഖം. ഭാര്യ ലേബർ റൂമിൽ കിടക്കുമ്പോഴും കൃത്യനിഷ്ടയോടെ ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ എന്നെ അവർ അത്ഭുതത്തോടെ ആണ് നോക്കിയത്. എനിക്ക് ജോലി ഓഫർ ചെയ്യാൻ അതൊരു കാരണമായിരുന്നിരിക്കണം പക്ഷെ ഇന്ത്യക്കാരെ പുശ്ചത്തോടെ മാത്രം കണ്ടിരുന്ന ഒരു വെള്ളക്കാരിയുടെ കീഴിൽ അധികകാലം പിടിച്ചു നിൽക്കാൻ പറ്റിയില്ല. അവരുടെ ശുപാർശയിൽ എന്നെ ഓഫീസിൽ നിന്നും ഫയറു ചെയ്തു എങ്കിലും മറ്റൊരു സർക്കാർ ജോലി എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ഒരു പേയ്റോൾ ക്ലർക്ക് തസ്തിക. അതുവരെ ചെയ്തിട്ടില്ലാത്ത ജോലി ആണെങ്കിലും ഞാൻ പെട്ടെന്ന് ജോലി പഠിച്ചു. നല്ല ശമ്പളം, അരമണിക്കൂർ ഡ്രൈവ്, ട്രാഫിക്ക് കുറവ്, നല്ല സഹപ്രവർത്തകർ! ഈ ജോലി കഴിഞ്ഞു രണ്ടാമതൊരു ജോലിക്ക് പോകാനും സമയമുണ്ട്. 

ഒരു പുതിയ വണ്ടി ഞാൻ മേടിക്കുന്നത് ഈ ജോലി കിട്ടിയതിന് ശേഷമാണ്. ഒരു ജീപ്പ് ചെറോക്കി. 

രണ്ടു - രണ്ടര വർഷം കഴിഞ്ഞപ്പോൾ തിന്നത് എല്ലിനിടയിൽ കുത്താൻ തുടങ്ങി. അങ്ങനെയാണ് പതിനാറായിരം ഡോളർ കൂടുതൽ വാഗ്ദാനം ചെയ്യപ്പെട്ട മുൻ പരിചയമില്ലാത്ത ഫീൽഡിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നത്. ചെയ്ത മണ്ടത്തരത്തിൻ്റെ വ്യാപ്തി മനസ്സിലാകാൻ ഒരാഴ്ച മതിയായിരുന്നു. എല്ലാമറിയാമെന്ന ഭാവത്തോടെ ജോലിയിൽ പ്രവേശിച്ചെങ്കിലും ജോലിയിൽ വേണ്ട പരിജ്ഞാനം ഇല്ലാന്ന് കമ്പനിക്ക് മനസ്സിലാകാൻ അധികസമയം വേണ്ടിവന്നില്ല. പരിശീലന കാലാവധി തീരും മുമ്പേ അവരെന്നെ പറഞ്ഞുവിട്ടു.  

ഞാൻ വീണ്ടും തൊഴിൽരഹിതനായി.

മനസ്സും ശരീരവും തളർന്നു. കൈയിൽ മിച്ചമൊന്നും ഇല്ല. അജിയെ എന്തേലും ജോലിക്ക് വിടാമെന്ന് വച്ചാൽ മോനെ നോക്കാൻ ആളില്ല. മകൾ അഞ്ചിലൊ ആറിലോ മറ്റൊ പഠിക്കുന്നു. 

അപ്പോഴാണെനിക്ക് ഫീൽഡൊന്നു മാറ്റിപ്പിടിക്കാൻ തോന്നിയത്. കമ്പ്യൂട്ടർ മേഖലയിൽ തൊഴിൽ സാധ്യത വർദ്ധിച്ചു വരുന്നു. ലോൺ എടുത്ത് അടുത്തൊരു കോളജിൽ Client/Server Programming - ന് ചേർന്നു. മുണ്ട് മുറുക്കിയുടുത്ത് ആറു മാസം കൊണ്ട് കോഴ്സ് പൂർത്തിയാക്കി. പിന്നെയും ജോലി തെണ്ടൽ. രണ്ടിടത്ത് ജോലി കിട്ടിയെങ്കിലും പ്രവർത്തന പരിചയക്കുറവ് കൊണ്ട് അധികം പിടിച്ചു നിന്നില്ല. പുറകെ പുറകെ മൂന്ന് ജോലി കിട്ടിയെങ്കിലും പ്രവർത്തി പരിചയക്കുറവ് കാരണം എല്ലാരും എന്നെ ചവിട്ടി പുറത്താക്കി.

നിനച്ചിരിക്കാതെയാണ് എനിക്ക് അടുത്ത ജോലി കിട്ടുന്നത്. 1998 -ൽ. ഹെൽപ്പ് ഡെസ്ക്ക് ആണ്. അധികം ജോലിയില്ല. മുപ്പതിനായിരം ഡോളർ ശമ്പളം. ധാരാളം പഠിക്കാനുള്ള അവസരം. പക്ഷെ good things never last എന്നാണല്ലോ. Y2K - യുടെ ആ ആരവം കെട്ടടങ്ങി എട്ടാം മാസത്തിൽ കമ്പനി പൂട്ടി. രണ്ടുമാസത്തെ ശമ്പള കുടിശ്ശികയുമായി ഞാൻ വീണ്ടും തൊഴിൽ രഹിതൻ. 

പിന്നുള്ള രണ്ടു വർഷങ്ങൾക്കുള്ളിൽ മൂന്നിടത്ത് ജോലി ചെയ്‌തെങ്കിലും അവയെല്ലാം ആറേഴു മാസങ്ങൾ കൊണ്ട് പാപ്പരായി പൂട്ടിക്കെട്ടി. അത്രക്കും ഐശര്യമായിരുന്നു എനിക്ക്. നാലാമത്തെ കമ്പനി മറ്റൊരു കമ്പനിയുമായി മേർജ് ചെയ്തപ്പോൾ എനിക്കവർ നോട്ടീസ് നൽകി പക്ഷെ പാർട്ട് ടൈം കൺസൾറ്റന്റായി എനിക്കവിടെ ഇപ്പോൾ ചെയ്യുന്ന ജോലിയുടെ കൂടെ ആറു വർഷം കൂടി ജോലി ചെയ്യാൻ സാധിച്ചു. അങ്ങനെയാണ് നാൽപ്പത്തിനായിരത്തോളം ഡോളർ  കടമുണ്ടായിരുന്ന ഞങ്ങൾക്ക് അത് മുഴുവൻ തിരിച്ചടച്ച് നഷ്ട്ടപ്പെട്ടു പോയ ക്രെഡിറ്റ് സ്‌കോർ തിരിച്ചു പിടിക്കാൻ പറ്റിയത്.

ഇപ്പോൾ ന്യൂ യോർക്ക് സിറ്റിയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി കഴിഞ്ഞ ആറര വർഷമായി ജോലി ചെയ്യുന്നു. ഇവര് പറഞ്ഞുവിട്ടാൽ അല്ലാതെ ഇനി വേറൊരു ജോലി ഞാൻ അന്വേഷിക്കാൻ പോണില്ല. അമ്മച്ചിയാണേ സത്യം! 

വിദേശ രാജ്യങ്ങളിൽ വാസം ഉറപ്പിക്കാൻ പോയ മിക്കവരുടെയും കഥകളുമായി എന്റെ ഈ അനുഭവങ്ങൾക്ക് സാമ്യമുണ്ട്. ഇതിലും കൂടുതൽ അനുഭവിച്ചവർ ധാരാളം. ശാരീരിക/സാമ്പത്തിക വൈഷമ്യങ്ങൾ മാത്രേ ഞാൻ വിവരിച്ചിട്ടുള്ളു പക്ഷെ അതിനൊക്കെ മുകളിലാണ് മാനസിക/വൈകാരിക വൈഷമ്യങ്ങൾ. എത്ര പേരുടെ മുൻപിൽ ചെറുതായി, ആരുടെ ഒക്കെ പരിഹാസം സഹിച്ചു, ആരുടെ ഒക്കെ മുൻപിൽ അഭിമാനം അടിയറവ് വച്ചു, നാണം കെട്ടു, എത്രമാത്രം ഒതുങ്ങി, വഴക്ക് കേട്ടു, ഓച്ഛാനിച്ചു നിന്നു. പണം തികയാത്തതിനാൽ വാങ്ങാനെടുത്ത ഭക്ഷണസാധനം തിരികെ വച്ചിട്ടുണ്ട്. രാത്രി ഒൻപത് കഴിഞ്ഞാൽ ഒരു ഡോളറിന് കിട്ടുന്ന ചിക്കന് വേണ്ടി കാത്ത് നിന്നിട്ടുണ്ട്. ആളുകൾ വാങ്ങി കഴിക്കുന്ന ഭക്ഷണം കണ്ട് കൊതി വിട്ടിട്ടുണ്ട്. ജോലിയുടെ ഭാഗമാണെങ്കിലും ടോയ്‌ലറ്റ് വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട്, 

അമേരിക്കയിൽ തന്നെ കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ പതിനെട്ട് സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇപ്പോഴുള്ള ജോലിയിൽ നിന്നും പെട്ടീലോട്ട് എടുക്കണ വരെ ഇവിടെ തന്നെ കൂടാമെന്ന് കരുതുന്നു. കാരണം ഇപ്പോൾ ചെയ്യുന്ന ജോലി എനിക്കിഷ്ടമാണ്. അങ്ങനെ മനസ്സുനിറഞ്ഞു പറയാൻ സാധിക്കുന്നത് തന്നെ ഒരു വല്യ കാര്യമല്ലേ. അതും "ഐ ഹേറ്റ് മൈ ജോബ്" എന്ന് പറയുന്നവർ ധാരാളമുള്ള ഈ കാലഘട്ടത്തിൽ.  

ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ ജന്മനാട് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തെക്കാൾ വളരെയേറെ ഈ രാജ്യം എനിക്ക് സംരക്ഷണം നൽകുന്നതിനാൽ  ഇവിടെ ഒരു പൗരനായി ജീവിക്കാൻ എനിക്ക് പേടിയില്ല.
ദുരിതങ്ങളും കഷ്ടപ്പാടുകളും വിഷമങ്ങളും പീഢകളും ഒക്കെ ഒന്നിന് പുറകെ ഒന്നായി വന്നപ്പോൾ ജീവിതം വെറുത്ത ഞാനിപ്പോൾ ജീവിതത്തെ വല്ലാതെ സ്നേഹിക്കാനും ആസ്വദിക്കാനും തുടങ്ങിയിട്ടുണ്ട്  

Join WhatsApp News
Sudhir Panikkaveetil 2022-07-08 13:59:49
ശ്രീ പോൾ ചാക്കോ എന്ന് കണ്ടപ്പോൾ ഉത്സാഹത്തോടെ തുറന്നു. കാരണം മിക്കപ്പോഴും ഫലിതരസപ്രധാനമായിരിക്കുമല്ലോ. ഇത് അനുഭവവിവരണമെങ്കിലും ഇടക്കൊക്കെ നർമ്മ മേമ്പൊടി ഉണ്ട്. അവസാന പാരഗ്രാഫിൽ ഒരു വലിയ സത്യവും.."ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ ജന്മനാട് വാഗ്ദാനം ചെയ്യുന്ന സുരക്ഷതിത്വത്തെക്കാൾ വളരെയേറെ ഈ രാജ്യം എനിക്ക് സംരക്ഷണം നൽകുന്നതിനാൽ ഇവിടെ ജീവിക്കാൻ എനിക്ക് പേടിയില്ല. നാട്ടിൽ പോയാൽ കഴുത്ത് എപ്പോൾ പോയി എന്ന് ചോദിച്ചാൽ മതിയെന്ന ഭീതിയിലാണ് മിക്കവരും. വളരെ നന്നായി. നർമ്മക്കുറിപ്പുകൾ വൈകാതെ തുടരുക.. നന്മകൾ, ആശംസകൾ നേരുന്നു.
Thambi 2022-07-09 15:07:09
Great.There is something more in you than I could read. I felt that I wanted to meet you.All the best, Good Luck.
Varughese Abraham Denver 2022-08-03 13:23:16
Lot of ' new generation ' won't understand this. I was also under the impression that this article also will have a tinge (still have some) of humor but you have the gut to express your American life story in a nutshell. Hey bro, you went only 10 percent of what I have gone through ( you have to come here as a student to really know the 'American glittering life') still it is too much for a desi boy . Hey, look at the end; finally you have got it made. Congratulations my friend! I thought about writing this but I didn't know where to start and how to end it. Not only that neither will people take time to read it, nor do they believe it!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക