Image

ഓരോരോ ജന്മങ്ങള്‍....... (ബാബു പാറയ്ക്കല്‍ : നടപ്പാതയില്‍ ഇന്ന്-44)

ബാബു പാറയ്ക്കല്‍ Published on 19 July, 2022
ഓരോരോ ജന്മങ്ങള്‍....... (ബാബു പാറയ്ക്കല്‍ :  നടപ്പാതയില്‍ ഇന്ന്-44)

 
"എന്താടോ, ഇയ്യാള്‍ എവിടെയാരുന്നു? കുറെ നാളായല്ലോ കണ്ടിട്ട്?"
"കുറച്ചു ദിവസങ്ങള്‍ ഞാന്‍ ഇവിടെയില്ലാരുന്നു. ഇപ്പോള്‍ തിരിച്ചു വന്നപ്പോഴല്ലേ ഇവിടത്തെ സംഭവങ്ങളൊക്കെ അറിയുന്നത്."
"വെറും സംഭവങ്ങളല്ലടോ, ബഹുലമായ സംഭവ വികാസങ്ങള്‍! സജി ചെറിയാന്‍ കട്ടയും പടവും എടുത്തു വീട്ടില്‍ പോയി. എ.കെ.ജി. സെന്ററില്‍ ന്യൂക്ലിയര്‍ ബോംബെറിഞ്ഞു. ശ്രീലേഖ മാഡം ദിലീപിന്റെ കേസ് തീര്‍പ്പാക്കി ഇരയായവളുടെ കാര്യം തീരുമാനമാക്കി. എം. എം. മണി കെ.കെ. രമ എന്ന എം. എല്‍. എ യെ പുകഴ്ത്തിയത്. ഇതാ, ഒടുവില്‍ ഇപ്പോള്‍ ആന്റണി രാജു ആരുടെയോ അടിവസ്ത്രം അടിച്ചു മാറ്റിയ കഥയും! പോരേ പൂരം!"
"അല്ല പിള്ളേച്ചാ, ഈ സജി ചെറിയാനു മന്ത്രി സ്ഥാനം പോയത് അയാളുടെ കയ്യിലിരിപ്പു കൊണ്ടാണ് എന്ന് പറയാം. ചെങ്ങന്നൂര്‍കാര്‍ പറയുന്നത് തെരഞ്ഞെടുപ്പിന് നിന്ന സജി ചെറിയാനല്ലത്രേ അദ്ദേഹം ഇപ്പോള്‍! അഹങ്കാരത്തിനു കാലും കയ്യും വച്ചാല്‍ എന്ത് ചെയ്യുമെന്നാണ് അവര്‍ ചോദിക്കുന്നത്. ഇനിയും എം.എല്‍.എ സ്ഥാനവും പോകുമോ ആവോ?"
"സാധ്യത കുറവാണെടോ. ഇപ്പോള്‍ മറ്റു പല സംഭവങ്ങളായപ്പോള്‍ പ്രതിപക്ഷം അക്കാര്യം മറന്നെന്നു തോന്നുന്നു."
"അതിലും പ്രധാനപ്പെട്ടതല്ലേ എ.കെ.ജി. സെന്ററില്‍ ഉണ്ടായ അതിഭീകര ബോംബ് സ്‌ഫോടനം! ശ്രീമതി ടീച്ചര്‍ പറഞ്ഞത് അതിഭീകരമായ സ്‌ഫോടനത്തിന്റെ ശബ്ദത്തില്‍ ആ കെട്ടിടം കുലുങ്ങി വിറച്ചെന്നാണ്."
"അനന്തപുരി കിടുങ്ങി വിറച്ചെടോ. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ 'ബി' നിലവറയിലുള്ള സ്വര്‍ണ്ണശേഖരത്തിലെ ആഭരണങ്ങള്‍ പലതും ഇതുമൂലം അപ്രത്യക്ഷമായിട്ടുണ്ടോ എന്ന് ഇപ്പോഴത്തെ പോലീസിനെക്കൊണ്ടു തന്നെ  അന്വേഷിപ്പിക്കണം. കണ്ണൂരില്‍ പലര്‍ക്കും ഈ കുലുക്കം അനുഭവപ്പെട്ടു. പലരും കരുതിയത് ഇതൊരു ഭൂചലനം ആയിരുന്നെന്നാണ്. ന്യൂക്ലിയര്‍ ബോംബ് ആയിരുന്നോ എന്നൊരു സംശയവും ഉണ്ടായിരുന്നു. എന്നാല്‍ ബോംബിന്റെ ടെക്‌നോളജിയില്‍ വിദഗ്ദ്ധരായവര്‍ പറഞ്ഞത് അതൊരു സ്റ്റീല്‍ ബോംബ് ആയിരുന്നെന്നാണ്. ഏതായാലും നമ്മുടെ വിദഗ്ദ്ധരായ പോലീസുകാര്‍ അന്വേഷിക്കട്ടെ. അമേരിക്കന്‍ സെസ്മിയോളജി ഡിപ്പാര്‍ട്‌മെന്റ് ഈ സ്‌ഫോടനത്തെപ്പറ്റി രേഖപ്പെടുത്തിയ ഗ്രാഫ് പരിശോധിക്കാന്‍ ശിവശങ്കറിന്റെ മേല്‍നോട്ടത്തില്‍ ഒരു സംഘത്തെ അമേരിക്കയിലേക്കയക്കാനും ആലോചിക്കുന്നുണ്ട്."
"അതെന്തെങ്കിലുമാകട്ടെ. എന്നെ അത്ഭുതപ്പെടുത്തിയത് ആ ശ്രീലേഖ മാഡം കാണിച്ച പണിയാ. എന്താ പിള്ളേച്ചാ, ഈ അതിജീവിതയുടെ ജീവിതം ദുസ്സഹമാക്കുന്നതും സ്ത്രീ തന്നെയാണല്ലോ. ഇനിയെന്താവും ഗതി?"
''എടോ, ഇടി വെട്ടിയവനെ പാമ്പ് കടിച്ചു' എന്ന് കേട്ടിട്ടില്ലേ, അതാണ് ഇപ്പോള്‍ സംഭവിച്ചത്! ഈ പാമ്പും സ്ത്രീയും തമ്മിലുള്ള ബന്ധം ഏദന്‍ തോട്ടം മുതലേയുള്ളതല്ലേ?"
"എന്നാലും ആ ശ്രീലേഖ മാഡം തന്നെ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്ത് ചെയ്യും? കോടതിയുടെ മുന്‍പില്‍ കൂലങ്കഷമായി തലനാരിഴ കീറി പരിശോധിച്ചു വിചാരണ നടത്തുന്ന ഒരു കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കി ഒറ്റയടിക്കു തീര്‍പ്പു കല്‍പ്പിക്കാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു?"
"അത് തന്നെയാണ് അതിന്റെ കാരണം. സരിത ഇതു പറഞ്ഞാല്‍ അതില്‍ കഴമ്പില്ല എന്ന് കൊടതിയും പറഞ്ഞേക്കാം. പക്ഷേ, ശ്രീലേഖയെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്ന ആള്‍ പറയുമ്പോള്‍ അത് കോടതിയെപ്പോലും ആശയക്കുഴപ്പത്തിലാക്കിയേക്കാം."
"അപ്പോള്‍ ശ്രീലേഖയും സരിതയുടെ നിലവാരത്തിലേക്കു വന്നു എന്നാണോ അര്‍ഥമാക്കുന്നത്?"
''അതിലും താഴെയായിപ്പോയെടോ. അല്ലെങ്കില്‍ പിന്നെ സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അവര്‍ വേട്ടക്കാരന് തിര നിറച്ചു കൊടുക്കുമോ?"
"അവര്‍ അവരുടെ യൂട്യൂബ് ചാനലിന് റേറ്റിംഗ് കൂട്ടാന്‍ ഒരു രസത്തിനു കാണിച്ച അടവായിട്ടു കണ്ടു കൂടേ?"
"യൂട്യൂബില്‍ നിന്ന് കിട്ടുന്ന പ്രതിഫലത്തേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള വഴി വേറെ എന്തെല്ലാം ഉണ്ടായിരുന്നു! അതിന്റെ സമയമൊക്കെ കഴിഞ്ഞു പോയെങ്കിലും. അതായിരുന്നു ഇതിലും ഭേദം. കഷ്ടം!''
"അതുപോലെ തന്നെയല്ലേ എം. എം. മണി ശ്രീമതി കെ.കെ. രമയെപ്പറ്റി പറഞ്ഞതും. അതും ഒരു സ്ത്രീയെ അല്ലേ അപമാനിച്ചത്? അല്‍പമെങ്കിലും സംസ്‌കാരമുള്ളവര്‍ അങ്ങനെയൊക്കെ പറയുമോ?"
"മണി ആശാന്റെ സംസ്‌കാര നിലവാരം അറിയാവുന്നതല്ലേ? പാര്‍ട്ടിയുടെ അനീതിക്ക് കൂട്ട് നില്‍ക്കാത്ത ഭര്‍ത്താവിനെ 51 വെട്ടു വെട്ടി കഷണങ്ങളാക്കി പൊതിഞ്ഞു കെട്ടി മുന്‍പില്‍ കൊണ്ടിട്ടു പറയുകയാണ്, വിധവയായതു വിധിയാണെന്ന്. എന്ത് മനസ്സാക്ഷിയാണ് ഇവര്‍ക്കൊക്കെ? നിയമസഭയിലേക്ക് ഭര്‍ത്താവിന്റെ നാവായി അവരെ തെരഞ്ഞെടുത്തു വിട്ട ജനങ്ങളെയെങ്കിലും ബഹുമാനിക്കണ്ടേ!"
"മണിയുടെ പ്രസ്താവന മുഖ്യമന്ത്രി ശരി വയ്ക്കുകയും ചെയ്തല്ലോ."
"കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി!"
"എല്ലാ കാര്യത്തിലും നമ്മുടെ മുഖ്യന്‍ അങ്ങനെയാണല്ലോ. വാ പൊളിക്കില്ലെന്നു വാശിയല്ലേ?"
"ഹേയ്, അങ്ങനെ പറയാന്‍ പറ്റില്ലെടോ. ആധികാരികമായി മാത്രമല്ലേ അദ്ദേഹത്തിനു പ്രസ്താവന നടത്താനാവൂ. അല്ലാതെ വിവരമില്ലാതെ വല്ലതും വിളിച്ചു പറയാനാകുമോ?"
"എങ്കില്‍ പിന്നെന്താ പിള്ളേച്ചാ, സ്വര്‍ണ്ണക്കടത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മൗനം?"
"അക്കാര്യം സരിത പത്രസമ്മേളനം നടത്തി അറിയിച്ചില്ലേ, എല്ലാം ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്നും ജയിലില്‍ വച്ച് അവര്‍ അതിനു സാക്ഷിയായിരുന്നെന്നും. ഉടനെ തന്നെ നടപടിയുണ്ടായില്ലേ? എല്ലാത്തിനെയും തൂത്തുപെറുക്കിയെടുത്ത് അകത്തിട്ടില്ലേ? ഇനിയെന്തു മറുപടിയാണ് വേണ്ടത്?"
"ഇപ്പോഴെന്താ പിള്ളേച്ചാ, മന്ത്രി ആന്റണി രാജുവിന്റെ പ്രശ്‌നം?"
"എടോ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വിദേശി അയാളുടെ അടിവസ്ത്രത്തില്‍ വച്ച് ലഹരിമരുന്നു കടത്തി. പോലീസ് കേസാക്കി. അയാളെ പത്തു വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ ഈ ആന്റണി രാജു ആയിരുന്നു അയാളുടെ ഒരു അഭിഭാഷകന്‍. അന്ന് ആ പ്രതിയെ സഹായിക്കാനായി കോടതിയിലിരുന്ന അയാളുടെ അടിവസ്ത്രം അവിടെ നിന്നും അടിച്ചു മാറ്റി വെട്ടിച്ചുരുക്കി കൃത്രിമം കാണിച്ചു കോടതിയെ കബളിപ്പിച്ചു പ്രതിക്ക് അനുകൂലമായ വിധി കൈവശപ്പെടുത്തി. നീതിശാസ്ത്രത്തിന്റെ അപ്പോസ്‌തോലനായി സത്യപ്രതിജ്ഞ ചെയ്യുന്ന അഭിഭാഷകന്‍ തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ച ഗുരുതരമായ കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തത്. എന്നിട്ടിപ്പോള്‍ മന്ത്രിയായി വിലസുന്നു!"
"മുഖ്യമന്ത്രി അദ്ദേഹത്തെക്കൊണ്ട് രാജി വയ്പിച്ചിട്ടു നിയമസഭയില്‍ ആധികാരികമായി പ്രസ്താവന നടത്തേണ്ടതല്ലേ, പിള്ളേച്ചാ?"
"എടോ, ആധികാരികമായി പ്രസ്താവന നടത്തണമെങ്കില്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. സരിത നാളെ പത്രസമ്മേളനം വിളിച്ചിട്ടു പറയണം, "ജയിലില്‍ വച്ച് ഞാന്‍ ആ അടിവസ്ത്രം കണ്ടതാണ്. അതിനു മന്ത്രി ആന്റണി രാജുവിന് യാതൊരു പങ്കുമില്ല. അത് എന്റെ അടിവസ്ത്രം ആയിരുന്നു. അത് എന്റെ അളവില്‍ വെട്ടിച്ചുരുക്കി തയ്പ്പിച്ചു തന്നത് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സാറിന്റെ മന്ത്രിസഭയിലെ ഒരാളാണ്. തെളിവ് എന്റെ പക്കല്‍ ഉണ്ട്. അതിന്റെ വീഡിയോ ക്ലിപ്പിംഗ് നാളെ ഞാന്‍ പുറത്തു വിടുന്നതായിരിക്കും' എന്ന്. അതോടെ അന്വേഷണ കുതുകികളായ മാധ്യമങ്ങളുടെ ആവേശവും തീരും. പോരെങ്കില്‍ നമ്മുടെ ശ്രീലേഖ മാഡത്തിനെക്കൊണ്ട് അത് നൂറു ശതമാനം ശരിയാണെന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് കൂടി കൊടുത്താല്‍ പോരേ?"
"ഇങ്ങനെ ഓരോ ജന്മങ്ങളുണ്ടെങ്കില്‍ പിന്നെ എന്ത് വേണം? എന്തായാലും പല പ്രശ്നങ്ങളാണല്ലോ മുഖ്യനെ വിടാതെ പിന്തുടരുന്നത്."
"എടോ, അതുകൊണ്ടു സ്വര്‍ണം ഇപ്പോള്‍ പുതപ്പിനടിയിലായില്ലേ?'
"അതു ശരിയാ. അപ്പോള്‍ ഇനിയും പലതും പ്രതീക്ഷിക്കാം."
"എങ്കില്‍ പിന്നെ കാണാമെടോ."
"അങ്ങനെയാകട്ടെ പിള്ളേച്ചാ."

Join WhatsApp News
റെജി ഫിലിപ്പ് 2022-07-19 13:35:27
എല്ലാ വിഷയവും നന്നായി കവർ ചെയ്തു.
DAVID 2022-07-19 18:35:20
ബാബു ചേട്ടാ നിങ്ങൾ അണ ഫയർ ,മുത്തുച്ചിപ്പി ,സിനിമാമംഗളം ,മറ്റു ഇക്കളി വീക്ക് ...നല്ല ഭാഷ ...SC/ST കാര് മതം മാറി ക്രിസ്റ്റൺ ആയ പോലെ ഉണ്ട് ...മലയാളത്തിൽ നീല ചിത്രം പിടിച്ച പോലെ ഉണ്ട് ബാബു അണ്ണാ ...മലയാളത്തിൽ വലിയ ജാനാം ഇല്ല അല്ലെ എം ല് എ മണി പറ ഘത്തിന്റ അര്ത്ഥം മനസിലയാളില്ല ഫയർ ബാബുവിന് ...രമ ഇനി ദേവി ആണ് എന്ന് എഴുതി പോകും ബാബുവേട്ടൻ ...അമ്പിളി മാമനാ കാണുമ്പോൾ പട്ടികകൾ ഓലിയിടാറുണ്ട് വൃഥാ ഒരു രസം ....പിണറായി വിജയനെ നോക്കി കുരച്ചോ അങ്ങനാ നിർവർത്തി അടയു ബാബുവേട്ടാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക