Image

റിയാസേ,  താങ്കളാണ് അടുത്ത മുഖ്യമന്ത്രി ; നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 08 August, 2022
റിയാസേ,  താങ്കളാണ് അടുത്ത മുഖ്യമന്ത്രി ; നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

പിണറായി ഇച്ഛിക്കുന്നതും വോട്ട് ചെയ്യുന്നവര്‍ കല്‍പിക്കുന്നതും ഈ തലക്കെട്ട് തന്നെ . റിയാസേ , താങ്കള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താത്തത് എന്താണ് ? റോഡിലെ കുഴി നന്നാക്കിയിട്ട് മതി ടോള്‍ പിരിവെന്ന് റിയാസ് പറയേണ്ട സമയത്ത് സ്‌ട്രോങ്ങായി പറയേണ്ടേ ? കുട്ടാ ... ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടത് ഒരു ആക്ഷന്‍ ഹീറോയാണ് ഉടനടി തീരുമാനമെടുക്കുന്ന ഒരു മിടുക്കന്‍ മന്ത്രി . റിയാസേ , പ്ലീസ് താങ്കള്‍ ഞങ്ങളുടെ പ്രതീക്ഷക്ക് ഒത്തു ഉയരൂ ... ഞങ്ങള്‍ അങ്ങയെ 'അര്‍ജുനാ' എന്നുറക്കെ വിളിച്ചോട്ടെ ...

റോഡ് നന്നാക്കിയില്ലെങ്കില്‍ ടോള്‍  പ്ലാസയിലെ പണപ്പിരിവ് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ട് . മന്ത്രി റിയാസ് കളക്ടര്‍ ഹരിത മാഡത്തോട് ഒന്ന് വിളിച്ചു പറഞ്ഞാല്‍ മതി കാര്യം നടക്കും . ഇത്രയൊക്കെ ഒച്ചപ്പാട് ഉണ്ടായിട്ടും മന്ത്രിയുടെ ഫോണ് ശബ്ദിച്ചില്ല . നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ടോള്‍ പ്ലാസക്കാര്‍ വഴങ്ങി . 24 മണിക്കൂറിനകം റോഡിലെ എല്ലാ പാച്ച് വര്‍ക്കും ചെയ്യാമെന്ന് ഉറപ്പും അവര്‍ വാങ്ങി ഇതൊന്നും റിയാസ് അറിയുന്നില്ലേ ? 

റിയാസേ , താങ്കളില്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട് . പിണറായിയുടെ  മകള്‍ വീണയുടെ കെട്ട്യോന്‍  ആയത്  കൊണ്ടല്ല , ചൊറു ചൊറുക്കുള്ള നല്ലൊരു ഡി.വൈ.എഫ്.ഐക്കാരനായ ചെറുപ്പക്കാരനായത് കൊണ്ടാണ് . ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ താങ്കള്‍ കാണിക്കുന്ന ഉത്സാഹം , ഓരോ കാര്യത്തിലും താങ്കള്‍ തുടരുന്ന ഫോളോ അപ്പ് , ഓരോ വര്‍ക്കിലും താങ്കളുടെ സൂക്ഷ്മമായ നിരീക്ഷണം , ഉടനടിയെടുക്കുന്ന തീരുമാനങ്ങള്‍ , സര്‍വോപരി എല്ലാറ്റിലും താങ്കള്‍ വരുത്താന്‍ ശ്രമിക്കുന്ന സുതാര്യത - ഇതെല്ലാം ഞങ്ങള്‍ക്ക് ഇഷ്ടമാണ് . മാത്രമല്ല , കോടിയേരി സഖാവ് സൂചിപ്പിച്ചത് പോലെ മുസ്ലിം സമുദായത്തില്‍ നിന്നും ഒരാള്‍  മുഖ്യമന്ത്രിയാകുന്നതും ഞങ്ങള്‍ക്ക് സന്തോഷം . പക്ഷെ , റോഡുകളിലെ കുഴികളുടെ കാര്യത്തില്‍ മാത്രം താങ്കള്‍ (മന്ത്രിസഭയിലെ അര്‍ജ്ജുനന്‍ എന്ന് വിശേഷിപ്പിച്ചുവല്ലോ) വജ്രായുധം പ്രയോഗിക്കാത്തതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട് . പിന്നെ റിയാസേ , സംവാദങ്ങളിലോ പ്രതിപക്ഷ നേതാവുമായുള്ള കൊമ്പ് കോര്‍ക്കലിലോ ഞങ്ങള്‍ക്കൊരു താല്പര്യവുമില്ല . നാട്ടുകാര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യേണ്ട സമയത്ത് ചെയ്യണം എന്തൊക്കെയായാലും സുധാകരന്‍ സാര്‍ ഭരിച്ച ഒരു വകുപ്പില്‍ ഷൈന്‍ ചെയ്യാന്‍ അല്പം പ്രയാസമാണെന്ന ചിന്ത എപ്പോഴുമുണ്ടായാല്‍ എല്ലാം തനിയെ നേരെയാക്കാന്‍ ആകും . സുധാകരനെ ആര് തള്ളി പറഞ്ഞാലും സുധാകരന്‍ ഞങ്ങള്‍ക്ക് പുലി തന്നെ 

ബഹ്റയെ പോലുള്ള തരികിടക്കാര്‍ എവിടെയുമുണ്ടാകും. 4.33 കോടി രൂപ 30 അപ്പര്‍ സബോര്‍ഡിനേറ്റ് ക്വര്‍ട്ടേഴ്സ് പണിയാന്‍ കിട്ടിയത് വകമാറ്റി സ്വന്തം താമസസ്ഥലവും ശിങ്കിടികളുടെ വില്ലയും മോടിപിടിപ്പിച്ച വീരന്റെ ചെയ്തികള്‍ക്ക് മന്ത്രിസഭാ പച്ചക്കൊടി കാട്ടിയതൊക്കെ റിയാസ് എതിര്‍ക്കണ്ടേ ? റിയാസേ , താങ്കളൊരു വിശദീകരണ തൊഴിലാളിയായി  മാറരുത് . ചുറുചുറുക്കുള്ള മന്ത്രിയായി വളരാനുള്ള അവസരമാണിത് . രണ്ടു മൂന്നു വര്‍ഷത്തിനകം പോളിറ്റ് ബ്യുറോ അംഗമാകണം . റിയാസേ , താങ്കളാണ് അടുത്ത മുഖ്യമന്ത്രി . ഉറപ്പല്ലേ അനിയാ സിപിഎമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനായ വേറെ ആരുമില്ലല്ലോ .

വാല്‍ക്കഷ്ണം : ജയ് ജവാന്‍ , ജയ് ഗോവിന്ദന്‍ മാഷ് - നാട്ടിലെ മദ്യപിക്കുന്ന ജനസഞ്ചയം ആര്‍ത്തുവിളിക്കുന്നു ജവാന്‍ റം സൊയമ്പന്‍ സാധനം പക്ഷെ കിട്ടാനില്ല . വിലയാകട്ടെ 600 രൂപ . ഗുണമോ അതിലും എത്രയോ ഇരട്ടി ! പതിവ്  മദ്യപാനികള്‍ (മദ്യപായി എന്നത്രെ ശരിയായ പ്രയോഗം) ജവാന്‍ റമ്മിന്റെ ഉത്പാദനം ഇരട്ടിയാക്കുന്നതില്‍ ഗോവിന്ദന്‍മാഷിന് പ്രത്യേകം നന്ദി ചൊല്ലുന്നു . ഇപ്പോള്‍ പ്രതിദിനം 8000 കെയ്സ് (കുപ്പിയല്ല , പെട്ടി) ജവാന്‍ റം ഉത്പാദിപ്പിക്കുന്നത് താമസിയാതെ 15000 കെയ്സാക്കും . മന്ത്രി ബാലഗോപാലന് ഓരോ വര്‍ഷവും 85 കോടി രൂപ ഈ വകയില്‍ കിട്ടിയത് അടുത്ത വര്‍ഷമാകുമ്പോള്‍ 200 കോടിയോളമാകും  ഇതിനിടെ മാഷിന്റെ മലബാര്‍ ബ്രാണ്ടിയും വരുന്നു . എല്ലാം സ്വാഗതം ചെയ്യുന്ന 'മദ്യപായി'കള്‍ക്ക് ജവാന്‍ റമ്മിന് വില കൂട്ടരുതെന്നേ അഭ്യര്‍ത്ഥിക്കാനുള്ളു . മദ്യം പതിവായി കഴിക്കുന്നവരെ ആളൊരു താമരയാണെന്നാണ് പറയാറ് ഇന്നത് മാറ്റി 'അവനൊരു ഗോവിന്ദന്‍ മാഷാ' എന്ന്  ആക്കിയത്  മാഷ് അറിഞ്ഞോ ആവോ ? 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക