Image

മൂലമ്പിള്ളിയെ മറക്കാനോ,  പെരിയാറിന്റെ സുന്ദരിക്കുട്ടിയായി കടമക്കുടിയില്ലേ? : (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 13 August, 2022
മൂലമ്പിള്ളിയെ മറക്കാനോ,  പെരിയാറിന്റെ സുന്ദരിക്കുട്ടിയായി കടമക്കുടിയില്ലേ? : (കുര്യന്‍ പാമ്പാടി)

വൈപ്പിനിലെ കണ്ടെയ്നര്‍ തുറമുഖത്തേക്ക് റോഡ് പണിയാന്‍ കുടിയിറക്കപെട്ടവര്‍ നഷ്ടപരിഹാരത്തിനായി മൂലംപള്ളിയില്‍ സമരം ആരംഭിച്ചിട്ട് പതിനാലു  വര്‍ഷമായി. എല്ലാവര്‍ഷവും  സമരത്തിന്റെ  ഓര്‍മദിവസം ആചരിക്കാറുണ്ട്. പക്ഷെ മുല്ലപ്പെരിയാര്‍ സമരം പോലെ മൂലമ്പള്ളിയും ആറിത്തണുത്തോ  എന്നാണ് എന്റെ  സംശയം.

എവിടെയാണ് മൂലമ്പള്ളി? ഇപ്പോള്‍ എന്താണതിന്റെ പ്രസക്തി?   എറണാകുളം   ഹൈക്കോടതി ജെട്ടിയില്‍ നിന്ന്  പറവൂര്‍, ഗുരുവായൂര്‍ റൂട്ടില്‍ ഗോശ്രീ പാലം കടന്നെത്തുന്ന ഒരു സ്റ്റോപ്പാണ് മൂലമ്പിള്ളി. പത്തുകിമീ. 15  മിനിറ്റ്. ഇടപള്ളി ബ്ളോക്കില്‍ കണയന്നൂര്‍  താലൂക്കില്‍ പെട്ട കടമക്കുടി പഞ്ചായത്തിലെ 13  വാര്‍ഡുകളില്‍ എട്ടും ഒമ്പതും വാര്‍ഡുകള്‍ ആണ് മൂലമ്പിള്ളി ഈസ്റ്റും മൂലമ്പിള്ളി വെസ്റ്റും. വെസ്റ്റില്‍ സജിനി ജ്യോതിഷും  ഈസ്റ്റില്‍  അഗസ്റ്റിന്‍ ഹൈബിനും മെമ്പര്‍മാര്‍.

(കടമക്കുടിയുടെ വശ്യതയിൽ ജോഡി വ്ളോഗർമാർ   എബിനും ജോൺസിയും)

കടമക്കുടിയോടു ചേര്‍ന്ന് കിടക്കുന്ന വരാപ്പുഴ മറ്റൊരു പഞ്ചായത്താണ്. വാരാപ്പുഴനിന്നും മൂലമ്പിള്ളിക്ക് ഏഴു കിമീ ദൂരം.  കടമക്കുടിയിലെ ഒരു തുരുത്തായ പിഴലയിലാണ് പഞ്ചായത്തു ഓഫീസും വില്ലേജ് ഓഫീസും ആശുപത്രിയും ബാങ്കുമെല്ലാം പക്ഷെ യാത്രക്കുള്ള എളുപ്പത്തിന് എല്ലാവരും വാരാപ്പുഴക്കുപോകും രാവിലെയും വൈകിട്ടും ആ റോഡില്‍ ട്രാഫിക് ജാമാണ്.

പെരിയാര്‍   അറബിക്കടലില്‍ പതിക്കുന്നതിനു തൊട്ടുമുമ്പ് ശാഖോപശാഖകളായി പിരിഞ്ഞൊഴുകുമ്പോള്‍ രൂപപ്പെട്ട 14  ദ്വീപുകള്‍ ചേര്‍ന്നതാണ് കടമക്കുടി പഞ്ചായത്ത്.  അവയെ കൂട്ടിയിണക്കുന്ന ഒരു ഭീമന്‍ പാലം, 606 മീറ്റര്‍ നീളമുള്ള പിഴല- മൂലമ്പിള്ളി പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ 2020 ജൂണ്‍ 6നു തുറന്നു കൊടുത്തു. 

(ദ്വീപുകളെ കൂട്ടിയിണക്കുന്ന ആദ്യത്തെ പിഴല-മൂലമ്പിള്ളി  പാലം)

ചാത്തനാട്-കടമക്കുടി പാലം തീര്‍ന്നിട്ട് നാളുകളായി. അപ്രോച് റോഡിനു സ്ഥലം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കുരുങ്ങി നില്‍ക്കുകയാണ്.  ചേന്നൂര്‍-പിഴല, ചാത്തനാട്-ചെരിയം തുരുത്ത് പാലങ്ങള്‍ ഒന്നുമായിട്ടില്ല. ഇതെല്ലാം തീര്‍ന്നാല്‍ പറവൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് മിനിറ്റുകള്‍ കൊണ്ട്  എറണാകുളത്ത്  എത്തിച്ചുചേരാനാവും. എന്ന് ഇതൊക്കെ യാഥാര്‍ഥ്യമാകുമെന്നു പാലങ്ങളുടെ ചുമതലയുള്ള ജിഡ എന്ന ഗോശ്രീ ഐലന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിക്ക് പോലും അറിയില്ല.

 

(മുറിക്കൽ ദ്വീപിൽ ഒറ്റയ്ക്കു കഴിയുന്ന ജോസഫ് കല്ലുവീട്ടിൽ)

അച്യുതാനന്ദന്‍ മുഖ്യ മന്ത്രിയായിരുന്ന 2008ലാണ് 316 കുടുംബങ്ങളെ കുടിയിറക്കിക്കൊണ്ടു ഇടപ്പള്ളി മുതല്‍ കണ്ടെയ്നര്‍ പോര്‍ട്ടിലേക്കു 18.5 കിമീ ദൂരത്തില്‍ റോഡും റെയില്‍വേയും നിര്‍മ്മിച്ചത്. ഇടപ്പള്ളി നോര്‍ത്ത്, സൗത്ത്, കടുങ്ങലൂര്‍,  ഏലൂര്‍, ചേരാനല്ലൂര്‍, മുളവുകാട്, കടമക്കുടി വില്ലേജുകളില്‍ നിന്ന് ആളുകളെ കുടിയൊഴിപ്പിച്ചു.  കടമക്കുടിയിലെ മൂലമ്പിള്ളിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പെരുവഴിയിലായി.

ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ ജനകീയ പ്രതിരോധ സമിതിയാണ് മൂലമ്പിള്ളി സമരം ഏറ്റെടുത്തത്  40  ദിവസം നീണ്ടു നിന്നു. പ്രത്യക്ഷ സമരത്തിനു ബംഗാളി നോവലിസ്റ്റ് മഹേശ്വതാദേവി ഉള്‍പ്പെടയുള്ളവര്‍ പിന്തുണക്കാന്‍ എത്തി. ഒടുവില്‍ നഷ്ടപരിഹാരമായി ഗവര്‍മെന്റ് ഒരു സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ചു.

(മൂലമ്പിള്ളി ഓർമ്മദിനത്തിൽ കൺവീനർ ഫ്രാൻസിസ് കല്ലുങ്കൽ)

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍  2008 മാര്‍ച്ച് 19നു ഒപ്പിട്ടിറക്കിയ വാഗ്ദത്ത പത്രത്തില്‍ കുടിയിറക്കപെട്ടവര്‍ക്കു 4-6  സെന്ററില്‍ വീടും ഒരാള്‍ക്ക് ജോലിയും എന്ന് വ്യക്തമാക്കിയിരുന്നു. 52 കുടുംബങ്ങള്‍ക്ക് ഏഴു പ്രദേശങ്ങളില്‍ സ്ഥലം നല്‍കി . പക്ഷെ  ചതുപ്പു നിലമായതിനാല്‍ പലരും നിരസിച്ചു.  പലരും അവിടൊക്കെ കെട്ടിയ വീട്ടില്‍ താമസം തുടങ്ങി. പക്ഷെ കാലക്രമേണ ആ കെട്ടിടങ്ങള്‍ ഭൂമിയിലേക്ക് ഇരുന്നു. ചിലതു ചെരിഞ്ഞു, ഭിത്തികള്‍ വിണ്ടു കീറി. ആര്‍ക്കും ജോലി കിട്ടിയില്ല

'പാക്കേജ് വന്നിട്ടു ഇപ്പോള്‍ 14  വര്‍ഷമായി. വഴിയാധാരമായ 32  പേര്‍  ഇതിനിടയില്‍ മരിച്ചു. നാല് മുഖ്യമന്ത്രിമാര്‍ വന്നു, ആറു  റവന്യു സെക്രട്ടറിമാരും ഒമ്പതു ജില്ലാ കളക്ടര്‍മാരും. പക്ഷെ പാക്കേജ് പൂര്‍ണമായി നടപ്പാക്കാതെ കടലാസില്‍ അവശേഷിക്കുന്നു,' സമരസമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കല്ലുങ്കല്‍ പറയുന്നു. 

ചേര്‍ത്തല  കെആര്‍ ഗൗരി സ്മാരക എന്‍ജിനീയറിങ്  കോളേജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസറായി റിട്ടയര്‍ ചെയ്ത ആളാണ് ഫ്രാന്‍സിസ്. മഹാരാജാസില്‍ പ്രിന്‍സിപ്പലായി പിരിഞ്ഞ പ്രൊഫ. അരവിന്ദാക്ഷന്‍ ആണ് സമിതിയുടെ സംസ്ഥാന അധ്യക്ഷന്‍. ഡോ. വി.വേണുഗോപാല്‍ സെക്രട്ടറി. 

കടമക്കുടി പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് ആയി  16 വര്‍ഷം  ഭരിച്ച ജോസഫ്  സെലസ്റ്റിന്‍ എന്ന സെലസ്റ്റിന് മാസ്റ്റര്‍ മൂലമ്പിള്ളിയുടെ രക്തസാക്ഷികളില്‍ ഒരാളാണ്. ആനുകൂല്യവും മുഴുവന്‍ കിട്ടാതെ 2018ല്‍ തൊണ്ണൂറാം വയസില്‍ മാസ്റ്റര്‍ അന്തരിച്ചു. ഫാക്ട് സ്‌കൂളില്‍ പ്രധാനാദ്ധ്യാപകന്‍  ആയിരുന്നു. മൂലംപിള്ളി സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍  അനുശോചന യോഗവും നടത്തി.   

കുടിയിറക്കപെട്ടവരുടെ വാര്‍ഷിക പ്രകടനം ഇക്കഴിഞ്ഞ മാര്‍ച്ച് 19നു എ റണാകുളം സുഭാഷ് പാര്‍ക്കില്‍ നിന്നാരംഭിച്ച് ഹെഡ്പോസ്റ്റഓഫീസ് വരെ നടക്കുകയുണ്ടായി. ഗവര്‍മെന്റ് സെക്രട്ടറി ഒപ്പിട്ടു നല്‍കിയ സ്പെഷ്യല്‍ പാക്കേജിന്റെ ഒരു പ്രതി റവന്യു മന്ത്രിയുടെ ഓര്‍മക്കായി പോസ്റ്റ് ചെയ്തുവെന്നു കളത്തുങ്കല്‍  അറിയിച്ചു.

ചെല്ലാനം സ്വദേശിയായ കല്ലുങ്കല്‍ നാല് സഹോദരന്മാരോടൊപ്പം അമേരിക്കയില്‍ കഴിയേണ്ട  ആളായിരുന്നു.  നാട്ടില്‍  ജോലി. നാട്ടുകാരുടെ  ജീവല്‍ പ്രശനങ്ങളില്‍ ഇടപെടാന്‍ അവസരം.  പോയില്ല.  ഗാസ്പര്‍,  യൂജിന്‍, മാര്‍ട്ടിന്‍ എന്നിവര്‍ ഫ്‌ളോറിഡയിലും അലോഷ്യസ്  ടെക്‌സസിലുമാണ്.

(കല്ലുങ്കൽ  കോതാടിൽ  വീടുവച്ച ജോസി അന്തിക്കാടും എലിസബത്തുമൊത്ത്)

ഏലൂര്‍ മഞ്ഞുമ്മലില്‍ ഒരു കുടുംബത്തെ കുടിയിറക്കു എങ്ങിനെ ബാധിച്ചുവെന്നു നോക്കാം. ഏലൂര്‍ അന്തിക്കാട് എ.വി ജോസിയും ഭാര്യ എലിസബത്തും   പത്തുസെന്റ് സ്ഥലവും നല്ലൊരു വീടും നഷ്ട്ടപ്പെട്ടവരാണ്. നഷ്ടപരിഹാരമായി 13 ലക്ഷം രൂപ അനുവദിച്ചു. കുടിയിറക്കപെട്ട 316 കുടുംബങ്ങളില്‍ ഭൂരിഭാഗവും പണം വാങ്ങി പിന്‍വാങ്ങിയപ്പോള്‍   നൂറ്റമ്പതോളം കുടുംബങ്ങള്‍  പകരം ഭൂമി കൂടി  കിട്ടണമെന്നു വാദിച്ചു  ഒരുവര്‍ഷം നീണ്ട പ്രത്യക്ഷ സമരം നടത്തി. ജോസിക്കു കോതാട് ദ്വീപില്‍ നാലുസെന്റു സ്ഥലം കൂടി ലഭിച്ചു.

അവിടെ രണ്ടു നിലയില്‍ മൂന്ന് കിടക്കമുറിയോടെ 950 ച. അടി വിസ്താരത്തില്‍ വീടു വച്ചു.  ആറുലക്ഷം രൂപ ലോണ്‍ എടുക്കേണ്ടി വന്നു. അവര്‍ക്കു ഒരു മകനും മകളും. മകളെ വിവാഹം ചെയ്തയച്ചു. മകന്‍ നൂബിന്‍ എംസിഎ പഠിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍  ഐടി കമ്പനിയില്‍ ജോലിയായി. മരുമകള്‍ രേഷമക്കും അവിടെ ജോലി. 

ഗോശ്രീ പാലം പാലം വഴി ടോള്‍ ഗേറ്റ് കടന്നാല്‍ മുളവുകാട്, മൂലമ്പിള്ളി  സ്റ്റോപ്പുകള്‍ക്കു ശേഷം കോതാട് ദ്വീപ് ആയി.  ചെടികള്‍ വച്ച് മതില്‍ കെട്ടി ഭംഗിയാക്കിയ വീട്. മുറ്റത്ത് നൂബിന്‍  ഉപയോഗിക്കുന്ന ഹോണ്ടാ സിറ്റി കാര്‍. ഏലൂരില്‍ താമസിക്കുമ്പോള്‍ ചമ്പക്കര മാര്‍ക്കറ്റിലെ പ്രമുഖ മല്‍സ്യ വ്യാപാരി  സെബാസ്ട്യന്റെ കൂടെയായിരുന്ന് ജോലി. മാസം 20,000 രൂപ കിട്ടുന്ന പണി. 62 വയസായി. പണി നിര്‍ത്തി. വേണമെങ്കില്‍ ഇനിയും പോകാം.

മൂലമ്പള്ളി കുടിയിറക്കില്‍ പെരുവഴിയിലായി ബഹുഭൂരിപക്ഷവും മല്‍സ്യബന്ധനം കൊണ്ടും നെല്‍കൃഷികൊണ്ടും അന്നന്നത്തെ അശിക്ക് പണിയെടുക്കുന്ന പാവപെട്ടവരാണെന്നു ജോസിയും സമരനായകന്‍ കല്ലുങ്കലും പറയുന്നു. കുടിയിറക്കു നടന്നു 14 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ സ്ഥിതി പരിതാപകരമായി  തുടരുന്നു.    

മൂലംപള്ളിക്കു  എന്തുസംഭവിച്ചാലും അതുള്‍പ്പെടുന്ന കടമക്കുടി പഞ്ചായത്ത് ജനശ്രദ്ധയില്‍ വന്നു എന്നതില്‍   സംശയമില്ല, കടലിനും കായലിനും ഇടയില്‍ പെരിയാറിന്റെ തുരുത്തുകളായി ശയിക്കുന്ന  ഭൂമി എറണാകുളം ജില്ലയിലെ  ഏറ്റവും ചേതോഹരമായ മേഖലയാണെന്നു അങ്ങോട്ടു  പ്രവഹിക്കുന്ന സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.  വ്‌ളോഗര്‍മാരുടെ ബാഹുല്യം മാത്രം മതി  അതിനു തെളിവ്.

'എന്റെ വീടിനു വിളിപ്പാടകലെയാണ് ഭൂമിയിലെ ഈ പറുദീസ,' പറയുന്നു വാരാപ്പുഴയില്‍ താമസിക്കുന്ന ജേര്ണലിസ്റ്റും ഫോട്ടോഗ്രാഫറുമായ എബി എന്ന ഏബ്രാച്ചന്‍. 'തണുത്തപ്രഭാതങ്ങളില്‍ കായലരികത്തെ ചീന വലകളുടെ പശ്ചാത്തലത്തില്‍ ചിറകു വിരിച്ച് ഉദിച്ചുയരുന്ന സൂര്യനെയും സായാഹ്നത്തില്‍ മഴവില്ലഴകില്‍ കടലിന്റെ അഗാധതയിലേക്കു ഊര്‍ന്നിറങ്ങുന്ന സൂര്യനെയും ധ്യാനിച്ചിരിക്കാന്‍ ആരാണ്  കൊതിക്കാത്തത്!'

എറണാകുളത്തെ പ്രോജക്ട് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സേവനം ചെയ്യുന്ന എബിയുടെ ധ്യാനാത്മകമായ ബ്ലോഗുകള്‍ക്ക് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. കടമക്കുടിയുടെ പേരില്‍ അദ്ദേഹം  ഒരു വാട്‌സ് ആപ് ഗ്രൂപ്പും സൃഷ്ടിച്ചിട്ടുണ്ട്.  കടമക്കുടിയിലെത്തുന്നവരില്‍ നല്ലൊരു പങ്കു കാല്‍നട യായി  ആ നാടിന്റെ മുഗ്ധസൗന്ദര്യം ഹൃദയത്തില്‍ ഒപ്പിയെടുത്താണ്  മടങ്ങുക.

കടമക്കുടിയുടെ അനുപമ സൗന്ദര്യം എന്നും അനുഭവിച്ചറിയുന്ന  ആളാണ് കോതാട് ദ്വീപില്‍ കഴിയുന്ന പഞ്ചായത്തു പ്രസിഡന്റ്  മേരി വിന്‍സന്റ്. മത്സ്യവും നെല്ലും നന്നായി വിളയുന്ന നാടിനെപ്പറ്റി പറയാന്‍ നൂറു നാവാണ്  മേരിക്ക്. പൊക്കാളി കൃഷിക്ക് പേരുകേട്ട നാട്ടില്‍ 'ഒരു നെല്ലും ഒരു മീനും' എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിയെന്നു ഇടതുഭരിക്കുന്ന പഞ്ചായത്തിന്റെ സാരഥി എന്നനിലയില്‍ അഭിമാനിക്കുന്നു. ഏറ്റവും വലിയ പക്ഷിസങ്കേതംകൂടിയാണ് കടമക്കുടി.

(പഞ്ചാ. പ്രസി. മേരി വിൻസെന്റ്, ലിജു, ജോസി;   മൂലമ്പിള്ളി ഈസ്റ്റ്, വെസ്റ്റ് മെമ്പർമാർ അഗസ്റ്റിൻ, സജിനി)

ഇടപ്പള്ളി ബ്‌ളോക് പഞ്ചായത്തിന്റെയും രാജഗിരി സോഷ്യല്‍   സയന്‍സ് കോളജിന്റെയും സഹകരണത്തോടെ നാലുദിവസം നീണ്ട വിളവെടുപ്പുത്സവം സംഘടിപ്പിക്കാന്‍ കഴിഞ്ഞു. എണ്‍പതു  ഏക്കറില്‍ ഇപ്പോള്‍ പൊക്കാളിക്കൃഷി നടന്നു വരുന്നു. അത് നൂറേക്കര്‍ ആക്കാനാണ് പ്ലാന്‍.

(കണ്ടെയ് നർ തുറമുഖത്ത് ധ്യാനിക്കാൻ മോഹിക്കുന്ന എബി)

അഞ്ചുകോടിരൂപ മുടക്കുള്ള കടമക്കുടി ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി നടപ്പിലാക്കാന്‍  ഡിടിപിസി സെക്ര ട്ടറി എസ്.വിജയകുമാര്‍ ആശിക്കുന്നു. കടമക്കുടി അക്വാ-അഗ്രികള്‍ച്ചര്‍ ടൂറിസം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  വാട്ടര്‍ സ്‌പോര്‍ട്‌സ്  ടെര്‍മിനല്‍, ഹൗസ്‌ബോട്ട്  ടെര്‍മിനല്‍,  വാക്കിങ്  ടൂര്‍, ഫിഷിങ്-അഗ്രികള്‍ച്ചര്‍ ടൂര്‍ എന്നിവയൊക്കെ പ്ലാനിലുണ്ട്.  കുണ്ടനൂര്‍ റോഡ്, മൂലമ്പിള്ളി-പിഴല റോഡ് എന്നിവയ്ക്ക് സമീപം  ഒരു ടൂറിസ്റ്റു വെല്‍ക്കം സെന്ററും വിഭാവനം ചെയ്യുന്നു.  

(മൂലമ്പിള്ളി സെന്റ് അഗ. പള്ളി അംഗങ്ങൾ ഫ്രാൻസിസ്, വില്യം,  ഫ്രഡി; നവവധു കൃപ, കുടുംബം)

കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി കടമക്കുടിയുടെ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ.  എല്ലാ തുരുത്തുകളയും ബന്ധിപ്പിക്കുന്ന ജെട്ടിയുടെ  ശൃംഖലയാണ് വിഭാവനം ചെയ്യുന്നത്. കടമക്കുടി, പാലിയംതുരുത്ത്,  കോതാട്, പിഴല, ചേന്നൂര്‍  ജെട്ടികള്‍ തീര്‍ന്നു.  ബാക്കി പണികള്‍  നടക്കുന്നു.

 

ഇതെല്ലാം തീര്‍ന്നാല്‍ കടമക്കുടി എവിടെ നില്‍ക്കും!

കടമക്കുടിയില്‍ എനിക്ക് അടുത്ത് പരിചയമുള്ള ഒരു കുടുംബം ഉണ്ട്. മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍ പള്ളിക്കു സമീപം വായനശാലക്കരികില്‍ താമസിക്കുന്ന അപ്പച്ചന്‍ എന്ന ജോര്ജും ഭാര്യ കാര്‍മ്മലും മകള്‍ കൃപയും അടങ്ങുന്ന കൊച്ചു കുടുംബം. അഞ്ചുവര്‍ഷം കാത്തുകാത്തിരുന്നു ജനിച്ചതുകൊണ്ടാണ്  ഏകപുത്രിയെ മേരി കൃപ എന്ന് വിളിച്ചതെന്ന് അമ്മ പറയുന്നു.

ബിരുദം കഴിഞ്ഞു ഇന്‍ഫ്ളൈറ്റ്  എന്ന എയര്‌പോര്ട് മാനേജ്മെന്റ് സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ കൃപയെയും കുടുംബത്തെയും ഞാന്‍ ആദ്യമായി കാണുന്നത് കൃപയും ഒമാനിലെ മസ്‌കറ്റില്‍ ജോലിയുള്ള ചാള്‍സും തമ്മില്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ വിവാഹിതരാകുമ്പോഴാണ്. വിവാഹം നടത്തിയ ചാള്‍സിന്റെ അമ്മാവന്‍  ഗുവാഹത്തി സെന്റ് ജെറോം  സെമിനാരി റെക്ടര്‍ ഫിലിപ്പിന്റെ അതിഥിയായിരുന്നു ഞാന്‍.

പക്ഷവാതം മൂലം ബുധ്ധിമുട്ടിയാണ്  ജോര്‍ജ് വിവാഹത്തിന്എ ത്തിയത്. അദ്ദേഹത്തിന്റെ ചികിത്സക്ക് ഇതുവരെ പത്തുലക്ഷത്തോളം രൂപ ചെലവ് വന്നിട്ടുണ്ടെന്നാണ് കാര്‍മലിന്റെ കണക്ക്. ഫുള്‍ടൈം രാഷ്ട്രീയക്കാരന്‍ ആയിരുന്നു. സന്മനസുകള്‍ സഹായിച്ചു. ഇപ്പോഴും വാടകവീട്ടിലാണ് താമസം

മരുമകന്‍ ചാള്‍സ് ഓഗസ്‌റ് ഒന്നിന് മസ്‌കറ്റിലേക്കു മടങ്ങി. കൃപ ഇനി ഭര്‍ത്താവിന്റെ കൂടെ എത്തി ജോലി തരപ്പെടുത്തണം. എന്നിട്ടു വേണം  കുടുംബത്തെ രക്ഷപ്പെടുത്താന്‍.  അമ്മ നല്ല പാചകക്കാരിയാണ്. ഒറ്റ ഇരിപ്പിനു മുന്നൂറു നാനൂറു  ഉണ്ണിയപ്പം ഉണ്ടാക്കും.  രുചിയില്‍ അതിമധുരം. കടമക്കുടിയില്‍ ടൂറിസം വികസിച്ചിട്ടു വേണം അമ്മക്ക് ഒരു നല്ല റെസ്റ്റോറന്റോ  ഫാസ്റ്റ് ഫുഡ് ജോയിന്റോ  തുടങ്ങാന്‍.

(കടമക്കുടി തുരുത്തുകളുടെ ഭൂപടം)   

English summary: moolampally, kurian pampady

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക