Image

സീതാപരിത്യാഗവും ലവകുശന്മാരുടെ ജനനവും (ദുർഗ മനോജ് )

Published on 15 August, 2022
സീതാപരിത്യാഗവും ലവകുശന്മാരുടെ ജനനവും (ദുർഗ മനോജ് )

ഉത്തരകാണ്ഡം നാൽപ്പത്തി അഞ്ചു മുതൽ തൊണ്ണൂറു വരെ സർഗം

രാവണനെക്കുറിച്ചും, മാരുതിയെക്കുറിച്ചും അതുപോലെ രാക്ഷസോൽപ്പത്തിക്കഥകളും മുനിമാരിൽ നിന്നും കേട്ടറിഞ്ഞ് അയോധ്യാ നിവാസികൾ ധന്യരായി. ഈ സമയം രാമൻ, അവനവൻ്റെ ആവശ്യങ്ങളും രാജ്യവും ഉപേക്ഷിച്ചു തനിക്കു തുണയായി നിന്ന ഏവരേയും ഇനിയും സ്വന്തം നാട്ടിലേക്കു പോകാൻ അനുവദിക്കാതിരിക്കുന്നതു ശരിയല്ലെന്നു കണ്ട്, അവർക്കു പോകുവാൻ അനുമതി നൽകി. ഒപ്പം ധാരാളം ഉപഹാരങ്ങളും നൽകി. അതിഥികൾ ഏറെ സന്തോഷവാന്മാരായി മടങ്ങി. പിന്നെ രാമൻ, പകൽ  രാജ്യകാര്യങ്ങളിൽ ഇടപെട്ടും, രാത്രി അന്തഃപുരത്തു സീതയുടെ പ്രിയതോഴനായും നിലകൊണ്ടു. അയോധ്യയിൽ ഏവരും ഏറ്റവും സന്തോഷത്തോടെ ജീവിച്ചു.
ഒരുതരത്തിലുള്ള അനർത്ഥങ്ങളും അവിടെ ഉണ്ടായില്ല.വൈധവ്യമോ, ബാലമരണമോ, മക്കൾക്കു ഉദകക്രിയ ചെയ്യേണ്ടി വരുന്ന മുതിർന്നവരോ, അയോധ്യയിൽ ഉണ്ടായില്ല. അതിവർഷമോ, വരൾച്ചയോ അയോധ്യയെ ബാധിച്ചില്ല. രോഗവും, ദുഃഖവും പ്രജകൾ മറന്നു.
അങ്ങനേയിരിക്കേ ആ ശുഭവാർത്തയും വന്നു. സീത ഗർഭവതിയായിരിക്കുന്നു. അതറിഞ്ഞ രാമൻ പ്രേമത്താൽ നിനക്കെന്തു വേണ്ടൂവെന്ന് സീതയോട് ആരാഞ്ഞു. പണ്ടു താമസിച്ച മുനിമാരുടെ ആശ്രമത്തിൽ ഒരു രാവു തങ്ങണമെന്നും അവർക്കു ധാരാളം സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കണം എന്നതുമാണ് തൻ്റെ ആഗ്രഹമെന്നു സീത പറഞ്ഞു. അതങ്ങനെയാകട്ടെ എന്നു രാമൻ അനുവദിക്കുകയും ചെയ്തു.

പകൽ രാമൻ രാജ്യകാര്യങ്ങളിൽ മുഴുകവേ രാജ്യത്തിൻ്റെ പല കോണുകളിൽ നിന്നും എത്തിയ ചാരന്മാർ രാമനു മുന്നിലെത്തി. അവർ പല കാര്യങ്ങളും പറഞ്ഞു രാമനെ പ്രീതിപ്പെടുത്തി. എന്നാൽ രാമന് അറിയേണ്ടിയിരുന്നത് കാട്ടിലും നാട്ടിലും ജനങ്ങൾ ഭരിക്കുന്നവരെക്കുറിച്ച് എന്തു പറയുന്നുവെന്നതായിരുന്നു. അതുകേട്ടു കൂട്ടത്തിലൊരാൾ തല താഴ്ത്തിക്കൊണ്ടു പറഞ്ഞു, "രാക്ഷസൻ അപഹരിച്ചു തൻ്റെ ഒപ്പം പാർപ്പിച്ച സീതയോടൊത്തു കഴിയുമ്പോൾ രാമനു സന്തോഷിക്കാനാകുമോ? ഇനി നമുക്കും ഇത്തരം ഭാര്യമാരെ സഹിക്കേണ്ടതായി വരും. രാജാവ് എന്തു പ്രവർത്തിക്കുന്നോ അതു തന്നെയാണു  പ്രജകളുടേയും വിധി." ഈ രീതിയിൽ രാജ്യത്തു പല കോണിൽ നിന്നും സംസാരം ഉയരുന്നുണ്ട് എന്നവർ രാമനെ അറിയിച്ചു. ചാരന്മാരെ പിരിച്ചുവിട്ട ശേഷം, മൂന്നു സഹോദരന്മാരേയും രാമൻ വിളിച്ചു കൂട്ടി. ഏറെ ദുഃഖിതനായ രാമൻ അവരോടു നാട്ടിലെ വൃത്താന്തം അറിയിച്ചു. അനന്തരം ലക്ഷ്മണനോടു സീതയെ പിറ്റേന്നു തന്നെ വനത്തിൽ, വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ ഉപേക്ഷിച്ചു മടങ്ങുവാൻ ആവശ്യപ്പെട്ടു. സീത പരിശുദ്ധയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും ജനഹിതം കാണാതിരുന്നു കൂടാ എന്ന ചിന്തയായിരുന്നു രാമന്.

പിറ്റേന്നു പുലർച്ചെ വാല്മീകി ആശ്രമത്തിലേക്കു കൊണ്ടു പോകുവാൻ താൻ വരുമെന്നു ലക്ഷ്മണൻ സീതയെ അറിയിച്ചു. അവൾ മുനിപത്നിമാർക്കായി ധാരാളം കാഴ്ചദ്രവ്യങ്ങളുമൊരുക്കി കാത്തുനിന്നു. പിറ്റേന്നു ഒരു പകൽ യാത്ര ചെയ്തു, ഗംഗ മുറിച്ചു കടന്നു ലക്ഷ്മണൻ സീതയെ വാല്മീകി ആശ്രമപരിസരത്ത് എത്തിച്ചശേഷം ഉണ്ടായ സംഗതികൾ ധരിപ്പിച്ചു. അവൾ കണ്ണീരോടെ രാമനാൽ താൻ പരിത്യജിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു. ലക്ഷ്മണൻ സീതയുടെ പാദം കുമ്പിട്ടുവണങ്ങി കണ്ണീരോടെ തിരികെ മടങ്ങി.
കണ്ണീരിൽ കുളിച്ചു വെറും നിലത്തു കിടക്കുന്ന സീതയെ  വാല്മീകി മഹർഷിയുടെ ശിഷ്യർ കണ്ടെത്തി.ഈ സമയം സീതയുടെ വരവു മനക്കണ്ണിൽ കണ്ട മഹർഷി, അവൾ വിമലയെന്നു തിരിച്ചറിഞ്ഞു തൻ്റെ ആശ്രമത്തിലേക്കു കൂട്ടാൻ അനുമതി നൽകി. 

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഈ സമയം ചില മഹർഷിമാർ രാമനോടു മധു വനത്തിൽ ലവണാസുരൻ എന്ന രാക്ഷസൻ്റെ ശല്യം സഹിക്കാൻ കഴിയുന്നില്ല എന്നറിയിച്ചു. അവൻ്റെ കൈയ്യിലെ ദിവ്യമായ വേൽ അവനെ അജയ്യനാക്കുന്നുവെന്നും വേഗം അവനെ വധിക്കണമെന്നും അപേക്ഷിച്ചു. അതു കേട്ടു രാമൻ, ശത്രുഘ്നനെ അതിനു നിയോഗിച്ചു. വേനൽ കഴിഞ്ഞു മഴക്കാല ആരംഭത്തിൽ അവനറിയാതെ അവനെ കൊല്ലുക എന്നു പറഞ്ഞു. മധുവനത്തിലെ രാജാവായി ശത്രുഘ്നനെ അഭിഷേകം ചെയ്ത ശേഷം രാമൻ, സോദരനെ യാത്ര അയച്ചു. യാത്രാമധ്യേ വാല്മീകി ആശ്രമത്തിൽ ശത്രുഘ്നൻ രാത്രി തങ്ങി. ആ രാവിൽ സീത രണ്ട് ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകി. വാല്മീകി മഹർഷി ആദ്യം പിറന്നവനു കുശനെന്നും പിന്നാലെ പിറന്നവനു ലവനെന്നും പേരു നൽകി. യുദ്ധത്തിനു പോകുംമധ്യേ രാമനു പുത്രന്മാർ ജനിച്ച വൃത്താന്തം കേൾക്കാനിടയായതിൽ ശത്രുഘ്നന് അതിയായ സന്തോഷം ഉളവായി. കുശലവന്മാരുടെ ജനനവാർത്ത കേട്ടു സന്തോഷത്തോടെ ലവണാസുരനെ വധിക്കുവാൻ ശത്രുഘ്നൻ ഒരുങ്ങി. ഈ സമയം ചവന്യമഹർഷി ശത്രുഘ്നനോടു ലവണൻ്റെ കയ്യിലെ ദിവ്യമായ വേൽ കൈയ്യിൽ ഉള്ള കാലം അവൻ അവധ്യനാണെന്നും. അതിനാൽ അക്കാര്യത്തിൽ ശ്രദ്ധ വയ്ക്കണം എന്ന് അനുഗ്രഹിച്ചയച്ചു.

ശത്രുഘ്നൻ വില്ലു ധരിച്ച് ദിവ്യങ്ങളായ അമ്പുകളും എടുത്തു മധുവനത്തിലെ ലവണൻ്റെ കൊട്ടാരത്തിനു മുന്നിൽ കാത്തുനിൽപ്പായി. അസുരൻ വേട്ടയാടിപ്പിടിച്ച അനേകം മൃഗങ്ങളെ കൈയ്യിൽ തൂക്കി വരികയായിരുന്നു. വഴിമുടക്കി നിൽക്കുന്ന ശത്രുഘ്നനെ കണ്ട് അവൻ കൊല്ലാനായി പാഞ്ഞടുത്തു. അസ്ത്രങ്ങൾ കൊണ്ടു ശത്രുഘ്നൻ അവനെ നേരിട്ടു. ഒരു വേള ലവണൻ്റെ ആക്രമണത്തിൽ ശത്രുഘ്നൻ ബോധരഹിതനാവുക പോലും ചെയ്തു. എന്നാൽ പെട്ടന്നുണർന്ന ലക്ഷ്മണൻ അവനു നേരെ പണ്ടു ബ്രഹ്മാവിനാൽ നിർമ്മിതമായ ഘോരമായ അസ്ത്രം തൊടുത്തു. അതവൻ്റെ മാറു പിളർന്നു രസാതലം വരെ പോയി തിരികെ ആവനാഴിയിൽ പ്രവേശിച്ചു. ലവണാസുരവധം കണ്ടു ദേവന്മാർക്കു സന്തോഷമായി. അവർ ശത്രുഘ്നനോട് എന്തു വരമാണു വേണ്ടതെന്നു ചോദിച്ചു. മധു വനം ഒരു മികച്ച ജനപഥമാക്കി മാറ്റിത്തരണം എന്നവരമാണു അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെ  യമുനാതീരത്തു മധുരാപുരം സൃഷ്ടിക്കപ്പെട്ടു.

പന്ത്രണ്ടു വർഷം അവിടെ പാർത്തു കാര്യങ്ങൾ എല്ലാം ശോഭനമായിക്കഴിഞ്ഞപ്പോൾ രാമനെക്കാണുവാൻ ശത്രുഘ്നനു മോഹമായി. അദ്ദേഹം ധാരാളം ഉപഹാരങ്ങളുമായി രാമസവിധത്തിലേക്കു യാത്രയായി. പോകും വഴി വാല്മീകി ആശ്രമത്തിൽ ഒരു രാത്രി തങ്ങി. ആ രാത്രി ആരോ അതി മനോഹരമായി രാമചരിതം പാടുന്നതു കേട്ടു. പഴയ കഥകൾ ഓർത്ത് അദ്ദേഹത്തിൻ്റെ കണ്ണു നിറഞ്ഞു. എങ്കിലുമത് ആരെന്നോ എന്തെന്നോ അന്വേഷിക്കാൻ നിന്നില്ല. പിറ്റേന്നു മുനിയുടെ അനുവാദം വാങ്ങി അതിവേഗം അയോധ്യയിലെത്തി രാമനെ കണ്ടു. രാമൻ കുശലങ്ങൾ അന്വേഷിച്ചു ഏവർക്കും മോദമായി. പിന്നെ ഏഴു നാൾ തങ്ങി ശത്രുഘ്നൻ മധുരയിലേക്കു തിരിച്ചുപോയി.
നാളുകൾ കടന്നു പോകവേ രാമൻ സഹോദരന്മാരുമായി ചേർന്നു രാജസൂയം നടത്തിയലോ എന്നഭിപ്രായം ചോദിച്ചു. എന്നാൽ ഭരതൻ അതു വേണ്ടെന്നും, ലോകം രാമനെ അംഗീകരിക്കുന്നതിനാൽ അശ്വമേധം മതിയാകുമെന്നും അഭിപ്രായം പറഞ്ഞു. ആ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയ രാമൻ അശ്വമേധം നടത്തുവാൻ തീരുമാനിച്ചു.

രാമായണം പരിസമാപ്തിയിലേക്കു മുന്നേറുകയാണ്. കുശലവന്മാരുടെ ജനനമാണ്. ഈ അദ്ധ്യായത്തിലെ പ്രധാന കാഴ്ച. ഒപ്പം ഒരു തെറ്റും ചെയ്യാതെ തന്നെ, ഭരണാധികാരിയുടെ സ്വഭാവത്തിൽ അശേഷം കളങ്കമുണ്ടാകരുത് എന്ന രാമൻ്റെ നിർബന്ധവും, ഉപേക്ഷിക്കപ്പെടുമ്പോഴും അതു നാടിനു വേണ്ടിയാണെന്ന ബോധം സൂക്ഷിക്കുന്ന സീതയും എക്കാലത്തേയും മാതൃകകളായി തുടരും.

English summary: Ramayana stories by Durga Manoj

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക