Image

ദൈവനിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഏഴ് ഇടയന്മാര്‍ കൂടി (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

Published on 16 August, 2022
ദൈവനിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഏഴ് ഇടയന്മാര്‍ കൂടി (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏഴ് വൈദീകരെ മെത്രാപ്പോലീത്തമാരായി ജൂലൈ 28-ാം തീയതി വാഴിക്കുകയുണ്ടായി. നിലവില്‍ ഏഴോളം സഭയുടെ ഭദ്രാസനങ്ങളില്‍ മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ഒന്നു രണ്ട് ഭദ്രാസനങ്ങളില്‍ സഹായ മെത്രാപ്പോലീത്താമാരെ കൂടി നിയമിക്കേണ്ടതുമുണ്ട്. ഒഴിവുള്ള ഭദ്രാസനങ്ങളില്‍ കാതോലിക്കാ ബാവയുടെ മേല്‍നോട്ടത്തില്‍ സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചിരിക്കുകയാണ്. പൂര്‍ണ്ണ ചുമതലയുള്ള ഭദ്രാസന മെത്രാപ്പോലീത്താമാര്‍ക്ക് അധിക ചുമതലയായാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിരിയിക്കുന്നത്. കുന്നംകുളം, മലബാര്‍, ഇടുക്കി, മാവേലിക്കര, കോട്ടയം, ചെങ്ങന്നൂര്‍, സൗത്ത് വെസ്റ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലാണ് നിലവില്‍ മെത്രാപ്പോലീത്താമാരുടെ അഭാവത്തില്‍ സഹായമെത്രാപ്പോലീത്താമാര്‍ ഭരണ ചുമതല വഹിക്കുന്നത്. കഴിഞ്ഞ മലങ്കര സഭാ അസ്സോസിയേഷനില്‍ കൂടി നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച ഏഴ് പേരെയാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സഭയുടെ ചരിത്രത്തില്‍ മൂന്നാമതാണ് ഏറ്റവും കൂടുതല്‍ പേരെ ഒരേസമയം മെത്രാപ്പോലീത്തമാരാക്കുന്നത്. ഏറ്റവും ഒടുവില്‍ മെത്രാപ്പോലീത്താമാരായി വാഴിച്ചത് 2010-ല്‍ ആയിരുന്നു. അന്നും ഏഴു പേരായിരുന്നു മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് വാഴിച്ചത്. 
    
സഭയുടെ മേല്‍പ്പട്ട സ്ഥാനത്തേക്ക് ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ആ വ്യക്തി പല ഘട്ടങ്ങളില്‍ കൂടി കടക്കേണ്ടതായിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ കൂടിയാണ് മെത്രാന്‍ തിരഞ്ഞെടുപ്പെങ്കിലും സഭയുടേതായ ചട്ടങ്ങളും രീതികളുമുണ്ട്. ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പരസ്യ പ്രചരണം നിശ്ചിത സമയത്തേക്ക് അനുവദനീയമാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചരണം അനുവദനീയമല്ല. ഇക്കുറി അതിശക്തമായി പാലിക്കപ്പെട്ടിരുന്നുയെന്നു തന്നെ പറയാം. ജനാധിപത്യ സംവിധാനത്തില്‍ കൂടി മെത്രാപ്പോലീത്തായെ തെരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ഏക ക്രൈസ്തവ സഭയാണ് ഓര്‍ത്തഡോക്‌സ് സഭ. മാര്‍ത്തോമ്മ സഭയിലും ഇത് ഏറെക്കുറെയുണ്ടെങ്കിലും തീര്‍ത്തും ജനാധിപത്യ രീതി അവലംബിക്കുന്നത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയാണ്. 
    
സഭയുടെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇപ്പോള്‍ പ്രായപരിധിയും പ്രത്യേക യോഗ്യതകളും നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ആദ്യമായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ അവിവാഹിതരായ വൈദികരായിരിക്കണമെന്നതാണ്. പ്രായപരിധി നാല്പതിനും അന്‍പത്തഞ്ചിനും ഇടയിലുള്ളവരുമായിരിക്കണം. ദൈവശാസ്ത്രത്തില്‍ ബിരുദവും മറ്റേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇപ്പോള്‍ ഉണ്ടായിരിക്കണമെന്നുകൂടിയുണ്ട്. ഇത് ഒരു മത്സരാര്‍ത്ഥിക്ക് സ്ഥാനാര്‍ത്ഥിയായി അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യതകളില്‍ പ്രഥമ സ്ഥാനത്തുള്ളതാണ്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും മാനസീക പ്രശ്‌നങ്ങളും ഉള്ളവര്‍ക്ക് മത്സരിക്കാന്‍ സാധ്യമല്ല. 
    
ഒപ്പം ഇടവക ഭരണത്തില്‍ ഒരു നിശ്ചിത വര്‍ഷം പരിചയമുണ്ടാകണമെന്നു കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നതും എടുത്തുപറയാവുന്ന ഒരു കാര്യം കൂടിയാണ്. സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടിയുള്ള അപേക്ഷയില്‍ യോഗ്യത തെളിയിക്കുന്ന രേഖകളോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും മാനസീക പ്രശ്‌നങ്ങളുള്ളവരും അപേക്ഷയില്‍ തള്ളപ്പെടും. സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സൂക്ഷ്മ നിരീക്ഷണം നടത്തുന്നത് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചുമതലയാണ്. ഈ കമ്മിറ്റിയെ നിയമിക്കുന്നത് സഭയുടെ തലവനും മലങ്കര മെത്രാപ്പോലീത്തായുമായ കാതോലിക്ക ബാവയാണ്. ഈ സ്‌ക്രീനിംഗ് കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായവരുടെ ലിസ്റ്റ് കാതോലിക്കാബാവയ്ക്ക് സമര്‍പ്പിക്കുന്നു. 
    
മലങ്കര മെത്രാപ്പോലീത്താ കൂടിയായ കാതോലിക്കാ ബാവ മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷനെ നിയമിക്കുന്നതോടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമായി മെത്രാപ്പോലീത്താ തെരഞ്ഞെടുപ്പ് മാറിക്കഴിയും. ജനാധിപത്യത്തോടൊപ്പം ദൈവ നടത്തിപ്പിന്റെ കൂടി ഭാഗമായി മാറിക്കഴിയുന്നതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എപ്പിസ്‌കോപ്പ തെരഞ്ഞെടുപ്പും കാതോലിക്കബാവ മലങ്കര മെത്രാപ്പോലീത്താ തെരഞ്ഞെടുപ്പും യോഗ്യരാവരും അര്‍ഹരായവരുമായ സ്ഥാനാര്‍ത്ഥികള്‍ക്ക് സഭ നിയോഗിക്കപ്പെട്ട ചുമതലക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും രൂപരേഖയും നല്‍കുന്നതും തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കുമെന്നതുകൂടിയുണ്ട്. സ്ഥാനാര്‍ത്ഥികള്‍ നേരിട്ടോ അല്ലാതെയോ പരസ്യ പ്രചരണം നടത്താന്‍ പാടില്ലെന്ന കര്‍ശ്ശന നിര്‍ദ്ദേശവും ഈ അടുത്തകാലംതൊട്ട് നല്‍കുന്നതും അതിന് വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചതായി കണ്ടെത്തിയാല്‍ ആ വ്യക്തിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യതയാക്കും. ഇതിനായി ഒരു മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് അച്ചടക്ക സമിതിയേയും കാതോലിക്കാ ബാവ നിയമിക്കുന്ന കീഴ്‌വഴക്കവും ഈ അടുത്ത കാലം മുതല്‍ക്കുണ്ട്. അങ്ങനെ തീര്‍ത്തും സുതാര്യവും കര്‍ക്കശവും ജനാധിപത്യവും ദൈവനിയോഗവും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പാണ് മലങ്കരസഭയിലെ മേല്‍പ്പട്ട സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. സൂക്ഷ്മ പരിശോധനക്കുശേഷം പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ലഭിക്കുന്ന ലിസ്റ്റ് പരിശുദ്ധ സുന്നഹദോസ്സില്‍ സമര്‍പ്പിക്കുമെങ്കിലും സഭാ മാനേജിംഗ് കമ്മിറ്റി ഈ ലിസ്റ്റില്‍ നിന്ന് സഭ നിര്‍ദ്ദേശിക്കുന്ന അംഗസംഖ്യയില്‍ ഉള്ളത്രവരെ തിരഞ്ഞെടുക്കും. അതിനുശേഷം സഭയുടെ അസ്സോസിയേഷന്‍ യോഗം കാതോലിക്കാബാവ കൂടിയായ മലങ്കര മെത്രാപ്പോലീത്ത വിളിച്ചുകൂട്ടുകയും സഭ നിശ്ചയിച്ചത്ര സംഖ്യയില്‍ ഉള്ളവരെ തിരഞ്ഞെടുക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്നവരില്‍ എത്ര പേരെയാണ് സഭ സ്ഥാനത്തേക്ക് വേണ്ടത് അവരെ തെരഞ്ഞെടുക്കും. ദേവാലയ വികാരി സ്ഥാനം വഹിക്കുന്നവര്‍ക്കും അസ്സോസിയേഷന്‍ അംഗങ്ങളായി ഇടവകയില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കും വോട്ടവകാശം ഉണ്ട്. വൈദീകര്‍ക്കും അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം മലങ്കര അസ്സോസിയേഷനില്‍ പ്രത്യേകം ബൂത്തുകളുണ്ട്. കോവിഡാനന്തരം ഓണ്‍ലൈന്‍ വോട്ടു രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കിയിട്ടുള്ളതുകൊണ്ട് ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും വോട്ടു രേഖപ്പെടുത്താനുള്ള അവകാശം അംഗങ്ങള്‍ക്കുണ്ട്. അതിനു മുന്‍പ് അങ്ങനെയൊരവസരം ഉണ്ടായിരുന്നില്ല. അംഗങ്ങള്‍ അസ്സോസിയേഷന്‍ നഗരിയില്‍ ക്രമീകരിച്ചിരിക്കുന്ന ബൂത്തില്‍ മാത്രമെ വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നുള്ളു. 
    
അസ്സോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടുന്ന വൈദീകരെ സുന്നഹദോസ് അംഗീകരിക്കുന്നതോടെ മെത്രാന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കും. അതിനുശേഷം സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും മെത്രാന്‍ വാഴിക്കല്‍ ചടങ്ങിന്റെ തീയതി തീരുമാനിക്കുകയും തുടര്‍ നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വളരെ സുദീര്‍ഘമായ ചടങ്ങാണ് മലങ്കര ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തിലുള്ള മെത്രാന്‍ വാഴിക്കല്‍ ചടങ്ങ്. അതീവ ഭക്തിസാന്ദ്രമായ ചടങ്ങിന് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. മെത്രാന്‍ വാഴിക്കല്‍ ചടങ്ങിന് മുന്‍പ് അവരെ റമ്പാന്‍മാരാക്കും. സഹനത്തിന്റെയും എളിമയുടെയും പ്രതീകമാണ് റമ്പാന്‍ സ്ഥാനം. അധികാര സ്ഥാന ചിഹ്നങ്ങളോടൊപ്പം മെത്രാന്മാര്‍ എളിമയും സഹനവും ഉള്ളവരാകണമെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 
    
വിശ്വാസികളുടെ ആത്മീയ നേതൃത്വത്തോടൊപ്പം ഭദ്രാസനങ്ങളുടെ ഭരണ ചുമതല കൂടി മെത്രാപ്പോലീത്താമാരില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ അവരില്‍ ഭാരിച്ച  ചുമതലയുമുണ്ട്. ഇക്കുറി സഭ ഏഴ് വൈദീകരെയാണ് തെരഞ്ഞെടുത്തത്. സഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെത്രാന്മാരെ വാഴിച്ചത് ഇതിന് മുന്‍പ് രണ്ട് പ്രാവശ്യം മാത്രമാണ് 2010-ല്‍ ആയിരുന്നു ഇതിനുമുന്‍പ് വാഴിച്ചിരുന്നത് എന്നതും അന്നും ഏഴുപേരെയായിരുന്നുയെന്നതും എടുത്തു പറയത്തക്കതാണ്. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ നടക്കുന്ന മെത്രാന്‍ വാഴിക്കല്‍ ചടങ്ങ് രണ്ട് ഭാഗങ്ങളിലായാണ് നടക്കുന്നത്. സഭാ തലവനോട് വിശ്വാസവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് രണ്ട് ഭാഗങ്ങളിലായി നടക്കുന്ന ശുശ്രൂഷയില്‍ അധികാരത്തിന്റെ ചിഹ്നങ്ങളും ആത്മീയതയുടെ വസ്ത്രങ്ങളും അണിയിക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുകയും തുടര്‍ന്ന് വാഴിക്കപ്പെടുന്ന സ്ഥാനികളില്‍ മുതിര്‍ന്ന വ്യക്തി വിശുദ്ധ കുര്‍ബാന പൂര്‍ത്തീകരിക്കും.  
    
അതുവരെ വിളിക്കപ്പെട്ടിരിക്കുന്ന പേരിനു മാറ്റം വരുത്തിക്കൊണ്ട് സഭ നിര്‍ദ്ദേശിക്കുന്ന പേരായിരിക്കും വാഴിക്കപ്പെട്ടശേഷം വിളിക്കുക. മാമ്മോദീസ പേരിനൊപ്പം വിശുദ്ധരായ സഭ പിതാക്കന്മാരുടെ പേരുകൂടി ചേര്‍ത്തായിരിക്കും മെത്രാപ്പോലീത്താമാരെ വിളിക്കുക. ഇക്കഴിഞ്ഞ 28 ന് പഴഞ്ഞി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന മെത്രാന്‍ സ്ഥാനാരോഹണ ശുശ്രൂഷയില്‍ ഏഴ് പേരും പുതിയ നാമകരണം സ്വീകരിക്കുകയുണ്ടായി. ഓരോ നാമകരണത്തില്‍ രണ്ട് പേരെ ഒരേ കാലയളവില്‍ വിളിക്കപ്പെടുന്നതും സഭയില്‍ പതിവില്ല. ക്രിസ്തു ശിഷ്യന്മാരുടെ പേരുകളും നാമകരണത്തിനായി ഉപയോഗിക്കുന്നതും പതിവല്ല. 
    
സഭയുടെ ആത്മീയ ഭരണനേതൃത്വത്തിലേക്കാണ് മെത്രാന്മാരെ നിയോഗിക്കുന്നതെങ്കിലും അവര്‍ക്ക് സഭയോടൊപ്പം എന്നപോലെ സമൂഹത്തോടും പ്രതിബദ്ധതയും ഉത്തരവാദിത്വങ്ങളുമുണ്ട്. സഭയെ നയിക്കുകയും സമൂഹത്തെ കരുതുകയും ചെയ്യുകയെന്ന ദൗത്യവും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവൃത്തിച്ച സഭാപിതാക്കന്മാര്‍ സഭയിലുണ്ടായിട്ടുണ്ട്. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുള്‍പ്പെടെ അനേകം പിതാക്കന്മാര്‍ സഭയുടെ ആത്മീയ നേതൃത്വം വഹിച്ചുകൊണ്ട് സമൂഹത്തിന്റെ നന്മക്കായ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ രൂപീകരണത്തില്‍ അന്നതിന് നേതൃത്വം വഹിച്ച കെ.കെ. നായര്‍ എം.എല്‍.എ.യോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ദാനിയേല്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത.
    
വിശുദ്ധിയിലും നൈര്‍മല്യത്തിലും സഭയെ നയിക്കപ്പെടാന്‍ നിയോഗിച്ചവരാണ് മെത്രാന്മാര്‍. അങ്ങനെയുള്ളവര്‍ സഭയെ നയിക്കപ്പെടുമ്പോള്‍ സഭ കൂടുതല്‍ പ്രശോഭിക്കുകയും വിശ്വാസികള്‍ അനുഗ്രഹീതരാകുകയും ചെയ്യും. ഇടയന്റെ കാലടികള്‍ പിന്‍തുടര്‍ന്നാണ് ആടുകള്‍ സഞ്ചരിക്കുക. ഇടയന്‍ വഴി തെളിക്കുന്നിടത്തേക്കാണ് ആടുകള്‍ ദിശയറിയുന്നത്. ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നുയെന്ന് ഉദ്‌ഘോഷിച്ച വലിയ ഇടയന്റെ സഭയെ നയിക്കാന്‍ മാത്രമല്ല ആ വഴി കാണിച്ചുകൊടുക്കാനും കഴിയണം മെത്രാന്മാര്‍ക്ക്. സഭയെ വളര്‍ത്തിയതും വിശ്വാസികളെ ആത്മീയതയുടെ പാതയില്‍ നയിച്ചതും അങ്ങനെയുള്ള പിതാക്കന്മാരാണ്. അവരുടെ പാത പിന്‍തുടര്‍ന്ന് പുതുയുഗത്തിലേക്കും കാലഘട്ടത്തിലേക്കും നയിക്കാന്‍ പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. 
--------     

ബ്ലെസന്‍ ഹ്യൂസ്റ്റന്‍ 
blessonhouston@gmail.com    

 

NEWS SUMMARY: MALANKARA ORTHODOX
                        
                            

Join WhatsApp News
Mini 2022-08-17 12:37:20
Prayers....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക