Image

പെണ്ണ് പ്രലോഭിപ്പിച്ചാല്‍ ഏതു സിവിക്കും ചന്ദ്രന്‍ ആവില്ലേ ? ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 17 August, 2022
പെണ്ണ് പ്രലോഭിപ്പിച്ചാല്‍ ഏതു സിവിക്കും ചന്ദ്രന്‍ ആവില്ലേ ? ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കോഴിക്കോട്ടുകാര്‍ക്ക് മാത്രമല്ല നളിനി ജമീല മുതല്‍ ഇങ്ങ് ഇപ്പോഴുള്ള എല്ലാ മലയാളി സ്ത്രീജനങ്ങള്‍ക്കും സുപരിചിതനായ സിവിക് ചന്ദ്രന് എതിരെ രണ്ടു പീഡന പരാതി കേസുകളാണ് അയാളുടെ ഈ വയസ്സുകാലത്ത് വന്നുചേര്‍ന്നത് . ആ മനുഷ്യനെ കോഴിക്കോട്ടെ സെഷന്‍സ് കോടതി ന്യായീകരിച്ചത് കേട്ട് ഇന്ന് സാംസ്‌കാരിക കേരളം ശരിക്കും ഞെട്ടി! മേല്‍പ്പറഞ്ഞ ഒരു പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ട് ഒരു മൂരാച്ചി ജഡ്ജി ചോദിച്ചത് കേട്ടില്ലേ? പ്രകോപനപരമായി പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങി നടന്നാല്‍  ആരാണ് പോലും പ്രലോഭനത്തില്‍ പെടാത്തതെന്ന് ? 

തോന്ന്യാസമല്ലേ , ഈ അശ്ലീലം പറഞ്ഞ ന്യായാധിപനെ നാമെന്തു വിളിക്കും ? സിവിക്  ചന്ദ്രനെ ന്യായീകരിക്കാന്‍ ജഡ്ജി സ്ത്രീത്വത്തെ മുഴുവനുമല്ലേ അപമാനിച്ചത് .  കാലം മാറിയതൊന്നും കോടതി മുറിയില്‍ അടച്ചുപൂട്ടിയിരുന്ന ഈ ന്യായാധിപന്‍  അറിഞ്ഞില്ലേ? കോടതി ആണെന്ന് കരുതി എന്ത് പോക്കിരിത്തരവും പറയാമെന്നാണോ ? അതോ ജീര്‍ണ്ണിച്ച തന്റെ മനോനിലയുടെ ഒരു തുറന്നുപറച്ചിലോ? 

സിവിക് ചന്ദ്രന്‍ ഒരുകാലത്ത് നമുക്കൊക്കെ ആദരണീയനായ പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു .നക്‌സല്‍ബാരി ദിനങ്ങളില്‍ വിപ്ലവ ശബ്ദമായി  നാം കണ്ടിരുന്ന മനുഷ്യന്‍, ഇടക്കാലത്ത് അപകടത്തില്‍പെട്ട്  തളര്‍ന്നവന്‍, എഴുന്നേറ്റു നില്‍ക്കാന്‍ സഹായം ആവശ്യമായവന്‍,  പക്ഷേ ആരോപണവിധേയമായ സമയത്ത് പുലിയായിരുന്നു. കേസെടുത്തപ്പോഴേക്കും സിവിക് ഗ്രഹണം ബാധിച്ച ചന്ദ്രനായി മാറിക്കഴിഞ്ഞിരുന്നു പുലി എലിയായി മാറി . അതോടെ പലര്‍ക്കും സഹതാപം വരെ തോന്നിപ്പോയി . നട്ടെല്ല് നേരെ നില്‍ക്കാത്ത ആ മനുഷ്യന്‍ ഒരു പെണ്ണിനു അയച്ച  വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എതിര്‍ഭാഗം വക്കീല്‍ വായിച്ചപ്പോള്‍ ആ കോടതിയിലെ എല്ലാവരും തല താഴ്ത്തി ഇരുന്ന കാര്യം നമ്മള്‍ വായിച്ചതല്ലേ? അയാള്‍ക്ക് എന്നല്ല ആര്‍ക്കും കോടതി ജാമ്യം നല്‍കിക്കോട്ടെ  നിയമം നിയമത്തിന്റെ വഴിക്ക് തെക്കോട്ടോ വടക്കോട്ടോ പോയ്‌ക്കോട്ടെ അതിന് കോടതി വിചിത്രമായ ന്യായം പറയുമ്പോള്‍ , അത് ചെന്ന് കൊള്ളുന്നത് നമ്മുടെയൊക്കെ അമ്മ പെങ്ങന്മാര്‍ക്ക് നേരെയാണെന്നെങ്കിലും ഈ ന്യായാധിപന്‍ ആലോചിക്കണമായിരുന്നു

വാല്‍ക്കഷണം : വെടക്കാക്കി തനിക്കാക്കുകയെന്ന് കേട്ടിട്ടില്ലേ ?  സിപിഐ ലോകായുക്ത ബില്ലിന്റെ കാര്യത്തില്‍ ചെയ്തത് അങ്ങനെ എന്തോ ആണെന്ന്  നമ്മില്‍  ചിലര്‍ക്കെങ്കിലും തോന്നി പോവില്ലേ ? സ്വന്തം ബുദ്ധി വൈഭവത്തില്‍ ഈ പാര്‍ട്ടിയുടെ തലപ്പത്ത് ഉള്ളവര്‍ക്ക് ചെറിയൊരു അഹന്ത ഉണ്ടോയെന്നും അവരുടെ ചില നടപടികള്‍ കാണുമ്പോള്‍ നമുക്കും തോന്നിപ്പോകും, അതിനേക്കാള്‍ കാഞ്ഞ ബുദ്ധി ആണ് കേരളത്തിലെ സിപിഎമ്മിനുള്ളത് എന്ന് ഇവര്‍ക്ക് അറിയില്ല . ഇത്തരം ഘട്ടങ്ങളില്‍ എറിഞ്ഞു കൊടുക്കാന്‍ പറ്റിയ എല്ലിന്‍ കഷണങ്ങള്‍ സി.പി.എം എപ്പോഴും വെച്ചിട്ടുണ്ടാവും. സി.പി.എമ്മിന്റെ  കളികള്‍ക്കൊപ്പം  കളിക്കാന്‍ സി.പി.ഐ എന്നല്ല കോണ്‍ഗ്രസ്സും ഇനിയും വളര്‍ന്നിട്ടില്ല .ബിജെപിയും അക്കാര്യത്തില്‍ വലിയൊരു ഗോപി , അതേ സുരേഷ് ഗോപി ! 

മാത്രവുമല്ല, ബുദ്ധിയുള്ളവര്‍ ഏതോ ഒരു മിക്‌സി വാങ്ങുമെന്ന് ടിവിയില്‍ വരാറില്ലേ? കേരളത്തില്‍ സുഖമായി ജീവിക്കുകയും മക്കള്‍ക്ക് ജോലി ലഭിക്കുകയും കാര്യങ്ങള്‍ ഭംഗിയായി നടക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ എത്രയും വേഗം സി.പി.എമ്മില്‍ ചേരുക എന്നത് മാത്രമാണ് പോംവഴി അല്ലാത്തവരുടെ കാര്യം കട്ടപ്പൊകയാണെന്ന് നമുക്ക് അറിയില്ലേ, മാഷേ...

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
Sudhir Panikkaveetil 2022-08-17 15:59:41
..."ഏതു സിവിക്കും ശശി ആവില്ലേ???എന്ന് മതിയായിരുന്നു.അർഥം ഒന്നാണെങ്കിലും. കോടതികളിൽ വിശ്വാസം പോരാ എന്ന് ഒരു അതിജീവിത കുറേനാളായി വിളിച്ചുപറയുന്നല്ലോ?
josecheripuram 2022-08-17 21:17:45
It's easy to blame others for your mistakes or weakness, what happens when children are sexually abused ? If a Judge makes a comment of this nature, It means you can rape if you feel provoked.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക