Image

ഇനിയും നിലയ്ക്കാത്ത ദളിത് പീഡനപർവ്വങ്ങൾ (ദുർഗ മനോജ് )

Published on 19 August, 2022
ഇനിയും നിലയ്ക്കാത്ത ദളിത് പീഡനപർവ്വങ്ങൾ (ദുർഗ മനോജ് )

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ച ജനതയാണു നമ്മൾ. എങ്ങും അതിൻ്റെ ആവേശത്തിര അലയടിച്ചുയരുന്ന വേളയിൽ കണ്ണു നനയ്ക്കാൻ ഒരു വാർത്ത രാജസ്ഥാനിൽ നിന്നും പുറത്തു വന്നിരുന്നു. കുടിവെള്ളമല്ലേ, കുഞ്ഞല്ലേ അവൻ, എന്ന ചിന്തയൊന്നും ആ അധ്യാപകനെ പിന്തിരിപ്പിച്ചില്ലല്ലോ. ആ കുഞ്ഞ്, ഭൂമിയിലെ അസമത്വങ്ങൾ ബാധകമല്ലാത്ത ഇടത്തിലേക്കു യാത്രയായി. അത് തീർച്ചയായും രാഷ്ട്രീയ കോലാഹലങ്ങൾക്കിടയാക്കി. എല്ലാം സ്വാഭാവികമെന്നു ഭരണപക്ഷവും അതിൻ്റെ അസ്വാഭാവികതയെക്കുറിച്ച് പ്രതിപക്ഷവും നിലപാടുകൾ വ്യക്തമാക്കി. രണ്ടു കൂട്ടരും പറയാത്ത ഒന്നുണ്ട്, അത് ഇന്നും നിലകൊള്ളുന്ന സാമൂഹ്യ അസമത്വചിന്തകളാണ്. ഒന്നുകിൽ സാമ്പത്തികമായി വളരെ ഭദ്രമാണ് എന്ന സ്ഥിതി ഉണ്ടാവുക, അതല്ലെങ്കിൽ ഉയർന്ന ജീവിത സാഹചര്യങ്ങൾ (ജാതി / ഗോത്രം) ഉണ്ടാവുക. രണ്ടും പിന്നാക്കമാണെങ്കിൽ നിശ്ചയമായും അവരെ ഭേദ്യം ചെയ്യാൻ അധികാരമുണ്ടെന്ന് ചിലർ സ്വയം നിശ്ചയിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിന് ആക്കം കൂട്ടുന്ന വിധത്തിൽ പോലീസും, ഭരണാധികാരികളും  പ്രവർത്തിക്കുമ്പോൾ നീതിയുടെ തുല്യത ഒരു തമാശയായിത്തീരും.

ഇന്ന് മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഒരു ദളിത് അധ്യാപികയെ ആറു വയസ്സുള്ള മകൻ്റെ മുന്നിൽ വച്ച് പെട്രോൾ ഒഴിച്ച് കൊന്നിരിക്കുന്നു. ഇതും രാജസ്ഥാനിൽ നിന്നു തന്നെയാണ്. പണം കടം വാങ്ങലും കൊടുക്കലും സംബന്ധിച്ച് ഉണ്ടായ തർക്കത്തിൽ ബന്ധുക്കൾ തന്നെയാണ് അക്രമം പ്രവർത്തിച്ചിരിക്കുന്നത്. ഒരു കൊലപാതകം വളരെ നിസ്സാരമായി ചെയ്ത് നിസ്സംഗമായി നിലകൊള്ളാൻ ഇന്നത്തെ സമൂഹത്തിനു സാധിക്കുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്. നമ്മൾ സാംസ്ക്കാരികമായി മുന്നേറുകയാണ് എന്ന് കരുതുന്ന കാലഘട്ടത്തിലാണ് ഇത്തരം വാർത്തകൾ വരുന്നത് എന്നത് സാംസ്ക്കാരിക അധഃപതനമാണ് എന്നു വിളിച്ചു പറയാൻ ത്രാണിയുള്ള സാംസ്ക്കാരിക നായകന്മാരും ഇന്ന് ഇല്ലാതെ വന്നിരിക്കുന്നു. പ്രതികരങ്ങൾ ഏറ്റവും ആലോചിച്ച് ഉറപ്പിച്ച്, സോഷ്യൽ മീഡിയ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തി മാത്രമാണ് പുറത്തു വരുന്നത്.
ഒരു കാലഘട്ടത്തിൽ, ഏറ്റവും അധ:പതിച്ച, അന്ധവിശ്വാസജടിലമായ ഒട്ടേറെ അനാചാരങ്ങൾ ഇല്ലാതാക്കിയത് അക്കാലങ്ങളിലെ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും ചേർന്നാണ്.
വരുന്ന ഇരുപത്തഞ്ചു വർഷങ്ങൾ,  സാമൂഹ്യ പരിഷ്ക്കരണത്തിൻ്റെ കാലഘട്ടമായി മാറണം. അതത്ര ലളിതമല്ല. പക്ഷേ, ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗം, സോഷ്യൽ മീഡിയയുടെ തെറ്റായ സ്വാധീനം ഒക്കെ അവസാനിക്കേണ്ട ഒരു കാലം വരേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇനിയും അയിത്തത്തിൻ്റെ പേരിൽ, സ്ത്രീ ആയതിൻ്റെ പേരിൽ, ദാരിദ്ര്യത്തിൻ്റെ പേരിൽ ഇവിടെ മനുഷ്യജീവൻ കത്തിത്തീരും. ജാഗരൂകരാകാം നമുക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക